Skip to main content

ഇസ്‌ലാമിക നിയമങ്ങളുടെ അടിസ്ഥാനങ്ങള്‍ (4-7)

സ്വഹാബികള്‍ക്കു ശേഷം ഉസ്വൂലുല്‍ ഫിഖ്ഹ് ചിട്ടപ്പെടുത്തിയത് അബൂഹനീഫയാണ്. ഏഴു നിദാനങ്ങളാണ് നിയമനിര്‍ധാരണത്തിന് അദ്ദേഹം സ്വീകരിച്ചത്. വിശുദ്ധ ഖുര്‍ആന്‍, സുന്നത്ത്, സ്വഹാബികളുടെ അഭി്രപായം, ഇജ്മാഅ്, ഖിയാസ്, ഇസ്തിഹ്‌സാന്‍, ഉര്‍ഫ് എന്നിവയാണ് അവ. ഇവയില്‍ ഇസ്തിഹ്‌സാന്‍ പില്കാല പണ്ഡിതന്‍മാര്‍ പോലും അംഗീകരിച്ചിട്ടില്ല. മാത്രമല്ല, ഇമാം ശാഫിഇയെപ്പോലുള്ളവര്‍ അതിനെ നിശിതമായി വിമര്‍ശിച്ചിട്ടുമുണ്ട്. എന്നാല്‍ അബൂഹനീഫയുടെ വീക്ഷണ പ്രകാരമുള്ള ഇസ്തിഹ്‌സാന്‍ ഖിയാസിന്റെ തന്നെ വകഭേദമാണ്. അത് ശാഫിഈയുടെയും മറ്റും ഖണ്ഡനങ്ങള്‍ക്ക് വിധേയമായ ഇസ്തിഹ്‌സാന്‍ അല്ല. 

രണ്ടാം അടിസ്ഥാനമായ സുന്നത്തിന്റെ ഖണ്ഡിതവിധിയേക്കാള്‍ (നസ്സ്വ്) ഖിയാസിന് പ്രാധാന്യം കല്‍പിച്ചുവെന്നും ആക്ഷേപമുണ്ടായി. ഖലീഫ അബൂജഅ്ഫറുല്‍ മന്‍സ്വൂര്‍ ഈ ആക്ഷേപത്തെക്കുറിച്ച് നേരിട്ടന്വേഷിച്ചപ്പോള്‍ അബൂഹനീഫ അദ്ദേഹത്തിന് ഇങ്ങനെ എഴുതി.  'അമീറുല്‍ മുഅ്മിനീന്‍, അങ്ങ് കേട്ട വാര്‍ത്ത ശരിയല്ല. ഞാന്‍ പ്രഥമപരിഗണ നല്‍കുന്നത് വിശുദ്ധ ഖുര്‍ആനിനാണ്. പിന്നീട് നബിയുടെ സുന്നത്തിനും. അതിനു ശേഷം അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍, അലി എന്നീ സച്ചരിതരായ ഖലീഫമാരുടെ വിധികള്‍ക്കും തുടര്‍ന്ന് ഇതര സ്വഹാബികളുടെ തീരുമാനത്തിനും. അവരുടെ വിധിതീര്‍പ്പുകളില്‍ ഭിന്നത കണ്ടാല്‍ മാത്രമേ ഞാന്‍ ഖിയാസ് അവലംബിക്കുകയുള്ളൂ.'

ഇമാം അബൂഹനീഫക്ക് ഇസ്‌ലാമിക ചരിത്രത്തില്‍ അതുല്യമായ സ്ഥാനം നേടിക്കൊടുത്തത് ഖുലഫാഉര്‍റാശിദക്കു ശേഷം കൂടിയാലോചനാ വ്യവസ്ഥ (ശൂറാ) നിലച്ച സന്ദര്‍ഭത്തില്‍ നിയമനിര്‍ധാരണ രംഗത്ത് അനൗദ്യോഗികമായി ആ ശൂന്യത നികത്തിയതാണ്. സിന്ധ് മുതല്‍ അന്‍ദലുസ് വരെ വ്യാപിച്ചിരുന്നു മുസ്‌ലിം സമൂഹം. സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, അന്താരാഷ്ട്രീയ രംഗങ്ങളിലെല്ലാം പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുത്തു. അവയ്ക്കു ഇസ്‌ലാമികാദര്‍ശത്തിന്റെ പിന്‍ബലത്തോടെ പരിഹാരം നിര്‍ദേശിക്കുവാന്‍ വ്യവസ്ഥാപിതമായ ഒരു സ്ഥാപനമുണ്ടായിരുന്നില്ല. ആ വിടവ് നികത്തുന്നതിനുള്ള  ശ്രമമാണ് ഇമാം നടത്തിയത്. വിവിധ ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ വ്യുല്‍പത്തി നേടിയ ശിഷ്യന്‍മാരാണ് നിയമനിര്‍ധാണത്തില്‍ അദ്ദേഹെത്ത സഹായിച്ചത്. അദ്ദേഹത്തിന്റെ     നിയമനിര്‍ധാരണ രീതി അല്‍മുവഫ്ഫഖുബ്‌നു അഹ്മദല്‍ മക്കി ഇങ്ങനെ വ്യക്തമാക്കുന്നു. ''അബൂഹനീഫ തന്റെ മദ്ഹബ് അവരുമായി (പ്രഗത്ഭ ശിഷ്യരുമായി) കൂടിയാലോചിച്ചാണ് ക്രോഡീകരിച്ചത്. ദീനിനു വേണ്ടി കഠിനാധ്വാനം ചെയ്യാനുള്ള വികാരം അദ്ദേഹത്തില്‍ തുടിച്ചുനിന്നു. തഖ്‌വയാലും നബിയോടും വിശ്വാസികളോടുമുള്ള സ്‌നേഹത്താലും നിര്‍ഭരമായിരുന്നു ആ മനസ്സ്. അതിനാല്‍ ശിഷ്യന്‍മാരെ മാറ്റിനര്‍ത്തി ഒറ്റയ്ക്ക് ഈ ദൗത്യം നിര്‍വഹിക്കുവാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. ഓരോ പ്രശ്‌നവും അദ്ദേഹം ആദ്യം അവരുടെ മുമ്പില്‍ അവതരിപ്പിച്ചു. അതിന്റെ വ്യത്യസ്ത വശങ്ങള്‍ അവര്‍ക്ക് വിശദീകരിച്ചുകൊടുത്തു. അവരുടെ   അഭിപ്രായങ്ങളും വീക്ഷണങ്ങളും കേള്‍ക്കുകയും തന്റെ കാഴ്ച്ചപ്പാട് വിശദീകരിക്കുകയും ചെയ്തു. ചിലപ്പോള്‍ ഒരു പ്രശ്‌നത്തെ സംബന്ധിച്ച ചര്‍ച്ച മാസങ്ങളോളം നീണ്ടുപോകുമായിരുന്നു. അതേസമയം അവസാനം ഒരു വീക്ഷണം അഗീകരിക്കപ്പെട്ടാല്‍ ഖാദി അബൂയൂസുഫ് അത് ഗ്രന്ഥത്തില്‍ രേഖപ്പെടുത്തും''. 

