Skip to main content

ഇഅ്തിദാല്‍

റുകൂഅ് നിര്‍വഹിച്ചു കഴിഞ്ഞാല്‍ സമിഅല്ലാഹു ലിമന്‍ ഹമിദ(26) (അല്ലാഹു തന്നെ സ്തുതിച്ചവനെ കേട്ടിരിക്കുന്നു) എന്നു പറഞ്ഞുകൊണ്ട് നിവര്‍ന്നു നില്‍ക്കണം. നിവരുന്ന ഘട്ടത്തില്‍ കൈകള്‍ ചുമലിനു നേരെ ഉയര്‍ത്തിപ്പിടിക്കേണ്ടതാണ്. ശേഷം അത് തൂക്കിയിട്ട് നേരെ നില്‍ക്കണം. തനിച്ചു നമസ്‌കരിക്കുന്നവരും ഇമാമായി നില്‍ക്കുന്നവരും മാത്രമേ സമിഅല്ലാഹു ലിമന്‍ ഹമിദ എന്നു പറയേണ്ടതുള്ളൂ. മഅ്മൂമായി നമസ്‌കരിക്കുന്നവര്‍ റബ്ബനാ ലകല്‍ഹംദ് (ഞങ്ങളുടെ രക്ഷിതാവേ നിനക്കാകുന്നു സര്‍വസ്തുതിയും) എന്നു പറഞ്ഞാല്‍മതി. എന്നാല്‍ മഅ്മൂമും അങ്ങനെ പറഞ്ഞാല്‍ അത് തെറ്റാവുകയില്ല. അബൂഹുറയ്‌റ(റ) ഇമാമിന്റെ പിന്നില്‍നിന്ന് നമസ്‌കരിക്കുന്ന സന്ദര്‍ഭത്തിലും ഇങ്ങനെ പറയാറുണ്ടെന്ന് ഉദ്ധരിക്കപ്പെടുന്നു. ഇമാം ശാഫിഈ(റ)ക്ക് ഈ അഭിപ്രായമാണുള്ളത്.

''അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ്വ) പറഞ്ഞു: ഇമാം സമിഅല്ലാഹു ലിമന്‍ ഹമിദ എന്നു പറഞ്ഞാല്‍ നിങ്ങള്‍ 'അല്ലാഹുമ്മ റബ്ബനാ വ ലകല്‍ ഹംദ്' എന്നു പറയുക. കാരണം, മലക്കുകളുടെ വാക്കുമായി അതുയോജിച്ചു വന്നാല്‍ അവന്റെ പാപങ്ങള്‍ പൊറുക്കപ്പെടും'' (ബുഖാരി, മുസ്‌ലിം).

ഈ പ്രാര്‍ഥന വേറെയും വിധത്തില്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. റബ്ബനാ ലകല്‍ഹംദു മില്‍അ സ്സമാവാതി വ മില്‍അല്‍ അര്‍ദി വ മില്‍അ മാ ശിഅ്ത മിന്‍ ശൈഇന്‍ ബഅ്ദ (ഞങ്ങളുടെ രക്ഷിതാവേ, ആകാശഭൂമികള്‍ നിറയെയും അതിനു പുറമെ നീ ഉദ്ദേശിച്ചതെല്ലാം നിറയെ, നിനക്കാകുന്നു സ്തുതി) എന്ന രൂപം സാധാരണയായി എല്ലാവര്‍ക്കും പരിചിതമാണ്. നബി(സ്വ)യില്‍ നിന്ന് അബൂസഈദ്(റ) ഉദ്ധരിക്കുന്ന വേറെയും പ്രാര്‍ഥനകളുണ്ട്.

ഇഅ്തിദാലില്‍ നില്ക്കുമ്പോള്‍ കൈകള്‍ താഴ്ത്തിയിട്ട് ചൊവ്വായി നില്‍ക്കേണ്ടതാണ്. ഇഅ്തിദാലില്‍ നില്‍ക്കുമ്പോള്‍ കൈ തൂക്കിയിടാതെ കൈകെട്ടി നില്‍ക്കണമെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. പക്ഷേ, അതിനു തെളിവായി ഹദീസുകളൊന്നും തന്നെ ഇല്ല. മുതുകിന് ഒട്ടും കുനിവു വരാത്ത വിധമായിരിക്കണം നില്‍ക്കേണ്ടത്. മുകളില്‍ ഉദ്ധരിച്ച ഏതെങ്കിലും ഒരു പ്രാര്‍ഥന അടക്കത്തോടെ നിന്നുചൊല്ലണം. 

Feedback