Skip to main content

കഅ്ബാലയം ശുദ്ധീകരിക്കുന്നു (16-17)

കുളിച്ചു ശുദ്ധിയായി നബി(സ്വ) ഒരുങ്ങി. ആ കൈയില്‍ ഒരു വടിയും കരുതിയിരുന്നു. നേരെ തെക്കുകിഴക്കെ മൂലയിലായി ചെന്ന് ഹൗജറുല്‍ അസ്‌വദിനെ ഒന്നു തൊട്ടു. പിന്നീട് കഅ്ബാലയത്തെ ഇടതുവശത്താക്കി ഏഴ് പ്രാവശ്യം ചുറ്റി (ത്വവാഫ്).

വിശുദ്ധ കഅ്ബയുടെ ചുറ്റിലുമായി ഉണ്ടായിരുന്ന വിഗ്രഹങ്ങളെ അവിടുന്ന് നിരീക്ഷിച്ചു. ചെറുതും വലുതുമായി 350 എണ്ണം. ''സത്യം ആഗതമായി, അസത്യം തകര്‍ന്നു, അസത്യം തകരേണ്ടതു തന്നെ'' എന്ന ഖുര്‍ആന്‍ വാക്യം ഉരുവിട്ട് വടികൊണ്ട് വിഗ്രഹങ്ങളെ തൊഴിച്ചു. മുഖം കുത്തിവീഴുന്നത് എല്ലാവരും നോക്കി നിന്നു.

മഖാമു ഇബ്‌റാഹീമില്‍ നിന്ന് രണ്ട് റക്അത്തു നമസ്‌കരിച്ച ശേഷം കഅ്ബയുടെ താക്കോല്‍ സൂക്ഷിപ്പുകാരനായ ഉസ്മാനുബ്‌നു ത്വല്‍ഹയെ വിളിച്ച് കഅ്ബ തുറക്കാന്‍ ആവശ്യപ്പെട്ടു. ആദ്യം നബി(സ്വ) അതിനകത്ത് കയറി. പിന്നെ ബിലാലി(റ)നെയും ഉസാമ(റ)യെയും വിളിച്ചു കയറ്റി.

അതിനകത്തും വിഗ്രഹങ്ങള്‍. ഇസ്മാഈല്‍ നബി(സ്വ)യുടെ പ്രതിരൂപവും അവയിലുണ്ടായിരുന്നു. ചുമരില്‍ ചിത്രങ്ങളും. എല്ലാ വലിച്ചെടുത്ത് പുറത്തിട്ടു. കഅ്ബക്കകത്തും നബി(സ്വ) നമസ്‌കരിച്ചു.

പുറത്തിറങ്ങുമ്പോഴേക്കും മസ്ജിദുല്‍ ഹറാമും പരിസരവും ജനങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. മുഹമ്മദ് എന്താണ് തങ്ങളുടെ കാര്യത്തില്‍ വിധിക്കുക എന്ന ആശങ്ക മുഖങ്ങളില്‍ പ്രകടിപ്പിച്ച് നില്‍ക്കുന്ന അവരെ നോക്കി പ്രവാചകന്‍(സ്വ) ചോദിച്ചു.

''നിങ്ങളിപ്പോള്‍ എന്താണ് വിചാരിക്കുന്നത്'?'

''ഞങ്ങള്‍ നല്ലതു മാത്രം വിചാരിക്കുന്നു. താങ്കള്‍ മാന്യനാണ്. മാന്യനായ സഹോദരന്റെ പുത്രനു മാണ്.'' അവര്‍ പറഞ്ഞു. അവരോടായി കാരുണ്യത്തിന്റെ ആ മഹാസാഗരം പ്രഖ്യാപിച്ചു:

''പോവുക ഇന്ന് പ്രതികാരമില്ല, നിങ്ങള്‍ സ്വതന്ത്രരാണ്'' തുടര്‍ന്ന് അവരെല്ലാം പിരിഞ്ഞുപോയി.

15 ദിവസം നബി(സ്വ)യും സംഘവും മക്കയില്‍ താമസിച്ചു. ഇതിനിടയില്‍ നിരവധി പേരാണ് ഓരോ ദിവസവും മുസ്‌ലിംകളായത്. നഖ്‌ലയിലെ ഉസ്സാ ക്ഷേത്രവും അതിലെ ദേവതയെയും തകര്‍ക്കാന്‍ ഖാലിദി(റ)നെ നിയോഗിച്ചു. വീടുകളില്‍ പ്രതിഷ്ഠിച്ച വിഗ്രഹങ്ങളെ നശിപ്പിക്കാനും നിര്‍ദ്ദേശം നല്‍കി.

മക്കയെ അടിമുടി ശുദ്ധിയാക്കി വിജയശ്രീലാളിതരായി. തക്ബീര്‍ മുഴക്കി മദീനയിലേക്ക് തിരിച്ചു.

Feedback