Skip to main content

വ്യാപാരത്തില്‍ നിന്നും വിജ്ഞാനത്തിലേക്ക് (2-7)

വ്യാപാരത്തിലായിരുന്നു അബൂഹനീഫയുടെ മുഖ്യ്രശദ്ധ. പ്രസിദ്ധ ഹദീസ് പണ്ഡിതനായ ഇമാം ശഅ്ബിയാണ് വൈജ്ഞാനിക ലോകത്തേക്ക്, പ്രത്യേകിച്ച് കര്‍മശാസ്ത്ര രംഗത്തേക്ക് അദ്ദേഹത്തെ ആകര്‍ഷിച്ചത്.   പ്രസ്തുത സംഭവം അബൂഹനീഫ ഇങ്ങനെ അനുസ്മരിക്കുന്നു. 

''ശഅ്ബിയുടെ അടുത്തകൂടെ ഒരു ദിവസം ഞാന്‍ കടന്നുപോകുമ്പോള്‍ എവിടേക്കാണെന്ന് അദ്ദേഹം അേന്വഷിച്ചു. അങ്ങാടിയിലേക്കാണെന്ന് ഞാന്‍ മറുപടി പറഞ്ഞു. അങ്ങാടിയിലേക്ക് (കച്ചവടത്തിന്) പോകുന്നതിന് പകരം പണ്ഡിത സദസ്സിലേക്ക് പോയാലെന്താണെന്ന് അദ്ദേഹം ചോദിച്ചു. ഞാന്‍ പറഞ്ഞു, പണ്ഡിതസദസ്സിലും ഇടയ്ക്കിടെ പോവാറുണ്ട്. അദ്ദേഹം പറഞ്ഞു. നീ അ്രശദ്ധ കാണിക്കരുത്. നിന്നില്‍ ഞാനൊരു ഉന്‍മേഷവും പ്രസ്ഥാനവും  ദര്‍ശിക്കുന്നു. അതിനാല്‍ നീ പഠനത്തിലും പണ്ഡിത സദസ്സിലും ശ്രദ്ധിക്കുക''. അതോടെ കച്ചവടത്തിന് നല്‍കിയിരുന്ന പ്രാധാന്യം കുറച്ച് വിജ്ഞാനത്തിലേക്ക് തിരിഞ്ഞു. ശഅ്ബിയുടെ നിര്‍ദേശം വഴി അല്ലാഹു തന്നെ അനുഗ്രഹിച്ചുവെന്ന് ഇമാം അബൂഹനീഫ പിന്നീട് പ്രസ്താവിക്കുകയുണ്ടായി. ഖവാരിജ് വിഭാഗങ്ങേളാടും മറ്റും വാഗ്വാദങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന   അദ്ദേഹം അതില്‍ നിന്ന് പിന്തിരിഞ്ഞു, കൂടുതല്‍ ഉപകാര്രപദമായ കര്‍മശാസ്ത്രമേഖലയില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. 

ഹദീസുകളുടെ നിവേദന സ്വഭാവത്തെ പോലെത്തന്നെ അതിലെ പ്രമേയത്തില്‍ യുക്തിദീക്ഷക്കു കൂടി പ്രാധാന്യം കല്‍പിക്കുന്ന സ്വഭാവമായിരുന്നു ഇറാഖിലുണ്ടായിരുന്നത്. ഖലീഫ ഉറമിന്റെ കാലത്ത് അബ്ദുല്ലാഹിബ്‌നു മസ്ഊദിനെയാണ് അവരെ പഠിപ്പിക്കുന്നതിനായി ഖലീഫ നിയോഗിച്ചിരുന്നത്. അലി തന്റെ ഭരണത്തിന്റെ ആസ്ഥാനമായി തെരഞ്ഞെടുത്തതും കൂഫ തന്നെയായിരുന്നു. അങ്ങനെ ബദ്‌റില്‍ പങ്കെടുത്തവരും അല്ലാത്തവരുമായ ഒട്ടേറെ സ്വഹാബികള്‍ കൂഫയില്‍ താമസമാക്കിയിരുന്നു. ഇബ്‌നുമസ്ഊദില്‍ നിന്നും മറ്റും    വിജ്ഞാനം നേടിയ ഒരു വലിയ വിഭാഗം കൂഫയില്‍ വളര്‍ന്നുവന്നു. യുക്തിചിന്തക്ക് അവര്‍ പ്രാധാന്യം കല്പിച്ചിരുന്നു. ശുറൈഹ്, അല്‍ഖമ, മസ്‌റൂഖ് തുടങ്ങിയ പ്രഗത്ഭരായ താബിഇകള്‍ ഈ ചിന്താഗതിക്കാരായിരുന്നു. അവര്‍ക്കു ശേഷം ഈ ചിന്താധാരക്ക് നേതൃത്വം നല്‍കിയത് ഇബ്‌റാഹീമുന്നഖ്ഈയും തുടര്‍ന്ന് ഹമ്മാദുബ്‌നു അബീസുലൈമാനുമാണ്. 

