Skip to main content

ഗദ്യസാഹിത്യം

വിശ്വവിഖ്യാത ചരിത്രകാരന്‍ പ്രൊഫസര്‍ ഹിറ്റി അറബി മുസ്‌ലിം സാഹിത്യപ്രവര്‍ത്ത നങ്ങളെ പറ്റി രേഖപ്പെടുത്തിയതിങ്ങനെ: 'മധ്യ യൂറോപ്പിന്റെ ബൗദ്ധിക ചരിത്രത്തില്‍ തേജോമയമായ ഒരധ്യായമാണ് മുസ്‌ലിം സ്‌പെയിന്‍ രചിച്ചത്. എട്ട്-പതിമൂന്ന് നൂറ്റാണ്ടുകള്‍ക്കിടയില്‍ ലോകമാസകലം സംസ്‌കാരത്തിന്റെയും നാഗരികതയുടെയും ദീപശിഖാവാഹകര്‍ അറബുഭാഷ സംസാരിക്കുന്ന ജനതയായിരുന്നു. പ്രാചീന ശാസ്ത്ര ദര്‍ശനങ്ങള്‍ പുനരുജ്ജീവിപ്പിക്കപ്പെട്ടതും പോഷിപ്പിക്കപ്പെട്ടതും പ്രേഷണം ചെയ്യപ്പെട്ടതും അവര്‍ മുഖേനയാണ്. നവോത്ഥാനം പശ്ചിമ യൂറോപ്പില്‍ ഉദയം ചെയ്തത് ഇതുമൂലമാണ്. അറബ് സ്‌പെയിനിന് ഇതില്‍ മുഖ്യപങ്കുണ്ട്.'' (ഹിസ്റ്ററി ഓഫ് അറബ്‌സ്).


ശാസ്ത്രം, ചരിത്രം, സാഹിത്യം തുടങ്ങിയ വിവിധ രംഗങ്ങളില്‍ ഈ കൈമാറ്റങ്ങള്‍ ദൃശ്യമാണ്. ലോകനാഗരികതയ്ക്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകളില്‍ പ്രധാനമായത് ഈ സാംസ്‌കാരിക കൈമാറ്റം തന്നെയാണ്. പില്കാലത്ത് വികാസം പ്രാപിച്ച സാഹിത്യരംഗത്തും ഇതുതന്നെയാണ് സ്ഥിതി. കവിതാസാഹിത്യമെന്ന പോലെ ഗദ്യസാഹിത്യത്തിലും ഈ സ്വാധീനം പ്രകടമാണ്. 'ഇഖ്ദുല്‍ ഫരീദ്' എന്ന സാഹിത്യ കൃതിയുടെ കര്‍ത്താവായ ഇബ്‌നു അബ്ദി റബ്ബിഹി (ക്രി. 860-940) കൊര്‍ഡോവയുടെ സന്തതിയത്രെ. പതിമൂന്നാം നൂറ്റാണ്ടില്‍ പശ്ചിമ യൂറോപ്പില്‍ പ്രചാരത്തിലുണ്ടായിരുന്ന പല കഥകളും ആഖ്യാനങ്ങളും അറബ്-പേര്‍ഷ്യന്‍ കഥകളുടെ അനുകരണങ്ങളാണ്. 


സംസ്‌കൃതത്തില്‍ വിരചിതമായ പ്രസിദ്ധ ക്ലാസിക് സാഹിത്യമായ പഞ്ചതന്ത്രം കഥകള്‍ യൂറോപ്പില്‍ പ്രചരിച്ചത് അതിന്റെ അറബി വിവര്‍ത്തനമായ 'കലീല വ ദിംന'യിലൂടെയാണ്. അത് പിന്നീട് സ്പാനിഷിലേക്കും ലാറ്റിനിലേക്കും മൊഴിമാറ്റപ്പെട്ടു. പ്രാസനിബദ്ധമായ ഗദ്യസാഹിത്യം, 'മഖാമാത്ത്' ഒരു ശാസ്ത്ര ശാഖയായി  വളരുകയും അതിനെ അനുകരിച്ച് നിരവധി സാഹസിക കഥകള്‍ യൂറോപ്യന്‍ ഭാഷകളില്‍ വിരചിതമാവുകയും ചെയ്തിട്ടുണ്ട്. അറബ് കാല്പനികതയുടെ സ്പാനിഷ് ആവിഷ്‌കാരമാണ് സെര്‍വാന്‍ റഡിന്റെ പ്രസിദ്ധമായ 'ഡോന്‍ ക്വിക്‌സോട്ട്'.


പതിനാറാം നൂറ്റാണ്ടില്‍ വില്യം ഷെയ്ക്്‌സ്പിയറും (1564-1616) മറ്റും യൂറോപ്യന്‍ സാഹിത്യത്തെ പുഷ്‌കലമാക്കുന്നതിനു മുമ്പുണ്ടായിരുന്ന യൂറോപ്യന്‍ സാഹിത്യ മുന്നേറ്റത്തില്‍ അറബി ഭാഷയുടെയും അവരുടെ ഗ്രന്ഥങ്ങളുടെയും സ്വാധീനം എടുത്തുപറയേണ്ടതാണ്. പ്രാചീന ഗ്രീക്ക് സാഹിത്യങ്ങളുടെയും പില്ക്കാല യൂറോപ്യന്‍ രചനകളുടെയും മധ്യേയുള്ള ആദാനപ്രദാനങ്ങളാണ് അറബികളുടെയും മുസ്‌ലിംകളുടെയും സംഭാവന എന്ന് ചുരുക്കിപ്പറയാം. പില്ക്കാലത്ത് അറബിയിലുള്ള ലോകോത്തര ക്ലാസിക്കുകള്‍ വേണ്ടത്ര ഉണ്ടായിട്ടില്ലെങ്കിലും ആധുനിക കാലത്ത് നോബല്‍ സമ്മാനജേതാവായ നജീബ് മഹ്ഫൂസ് (1911-2006) പോലുള്ള വിശ്രുത സാഹിത്യകാരന്‍മാര്‍ മുസ്‌ലിം ലോകത്തുനിന്നും വന്നിട്ടുണ്ട്. അല്‍ അസ്ഹര്‍ പോലുള്ള വിശ്വോത്തര കലാശാലകളുടെ മടിത്തട്ടില്‍ നിന്ന് വിശേഷിച്ചും.

Feedback