Skip to main content

പ്രബോധനം തുടങ്ങുന്നു (5-17)

ആദ്യവെളിപാടിന്റെ ഭയവും ഭീതിയും നീങ്ങിയപ്പോള്‍ മുഹമ്മദ് നബി(സ്വ) തന്റെ ഗുഹാവാസം വീണ്ടും തുടങ്ങി. എന്നാല്‍ പിന്നീട് വഹ്‌യുകളൊന്നും വന്നില്ല. ഇങ്ങനെ ആറുമാസത്തോളം കഴിഞ്ഞു. ഇത് നബി(സ്വ)യില്‍ അസ്വസ്ഥതയുണ്ടാക്കി. അല്ലാഹു തന്നെ കൈവെടിഞ്ഞോ എന്നുവരെ ആശങ്കപ്പെട്ടു നബി. എന്നാല്‍ ഖദീജ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു. വഹ്‌യിന്റെ ഇടവേള (ഫത്‌റത്തുല്‍ വഹ്‌യ്) എന്നാണ് ഈ ഘട്ടം അറിയപ്പെടുന്നത്.

ഇതിനിടയില്‍ വീണ്ടും ജിബ്‌രീല്‍ ആകാശത്ത് പ്രത്യക്ഷപ്പെട്ടു. നബി(സ്വ) വീണ്ടും പേടിച്ചു. വീട്ടില്‍ പോയി പുതപ്പിട്ട് മൂടിക്കിടന്നു. അപ്പോഴാണ് രണ്ടാമത്തെ ദിവ്യസന്ദേശം അവതരിച്ചത് ''പുതച്ചു മൂടിയവനേ, എഴുന്നേല്‍ക്കുക, താക്കീത് ചെയ്യുക, നിന്റെ രക്ഷിതാവിനെ മഹത്വപ്പെടുത്തുക, നിന്റെ വസ്ത്രം ശുദ്ധീകരിക്കുക, പാപമാലിന്യം ഉപേക്ഷിക്കുക'' (74: 1-5).

പിന്നീടങ്ങോട്ട് ദിവ്യവചനങ്ങളുടെ പ്രവാഹമായിരുന്നു. ഏറെ സമാധാനവും ആശ്വാസവും അങ്കുരിച്ചപ്പോള്‍ നബി(സ്വ) തന്റെ അടുത്ത കുടുംബക്കാരോടും സുഹൃത്തുക്കളോടും പുതിയ സംഭവങ്ങള്‍ പങ്കുവെച്ചു. ഖദീജയ്ക്കുശേഷം രണ്ടാമത്തെ വിശ്വാസി പിതൃവ്യ പുത്രന്‍ അലി(റ). ആത്മ മിത്രം അബൂബക്‌റും(റ) വളര്‍ത്തുമകന്‍ സൈദുബ്‌നു ഹാരിസ(റ)യും വഴിയെ വിശ്വാസം പ്രഖ്യാപിച്ചു.

രഹസ്യപ്രബോധനം ആരംഭിക്കുകയായിരുന്നു തിരുനബി. അബൂബക്ര്‍(റ) വഴി സുബൈറുബ്‌നുല്‍ അവ്വാം, അബ്ദുറഹ്മാനുബ്‌നു ഔഫ്, അബൂ ഉബൈദത്തുല്‍ ജര്‍റാഹ്, ത്വല്‍ഹത്തുബ്‌നു ഉബൈദില്ല, ഉസ്മാനുബ്‌നു അഫ്ഫാന്‍ എന്നിവര്‍ നബി(സ്വ)യില്‍ വിശ്വാസമറിയിച്ചു. ഇവരില്‍ പലര്‍ക്കും വിശ്വാസപ്രഖ്യാപനത്തിന് ചില കാരണങ്ങളുമുണ്ടായി. വിശ്വാസിവൃന്ദം സാവധാനം വളരുകയായിരുന്നു. നാവില്‍ നിന്ന് കാതിലേക്കുള്ള രഹസ്യപ്രബോധന കാലയളവില്‍ സ്ത്രീകളുള്‍പ്പെടെയുള്ള അടിമകളും ഏകദൈവവിശ്വാസം മനസ്സുകൊണ്ട് സ്വീകരിച്ചു.

ജിബ്‌രീല്‍(അ) പാരായണം ചെയ്തുകൊടുത്ത ദിവ്യസൂക്തങ്ങള്‍ നബി(സ്വ) വേഗത്തില്‍ ഹൃദിസ്ഥമാക്കും. പ്രാര്‍ഥനാവേളകളില്‍ പാരായണം ചെയ്യും. അടുത്തുള്ളവര്‍ക്ക് ചൊല്ലിക്കൊടു ക്കും. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് അത് ഒഴുകിക്കൊണ്ടേയിരിക്കും. ദൈവത്തിന്റെ ഏകത്വവും കാരുണ്യവും ഉദാരതയും ഉദ്‌ഘോഷിക്കുന്ന വചനങ്ങള്‍ വല്ലാത്തൊരാവേശത്തോടെ അവര്‍ മനസ്സില്‍ കൊത്തിവെക്കും.

Feedback