നീണ്ട 18 വര്‍ഷക്കാലം ഹമ്മാദിന്റെ ശിഷ്യനായിരുന്ന അബൂ ഹനീഫയെയും പ്രസ്തുത ചിന്താഗതി സ്വാധീനിച്ചു. യുക്തി ചിന്തക്കു കൂടി പ്രാധാന്യം നല്‍കിയിരുന്ന ഇറാഖീ പണ്ഡിതന്‍മാരില്‍ നിന്ന് മാത്രമല്ല അബൂഹനീഫ വിജ്ഞാനം നേടിയത്. അവസാന കാലത്ത് മരിച്ച സ്വഹാബികളായ അനസുബ്‌നു മാലിക്, ആമിറുബ്‌നു വാസില, സഹ്‌ലുബ്‌നു സാഇദ എന്നിവരെ അദ്ദേഹം കണ്ടതായി രേഖപ്പെടുത്തുന്നു. പക്ഷേ, അവരില്‍ നിന്ന് ഹദീസ് പഠിക്കുവാനോ ഉദ്ധരിക്കുവാനോ ചെറുപ്പമായിരുന്നതിനാല്‍ അബൂഹനീഫക്ക് അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ വീക്ഷണവൈജാത്യം പുലര്‍ത്തിയിരുന്ന സ്വഹാബികളുടെ ശിഷ്യഗണങ്ങളില്‍ നിന്ന് ഹദീസുകളും സ്വഹാബികളുടെ അഭിപ്രായങ്ങളും പഠിക്കുവാന്‍ അബൂഹനീഫക്ക് സാധിച്ചു. ഇറാഖില്‍ യുക്തിദീക്ഷക്ക് പ്രാധാന്യം നല്‍കപ്പെട്ടിരുന്നെങ്കിലും 'അസറി'ന് പ്രാധാന്യം നല്‍കിയിരുന്ന വിഭാഗങ്ങളില്‍ നിന്നും ശീഈ വിഭാഗമായ സൈദികളുടെ ഇമാമായ സൈദുബ്‌നു അലീ, ഇസ്‌നാ അശ്‌രിയ്യയുടെ ഇമാം മുഹമ്മദ് അബൂജഅ്ഫറല്‍ ബാഖിര്‍ എന്നിവരില്‍ നിന്നെല്ലാം പഠിക്കുവാന്‍ അബൂഹനീഫക്ക് അവസരം ലഭിച്ചു. 

വിജ്ഞാനസമ്പാദനം കൂടി ലക്ഷ്യമാക്കി 25ഓളം ഹജ്ജ് നിര്‍വഹിച്ചിട്ടുണ്ട്. ഉമവീ ഭരണത്തിലെ പീഡനത്തില്‍ നിന്ന് രക്ഷനേടാന്‍ ആറുവര്‍ഷം മക്കയില്‍ താമസിച്ചു. ഇബ്‌നു അബ്ബാസിനെപ്പോലുള്ള സ്വഹാബികളുടെ ശിഷ്യന്‍മാരില്‍ നിന്ന് അവരുടെ ഫത്‌വകളും ഹദീസും നേരിട്ട് പഠിക്കുവാന്‍ ഇത് അവസരമൊരുക്കി. അത്വാഉബ്‌നു അബീറബാഹ്, ശഅ്ബി അബ്ദുര്‍റഹ്മാനിബ്‌നു ഹുര്‍മുസ്, അദിയ്യുബ്‌നു സാബിത്, അംറുബ്‌നു ദീനാര്‍, ഇബ്‌നുഉമറിന്റെ മൗലയായ നാഫിഅ്, അലിയ്യുബ്‌നുല്‍ അര്‍ഖം എന്നിവരായിരുന്നു പ്രമുഖരായ മറ്റു   ഗുരുനാഥന്‍മാര്‍. കൂഫയില്‍ അദ്വിതീയനായിത്തീര്‍ന്ന അബൂഹനീഫ ഗുരു ഹമ്മാദുബ്‌നു    അബീസുലൈമാന്നു ശേഷം, ഹിജ്‌റ 120ല്‍ അദ്ദേഹത്തിന്റെ സ്ഥാനമേറ്റെടുത്തു. അതുമുതല്‍ 30 വര്‍ഷക്കാലം വ്യവസ്ഥാപിതരൂപത്തില്‍ പഠനവും അധ്യാപനവും നടത്തി. അങ്ങനെ രൂപപ്പെട്ടതാണ് ഹനഫീ മദ്ഹബ്. ഉസ്വൂലുല്‍ ഫിഖ്ഹിന് അടിത്തറയിട്ടതോടൊപ്പം ഉസ്വൂലുല്‍ ഹദീസിനും അബൂഹനീഫ തന്‍റേതായ സംഭാവനകള്‍ നല്‍കുകയുണ്ടായി.

