Skip to main content

സൈനബ് ബിന്‍ത് ജഹ്ശ്(റ)

''നീ സൈദിനെ ഭര്‍ത്താവായി സ്വീകരിക്കണം'' തിരുനബിയുടെ ആവശ്യം കേട്ട സൈനബിന്റെ മുഖം ചുളിഞ്ഞു. ''അദ്ദേഹം എനിക്ക് ചേരില്ല ദൂതരേ, നിര്‍ബന്ധിക്കരുത്''. സൈനബിന്റെ മറുപടി തിരുത്തിയത്ഖുര്‍ആനായിരുന്നു. ''അല്ലാഹുവും അവന്റെ ദൂതരും ഒരു കാര്യത്തില്‍ തീരുമാനമെടുത്തുകഴിഞ്ഞാല്‍ സത്യവിശ്വാസിക്കോ വിശ്വാസിനിക്കോ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിക്കുന്നവര്‍ ആരോ, അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചുപോയിരിക്കുന്നു'' (അഹ്‌സാബ് 36).

''എങ്കില്‍ ഞാന്‍ സൈദിനെ സ്വീകരിക്കാം റസൂലേ'' സൈനബ് അര്‍ധമനസ്സോടെ സമ്മതമറിയിച്ചു.

വിവാഹം നടന്നു. സൈനബ് സുന്ദരിയും കുലീനയുമായിരുന്നു. അറബികള്‍ അവരുടെ പെണ്‍മക്കളെ അടിമകള്‍ക്ക് വിവാഹം ചെയ്തു കൊടുക്കാറില്ല. സൈദുബ്‌നുഹാരിസ തിരുദൂതരുടെ വളര്‍ത്തു മകനായിരുന്നെങ്കിലും അടിമത്തത്തില്‍ നിന്ന് മോചനം നേടിയയാളായിരുന്നു. സൈനബിനോട് ഈ വിവാഹത്തിന് നിര്‍ദേശം നല്കുക വഴി അറബികളുടെ ആ സമ്പ്രദായത്തിന് മാറ്റം വരുത്തുകയായിരുന്നു നബി(സ്വ).

പ്രതീക്ഷിച്ചതു സംഭവിച്ചു. സൈദി(റ)ന്റെയും സൈനബിന്റെയും ദാമ്പത്യം അസ്വാരസ്യങ്ങള്‍ നിറഞ്ഞതായി. സൈദ്(റ) ഇടക്കിടെ പരാതിയുമായി തിരുമുമ്പിലെത്തി. സഹിക്കാനാവാതെ സൈദ്(റ) പറഞ്ഞു: ''കഴിയില്ല നബിയേ''. നിന്റെ ഇണയെ നിന്നോടൊപ്പം പിടിച്ചുനിറുത്തണം. നബി(സ്വ) സൈദി(റ)നോട് പല തവണ പറഞ്ഞു. ഒടുവില്‍ അവര്‍ക്കു പിരിയാനുള്ള അനുവാദം ആകാശത്തു നിന്നും വഹ്‌യായെത്തി.

Family Tree of Zainab binth Jahsh

സൈദ്(റ) സൈനബിനെ വിവാഹമോചനം നടത്തി. അല്ലാഹുവിന്റെ നിര്‍ദേശപ്രകാരം അവരെ നബി(സ്വ) വിവാഹം ചെയ്തു. ഈ വിവാഹത്തിലൂടെ മറ്റൊരു ധാരണയെ കൂടി ഇസ്‌ലാം പിഴുതെറിഞ്ഞു.

സൈദ്(റ) ദൂതരുടെ വളര്‍ത്തു പുത്രനായിരുന്നല്ലോ. വളര്‍ത്തു പുത്രനെ പുത്രന്റെ സ്ഥാനത്ത് കാണാവതല്ലെന്ന് അല്ലാഹു പഠിപ്പിച്ചു. 'ഏതൊരാളെയും അയാളുടെ യഥാര്‍ഥ പിതാവിലേക്ക് ചേര്‍ത്തേ വിളിക്കാവൂ' എന്ന് നിര്‍ദേശിക്കയും(5:33)ചെയ്തു. മുഹമ്മദ് നബി(സ്വ) സൈദിന്റെ പിതാവല്ലെന്ന് അര്‍ഥ ശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കുകയുമുണ്ടായി. ''മുഹമ്മദ് നിങ്ങളില്‍ ഒരു പുരുഷന്റെയും പിതാവല്ല. അല്ലാഹുവിന്റെ ദൂതരും അന്ത്യപ്രവാചകനുമാണദ്ദേഹം'' (അല്‍ അഹ്‌സാബ്:40).

ദത്തുപുത്രന്‍ വിവാഹമോചനം നടത്തിയ സ്ത്രീയെ മുഹമ്മദ് വിവാഹം ചെയ്തു എന്ന് ആരോപണം ഖുറൈശികളും ജൂതന്‍മാരും ഉന്നയിച്ചേക്കും. അതിനുള്ള പ്രതിരോധമായിരുന്നു ഈ വിലക്ക്. സൈദുമായുള്ള വിവാഹത്തിലൂടെ സൈനബിന്റെ കുലീനത നഷ്ടപ്പെട്ടിട്ടില്ല എന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനും തിരുനബി(സ്വ) സൈനബിനെ വിവാഹം ചെയ്തതിലൂടെ കഴിഞ്ഞു.

