Skip to main content

നീതിപീഠവും ഭരണവും (6-7)

നീതിപീഠം സ്വതന്ത്രമായിരിക്കണമെന്ന് അബൂഹനീഫ അഭിപ്രായപ്പെട്ടു. അന്യായം പ്രവര്‍ത്തിക്കുന്ന ഖലീഫയെപ്പോലും ശിക്ഷിക്കാന്‍ അവകാശവും അധികാരവും കോടതിക്ക് ഉണ്ടായിരിക്കണം. അദ്ദേഹം പ്രസ്താവിച്ചു. ''മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന തരത്തില്‍ ഖലീഫ പ്രവര്‍ത്തിക്കുകയാണെങ്കില്‍ സ്ഥാനത്തില്‍ അദ്ദേഹത്തോടടുത്തു നില്‍ക്കുന്ന മുഖ്യനായാധിപന്‍ (ഖാദില്‍ ഖുദാത്) അയാള്‍ക്കെതിരെ നിയമം നടപ്പിലാക്കേണ്ടതുണ്ട്''.

ഖാദിക്ക് ഉമവീ, അബ്ബാസീ കാലങ്ങളില്‍ സ്വാതന്ത്ര്യം ലഭിച്ചിരുന്നില്ല എന്നാണ് അബൂഹനീഫ ഖാദിസ്ഥാനം നിരസിക്കാന്‍ കാരണമെന്ന് മക്കിയുടെ വിശകലനത്തില്‍ നിന്നും വ്യക്തമാവുന്നു. ഇറാഖിലെ ഉമവീ ഗവര്‍ണറായ യസീദുബ്‌നു ഉമറബ്‌നി ഹുബൈറയാണ് ആദ്യമായി അദ്ദേഹത്തോട് ഖാദിസ്ഥാനം സ്വീകരിക്കാന്‍ ആവശ്യപ്പെട്ടത്. 

ഉമവീ ഖിലാഫത്തിനെതിരെ ഇറാഖില്‍ പ്രക്ഷോഭം ആരംഭിച്ച ഘട്ടത്തിലായിരുന്നു അത് (എ.ഡി:747, ഹി: 130). പണ്ഡിതന്‍മാരെ സ്വന്തം രാഷ്ട്രീയ താത്പര്യത്തിന് ഉപയോഗിക്കുകയായിരുന്നു ഇബ്‌നുഹുബൈറയുടെ ലക്ഷ്യം. ഇബ്‌നു അബീലൈലാ, ദാവൂദ്ബ്‌നു അബില്‍ഹിന്‍ദ്, ഇബ്‌നു ശബ്‌റമ തുടങ്ങിയവര്‍ക്ക് ഉന്നത സ്ഥാനങ്ങള്‍ നല്‍കിയ ശേഷം അബൂഹനീഫയോട് പറഞ്ഞു. ''ഞാന്‍ എന്റെ മുദ്ര താങ്കളുടെ കൈയിലര്‍പ്പിക്കുന്നു. താങ്കള്‍ മുദ്ര ചാര്‍ത്താതെ ഒരു വിധിയും രാജ്യത്ത് നടപ്പാവുകയില്ല. താങ്കളുടെ അനുമതി കൂടാതെ ഖജനാവില്‍ നിന്ന് ഒരു ചില്ലിക്കാശു പോലും പുറത്തുപോവില്ല''. ഈ അഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ ഇബ്‌നുഹുബൈറ അദ്ദേഹത്തെ ജയിലിലടച്ചു. മറ്റു പണ്ഡിതര്‍, തങ്ങള്‍ നിര്‍ബന്ധിതരായാണ് അത് സ്വീകരിച്ചതെന്നും അതിനാല്‍ താങ്കളും അത് സ്വീകരിക്കണമെന്നും അബൂഹനീഫയെ ഉപദേശിച്ചു. അദ്ദേഹം പ്രതികരിച്ചു. ''അയാള്‍ക്കുവേണ്ടി വാസിത്വിലെ പള്ളിവാതില്‍ എണ്ണാനാണ് എന്നോടു കല്‍പിക്കുന്നതെങ്കില്‍ അതുപോലും ഞാന്‍ സ്വീകരിക്കില്ല. വല്ലവരെയും വധിക്കുവാനുത്തരവിട്ട് അതിന്‍മേല്‍ എന്റെ ഒപ്പ് ചാര്‍ത്തിക്കാനാണ് അയാള്‍ ആഗ്രഹിക്കുന്നത്. അല്ലാഹുവാണ, അത്തരമൊരു ഉത്തരവാദിത്വം ഞാന്‍ സ്വീകരിക്കില്ല. 

