Skip to main content

മൈമൂന ബിന്‍ത് ഹാരിസ്(റ)

ഹുദൈബിയ സന്ധിയിലെ കരാര്‍ പ്രകാരം തൊട്ടടുത്ത വര്‍ഷം തിരുനബിയും സ്വഹാബിമാരും മക്കയില്‍ ഉംറ നിര്‍വഹിക്കാനെത്തി. കാഴ്ചയില്‍ കഅ്ബ നിറഞ്ഞപ്പോള്‍അവരുടെനെഞ്ചകം വിശ്വാസത്താല്‍ വിങ്ങി. അവര്‍ നാഥനെ മനമറിഞ്ഞ് സ്തുതിച്ചു.

കഅ്ബയുടെചാരത്ത് പണിത കൂടാരത്തില്‍ തിരുനബി വിശ്രമിക്കവെ, വിശ്വാസം ഉള്ളിലൊളിപ്പിച്ച് മക്കയില്‍ തങ്ങുന്ന മുസ്‌ലിംകള്‍ രഹസ്യമായി ദൂതരെ കാണാനെത്തിക്കൊണ്ടിരുന്നു. കൂട്ടത്തില്‍ പിതൃവ്യന്‍ അബ്ബാസും വന്നു.

''എന്റെ ഭാര്യ ഉമ്മുല്‍ ഫദ്‌ലിന്റെ സഹോദരി ബര്‍റയെ അങ്ങ് അറിയില്ലേ? വിധവയായ അവര്‍ ഞങ്ങളോടൊപ്പമാണ് താമസം. അവള്‍ക്കൊരാഗ്രഹം, അങ്ങയെ വിവാഹം കഴിക്കണമെന്ന്'' അബ്ബാസ് സംസാരത്തിനിടെ പറഞ്ഞു.

പിതൃവ്യന്റെ നിര്‍ദേശം ദൂതര്‍ അംഗീകരിച്ചു. കാര്യങ്ങള്‍ ആലോചിക്കാനും വിവാഹനടത്തിപ്പിനും പിതൃവ്യപുത്രന്‍ ജഅ്ഫറിനെ ചുമതലപ്പെടുത്തി.

തിരുനബി(സ്വ) തന്നെ ഭാര്യയാക്കാന്‍ സമ്മതിച്ച വിവരം ബര്‍റയറിഞ്ഞു. അവരപ്പോള്‍ ഒട്ടകപ്പുറത്തായിരുന്നു. ''ഒട്ടകവും അതിന്മേലുള്ളതും ഇനി റസൂലിനുള്ളതാണ്''  ബര്‍റ ആഹ്ലാദം പ്രകടിപ്പിച്ചു.

എന്നാല്‍ അപ്പോഴേക്കും, മക്കയില്‍ തങ്ങാന്‍ ഖുറൈശികള്‍ മുസ്‌ലിംകള്‍ക്ക് നല്‍കിയിരുന്ന അവധി കഴിഞ്ഞിരുന്നു. ഒരു ദിവസം കൂട്ടി നല്‍കാന്‍ ദൂതര്‍ അഭ്യര്‍ഥിച്ചെങ്കിലും ഖുറൈശി നേതൃത്വം സമ്മതിച്ചില്ല. നാലാം ദിനം പുലരും മുമ്പെ, മക്ക വിടാന്‍ ദൂതര്‍ മുസ്‌ലിംകള്‍ക്ക് നിര്‍ദേശം നല്‍കി.

Family Tree of Maimoona

തന്റെ സേവകനായ അബൂറാഫിഇനെ ബര്‍റയെ കൂട്ടികൊണ്ടുവരാനായി നബി മക്കയില്‍ നിര്‍ത്തി, മക്കയില്‍ നിന്ന് പത്ത് മൈല്‍ ദൂരെയുള്ള സറഫില്‍ വെച്ച് ബര്‍റ അവരോടെപ്പം ചേരുകയും 400 ദിര്‍ഹം മഹ്‌റായി നിശ്ചയിച്ച് തിരുനബി വിവാഹം കഴിക്കുകയും ചെയ്തു. വിവാഹ വേളയിലാണ് തിരുനബി(സ്വ) അവരുടെ പേര് മൈമൂന എന്നാക്കി മാറ്റിയത്. ഹിജ്‌റ ഏഴിലെ ശവ്വാലിലാണ് ഈ വിവാഹം. നബിയുടെ ഒടുവിലത്തെ വിവാഹം കൂടിയായിരുന്നു ഇത്.

ഹിലാല്‍ ഗോത്രത്തിലെ ഹാരിസുബ്‌നു ഹസന്റെ മകളായ മൈമൂന ചരിത്രത്തിലെ സജീവ സാന്നിധ്യമാണ്. ''സത്യവിശ്വാസികളായ സഹോദരിമാര്‍'' എന്ന് തിരുനബി വിശേഷിപ്പിച്ച നാലില്‍ ഒരാളാണ് മൈമൂന. അബ്ബാസിന്റെ ഭാര്യ ഉമ്മുല്‍ ഫദ്ല്‍, ജഅ്ഫറിന്റെ ഭാര്യ അസ്മാഅ്, ഹംസയുടെ ഭാര്യ സല്‍മ എന്നിവരാണ് മറ്റു മൂന്നു പേര്‍.

