Skip to main content

ഫര്‍ദുകള്‍ക്ക് മുമ്പും ശേഷവും

 സുന്നത്തു നമസ്‌കാരങ്ങള്‍ എണ്ണം നിര്‍ണയിക്കാതെയും സമയം നിര്‍ണയിക്കാതെയും എത്രയും നമസ്‌കരിക്കാം. എന്നാല്‍ നബി(സ്വ) ഓരോ ഫര്‍ദ് നമസ്‌കാരത്തിന്റെയും മുമ്പും ശേഷവും പതിവായി നിര്‍വഹിച്ചുപോന്നവയ്ക്ക് പ്രാധാന്യമുണ്ട്. അവ പ്രധാനമായി 10 റക്അത്താണ്. സ്വുബ്ഹിന്റെ മുമ്പ് രണ്ട്, ദ്വുഹ്‌റിന്റെ മുമ്പും ശേഷവും രണ്ടു വീതം, മഗ്‌രിബിനു ശേഷം രണ്ട്, ഇശാഇനു ശേഷം രണ്ട്. ഈ പത്തു റക്അത്ത് നമസ്‌കാരങ്ങള്‍ റവാതിബുകള്‍ എന്നറിയപ്പെടുന്നു.

സ്വുബ്ഹിന്റെ മുമ്പ്


വളരെ പ്രാധാന്യമുള്ളത്. ഒരിക്കലും പ്രവാചകന്‍ അതില്‍ ഉപേക്ഷ വരുത്തിയിട്ടില്ല; യാത്രയില്‍ പോലും. നബി(സ്വ) പറഞ്ഞു: ''അതു രണ്ടും ഭൗതികലോകം മുഴുവന്‍ ലഭിക്കുന്നതിനേക്കാള്‍ എനിക്ക് പ്രിയങ്കരമാണ്'' (മുസ്‌ലിം, തുര്‍മുദി, അഹ്മദ്).

''അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ്വ) പറഞ്ഞു: ശത്രുസേനയുടെ കുതിരപ്പട നിങ്ങളെ തുരത്തുകയാണെങ്കില്‍പോലും സ്വുബ്ഹിനു മുമ്പുള്ള രണ്ടു റക്അത്ത് നിങ്ങള്‍ ഉപേക്ഷിക്കരുത്'' (അഹ്മദ്, അബൂദാവൂദ്).

ആഇശ(റ) പറയുന്നു: ''പ്രഭാതനമസ്‌കാരത്തിനു മുമ്പുള്ള രണ്ടു റക്അത്തിന്റെ കാര്യത്തില്‍ നബി(സ്വ) ശ്രദ്ധചെലുത്തിയതുപോലെ മറ്റൊരു സുന്നത്ത് നമസ്‌കാരത്തിലും ശ്രദ്ധ ചെലുത്തിയിരുന്നില്ല'' (ബുഖാരി, മുസ്‌ലിം). 

ഈ നമസ്‌കാരം വളരെ ലഘുവായും വേഗത്തിലും നബി(സ്വ) നമസ്‌കരിച്ചിരുന്നു. ആഇശ(റ) പറയുന്നു: ''നബി(സ്വ) പ്രഭാതത്തിനു മുമ്പുള്ള രണ്ടു റക്അത്ത് ലഘുവാക്കിയിരുന്നു. അദ്ദേഹം സൂറത്തുല്‍ ഫാതിഹ ഓതിയോ ഇല്ലയോ എന്ന് ഞാന്‍ സംശയിച്ചുപോകുംവിധം.''

ഈ നമസ്‌കാരത്തില്‍ ആദ്യ റക്അത്തില്‍ ഫാതിഹയ്ക്കുശേഷം സൂറത്തുല്‍ കാഫിറൂനും രണ്ടാമത്തേതില്‍ സൂറത്തുല്‍ ഇഖ്‌ലാസ്വും ഓതണം. ആഇശ(റ) പറയുന്നു: ''പ്രഭാതത്തിലെ സുന്നത്തു നമസ്‌കാരത്തില്‍ ഖുല്‍ യാ അയ്യുഹല്‍ കാഫിറൂനും 'ഖുല്‍ ഹുവല്ലാഹു അഹദും' നബി(സ്വ) ഓതിയിരുന്നു. അവ പതുക്കെയാണ് ഓതിയിരുന്നത്'' (അഹ്മദ്).

ഈ രണ്ടു റക്അത്ത് നമസ്‌കരിച്ചുകഴിഞ്ഞാല്‍ സ്വുബ്ഹ് നമസ്‌കരിക്കുന്നതുവരെ നബി(സ്വ) വലതുവശത്തേക്ക് ചെരിഞ്ഞു കിടക്കുമായിരുന്നു.

ഈ കിടത്തം വീട്ടില്‍വെച്ച് സുന്നത്തു നമസ്‌കരിക്കുന്നവര്‍ക്കേ ബാധകമുള്ളൂവെന്നാണ് ഒരു വിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായം. നബി(സ്വ) വീട്ടില്‍വെച്ചേ ഈ സുന്നത്ത് നമസ്‌കരിച്ചിട്ടുള്ളൂവെന്നതാണ് ആ അഭിപ്രായത്തിന് നിദാനം. അതുതന്നെയാണ് ശരിയും. 

ഈ രണ്ടു റക്അത്ത് സുന്നത്ത് സ്വുബ്ഹ് നമസ്‌കാരത്തിനു മുമ്പ് നമസ്‌കരിക്കാന്‍ കഴിയാതെപോയവര്‍ക്ക് സ്വുബ്ഹ് നമസ്‌കാരാനന്തരം നമസ്‌കരിക്കാവുന്നതാണ്.

