Skip to main content

ഭാഷയും സാഹിത്യവും

മക്കയും മദീനയും ഉള്‍ക്കൊള്ളുന്ന ഹിജാസില്‍ നിന്ന് മുസ്‌ലിം സമൂഹത്തിന്റെ ഭരണ സിരാകേന്ദ്രം ഇറാഖിലെ കൂഫയിലേക്ക് മാറ്റിയത് അലി(റ)യാണ്. അമവീ ഭരണകാലത്തെ പ്രസിദ്ധ നഗരങ്ങളായ കൂഫയും ബസ്വറയും വിജ്ഞാന തലസ്ഥാനങ്ങള്‍ കൂടിയായിരുന്നു. അറബി ഭാഷയില്‍ തന്നെ നിരവധി ഗവേഷണങ്ങളും പഠനങ്ങളും നടന്നു. ഹിജാസില്‍ നിലവിലുണ്ടായിരുന്ന സമ്പുഷ്ട ഭാഷയായ അറബിയിലാണ് വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായത്. ഭാവനാസമ്പന്നരായ കവികളും കടഞ്ഞെടുത്ത ഭാഷയില്‍ പ്രസംഗിക്കുന്ന പ്രഭാഷകരും അക്കാലത്ത് അറേബ്യയില്‍ ഉണ്ടായിരുന്നെങ്കിലും രചനകള്‍ തുലോം തുഛമായിരുന്നു. ആ വിജ്ഞാനം വ്യാപകമായിരുന്നില്ല. വിശുദ്ധ ഖുര്‍ആനാണ് അറബി ഭാഷയിലെ പ്രഥമഗ്രന്ഥമെന്നു പറയാം. ഒരു ഭാഷയിലെ പ്രഥമഗ്രന്ഥം തന്നെ ക്ലാസിക് ആവുക, അത് കാലാവസാനം വരെ നിലനില്ക്കുക, ആ ഗ്രന്ഥത്തിന്റെ സ്വാധീനത്തില്‍ ഒരു ജനത വളര്‍ന്നുവരിക, ആധുനിക കാലത്തും ആ ഗ്രന്ഥം ഏറ്റവും വലിയ ലോകഭാഷയുടെ ഭാഷാറഫറന്‍സായി നിലനില്ക്കുക. ഈ ഒരവസ്ഥയ്ക്ക് വിശുദ്ധ ഖുര്‍ആനല്ലാതെ ലോക ചരിത്രത്തില്‍ മറ്റൊരുദാഹരണമില്ല. കാരണം ഇത് ദൈവിക വചനങ്ങളാണ്.


വിശുദ്ധ ഖുര്‍ആനിന്റെ തനിമയില്‍ നിന്നുകൊണ്ടുതന്നെ നിരവധി ഭാഷാപരിഷ്‌കരണങ്ങളും ഭാഷാ ശാസ്ത്രവും സാഹിത്യങ്ങളും വിരചിതമായി. അറബി ഭാഷാ ലിപി പരിഷ്‌കരണം നടന്നു. വ്യാകരണം, ഛന്ദസ്സ്, അലങ്കാരം തുടങ്ങിയവ പ്രത്യേകം ശാസ്ത്രങ്ങളായിത്തന്നെ വികാസം പ്രാപിച്ചു. നിഘണ്ടു നിര്‍മാണവും ഇക്കാലത്ത് ആരംഭിച്ചു. ഈ വിഷയങ്ങളിലെല്ലാം അവഗാഹം നേടിയ പണ്ഡിതന്‍മാര്‍ കൂഫയിലെയും ബസ്വറയിലെയും വിജ്ഞാന സദസ്സുകളെ ധന്യമാക്കി. നിരവധി മൗലിക രചനകള്‍ നടന്നു. അറബി വ്യാകരണത്തിന്റെ പിതാവ് അബുല്‍ അസ്‌വദുദ്ദഅ്‌ലി, ഛന്ദശ്ശാസ്ത്രത്തിന്റെ ഉപജ്ഞാതാവ് ഖലീലുബ്‌നു അഹ്മദ്, പേര്‍ഷ്യന്‍ വംശജനായ അറബി വൈയാകരണന്‍ സീബവൈഹി, അസ്വ്മഈ, കസാഈ തുടങ്ങിയ മഹാന്‍മാര്‍ അമവീ കാലത്ത് കൂഫ, ബസ്വറ കേന്ദ്രമാക്കി വിജ്ഞാനം വികസിപ്പിച്ചെടുത്തവരാണ്. ഇവര്‍ക്കു മുന്നില്‍ ഇക്കാര്യത്തില്‍ മറ്റൊരു ഭാഷയിലെപ്പോലും മാതൃക ഉണ്ടായിരുന്നില്ല എന്നത് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്കും ആവിഷ്‌കാരങ്ങള്‍ക്കും മൂല്യം വര്‍ധിപ്പിക്കുന്നു. 