പ്രവാചകത്വത്തിനു മുമ്പ് മസ്ഊദുബ്‌നു അംറ് മൈമൂനയെവിവാഹം ചെയ്തിരുന്നു. പിന്നീട് അബൂദഹ്മും വിവാഹം ചെയ്തു. ഇദ്ദേഹത്തിന്റെ മരണശേഷം സഹോദരി ഉമ്മുല്‍ ഫദ്‌ലിന്റെ കൂടെയായി ജീവിതം. ഉമ്മുല്‍ ഫദ്‌ലില്‍ നിന്നാണ് ഇസ്‌ലാമിന്റെ മഹത്വം മൈമൂനയറിയുന്നത്. മുഹാജിറുകളുടെ ജീവിതവും ബദ്‌റും ഉഹ്ദും എല്ലാം അവര്‍ സഹോദരിയില്‍ നിന്ന് കേട്ടറിഞ്ഞു. മദീനയിലെഇസ്‌ലാമിനെമക്കയിലിരുന്ന് അവര്‍ മനസ്സാവരിച്ചു. അങ്ങനെയാണ് തിരുനബി(സ്വ)യുടെ ജീവിതസഖിയാവാന്‍ മൈമൂന കൊതിക്കുന്നതും ഇക്കാര്യം സഹോദരി വഴി അബ്ബാസിനെ അറിയിക്കുന്നതും. ഈ വിവാഹത്തോടെ മറ്റു മൂന്ന് സഹോദരിമാരോടൊപ്പം മൈമൂനയും അബ്ദുല്‍മുത്തലിബ് കുടുംബത്തിലെത്തി.

തിരുനബി(സ്വ)യുടെ മറ്റു ചില വിവാഹങ്ങളെപ്പോലെ മൈമൂനയുമായുള്ള വിവാഹവും ഇസ്‌ലാമിന് ഏറെ ഗുണം ചെയ്തു. അതിലൊന്നാണ് ഖാലിദുബ്‌നുല്‍ വലീദിന്റെ ഇസ്‌ലാം സ്വീകരണം. മൈമൂനയുടെ അര്‍ധസഹോദരി അസ്മയാണ് ഖാലിദിന്റെ ഉമ്മ. ഈ വിവാഹത്തോടെ തിരുനബിയോടുള്ള ഖാലിദിന്റെ മമത വര്‍ധിക്കുകയും അദ്ദേഹം മദീനയിലെത്തുകയും ചെയ്തു.

വിശ്വാസികളുടെ മാതൃപദവിയിലെത്തിയ മൈമൂന(റ) അതിനനുസരിച്ചുയരുകയും ചെയ്തു, മറ്റു തിരുപത്‌നിമാരോട് ഏറെ അടുപ്പവും ആദരവും കാണിക്കുന്നതില്‍ മൈമൂന മുന്നിലായിരുന്നുവെന്ന് ആഇശ(റ) തന്നെ പറയുന്നുണ്ട്. തിരുനബി(സ്വ)യെ പരിചരിക്കുന്നതിലും അവര്‍ അതീവ താല്പര്യം കാട്ടി.

തബൂക്ക് പോലുള്ള യുദ്ധരംഗങ്ങളില്‍ മൈമൂന പ്രത്യേകം സേവനനിരതയായി. പരിക്കേല്ക്കുന്നവരെ പരിചരിക്കാന്‍ ഇവര്‍ വനിത സംഘത്തെ സംഘടിപ്പിച്ചതായി രേഖകളില്‍ കാണുന്നു. തിന്മകളെ വെറുത്തിരുന്ന ഇവര്‍ തിന്മ നിരന്തരം ചെയ്യുന്നവരെ അകറ്റി നിര്‍ത്തുകയും ചെയ്തു.

നബിയുടെ(സ്വ) കൂടെ മൂന്നുവര്‍ഷം മാത്രമാണിവര്‍ ജീവിച്ചത്. മരണ കാരണമായ രോഗം ബാധിച്ച വേളയില്‍ ദൂതര്‍ മൈമൂനയുടെ വീട്ടിലായിരുന്നു. പിന്നിട് ആഇശ(റ)യുടെ വീട്ടിലേക്ക് പോകാന്‍ മൈമൂന അനുവാദം നല്കി. ദൂതരുടെ മരണശേഷവും അമ്പത് വര്‍ഷം ഇവര്‍ ജീവിച്ചു. 80ാം വയസ്സില്‍ ക്രിസ്തുവര്‍ഷം 671 (ഹിജ്‌റ 61)ലാണ് മരണം. അന്ത്യാഭിലാഷപ്രകാരം, നബി(സ്വ) യുമായുള്ള വിവാഹം നടന്ന സര്‍ഫില്‍ തന്നെ അവരെ മറമാടി.

Feedback