Skip to main content

ഗ്രന്ഥങ്ങള്‍, ശിഷ്യന്‍മാര്‍ (7-7)

ചില ഗ്രന്ഥങ്ങള്‍ അബൂഹനീഫ രചിച്ചതായി ജീവചരിത്രകാരന്‍മാര്‍ ഉദ്ധരിക്കുന്നുണ്ട്. അല്‍ഫിഖ്ഹുല്‍ അക്ബര്‍, അല്‍ആലിമുല്‍ മുതഅല്ലിം, രിസാലതുന്‍ ഇലാ ഉസ്മാനിബ്‌നി മുസ്‌ലിമില്‍ ബത്തി, അര്‍റദ്ദു അലല്‍ഖദരിയ്യ എന്നീ നാലു ഗ്രന്ഥങ്ങളാണ് ഇബ്‌നുന്നദീം, അബൂഹനീഫയുടെതായി രേഖപ്പെടുത്തിയിട്ടുള്ളത്.

10 അധ്യായമുള്ള അല്‍ഫിഖ്ഹുല്‍ അക്ബര്‍ ഖവാരിജ്, ഖദരിയ്യ, ജഹ്മിയ്യ തുടങ്ങിയ വിഘടിതവിഭാഗങ്ങള്‍ക്കെതിരെ അഹ്‌ലുസ്സത്തി വല്‍ജമാഅത്തിന്റെ ആദര്‍ശം വ്യക്തമാക്കുന്നു. ഇല്‍മുല്‍ കലാമാണ് പ്രതിപാദ്യവിഷയം. പ്രസ്തുത ഗ്രന്ഥത്തിന് ഒട്ടേറെ ഭാഷ്യങ്ങളും വ്യാഖ്യാനങ്ങളും എഴുതപ്പെട്ടിട്ടുണ്ട്. ഇവ കൂടാതെ മഅ്‌രിഫതുല്‍ മദാഹിബ്, രിസാലതുന്‍ ഫില്‍ഫറാഇദ്, നബിയുടെ കീര്‍ത്തനഗാഥയായ അല്‍ഖസ്വീദതുന്നുഅ്മാനിയ്യ, അബൂഹനീഫയില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട പ്രാര്‍ഥനകള്‍ തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെതായി പരിചയപ്പെടുത്തുന്നുണ്ട്. അവ ശിഷ്യന്‍മാര്‍ ക്രോഡീകരിച്ചതാവാനാണ് സാധ്യത. അബൂഹനീഫയില്‍ നിന്ന് ശിഷ്യന്‍മാര്‍ ഉദ്ധരിച്ച ഹദീസുകളുടെ സമാഹാരമാണ് മുസ്‌നദു അബീഹനീഫ.

ഇമാം അബൂഹനീഫയുടെ വിലപ്പെട്ട സംഭാവനകള്‍ അദ്ദേഹത്തിന്റെ ശിഷ്യന്‍മാരിലൂടെയാണ് സംരക്ഷിക്കപ്പെട്ടത്. നിയമപ്രശ്‌നങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ ആയിരക്കണക്കിന് ഫത്‌വകള്‍ ശിഷ്യന്‍മാര്‍ ക്രോഡീകരിച്ചു. അദ്ദേഹം നിവേദനം ചെയ്ത ഹദീസുകളും മറ്റും     വേറെയും ക്രോഡീകരിക്കപ്പെട്ടു. മുസ്‌ലിം ലോകത്തിന്റ വിവിധ ഭാഗങ്ങളിലേക്ക് 800ലധികം ശിഷ്യന്‍മാരെ വിജ്ഞാന്രപചാരണാര്‍ഥം നിയോഗിച്ചു. മുജ്തഹിദുകളായ 36 ശിഷ്യന്‍മാരില്‍ രണ്ടു പേര്‍ മുഫ്തികള്‍ക്കും ഖാദിമാര്‍ക്കും ശിക്ഷണം നല്‍കാനും മുജ്തഹിദുകളല്ലാത്ത മറ്റു 100 പേര്‍ മുഫ്തികളാകാനും 286 പേര്‍ യോഗ്യതയുള്ളവരാണെന്നും അദ്ദേഹം തന്നെ പറയുകയുണ്ടായി. 