മറ്റു പല ഉദ്യോഗങ്ങളും അബൂഹനീഫക്ക് വാഗ്ദാനം ചെയ്തു. അവസാനം ഇബ്‌നുഹുബൈറ അബൂഹനീഫയെ കൂഫയിലെ ഖാദിസ്ഥാനം ഏറ്റെടുപ്പിക്കുമെന്നും നിരസിച്ചാല്‍ ചമ്മട്ടി പ്രഹരം നല്‍കുമെന്നും ശപഥം ചെയ്തു. തന്നെ വധിച്ചാല്‍ പോലും സ്ഥാനം ഏറ്റെടുക്കില്ലെന്ന് അബൂഹനീഫയും ശപഥം ചെയ്തു. അതോടെ തടവറയിലിട്ട് ദിനംപ്രതി 10 എന്ന തോതില്‍ 11 ദിവസത്തോളം ചമ്മട്ടി പ്രഹരം നടത്തി. അദ്ദേഹം മരിച്ചുപോയേക്കുമെന്ന് ഭയം തോന്നിയപ്പോള്‍ വിട്ടയച്ചു. മോചിതനായ അദ്ദേഹം ഉമവി ഭരണം അവസാനിക്കുന്നതു വരെ മക്കയില്‍ താമസിച്ചു.

പിന്നീട് അബ്ബാസി ഭരണത്തിന്റെ കൊള്ളരുതായ്മകള്‍ക്കെതിരെയും അബൂഹനീഫ ശബ്ദമുയര്‍ത്തി. ഖലീഫ അബൂജഅ്ഫറുല്‍ മന്‍സ്വൂര്‍ അബൂഹനീഫയോട് ഖാദിസ്ഥാനം ഏറ്റെടുക്കാനാവശ്യപ്പെട്ടു. അബൂഹനീഫ പ്രതികരിച്ചു. ''അങ്ങയുടെയും മക്കളുടെയും അങ്ങയുടെ ഉദ്യോഗസ്ഥന്‍മാരുടെയും മേല്‍ നിയമം നടപ്പാക്കാന്‍ പ്രാപ്തനായ ഒരാള്‍ക്കേ ഖാദിയാവാന്‍ യോഗ്യതയുള്ളൂ. ഞാന്‍ അതിന് പ്രാപ്തനല്ല. നിങ്ങള്‍ വിളിക്കുമ്പോള്‍ പിന്തിരിഞ്ഞുപോകുന്നതിലാണ് എനിക്ക് ആശ്വാസം''. മറ്റൊരിക്കല്‍ അദ്ദേഹം മന്‍സ്വൂറിനോട് പറഞ്ഞു. ''അല്ലാഹുവാണ, ഞാന്‍ തൃപ്തിയോടെ ഈ സ്ഥാനം സ്വീകരിച്ചാല്‍ തന്നെ താങ്കള്‍ക്ക് എന്നില്‍ വിശ്വാസമര്‍പ്പിക്കാനാവില്ല. ഇനി അതൃപ്തിയോടെ നിര്‍ബന്ധിതനായി ഞാനത് സ്വീകരിച്ചു എന്ന് കരുതുക. എന്നിട്ട് വല്ല പ്രശ്‌നത്തിലും എന്റെ വിധി താങ്കളുടെ താല്‍പര്യത്തിന് വിരുദ്ധമാകുകയും, 'നിന്റെ വിധി മാറ്റിയില്ലെങ്കില്‍ ഞാന്‍ നിന്നെ യൂഫ്രട്ടീസില്‍ മുക്കിക്കൊല്ലും' എന്ന് താങ്കള്‍ എന്നെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. അത്തരമൊരു ഘട്ടത്തില്‍ ഞാനെന്റെ വിധി മാറ്റുന്നതിനു പകരം മുങ്ങിമരിക്കാനാണ് ഇഷ്ടപ്പെടുക. മറ്റൊന്ന് താങ്കളുടെ ദര്‍ബാറില്‍ ഏറെ സേവകരും പരിചാരകരുമുണ്ട്. താങ്കളെപ്പോലെ അവര്‍ക്കും പരിഗണന നല്‍കുന്ന ഖാദിമാരെയാണ് അവരും ഇഷ്ടപ്പെടുന്നത്. 