നബി(സ്വ) നല്കിയ വിവാഹാനുബന്ധ സദ്യ(വലീമ)കളില്‍ ഏറ്റവും വലുത് സൈനബു(റ)മായുള്ള വിവാഹവേളയില്‍ നല്കിയതായിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. ക്ഷണം ലഭിച്ചാല്‍ ഭക്ഷണത്തിനു പോകാനും എന്നാല്‍ ആവശ്യത്തിനു മാത്രം സമയം അവിടെ ഇരിക്കാനും നിര്‍ദേശിക്കുന്ന ഖുര്‍ആനിക ശാസന ഇതോടനുബന്ധമായാണ് അവതീര്‍ണമായത്.

പ്രവാചക പത്‌നിമാരില്‍ സൈനബിന് ഏറെ പ്രത്യേകതകളുണ്ടായിരുന്നു. സൈനബിനെ വിവാഹം കഴിക്കണമെന്ന് നിര്‍ദേശിച്ചത് അല്ലാഹുവാണ്. ഇതര പ്രവാചക പത്‌നിമാരുടെ മുമ്പാകെ, ഇക്കാര്യം അവര്‍ അഭിമാനപൂര്‍വം പറഞ്ഞിട്ടുമുണ്ട്. ''നിങ്ങളില്‍ നീണ്ട കൈയുള്ളവളാണ് എന്നില്‍ ആദ്യം എത്തിച്ചേരുക'' എന്ന് തിരുനബി(സ്വ) ഒരിക്കല്‍ പറഞ്ഞു. ഞങ്ങളുടെ കൂട്ടത്തില്‍ നിന്ന് അവിടുത്തോടൊപ്പം ആദ്യം വന്നുചേരുന്നതാരായിരിക്കുമെന്ന അവിടുത്തെ പത്‌നിമാരുടെ കൂട്ടായ ചോദ്യത്തിനുത്തരമായാണ് അവിടുന്ന് അങ്ങനെ പറഞ്ഞത്. ഇതിലൂടെ രണ്ട് അംഗീകാരമാണ് നബി(സ്വ) സൈനബിന് നല്‍കിയത്.

ഒന്ന്, സൈനബ് അതീവ ധര്‍മിഷ്ഠയാണ്. രണ്ട്, നബിക്കുശേഷം ആദ്യം മരിക്കുന്ന  ഭാര്യ സൈനബായിരിക്കും. ഇത് രണ്ടിനും ചരിത്രം സാക്ഷിയായി.

തോലുകൊണ്ട് മനോഹര വസ്തുക്കള്‍ നിര്‍മിച്ച് വില്പന നടത്തിയിരുന്നു സൈനബ്(റ). ഇതിലൂടെ ലഭിക്കുന്ന വരുമാനം പാവങ്ങള്‍ക്ക് ദാനം ചെയ്തിരുന്നു. ബൈത്തുല്‍മാലില്‍ നിന്ന് ലഭിച്ചിരുന്ന പണവും ബന്ധുകള്‍ക്കും അഗതികള്‍ക്കും നല്‍കി.

നബി പത്‌നിമാരില്‍ യൗവനത്തിലും സൗന്ദര്യത്തിലും മുന്‍പന്തിയിലുണ്ടായിരുന്നത് ആഇശയും സൈനബുമായിരുന്നു. ഇത് അവര്‍ക്കിടയില്‍ സ്ത്രീ സഹജമായ മത്സരമുണ്ടാക്കി. സൈനബിന്റെ വീട്ടില്‍ അധിക നേരം നബി ചെലവിടുന്നുവെന്ന തോന്നല്‍ ആഇശക്കുണ്ടായി. ഇത്തടയാന്‍, അവര്‍ ഹഫ്‌സ, സൗദ എന്നിവരെ കൂട്ടുപിടിച്ചു. സൈനബിന്റെ വീട്ടില്‍ നിന്ന്തേന്‍ കുടിച്ചെത്തുന്ന നബിയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുവെന്ന് മൂവരും പരാതിപ്പെടാന്‍തുടങ്ങി. അതോടെസൈനബിന്റെ തേന്‍ ഇനി മേല്‍ കുടിക്കില്ലെന്ന് നബി ശപഥം ചെയ്തു. എന്നാല്‍ ഈ ശപഥത്തെ ഖുര്‍ആന്‍ വിലക്കി.

''ഓ, നബീ, ഭാര്യമാരെ തൃപ്തിപ്പെടുത്താന്‍ വേണ്ടി അല്ലാഹു അനുവദിച്ചതിനെ എന്തിന് താങ്കള്‍ നിഷിദ്ധമാക്കുന്നു''(വി.ഖു 66:1).

എന്നാല്‍ ആഇശ(റ) തന്നെ സൈനബിന്റെ സ്വഭാവ മഹിമയെ അംഗീകരിക്കുകയും എടുത്തു പറയുകയും ചെയ്തിട്ടുണ്ട് ''ദൈവഭയം, സത്യസന്ധത, ദാനധര്‍മം, കുടുംബബന്ധം ചേര്‍ക്കല്‍, അര്‍പ്പണ ബോധം ആദിയായവയില്‍ സൈനബിനെപ്പോലെ മറ്റൊരാളെ എനിക്കറിയില്ല.'' ആഇശ(റ) പറയുന്നു.
 

Feedback