Skip to main content

ഉമ്മു സലമ(റ)

''അല്ലാഹുവേ, എന്റെ പ്രിയതമ ഉമ്മുസലമയ്ക്ക്, എന്റെ മരണ ശേഷം എന്നെക്കാള്‍ നല്ല ഒരാളെ നീ ഇണയായി നല്‌കേണമേ. അവര്‍ക്ക് ഒരു പ്രയാസവും നീ വരുത്തല്ലേ നാഥാ''- രോഗക്കിടക്കയില്‍ കിടന്ന് അബൂസലമ(റ) കണ്ണീരണിഞ്ഞ് പ്രാര്‍ഥിച്ചു, ദിവസങ്ങള്‍ നീങ്ങിയപ്പോള്‍ നാലുമക്കളെയും ഭാര്യയെയും വിട്ട് അദ്ദേഹം കണ്ണടയ്ക്കുകയും ചെയ്തു.

ഉമ്മുസലമയുടെ ജീവിതം ദുരിതമയമായി. മദീനാവാസികളെല്ലാം അതില്‍ സങ്കടപ്പെട്ടു. 'അറബികളുടെ വിധവ'എന്ന് അവര്‍ വിശേഷിപ്പിക്കപ്പെടുകയും ചെയ്തു. ഉമ്മു സലമയെ ഭാര്യയാക്കാന്‍ അബൂബക്‌റും ഉമറും താല്‍പര്യം കാണിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. അതിനുശേഷം നബി(സ്വ) വിവാഹഭ്യര്‍ഥന നടത്തി.

''റസൂലേ, യൗവനംചോര്‍ന്ന സ്ത്രീയാണു ഞാന്‍. പോരാത്തതിന് നാലു മക്കളുടെ മാതാവും. താങ്കള്‍ക്ക് ഒന്നിലധികം ഭാര്യമാരുമുണ്ട്. എന്നില്‍ പ്രകൃത്യായുള്ള അസഹിഷ്ണുത അങ്ങയുടെ ജീവിതത്തില്‍ ദോഷമായിത്തീരും''- ഉമ്മു സലമ ഒഴിഞ്ഞുമാറാന്‍ നോക്കി. എന്നാല്‍ തിരുനബി അവരെ സ്വീകരിക്കാന്‍ തന്നെ തീരുമാനിച്ചു. ഹിജ്‌റ നാല് ശവ്വാലില്‍ ഉമ്മു സലമയും ഉമ്മുല്‍ മുഅ്മിനീന്‍ പദവിയിലെത്തി.

ഉമ്മു സലമ സുന്ദരിയായിരുന്നു. മുസ്‌ലിംകളുടെ എണ്ണം പത്തിലെത്തും മുമ്പു തന്നെ ആദ്യ ഭര്‍ത്താവ് അബ്ദ്ദുല്ലാഹിബ്നു അബ്ദില്‍ അസദിന്റെ കൂടെ അവര്‍ ഇസ്‌ലാമിലെത്തി. ഹിന്ദ് എന്നാണ് യഥാര്‍ഥ പേര്. മകന്‍ സലമയിലേക്ക് ചേര്‍ത്തിയാണ് ഇരുവരും പിന്നീട് അറിയപ്പെട്ടത്.

Family Tree of Ummusalama Hind

രണ്ട് ഹിജ്‌റകളിലും പങ്കെടുത്തു. മദീന ഹിജ്‌റ വേളയില്‍ ഉമ്മു സലമക്കുണ്ടായത് കരളലിയിക്കുന്ന അനുഭവമായിരുന്നു. മകന്‍ സലമയെയും കൂട്ടി ഇരുവരും മദീനയിലേക്ക് യാത്രയായി. മക്കയുടെ അതിര്‍ത്തിയില്‍ വെച്ച്, മഖ്‌സും കുടുംബക്കാരെത്തി ഉമ്മു സലമയെയും മകനെയും പിടിച്ചുകൊണ്ടുപോയി. അബൂസലമയെ വിടുകയും ചെയ്തു. എന്നാല്‍ അബുസലമയുടെ കുടുംബക്കാരായ അസദുകാരും വിട്ടില്ല. അവര്‍ മഖ്‌സൂമികളില്‍ നിന്ന് സലമയെ പിടിച്ചു വാങ്ങി. പിടിവലിയില്‍ കുഞ്ഞിന്റെ കൈയൊടിഞ്ഞു. അങ്ങനെ സലമയും അബുസലമയും ഉമ്മു സലമയും മൂന്നിടങ്ങളിലായി. ഒരു വര്‍ഷത്തിനു ശേഷമാണ് തിരിച്ചുകിട്ടിയ മകനെയും കൊണ്ട് ഉമ്മുസലമ മദീനയിലെത്തി അബുസലമയോടൊപ്പം ചേരുന്നത്.