മുഖ്യ്രശദ്ധ വിജ്ഞാനസമ്പാദനത്തിലും അധ്യാപനത്തിലുമായിരുന്നുവെങ്കിലും പാരമ്പര്യമായി കിട്ടിയ കച്ചവടം തന്നെയാണ് ജീവിതോപാധിയായി തെരഞ്ഞെടുത്തത്. സത്യസന്ധതയും നീതിനിഷ്ഠയും പുലര്‍ത്തിയ അബൂഹനീഫ കച്ചവടത്തിലും അസാധാരണനേട്ടം കൈവരിച്ചു. കൂഫയില്‍ സില്‍ക് ഉത്പാദിപ്പിക്കുന്ന ഒരു ഫാക്ടറിയും അതോടനുബന്ധിച്ച് ഭീമമായ സംഖ്യ നിക്ഷേപമുണ്ടായിരുന്ന  ഒരു നിധിയും സ്ഥാപിക്കുകയുണ്ടായി.

വ്യക്തിജീവിതത്തില്‍ അതീവ ഭക്തനും സൂക്ഷ്മശാലിയുമായിരുന്നു, കച്ചവടരംഗത്ത് വിശേഷിച്ചും. ജീവിതവിശുദ്ധിയോടൊപ്പം അസാമാന്യ ധൈര്യശാലിയുമായിരുന്നു. 52 വര്‍ഷം ഉമവീ ഭരണകാലത്തും 18 വര്‍ഷം അബ്ബാസി ഭരണകാലത്തും ജീവിച്ച അദ്ദേഹത്തിന് ഇരുവിഭാഗത്തിന്റെയും അതൃപ്തിയും ക്രൂരമായ ശിക്ഷകളും നേരിടേണ്ടിവന്നു. അതിനുശേഷം അവിടെ നിന്ന് രക്ഷപ്പെട്ട് മക്കയില്‍ താമസമാക്കി. അബ്ബാസി ഭരണമാരംഭിച്ചതോടെ കൂഫയില്‍ തിരിച്ചെത്തി. അബ്ബാസി ഖിലാഫതിന്റെ മുഖ്യജഡ്ജി (ഖാദില്‍ ഖുദാത്) സ്ഥാനമേറ്റെടുക്കാനുള്ള ഖലീഫ മന്‍സൂറിന്റെ ആവശ്യം നിരാകരിച്ചു. അതിന്റെ പേരില്‍ ജയില്‍ശിക്ഷയും പ്രഹരവും കിട്ടി.

തടവറയില്‍ കിടന്ന് അവശനായി 767ല്‍ (ഹി.150) മരിച്ചു. വീട്ടുതടങ്കലിലായിരിക്കെ സ്വാഭാവിക മരണം പ്രാപിച്ചതാണെന്നും വിഷം അകത്തുചെന്ന് മരിച്ചതാണെന്നും അഭിപ്രായമുണ്ട്. ബഗ്ദാദില്‍ 50,000ത്തോളം ആളുകള്‍ ആറു പ്രാവശ്യമായാണ്    അദ്ദേഹത്തിന്റെ ജനാസ നമസ്‌കരിച്ചത്. വളരെ ഉദാരനായിരുന്നു അദ്ദേഹം. വിജ്ഞാന കുതുകികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വേണ്ടി തന്റെ കച്ചവടത്തിലെ ലാഭത്തിന്റെ നല്ല ഒരു വിഹിതം നീക്കിവെച്ചിരുന്നു. തീരേ ദരിദ്രനായിരുന്ന ശിഷ്യന്‍ അബൂയൂസുഫിന്റെ കുടുംബച്ചെലവുകള്‍ വരെ അബൂഹനീഫയാണ് വഹിച്ചിരുന്നത്.

 
 

Feedback
  • Sunday May 12, 2024
  • Dhu al-Qada 4 1445