Skip to main content

ഇല്‍മുല്‍ കലാം, ഉസ്വൂലുല്‍ ഹദീസ് (3-7)

അബൂഹനീഫയുടെ കാലത്ത് ഇല്‍മുല്‍ കലാം സംബന്ധമായ പ്രശ്‌നങ്ങള്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഈമാന്‍, പാപവൃത്തിയും കുഫ്‌റും, ഖദ്ര്‍ തുടങ്ങിയ വിഷയങ്ങളാണ് മുഖ്യമായും വാഗ്വാദങ്ങള്‍ക്ക് വിധേയമായത്.

ഈമാന്‍ (വിശ്വാസം) ഹൃദയം കൊണ്ടുള്ള അംഗീകാരം മാത്രമല്ല നാവുകൊണ്ടുള്ള പ്രഖ്യാപനവും കൂടിയാണ് എന്ന് അബൂഹനീഫ സമര്‍ഥിച്ചു. ഈമാന്‍ കുറയുകയോ വര്‍ധിക്കുകയോ ചെയ്യുന്നില്ല. വിശ്വാസികള്‍ക്ക് ഔന്നത്യം ലഭിക്കുന്നത് വിശ്വാസത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമായല്ല, പ്രത്യുത അവയുടെ പദവികള്‍ കാരണമായാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വീക്ഷണം. വിശ്വാസത്തെയും (ഈമാന്‍) കര്‍മത്തെയും (അമല്‍) തികച്ചും വ്യത്യസ്തമായ കാര്യങ്ങളായാണ് അദ്ദേഹം കണ്ടത്. 

വിശ്വാസത്തോടനുബന്ധിച്ച് ഉന്നയിക്കപ്പെട്ട പ്രശ്‌നമായിരുന്നു പാപവൃത്തിയും കുഫ്ര്‍ അഥവാ സത്യനിഷേധവും തമ്മിലുള്ള ബന്ധം. വിശ്വാസത്തെയും പ്രവര്‍ത്തനത്തെയും രണ്ടായി കാണാതിരുന്ന ഖവാരിജുകള്‍, ഒരു മുസ്‌ലിം മഹാപാപം ചെയ്യുന്നതോടെ കാഫിറായിത്തീരുമെന്ന് വാദിച്ചു. മുസ്‌ലിം ചെയ്യുന്ന തിന്‍മകള്‍ മുഴുവന്‍ പൊറുക്കപ്പെടുമെന്നും നന്‍മകള്‍ മുഴുവന്‍ സ്വീകരിക്കപ്പെട്ട് സ്വര്‍ഗത്തില്‍ ശാശ്വതവാസിയായിരിക്കുമെന്നും മുര്‍ജിഉകളും വാദിച്ചു. ഈ രണ്ട് വാദങ്ങളെയും   അബൂഹനീഫ എതിര്‍ത്തു. ഒരു മുസ്‌ലിം വന്‍പാപം ചെയ്താല്‍ പോലും കാഫിറാവുകയില്ലെന്നും അയാളുടെ വിശ്വാസത്തെ തള്ളിപ്പറയാവതല്ലെന്നുമുള്ള അഹ്‌ലസ്സുന്നതി വല്‍ജമാഅതിന്റെ നിലപാടാണ് അബൂഹനീഫ സ്വീകരിച്ചത്. എന്നാല്‍ മുര്‍ജിഉകള്‍ വാദിക്കുന്നതുപോലെ മുസ്‌ലിമിന്റെ സത്കര്‍മങ്ങള്‍ മുഴുവന്‍ സ്വീകരിക്കപ്പെടുമെന്നും തിന്‍മകള്‍ മുഴുവന്‍ മാപ്പാക്കപ്പെടുമെന്നും ഉറപ്പിച്ചുപറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വീക്ഷണം വഴി ശീഅ, ഖവാരിജ്, മുഅ്തസില, മുര്‍ജിഅ വിഭാഗങ്ങളുടെ തീവ്രവാദ നിലപാടിനെതിരെ ഇസ്‌ലാമിക സമൂഹത്തെ സന്തുലിതമായ മാര്‍ഗത്തില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ ഇമാം അബൂഹനീഫക്ക് സാധിച്ചു. 