സന്തുഷ്ട ദാമ്പത്യത്തില്‍ പിന്നീട് ഉമര്‍, ദുര്‌റ, സൈനബ് എന്നീസന്താനങ്ങളും പിറന്നു. ഉഹ്ദില്‍വെച്ചേറ്റ മാരകമുറിവിനെത്തുടര്‍ന്നാണ് അബുസലമ മരിക്കുന്നത്. തിരുനബി ഉമ്മുസലമയെയും മക്കളെയും തന്റെ ജീവിതത്തിലേക്ക് കൊണ്ടുവരികയായിരുന്നു.

ഇസ്‌ലാമിലെ പല പ്രധാന സംഭവങ്ങള്‍ക്കും സാക്ഷിയായി ഉമ്മുസമല തിരുനബിയോ ടൊപ്പമുണ്ടായിരുന്നു. ഹിജ്‌റ ആറില്‍ ഹുദൈബിയ സന്ധിക്കിടെ അനുചരരില്‍ നിന്ന് വേദനയേറിയ അനുഭവം ദൂതര്‍ക്കുണ്ടായി. സന്ധിവ്യവസ്ഥകളില്‍ രോഷം പ്രകടിപ്പിച്ച സ്വഹാബികളില്‍ ചിലര്‍ ഒരുവേള പ്രിയനബിയെ അനുസരിക്കാന്‍വരെ വൈമനസ്യം കാട്ടി. പ്രയാസം തോന്നിയ നബി(സ്വ) കൂടാരത്തിലെത്തി ഉമ്മു സലമയോട് വേദന പങ്കിട്ടു. ഉടനെ ഉമ്മുസലമ പരിഹാരം പറഞ്ഞു: ''അങ്ങ് ചെയ്യാനുദ്ദേശിക്കുന്നത് ചെയ്യുക, ആരോടും ഒന്നും മിണ്ടേണ്ട. ഒട്ടകത്തെ അറുക്കുകയും തലമുണ്ഡനം നടത്തുകയും ചെയ്യുക''. നബി(സ്വ) അപ്രകാരം ചെയ്തു.

തങ്ങളുടെ ചെയ്തിയില്‍ ദു:ഖിതരായ സ്വഹാബികള്‍ വൈകാതെ പശ്ചാത്തപിച്ച് തിരുദൂതരോടൊപ്പം ചേര്‍ന്നു. ഖൈബര്‍, ഹവാസിന്‍, സഖീഫ് യുദ്ധങ്ങള്‍, മക്ക വിജയം, താഇഫ് ഉപരോധം, വിടവാങ്ങല്‍ ഹജജ് എന്നിവയിലും ഉമ്മുസലമ ദൂതരെ അനുഗമിച്ചു.
വിശ്വാസികളുടെ മാതാക്കളില്‍ അവസാനം മരിക്കുന്നത് ഉമ്മുസലമ(റ)യാണ്. കര്‍ബലാ സംഭവത്തിനും ശേഷം ഹിജ്‌റ 61ല്‍ 84ാം വയസ്സില്‍ ആയിരുന്നു മരണം. നബിയില്‍ നിന്ന് 330 ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഖുറൈശി ഗോത്രത്തിലെ മഖ്‌സൂം കുടുംബത്തില്‍ അബൂ ഉമയ്യ സുഹൈലുബ്‌നില്‍ മുഗീറയുടെ മകളായി ജനിച്ചു. ഉദാരനായ ഖുറൈശി നേതാവായിരുന്നു അബൂഉമയ്യ.
 

Feedback
  • Friday Oct 4, 2024
  • Rabia al-Awwal 30 1446