അബ്ബാസീ ഖിലാഫത്തില്‍ ഖാദില്‍ ഖുദാത് പദവി അലങ്കരിക്കുകയും ഒട്ടേറെ ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്ത അബൂയൂസുഫ്, മുഹമ്മദുബ്‌നുല്‍ ഹസനിശൈബാനി, അബൂഹനീഫയുടെ ജീവിതകാലത്തു തന്നെ ബസ്വ്‌റയിലെ ഖാദിയായി നിയമിക്കപ്പെടുകയും അതിനു ശേഷം ഗുരുവിന്റെ സ്ഥാനത്ത് അവരോധിക്കപ്പെടുകയും ചെയ്ത സുഫറുബ്‌നുല്‍ ഹുദൈല്‍ എന്നിവരാണ് ഏറ്റവും പ്രമുഖരായ ശിഷ്യന്‍മാര്‍. അബൂയൂസുഫ് തന്റെ കിതാബുല്‍ ആസാര്‍, ഇഖ്തിലാഫു അബീഹനീഫ വബ്‌നി അബീ ലൈലാ, അര്‍റദ്ദു അലാ സിയരില്‍ ഔസാഇ, കിതാബുല്‍ ഖറാജ് എന്നിവയില്‍ ഗുരുവിന്റെ ഫത്‌വകളും അദ്ദേഹം ഉദ്ധരിച്ച ഹദീസുകളും അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും വീക്ഷണങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അല്‍മബ്‌സൂത്വ്, അല്‍ജാമിഉസ്സ്വഗീര്‍, അല്‍ജാമിഉല്‍ കബീര്‍, അസ്സിയറുസ്സ്വഗീറു വസ്സിയറുല്‍ കബീര്‍ തുടങ്ങിയ ഗ്രന്ഥങ്ങളാണ് മുഹമ്മദുബ്‌നു ഹസന്‍ രചിച്ചത്. സുഫറുബ്‌നുല്‍ ഹുദൈല്‍ ഗ്രന്ഥം രചിച്ചില്ലെങ്കിലും ബസ്വറയില്‍ അബൂഹനീഫയെക്കുറിച്ച് നിലനിന്നിരുന്ന     തെറ്റായ ധാരണകള്‍ ദൂരീകരിക്കുകയും ഗുരുവിന്റെ പിന്‍ഗാമിയായി സ്ഥാനമേറ്റ് അബൂഹനീഫയുടെ വീക്ഷണങ്ങളും അഭിപ്രായങ്ങളും പ്രചരിപ്പിക്കുകയുമുണ്ടായി. 

ഖാദിമാരായി  നിയമിക്കപ്പെട്ട ശിഷ്യന്‍മാര്‍ വഴി ഔദ്യോഗികമായി തന്നെ അദ്ദേഹത്തിന്റെ ഫത്‌വകള്‍ പ്രയോഗവല്‍കരിക്കപ്പെട്ടു. പ്രശ്‌നങ്ങള്‍ ശിഷ്യന്‍മാരുടെ മുമ്പില്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്ത ശേഷം ഫത്‌വ പുറപ്പെടുവിക്കുന്ന രീതിയായിരുന്നു അബൂഹനീഫ സ്വീകരിച്ചിരുന്നത്.

 

 

References

 
ഇബ്‌നു സഅദ് അത്ത്വബക്വാതുല്‍ കുബ്‌റാ 6/368 369, 
അല്‍ഖത്വീബുല്‍ ബഗ്ദാദി താരീഖു ബഗ്ദാദി 13/323 454: 
ഇബ്‌നുല്‍ അസീര്‍ അല്‍കാമിലു ഫിത്താരീഖ് 5/145, 192; 
ഇബ്‌നുഖല്ലികാന്‍ വഫയാതുല്‍ അഅ്‌യാന്‍ 5/405 415; 
ദഹബി സിയറു അഅ്‌ലാമിന്നുബലാഅ് 6/390 403; 
ഇബ്‌നുകസീര്‍ അല്‍ബിദായതു വന്നിഹായ:10/107; 
ഇബ്‌നുല്‍ ഹനീഫ: ഹയാതുഹു വഅസ്വ്‌റുഹു ആറാഉഹു വഫിക്വ്ഹുഹു; 
മുഹമ്മദ് അബുസഹ്‌റ: താരീഖുല്‍ മദാഹിബില്‍ ഇസ്‌ലാമിയ്യ: 
ഡോ. മുസ്ത്വഫസ്സിബാഇ അസ്സുന്ന വമകാനതുഹാ ഫിത്ത്ശ്‌രീല്‍ ഇസ്‌ലാമി; 
ഖുദരീ ബക് താരീഖുത്തശ്‌രീഇല്‍ ഇസ്‌ലാമി പേ. 230 233; 
ഡോ. റഹ്ഹാബ് ഖദീര്‍ അക്കാവി മൗസൂഅതു അബാഖിറതില്‍ ഇസ്‌ലാം 3/220 224; 
ഉമര്‍ രിദാ കഹ്ഹാല: മുഅ്ജമുല്‍ മുഅല്ലിഫീന്‍ 4/32 33; 
ദാഇറതുല്‍ മുആരിഫില്‍ ഇസ്‌ലാമിയ്യ: ഉര്‍ദു 1/748 783; 
ഷാ വലിയുല്ലാഹിദ്ദഹ്‌ലവി (വിവ.) കെ.ടി അബ്ദുറഹ്മാന്‍ നദ്‌വി കര്‍മശാസ്ത്ര ഭിന്നതകള്‍: ചരിത്രവും സമീപനവും പേ. 25 27; 
അബുല്‍അഅ്‌ലാ മൗദൂദി (വിവ.) സലാം മേലാറ്റൂര്‍ ഖിലാഫത്തും രാജവാഴ്ചയും പേ. 178 221; പ്രൊഫ. വഹ്ബി സുലൈമാന്‍ അല്‍ബാനി അല്‍ഇമാം അബൂഹനീഫ: ഫഖീഹുല്‍ ഉമ്മ: (ലേഖനം), മജല്ലതുശ്ശിഹാബ് വാ. 5 ലക്കം 21, 1392 മുഹര്‍റം പേ. 10; 
പ്രബോധനം മാസിക 1967 ജൂണ്‍ പേ.28 40; 1967 സെപ്തംബര്‍ പേ.32 45; 

 

Feedback
  • Sunday May 12, 2024
  • Dhu al-Qada 4 1445