Skip to main content

പരസ്യ പ്രബോധനവും പീഡനങ്ങളും (7-17)

അങ്ങനെയാണ് നബി(സ്വ)യുടെ ആശ്രയമായിരുന്ന പിതൃവ്യന്‍ അബൂത്വാലിബിനെ ഖുറൈശി നേതൃത്വം സമീപിക്കുന്നത് ''അബൂത്വാലിബ്, താങ്കള്‍ ഞങ്ങളിലെ മാന്യനാണ്. ഞങ്ങളുടെ ദൈവങ്ങളെ തള്ളിപ്പറയുന്നതും ആചാരങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതും ഞങ്ങള്‍ സഹിക്കില്ല, അതുകൊണ്ട് സഹോദരപുത്രനോട് മാറിനില്‍ക്കാന്‍ അങ്ങ് ആവശ്യപ്പെടണം. അല്ലാത്തപക്ഷം, നിങ്ങള്‍ രണ്ടു പേരോടും ഞങ്ങള്‍ പോരാടും.'' അവര്‍ മുന്നറിയിപ്പു നല്‍കി.

അസ്വസ്ഥനായ അബൂത്വാലിബ് മുഹമ്മദി(സ്വ)നെ വിളിച്ചു വരുത്തി ''സഹോദരപുത്രാ എന്നെയും നിന്നെയും നീ രക്ഷിക്കുക. എന്റെ ചുമലില്‍ താങ്ങാവുന്നതിനപ്പുറം നീ വെക്കരുത്'' - പിതൃവ്യന്റെ വാക്കുകള്‍ തിരുനബിയെ സങ്കടപ്പെടുത്തി. എന്നാലും പിന്തിരിയാന്‍ ഒരുക്കമല്ലായിരുന്നു. ''അല്ലാഹു സത്യം, ഞാന്‍ ഇതില്‍ നിന്ന് പിന്തിരിയില്ല. ഒന്നുകില്‍ ഈ ദൗത്യം വിജയിക്കും. അല്ലെങ്കില്‍ ഞാന്‍ ഇല്ലാതാവും'' നബി(സ്വ) നിലപാട് വ്യക്തമാക്കി.

സഹിക്കാനായില്ല അബൂത്വാലിബിന് ആ കണ്ണുനീര്‍. ''പ്രിയ മകനേ, ധൈര്യമായിരിക്കൂ, നീ വിചാരിക്കുന്നതെല്ലാം പറഞ്ഞോളൂ. ദൈവമാണ് സത്യം, എനിക്ക് നിന്നെ കൈവിടാനാവില്ല''. തന്റെ കൈ പിടിച്ച് വളര്‍ന്നവനോട് ആ വൃദ്ധന്‍ വികാരവായ്‌പോടെ പറഞ്ഞു. ആശ്വാസത്തോടെ നബി(സ്വ) ഇറങ്ങിപ്പോയി.

അബൂത്വാലിബിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടതോടെ ഖുറൈശികള്‍ പീഡനപര്‍വ്വം തുടങ്ങി. നബിയില്‍ വിശ്വസിച്ച അടിമകളെ അവര്‍ മൃഗീയമായാണ് പീഡിപ്പിച്ചത്. ബിലാലും ഖബ്ബാബും യാസിര്‍ കുടുംബവും. മരുഭൂമിയുടെ തിളങ്ങുന്ന  ചൂടില്‍ വെന്തുരുകി. യാസിറും ഭാര്യയും രക്തസാക്ഷികളായി. 

തിരുനബിയെപ്പോലും വെറുതെ വിട്ടില്ല അവര്‍. നമസ്‌കരിക്കുന്ന നബിയുടെ പിരടിയില്‍ അബൂജഹ്ല്‍ ഒട്ടകത്തിന്റെ കുടല്‍മാല ചാര്‍ത്തി. നബിയുടെ തല തകര്‍ക്കാന്‍ കല്ലുമായി വന്നു. പിതൃവ്യന്‍ കൂടിയായ അബൂലഹബും ഭാര്യ ഉമ്മുജമീലും നബിയുടെ വീടിന് മുന്നില്‍ മാലിന്യം തള്ളി. ഉഖ്ബത്തു ബ്‌നു അബീമുഈത്ത് സല്‍കാരത്തിന് ക്ഷണിച്ച് മുഖത്ത് തുപ്പി.

പീഡനത്തിനിരയായ അബൂബക്ര്‍ നാടുവിടാനൊരുങ്ങി. എന്നാല്‍ അവിശ്വാസിയായ ഒരു ഗോത്ര മുഖ്യന്‍ അദ്ദേഹത്തിന് അഭയം നല്‍കുകയായിരുന്നു. അബൂബക്ര്‍ എന്ന വ്യക്തിത്വത്തിന്നുളള അംഗീകാരമായിരുന്നു അത്. ഉസ്മാന്‍, സുബൈര്‍, സഹ്ദ് തുടങ്ങിയവര്‍ക്കും പീഡനങ്ങള്‍ സഹിക്കേണ്ടിവന്നു. എന്നാല്‍ ഇസ്‌ലാം ഇതിനിടയിലും വളരുകയായിരുന്നു.

പീഡനം ഒരു ഭാഗത്തു നടക്കുമ്പോള്‍ മറുഭാഗത്ത് ദുഷ്പ്രചാരണവും തകൃതിയായി. ജ്യോത്സ്യന്‍, മനോരോഗി, മാരണക്കാരന്‍, കുടുംബത്തില്‍ കലാപമുണ്ടാക്കുന്നവന്‍ തുടങ്ങിയ ആരോപണങ്ങള്‍ നബി(സ്വ)ക്കെതിരെ ഉന്നയിച്ചു. അതുപക്ഷേ വിലപ്പോയില്ല. ഇതിനിടയില്‍ പ്രീണനശ്രമങ്ങളും നടന്നു. സമ്പത്തും, സ്ത്രീയും അധികാരവും നല്‍കി ആദരിക്കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു പ്രീണനം.

Feedback