ഇല്‍മുല്‍ കലാം സംബന്ധമായി ഏറെ വിവാദം സൃഷ്ടിച്ച മറ്റൊരു വിഷയമായിരുന്നു ഖദ്ര്‍ (വിധിശ്വാസം). മനുഷ്യര്‍ സര്‍വതന്ത്ര സ്വതന്ത്രനാണെന്നും അല്ലാഹുവിന് മനുഷ്യ്രപവര്‍ത്തനത്തില്‍ യാതൊരു വിധ സ്വാധീനവുമില്ലെന്നുമാണ് ഖദ്‌രിയ്യ (ഖദ്ര്‍ നിഷേധികള്‍) വിഭാഗത്തിന്റെവാദം. പ്രവര്‍ത്തനങ്ങളില്‍ മനുഷ്യന് യാതൊരു വിധ വിവേചനാധികാരാവുമില്ല,   അല്ലാഹുവിന്റെ നിശ്ചയ്രപകാരം യാന്ത്രികമായി പ്രവര്‍ത്തിക്കുക മാത്രമാണ് മനുഷ്യന്‍ എന്ന് ജബരിയ്യ വിഭാഗവും വാദിച്ചു. ഈ രണ്ട് വാദങ്ങള്‍ക്കും എതിരായിരുന്നു അബൂഹനീഫയുടെ വീക്ഷണങ്ങള്‍. വിശുദ്ധ ഖുര്‍ആന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍ അദ്ദേഹം ഇങ്ങനെ വ്യക്തമാക്കി. പ്രപഞ്ചത്തിലെ എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ അറിവും  ഉദ്ദേശ്യവുമനുസരിച്ചാണ് നടക്കുന്നത്. എന്നാല്‍ മനുഷ്യന് ദൈവകല്‍പനകളനുസരിക്കുവാനും ധിക്കരിക്കുവാനും സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. തനിക്ക് നന്‍മയും തിന്‍മയും ചെയ്യുവാനുള്ള സ്വാതന്ത്ര്യം ലഭിച്ച മേഖലയിലാണ് മനുഷ്യന്‍ ചോദ്യം ചെയ്യപ്പെടുകയും നന്‍മ     തിന്‍മകള്‍ക്കനുസരിച്ച് പ്രതിഫലം ലഭിക്കുകയും ചെയ്യുന്നത്. മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ അല്ലാഹുവിന്റെ അറിവിനോ ഉദ്ദേശ്യത്തിനോ അപ്പുറത്തല്ല.

അക്കാലത്ത് ഏറെ തര്‍ക്കങ്ങള്‍ക്ക് വഴിയൊരുക്കിയ വിഷയമായിരുന്നു ഖല്‍ഖുല്‍ ഖുര്‍ആന്‍, ഖുര്‍ആന്‍ ദൈവ സൃഷ്ടിയാണോ അല്ലേ എന്ന വിവാദം. അബൂഹനീഫ പ്രസ്തുത വിവാദത്തില്‍ നിന്ന് സ്വയം മാറിനില്‍ക്കുകയും ശിഷ്യന്‍മാരെയും മറ്റുള്ളവരെയും അത്തരം വിവാദങ്ങളില്‍ നിന്ന് മാറിനില്‍ക്കുവാന്‍ ഉപദേശിക്കുകയും ചെയ്തു.

ഹദീസ് സ്വീകരിക്കുന്നതില്‍ വളരെ കണിശമായിരുന്നു അബൂഹനീഫയുടെ നിബന്ധനകള്‍. ഹദീസിന്റെ നിവേദനപരമായ വിശ്വാസ്യതയോടൊപ്പം തന്നെ അതിന്റെ ഉള്ളടക്കവും പരിഗണിക്കുന്ന രീതി ആദ്യമായി അവലംബിച്ചത് അദ്ദേഹമാണ്. ഉസ്വൂലുല്‍ ഹദീസിന് വ്യവസ്ഥാപിത രൂപമുണ്ടാവുന്നതിന് മുമ്പായിരുന്നു അത്. അബൂഹനീഫ നിര്‍വഹിച്ച 25ഓളം ഹജ്ജും ആറു വര്‍ഷത്തെ മക്കവാസവും വിപുലമായ ദേശാടനവും ധാരാളം ഹദീസ് പഠിക്കുന്നതിന് അവസരമൊരുക്കി. എന്നാല്‍ വളരെക്കുറച്ച് ഹദീസുകള്‍ മാത്രമേ ഉദ്ധരിച്ചിട്ടുള്ളൂവെന്നും അദ്ദേഹത്തിന് ഹദീസ് പരിജ്ഞാനം ഇല്ലാത്തതാണ് അതിന് കാരണമെന്നും ആരോപണമുന്നയിക്കപ്പെട്ടിട്ടുണ്ട്. പ്രഗത്ഭരായ പല പണ്ഡിതന്‍മാരും ഈ ആരോപണം നിരര്‍ഥകവും ബാലിശവുമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ശാഫിഈ പണ്ഡിതനായ അബുല്‍മഹാസിനിദ്ദിമശ്ഖി തന്റെ ഉഖൂദുല്‍ ജുമാന്‍ എന്ന ഗ്രന്ഥത്തില്‍ ഇങ്ങനെ വ്യക്തമാക്കുന്നു.