ഈ സംഭാഷണത്തെ തുടര്‍ന്നാണ് അബുജഅ്ഫര്‍ അദ്ദേഹത്തെ ജയിലിടച്ച് മര്‍ദിച്ചത്. വെള്ളം പോലും നല്‍കാതെ കഷ്ടപ്പെടുത്തി. ഈ തടവുകാലത്താണ് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞത്.

അഭിപ്രായ സ്വാതന്ത്ര്യം

ഭരണാധികാരിയുടെയും നീതിപീഠത്തിന്റെയും തെറ്റായ നടപടികളെ എതിര്‍ക്കുന്നത് വിശുദ്ധ ഖുര്‍ആന്റെ 'അംറുന്‍ ബില്‍മഅ്‌റൂഫ് വനഹ്‌യുന്‍ അനില്‍മുന്‍കര്‍' (നന്‍മ കല്‍പ്പിക്കുക, തിന്‍മ തടയുക) എന്ന ആഹ്വാനത്തിന്റെ ഭാഗമായി അബൂഹനീഫ മനസ്സിലാക്കിയിരുന്നു. അഭിപ്രായ പ്രകടനത്തെ ക്രൂരമായി അടിച്ചമര്‍ത്തുന്ന സാഹചര്യം നിലനിന്നിരുന്ന അക്കാലത്ത് പ്രസ്തുത വീക്ഷണം പ്രാധാന്യമര്‍ഹിക്കുന്നു. 765ല്‍ മൗസില്‍ നിവാസികളോടുള്ള മന്‍സ്വൂറിന്റെ പ്രതികാരനടപടിയെ എതിര്‍ത്തുകൊണ്ടും മന്‍സ്വൂറിന്റെ ഭരണത്തിനെതിരെ രംഗത്തുവന്ന ഇബ്‌റാഹീമുബ്‌നു അബ്ദില്ലായുടെ പടപ്പുറപ്പാടിനെ പിന്തുണച്ചുകൊണ്ടും ഇമാം തന്റെ വീക്ഷണം പ്രാവര്‍ത്തികമാക്കി.

പൊതു ഖജനാവ്

ബൈതുല്‍മാല്‍ ഖലീഫമാര്‍ ഇഷ്ടം പോലെ കൈകാര്യം ചെയ്തത് അബൂഹനീഫ നിശിതമായി വിമര്‍ശിച്ചു. ഖലീഫയുടെ പേരില്‍ ലഭിക്കുന്ന സമ്മാനങ്ങള്‍പോലും പൊതുഖജനാവിന്റെ ഭാഗമായാണ് അബൂഹനീഫ കണക്കാക്കിയത്. പൊതു ഖജനാവിലെ സമ്പത്ത് ഖലീഫമാരുടെ അഭീഷ്ടമനുസരിച്ച് സമ്മാനങ്ങള്‍ നല്‍കുന്നതിനും മറ്റും ചെലവഴിച്ചതിനെ അദ്ദേഹം എതിര്‍ത്തു. പൊതുഖജനാവില്‍ നിന്ന് പലപ്പോഴായി നല്‍കപ്പെട്ട സമ്മാനങ്ങള്‍ അദ്ദേഹം തിരസ്‌കരിക്കുകയാണുണ്ടായത്.

 

 

Feedback
  • Sunday Dec 10, 2023
  • Jumada al-Ula 27 1445