Skip to main content

വിവാഹം (3-17)

 അല്‍ അമീനായ മുഹമ്മദ് കച്ചവടത്തിലും കഴിവു കാട്ടി. ഇത് അക്കാലത്തെ മക്കയിലെ പ്രമുഖ വ്യാപാരിയായിരുന്ന ഖുവൈലിദിന്റെ പുത്രി ഖദീജ അറിഞ്ഞു. രണ്ടാമത്തെ ഭര്‍ത്താവും മരിച്ചതോടെ കച്ചവടകാര്യങ്ങള്‍ നടത്താന്‍ ഒരാളെ വേണമായിരുന്നു അവര്‍ക്ക്.  അന്വേഷണം മുഹമ്മദിലെത്തി. പ്രതിഫലമായി വന്‍ തുക വാഗ്ദാനവും ചെയ്തു. അങ്ങനെ മൈസറ എന്ന സഹായിയെയും കൂട്ടി ഖദീജയുടെ കച്ചവടച്ചരക്കുമായി മുഹമ്മദ് സിറിയയിലേക്ക് തിരിച്ചു.

അതുവരെ കിട്ടാത്ത ലാഭവുമായി മുഹമ്മദ് തിരിച്ചെത്തി. ഖദീജക്ക് എന്തെന്നില്ലാത്ത സന്തോഷം. അത് അവര്‍ പോലും അറിയാതെ ആഗ്രഹമായി വളര്‍ന്നു. മുഹമ്മദിനെ ഭര്‍ത്താവായി ലഭിച്ചിരുന്നുവെങ്കില്‍ എന്ന്. അവര്‍ മനസാ ആഗ്രഹിച്ചു. അന്ന് അവര്‍ക്ക് നാല്‍പ്പത് വയസ്സാണ്. മുഹമ്മദിനാവട്ടെ ഇരുപത്തിയഞ്ചും. ആഗ്രഹം വിടാതെ അവര്‍ അന്വേഷണം നടത്തി. കൂട്ടുകാരിയും മുഹമ്മദിന്റെ ബന്ധുവുമായിരുന്ന നഫീസ വഴിയായിരുന്നു ആലോചന. അബൂത്വാലിബിന്റെ നിര്‍ബന്ധം കൂടി ആയപ്പോള്‍ വിവാഹം നിശ്ചയിക്കപ്പെട്ടു. ഇരുപത് പെണ്ണൊട്ടകം മഹ്‌റായി നിശ്ചയിച്ച് മുഹമ്മദ് ഖദീജയെ ഇണയാക്കി.

വര്‍ഷങ്ങള്‍ കഴിഞ്ഞു. സംതൃപ്ത ദാമ്പത്യത്തില്‍ ആറ് മക്കള്‍ പിറന്നു. ശൈശവത്തില്‍ തന്നെ മരിച്ചുപോയ അബ്ദുല്ലയും ഖാസിമും പിന്നെ പെണ്‍മക്കളായ സൈനബും റുഖിയയും ഉമ്മുകുല്‍സൂമും ഫാത്വിമയും ഇവരില്‍ സൈനബിനെ അബുല്‍ ആസ്വ് വിവാഹം ചെയ്തു. ആദ്യം റുഖിയയെയും അവളുടെ മരണ ശേഷം ഉമ്മുകുല്‍സൂമിനെയും ഉസ്മാനുബ്‌നു അഫ്ഫാനും ഫാത്വിമയെ അലിയ്യുബ്‌നു അബീത്വാലിബുമാണ് വിവാഹം ചെയ്തത്. 

ഇതിനിടെ കഅ്ബ പുതുക്കി പണിത സംഭവം ഉണ്ടായി. പണിക്കിടെ ഹജറുല്‍ അസ്‌വദ് യഥാസ്ഥാനത്തു വെക്കുന്നതിനെ ചൊല്ലി തര്‍ക്കമുടലെടുത്തു. ഏറ്റുമുട്ടലിലേക്കു വരെയെത്തുന്ന അവസ്ഥ മക്കയില്‍ ഭീതിപരത്തി. എന്നാല്‍ അല്‍അമീനായ മുഹമ്മദിന്റെ മധ്യസ്ഥത എല്ലാവരും അംഗീകരിച്ചതോടെ മഹാദുരന്തം വഴിമാറുകയായിരുന്നു.

മക്കയിലും പരിസരങ്ങളിലും നിലനിന്നിരുന്ന ബിംബാരാധന മുഹമ്മദിന്റെ ഹൃദയത്തില്‍ എന്നും വേദനയായിരുന്നു. അല്ലാഹുവിന് പുറമെ വിളിച്ചു തേടാനായി ലാത്ത, ഉസ്സാ, മനാത്ത തുടങ്ങിയ നാമങ്ങളില്‍ കഅ്ബയില്‍ പ്രതിഷ്ഠിച്ചിരുന്ന വിഗ്രഹങ്ങളെയും ഖുറൈശികളുടെ പ്രാകൃത ആചാരങ്ങളെയും അല്‍അമീന്‍ വെറുത്തു. അവസരം കിട്ടുമ്പോള്‍ അവയെ എതിര്‍ക്കുകയും ചെയ്തു. ഇസ്മാഈല്‍ നബി(സ്വ)യുടെ പൈതൃകത്തില്‍ ജീവിച്ചിരുന്ന സൈദുബ്‌നു അംറ്, ഉമയ്യത്തുബ്‌നു സാഇദ, വറഖത്തുബ്‌നു നൗഫല്‍ തുടങ്ങിയവരും ബിംബാരാധനയില്‍ നിന്ന് മാറിനിന്നവരാണ്.

കഅ്ബ ത്വവാഫ് ചെയ്യുമ്പോള്‍ ബിംബങ്ങളെ തൊട്ടുവണങ്ങല്‍ അറബികളുടെ പതിവാണ്. എന്നാല്‍ മുഹമ്മദ് അത് ചെയ്തില്ല. സൈദിനെപ്പോലുള്ള അടുപ്പക്കാരെ അതില്‍ നിന്ന് വിലക്കുകയും ചെയ്തു. അല്ലാഹു തന്റെ നിയോഗമേല്‍പ്പിക്കാന്‍ വളര്‍ത്തിക്കൊണ്ടുവരുന്ന മുഹമ്മദിന് എങ്ങനെ ദുഷിച്ചതും വഴിപിഴച്ചതുമായ മാര്‍ഗത്തെ പിന്തുടരാനാകും!

മുഹമ്മദിന് വയസ്സ് നാല്പതിലെത്തി. ഏകാന്തതയെ വല്ലാതെ ഇഷ്ടപ്പെടു അദ്ദേഹം. പത്‌നി ഖദീജ അതിനെ തടഞ്ഞതുമില്ല. ഇടയ്ക്കിടെ ഏകാന്ത വാസത്തിനായി ജബലുന്നൂറിലെ ഹിറാ ഗുഹയില്‍ പോയിത്തുടങ്ങി. ഭക്ഷണമൊരുക്കിക്കൊടുത്ത് ഖദീജ യാത്രയാക്കുകയും ചെയ്യും. ആത്മീയ വിചാരങ്ങള്‍ ആ മനസ്സിനെ കഴുകിത്തുടച്ചെടുത്തു.

 

Feedback