അബ്ബാസിയാ കാലഘട്ടമാകട്ടെ അറബി സാഹിത്യത്തിന്റെ സുവര്‍ണദശയായി വിശേഷിപ്പിക്കാവുന്നതാണ്. തലസ്ഥാനം കൂഫയില്‍ നിന്ന് ബഗ്ദാദിലേക്ക് മാറ്റി. ബഗ്ദാദ് രാജ്യതലസ്ഥാനവും വിജ്ഞാനത്തിന്റെ ആസ്ഥാനവുമായിരുന്നു. ലോകത്തെ ഏറ്റവും പഴക്കമേറിയ 'പ്ലാന്‍ഡ് സിറ്റി'യായ ബഗ്ദാദിലേക്ക് വിജ്ഞാന കുതുകികള്‍ ഒഴുകിയെത്തി. ലോക നാഗരകതയില്‍ ഭാഷ വഹിച്ച പങ്കിന് വലിയൊരു വഴിത്തിരിവായിരുന്നു ബഗ്ദാദിന്റെ വൈജ്ഞാനിക നേതൃത്വം. അറബി ഭാഷ അന്തര്‍ദേശീയ ഭാഷയായി ഉയര്‍ന്നു. പേര്‍ഷ്യക്കാര്‍, തുര്‍ക്കികള്‍, ഇന്ത്യക്കാര്‍, യൂറോപ്യര്‍, ബര്‍ബറുകള്‍, ആഫ്രിക്കക്കാര്‍, ജൂതക്രിസ്ത്യാനികള്‍ തുടങ്ങിയവരെല്ലാം അറബി ഭാഷ തങ്ങളുടെ വ്യവഹാര മാധ്യമമാക്കി. ഈ ഭാഷ സാര്‍വലൗകികവും മതനിരപേക്ഷവുമായത് ഇങ്ങനെയാണ്. 


ഈ മാറ്റത്തിന് ഗുണവും ദോഷവുമുണ്ടായിരുന്നു. മുസ്‌ലിംകളും അറബികളും മാത്രം ഇസ്‌ലാമിക വിഷയങ്ങളെ അധികരിച്ചും ഉപജീവിച്ചും രചന നടത്തിയിരുന്ന സ്ഥാനത്ത്, പുറമെ നിന്നുള്ള ചിന്തകളും സംസ്‌കൃതികളും അറബി ഭാഷയില്‍ വിരചിതമാവുകയായിരുന്നു. അതോടൊപ്പം ബഗ്ദാദ് കേന്ദ്രീകരിച്ച് നിരവധി ഭാഷാന്തര പ്രവര്‍ത്തനങ്ങള്‍ നടന്നു. യവന-ഭാരതീയ ദര്‍ശനങ്ങളും തത്ത്വശാസ്ത്രങ്ങളും അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. പ്ലേറ്റോ, അരിസ്‌റ്റോട്ടില്‍ ചിന്തകളും ടോളമിയുടെ കണ്ടുപിടുത്തങ്ങളും ഭാരതീയ ഗണിത സൂത്രങ്ങളും അവയിലുണ്ടായിരുന്നു. ഇതെല്ലാം സ്വാംശീകരിച്ച അറബികളില്‍ നിന്ന് യൂറോപ്യര്‍ പകര്‍ത്തി. അറബി ഭാഷാ വ്യാപനവും സാഹിത്യ സമ്പുഷ്ടിയും നവലോകത്തിന്റെ നാന്ദിയായിരുന്നു എന്ന് പറയാം.
 

Feedback