''അബൂഹനീഫ ഹദീസിന്റെ മഹാപണ്ഡിതന്‍മാരിലും നേതാക്കളിലുമൊരാളാണ്. അദ്ദേഹം 4000 ഹദീസ് പണ്ഡിതന്‍മാരില്‍ നിന്ന് ഹദീസ് പഠിച്ചിട്ടുണ്ടെന്നാണ് ഇമാം ദഹബി രേഖപ്പെടുത്തിയത്. അദ്ദേഹത്തെ മുജ്തഹിദായാണ് എല്ലാവരും കണക്കാക്കുന്നത്. സുന്നത്തില്‍ പാണ്ഡിത്യമില്ലാത്ത ഒരാള്‍ക്ക് മുജ്തഹിദാവാന്‍ കഴിയില്ല. അബൂഹനീഫയുടെ ശിഷ്യന്‍മാര്‍ അദ്ദേഹം ഉദ്ധരിക്കുന്ന ഹദീസുകള്‍ ക്രോഡീകരിച്ചിട്ടുണ്ട്. പില്കാലത്ത് അബൂഹനീഫയെ ഇകഴ്ത്തുന്നതിനു വേണ്ടി ഇമാം ശാഫിഈ, മാലിക് തുടങ്ങിയവര്‍ക്കുള്ളതുപോലെ ഹദീസ് ഗ്രന്ഥമില്ലാത്തത് അദ്ദേഹത്തിന് ഹദീസ് പാണ്ഡിത്യമുണ്ടായിരുന്നില്ല എന്നതിന് തെളിവായി പ്രചരിപ്പിക്കപ്പെടുകയാണുണ്ടായത്. ഈ സന്ദര്‍ഭത്തില്‍ അബൂഹനീഫയില്‍ നിന്ന് 15 ശിഷ്യന്‍മാര്‍ ഉദ്ധരിച്ച ഹദീസുകള്‍ മുസ്‌നദു അബീഹനീഫ എന്ന പേരില്‍ അബുല്‍മുഅയ്യദ് മുഹമ്മദുബ്‌നു മഹ്മൂദില്‍ ഖുവാരിസ്മി (മരണം.ഹി.665/ക്രി.1267) ക്രോഡീകരിച്ചതായി ഹാജി ഖലീഫ കശ്ഫുദ്വുനൂന്‍ എന്ന ഗ്രന്ഥത്തില്‍ വ്യക്തമാക്കുന്നു.

ഒറ്റയാള്‍ നിവേദനം ചെയ്യുന്ന ഹദീസ് സ്വീകരിക്കുവാന്‍ അതിന്റെ നിവേദകന്‍ ഫഖീഹ് ആവണമെന്നും അതിന്റെ അന്തസ്സത്തയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാത്ത ആളായിരിക്കണമെന്നും അബൂഹനീഫ നിഷ്‌കര്‍ച്ചിരുന്നു. അതേസമയം സ്വഹാബികളുടെ അഭിപ്രായങ്ങളും മുര്‍സലായ ഹദീസുകള്‍പോലും ശരീഅതിന്റെ ചൈതന്യത്തിന് നിരക്കുന്നതാണെങ്കില്‍ അദ്ദേഹം സ്വീകരിക്കുകയും ചെയ്തു.

 


 

Feedback