Skip to main content

മാരിയതുല്‍ ഖിബ്തിയ്യ(റ)

ഹിജ്‌റ വര്‍ഷം ആറ്. അറേബ്യന്‍ ഉപദ്വീപില്‍ ഇസ്‌ലാം വേരുറയ്ക്കുകയാണ്. കാര്യങ്ങളുടെ നിയന്ത്രണം തിരുനബിയുടെ കൈകളില്‍ ഭദ്രം. അയല്‍ രാജ്യങ്ങളിലെ ഭരണാധികാരികളെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് ദൂതന്‍മാരെ അയക്കാന്‍ തീരുമാനിച്ചു നബി(സ്വ). പേര്‍ഷ്യ, റോം, അബ്‌സീനിയ, ഈജിപ്ത് എന്നിവിടങ്ങളിലേക്ക് കത്തുകളുമായി സന്ദേശവാഹകര്‍ പോയി. ദിവസങ്ങള്‍ കഴിഞ്ഞു. ചില ദൂതന്‍മാര്‍ വധിക്കപ്പെട്ടു. മറ്റു ചിലര്‍ മാന്യമായി തിരിച്ചയക്കപ്പെട്ടു. ചിലര്‍ ധാരാളം സമ്മാനങ്ങളുമായിട്ടാണ് മടങ്ങിവന്നത്. അതിലൊരാളായിരുന്നു ഹാത്വിബു ബ്‌നു അബീബതല്‍അ(റ).

മിസ്വ്‌റിലെ മുഖൗഖിസിന്റെ അടുക്കലേക്കാണ് ഹാത്വിബ്(റ) കത്തുമായി ചെന്നത്. മുഖൗഖിസ് കത്തുവായിച്ചു. ഹാത്വിബി(റ)നെ സല്‍ക്കരിക്കുകയും മാന്യമായി തിരിച്ചയക്കുകയും ചെയ്തു. മടങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ കൂടെ തിരുനബി(സ്വ)ക്ക് ധാരാളം സമ്മാനങ്ങളും കൊടുത്തയച്ചു.

ആയിരം സ്വര്‍ണനാണയം, 20 മുന്തിയ തരം വസ്ത്രങ്ങള്‍, ഒരു കുതിര, ഒരു കഴുത, രണ്ട് സുന്ദരികളായ കോപ്റ്റിക് അടിമകള്‍, കാവലായി ഒരു ഷണ്ഡനായ വൃദ്ധനും. 

സമ്മാനം സ്വീകരിച്ച തിരുനബി(സ്വ) അടിമസഹോദരിമാരില്‍ ഇളയവളായ സീരിനെ ഹസ്സാനുബ്‌നു സാബിത്തി(റ)ന് നല്‍കി. മാരിയയെ ദൂതരും സ്വീകരിച്ചു. ഇസ്‌ലാമിക ചരിത്രത്തില്‍ പില്‍ക്കാലത്ത് അറിയപ്പെട്ട മാരിയത്തുല്‍ ഖിബ്തിയ്യ(റ)യാണിവര്‍. ഈജിപ്തിലെ ഖിബ്തി വംശത്തിലെ ക്രൈസ്തവകുടുംബത്തില്‍ ശംഈനിന്റെ മകളായി ജനിച്ച മാരിയ(റ), ചക്രവര്‍ത്തി മുഖൗഖിസിന്റെ അടിമകളിലെ കന്യകയായിരുന്നു.

സ്വഫിയ്യ(റ) മുമ്പ് താമസിച്ചിരുന്ന, പള്ളിയോട് ചാരിയുള്ള മുറിയില്‍ തിരുനബി(സ്വ) മാരിയ (റ)യെ താമസിപ്പിച്ചു. രാത്രിയിലും പകലിലും അവരെ സന്ദര്‍ശിക്കുകയും ചെയ്തു. മദീനയില്‍ മറ്റു ബന്ധുക്കളൊന്നുമില്ലാത്തതിനാല്‍ മാരിയക്ക് പ്രത്യേക പരിഗണനയും നല്‍കിയിരുന്നു ദൂതര്‍. മാരിയയിലാണ് തിരുനബിക്ക് മൂന്നാമത്തെ ആണ്‍കുട്ടിയായ ഇബ്‌റാഹീം പിറന്നത്. എന്നാല്‍ മറ്റു കുട്ടികളെപ്പോലെത്തന്നെ ഇബ്‌റാഹീമും ശൈശവത്തില്‍ മരിച്ചു. പ്രഥമ പത്‌നി ഖദീജക്ക് പുറമെ മാരിയയില്‍ മാത്രമേ ദൂതര്‍ക്ക് കുട്ടി ജനിച്ചിട്ടുള്ളൂ.

ഒരു വയസ്സ് പൂര്‍ത്തിയാവും മുമ്പു തന്നെ വിടപറഞ്ഞ ഇബ്‌റാഹീം, ദൂതരുടെ ഹൃദയത്തില്‍ അടങ്ങാത്ത വിങ്ങലുണ്ടാക്കി. ദൂതര്‍ തന്നെ കുളിപ്പിച്ച് കഫന്‍ ചെയ്ത് മയ്യിത്ത് സ്വന്തം കൈകളിലെടുത്ത് ബഖീഇലേക്ക് നടന്നു. സ്വഹാബികളും അനുഗമിച്ചു. മാരിയത്തി(റ)നെയും അങ്ങേയറ്റം സങ്കടത്തിലാക്കി ആദ്യസന്താനത്തിന്റെ മരണം. ഈ മരണദിനത്തിലായിരുന്നു സൂര്യഗ്രഹണമുണ്ടായത്. മരണത്തില്‍ സൂര്യന്‍ പോലും സങ്കടപ്പെട്ടുവെന്ന പ്രചാരണം ദൂതര്‍ തിരുത്തുകയുണ്ടായി. ഗ്രഹണം ഒരു പ്രാപഞ്ചിക പ്രതിഭാസമാണെന്നും ആരുടെയെങ്കിലും ജനന മരണങ്ങളെത്തുടര്‍ന്ന് സൂര്യനോ ചന്ദ്രനോ ഗ്രഹണം ബാധിക്കില്ലെന്നും ദൂതര്‍ വിശദീകരിച്ചു.

 പ്രമുഖ ചരിത്രകാരനും ഖുര്‍ആന്‍ വ്യാഖ്യാതാവുമായ ഇബ്‌നുകസീര്‍ തന്റെ അല്‍ബിദായ വന്നിഹായയില്‍ പറയുന്നത്, നബി(സ്വ) മാരിയ(റ)യെ വിവാഹം ചെയ്തിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ മാരിയ ഉമ്മുല്‍മുഅ്മിനീന്‍ പദവിക്ക് അര്‍ഹയാണെന്നുമാണ്.

തിരുദൂതരുടെ വിയോഗാനന്തരം നാലുവര്‍ഷത്തോളം മാത്രമേ മാരിയ ജീവിച്ചിരുന്നുളളൂ. ഉമറി (റ)ന്റെ ഭരണാരംഭത്തില്‍ ക്രിസ്താബ്ദം 637ല്‍ അവര്‍ പരലോകം പൂകി.

Feedback