Skip to main content

സൗദ ബിന്‍ത് സംഅ(റ)

''ഹംസയും ഉമറും(റ) ഇസ്‌ലാം സ്വീകരിച്ചുവത്രേ, മക്കയില്‍ മുസ്‌ലിംകള്‍ ശക്തരാവുകയും മര്‍ദനങ്ങള്‍ കുറയുകയും ചെയ്തിട്ടുണ്ട്.'' വിവരം അബ്‌സീനിയയില്‍ ദുരിതജീവിതം നയിക്കുന്ന സക്‌റാനെയും ഭാര്യ സൗദയെയും സന്തോഷിപ്പിച്ചു. കടല്‍ തീരത്തെത്തിയ അവര്‍ ഒരു പായക്കപ്പലില്‍ കയറി മക്കയണഞ്ഞു. എന്നാല്‍ ദു:ഖങ്ങളുടെ കടലില്‍ സൗദയെ ഒറ്റക്ക് വിട്ട് സക്‌റാന്‍ പരലോകം പ്രാപിച്ചു.

ദിനങ്ങള്‍ നീങ്ങി. പ്രിയപത്‌നി ഖദീജ(റ)യുടെ വിയോഗത്തില്‍ സങ്കടപ്പെട്ടു കഴിയുകയായിരുന്നു മുഹമ്മദ് നബി. മറ്റൊരു വിവാഹത്തിന് താല്പര്യം കാണിക്കാത്ത തിരുദൂതരുടെ കാര്യത്തില്‍ എല്ലാവരും വിഷമിച്ചു. എന്നാല്‍ ഖൗല ബിന്‍തു ഹകീം(റ) ധൈര്യസമ്മേതം ചോദിച്ചു: ''അല്ലാഹുവിന്റെ ദൂതരേ, മറ്റൊരു വിവാഹം കഴിക്കാതെ എത്ര കാലം മുന്നോട്ടുപോകും? ഒരു കന്യകയില്‍ താത്പര്യമുണ്ടെങ്കില്‍, അവിടുത്തെ മുമ്പില്‍ അബൂബക്‌റി(റ)ന്റെ പുത്രി ആഇശയുണ്ട്. മുന്‍ വിവാഹിതയെയാണുദ്ദേശിക്കുന്നതെങ്കില്‍ അവിടുത്തെ വിശ്വസിച്ച്, പിന്‍പറ്റി പലായനം നടത്തിയ സൗദ ബിന്‍തു സംഅ(റ)യുണ്ട്.''

സൗദയുടെ അവസ്ഥ പ്രവാചകനറിയാം. മുസ്‌ലിമായതിനുശേഷം ബന്ധുക്കള്‍ അവരെ ഒഴിവാക്കി. തുണയായുണ്ടായിരുന്ന ഭര്‍ത്താവ് സക്‌റാന്‍ മരിക്കുകയും ചെയ്തു. ഇപ്പോള്‍ ആലംബഹീനയായി യാതനകള്‍ സഹിച്ചുകഴിയുന്നു. അല്പനേരം ചിന്തയി ലാണ്ട്തിരുനബി(സ്വ), സൗദയുടെ അഭിപ്രായമറിയാന്‍ ഖൗലയെ തന്നെ ചുമതലപ്പെടുത്തി.

വിവരമറിഞ്ഞ സൗദ അമ്പരന്നു. ''തന്നെ വിവാഹം ചെയ്യാന്‍ തിരുദൂതര്‍ ഒരുക്കമാണെന്നോ?''. മെല്ലെ മെല്ലെ ആ അമ്പരപ്പ് കണ്ണീരായി മാറി. സൗദക്കറിയാം, സ്ത്രീയെന്ന നിലയിലുള്ള അവരുടെ കുറവുകള്‍. ഇരുണ്ട നിറവും തടിച്ച ശരീരവും സൗന്ദര്യത്തെ അവരില്‍ നിന്നകറ്റിയിരുന്നു. ആദ്യ വിവാഹം തന്നെ മുപ്പത് വയസ്സിന് ശേഷവുമായിരുന്നു.

Family Tree of Sauda

നബി(സ്വ)യുടെ തീരുമാനം സ്വഹാബിമാരെ മാത്രമല്ല ഖുറൈശികളെപ്പോലും അമ്പരപ്പിച്ചു. സുന്ദരിയും ധനാഢ്യയുമായ ഖദീജയുടെ സ്ഥാനത്തേക്ക് ഇതൊന്നുമില്ലാത്ത, ആരുമറിയാത്ത സൗദ വരികയോ? അങ്ങനെ വിശ്വാസികളുടെ മാതാവായി സൗദ ബിന്‍ത് സംഅ(റ) തിരുനബിയുടെ ജീവിതത്തിലേക്ക് വന്നു; ക്രിസ്താബ്ദം 620ല്‍.

ഖദീജ(റ)യുടെ വിയോഗത്തില്‍ ഏറെ വ്യസനിച്ചു കഴിഞ്ഞിരുന്ന തിരുദൂതര്‍ക്കും മക്കള്‍ക്കും സൗദ(റ) ആശ്വാസവും സമാധാനവും പകര്‍ന്നു. തടിച്ച ശരീരക്കാരിയായ സൗദയെ കാണുമ്പോള്‍ ദൂതര്‍ ചിരിക്കും. അപ്പോള്‍ ഫലിതം പറഞ്ഞ് രസിപ്പിച്ച് ഇരുവരും ഒപ്പം ചിരിക്കുമായിരുന്നു. പെണ്‍ മക്കളെ പരിചരിക്കുന്നതിലും അവര്‍ അതീവ താല്പാര്യം കാണിച്ചു പോന്നു.

ദൂതരോടൊപ്പം ഹജ്ജും ഉംറയും നിര്‍വഹിച്ചു. വീട്ടില്‍ ഒതുങ്ങിക്കഴിയുന്ന പ്രകൃതക്കാരിയായിരുന്നു സൗദ(റ). ധര്‍മിഷ്ഠയായിരുന്ന അവര്‍ യുദ്ധമുതല്‍ വിഹിതം ലഭിച്ചാല്‍ അതപ്പോള്‍ തന്നെ ദാനം ചെയ്യും. ബൈത്തുല്‍മാലില്‍ നിന്ന് ലഭിച്ചിരുന്ന വേതനവും അന്നന്നത്തെ ആവശ്യം കഴിച്ചുള്ളത് പാവങ്ങള്‍ക്ക് നല്കും. അനന്തര സ്വത്തായി ഒന്നും ഇല്ലാതെയായിരുന്നു അവരുടെ മരണം.

ഖുറൈശ് ഗോത്രത്തില്‍ അബ്ദുശ്ശംസ് വംശത്തിലെ സംഅബ്ന്‍ ഖൈസിന്റെ മകളായി ജനിച്ചു. മുആവിയതുബ്‌നു അബീസുഫ്‌യാന്‍(റ) ഖലീഫയായിരിക്കെ ഹിജ്‌റ 54ലായിരുന്നു മരണം.
 

Feedback