ദുഹ്‌റിന്റെ മുമ്പും ശേഷവും


ഇബ്‌നു ഉമര്‍(റ) പറയുന്നു: ''നബി (സ്വ)യില്‍നിന്ന് പത്തു റക്അത്ത് ഞാന്‍ മനസ്സിലാക്കിവെച്ചിട്ടുണ്ട്. ദുഹ്‌റിനു മുമ്പും ശേഷവും രണ്ടുവീതം, മഗ്‌രിബിനുശേഷം വീട്ടില്‍വെച്ച് രണ്ട്, ഇശാഇനുശേഷം വീട്ടില്‍വെച്ച് രണ്ട്, സ്വുബ്ഹിനു മുമ്പ് രണ്ട്'' (ബുഖാരി).

ചിലപ്പോള്‍ ദ്വുഹ്‌റിനു മുമ്പ് നാലും ശേഷം രണ്ടും റക്അത്തുകള്‍ നബി(സ്വ) നമസ്‌കരിക്കാറുണ്ടായിരുന്നു. അബ്ദുല്ലാഹിബ്‌നു ശഖീഖി(റ) പറയുന്നു: ''ആഇശ(റ)യോട് നബി(സ്വ)യുടെ നമസ്‌കാരത്തെക്കുറിച്ച് ഞാന്‍ ചോദിച്ചു. അവര്‍ പറഞ്ഞു: നബി(സ്വ) ദ്വുഹ്‌റിനു മുമ്പ് നാലും ശേഷം രണ്ടും നമസ്‌കരിക്കാറുണ്ടായിരുന്നു'' (അഹ്മദ്, മുസ്‌ലിം).

മറ്റുചിലപ്പോള്‍ ദ്വുഹ്‌റിനു ശേഷവും പ്രവാചകന്‍ നാലു റക്അത്ത് നമസ്‌കരിക്കാറുണ്ടായിരുന്നു.

മഗ്‌രിബിന്റെ സുന്നത്ത്


മഗ്‌രിബിനുശേഷം രണ്ടു റക്അത്ത് സ്ഥിരപ്പെട്ടതായുണ്ട്. പതിവാക്കാത്ത രൂപത്തില്‍ മഗ്‌രിബിനു മുമ്പും രണ്ടു റക്അത്ത് നമസ്‌കരിക്കാവുന്നതാണ്.

അബ്ദുല്ലാഹിബ്‌നു മുഗഫ്ഫലില്‍നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു: ''മഗ്‌രിബിനു മുമ്പ് നിങ്ങള്‍ നമസ്‌കരിക്കുക. മഗ്‌രിബിനുമുമ്പ് നിങ്ങള്‍ നമസ്‌കരിക്കുക. മൂന്നാമതായി അദ്ദേഹം പറഞ്ഞു: അങ്ങനെ ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍. ജനങ്ങള്‍ അത് സുന്നത്തായി സ്വീകരിക്കുന്നത് ഇഷ്ടപ്പെടാത്തതിനാല്‍'' (ബുഖാരി).

അനസ്(റ) പറയുന്നു: ''സൂര്യാസ്തമനത്തിനുശേഷം ഞങ്ങള്‍ രണ്ടു റക്അത്ത് നമസ്‌കരിക്കാറുണ്ടായിരുന്നു. ഞങ്ങളങ്ങനെ ചെയ്യുന്നത് നബി(സ്വ) കാണാറുണ്ടായിരുന്നു. ഞങ്ങളോടത് ചെയ്യാന്‍ കല്‍പ്പിക്കുകയോ വിലക്കുകയോ ചെയ്തിട്ടില്ല'' (മുസ്‌ലിം).

ഇശാഇനു ശേഷം


അബ്ദുല്ലാഹിബ്‌നു ഉമറി(റ)ല്‍ നിന്ന് ഉദ്ധരിച്ച ഹദീസ് മുകളില്‍ കൊടുത്തിട്ടുണ്ട്.

അസ്വ്‌റിന്റെ സുന്നത്ത്


അസ്വ്‌റിനു മുമ്പ് നാലു റക്അത്ത് നമസ്‌കരിക്കാവുന്നതാണ്. മുമ്പ് പറഞ്ഞ നമസ്‌കാരങ്ങളുടെ അത്ര പ്രാധാന്യം ഇതിനില്ല. ''അസ്വ്‌റിനു മുമ്പ് നാലു റക്അത്ത് നമസ്‌കരിച്ചവന് അല്ലാഹു കാരുണ്യം ചെയ്യട്ടെ'' (അബൂദാവൂദ്, തിര്‍മിദി).

ഫര്‍ദ് നമസ്‌കരിച്ച സ്ഥലത്തുനിന്ന് അല്പം മുന്നോട്ടോ പിന്നോട്ടോ ഇടത്തോട്ടോ വലത്തോട്ടോ മാറിനിന്നാണ് സുന്നത്തു നമസ്‌കരിക്കേണ്ടതെന്ന് അബൂഹുറയ്‌റ(റ)യില്‍നിന്ന് അബൂദാവൂദ് ഉദ്ധരിച്ച ഒരു ഹദീസില്‍നിന്ന് ഗ്രഹിക്കാം.

Feedback
  • Thursday May 9, 2024
  • Dhu al-Qada 1 1445