നിയമങ്ങള്‍ അദ്ദേഹത്തിന്റെ കാലത്തുതന്നെ ക്രോഡീകരിക്കപ്പെടുകയുണ്ടായി എന്ന് ഇതില്‍ നിന്ന് വ്യക്തമാവുന്നു. മക്കി രേഖപ്പെടുത്തി. ''ശരീഅത്ത് നിയമങ്ങള്‍ ക്രോഡീകരിച്ച ആദ്യത്തെ വ്യക്തിയാണ് അബൂഹനീഫ. സംഭവിച്ച പ്രശ്‌നങ്ങള്‍ക്ക് മാത്രമല്ല, സാങ്കല്‍പിക പ്രശ്‌നങ്ങള്‍ക്കു കൂടി നിയമങ്ങള്‍ നിര്‍ധാരണം ചെയ്യുന്ന സ്വഭാവമായിരുന്നു അദ്ദേഹം സ്വീകരിച്ചിരുന്നത്. ഈ രീതി നിയമഖേലയെ കൂടുതല്‍ വിശാലമാക്കി. എന്നാല്‍ അതിന്റെ പേരിലാണ് അദ്ദേഹത്തിന്റെ അനുയായികള്‍ 'അറഐതക്കാര്‍' എന്ന അപരനാമത്തിനര്‍ഹരായത്. കര്‍മശാസ്ത്ര ചര്‍ച്ചകള്‍ക്കിടയില്‍ സാധാരണ ഉയര്‍ന്നുവരാറുള്ള ''അറഐത ലൗകാന  കദാ'' (ഇങ്ങനെ സംഭവിച്ചുവെങ്കില്‍ താങ്കളുടെ അഭിപ്രായം എന്തായിരിക്കും) എന്ന ചോദ്യത്തിലെ അറഐത എന്ന പദത്തോടു ചേര്‍ത്താണ് അറെഎതിയ്യൂന്‍ (അറഐതക്കാര്‍) എന്ന പ്രയോഗം ഉണ്ടായത്. സാങ്കേതിക പ്രശ്‌നങ്ങളില്‍ നിയമനിര്‍മാണം നടത്തുന്ന കര്‍മശാസ്ത്രജ്ഞരെ എതിരാളികള്‍ പരിഹാസപൂര്‍വം വിളിച്ചിരുന്ന പേരായിരുന്നു അത്.

ഭരണകൂടത്തിന്റ സഹായമില്ലാതിരുന്നിട്ടും ഇസ്‌ലാമിക നിയമങ്ങളുടെ ക്രോഡീകരണം നിര്‍വഹിച്ചത് പില്കാലത്ത് ഇതര മദ്ഹബുകളുടെയും ക്രോഡീകരണത്തിന് പ്രേരകമായി.

നിയമത്തിന്റെ മിക്ക ശാഖകളും അബൂഹനീഫയുടെ ചിന്തക്ക് വിഷയീഭവിച്ചിട്ടുണ്ട്. അസ്സിയര്‍ എന്ന പേരില്‍ പ്രതിപാദിക്കുന്ന അന്താരാഷ്ട്ര നിയമങ്ങള്‍, ഭരണനിയമങ്ങള്‍, സൈനിക നിയമങ്ങള്‍, സാക്ഷ്യ നിയമങ്ങള്‍ തുടങ്ങിയ കോടതിചട്ടങ്ങള്‍, സാമ്പത്തിക ചട്ടങ്ങള്‍, വിവാഹം, വിവാഹമോചനം, അനന്തരാവാകാശം തുടങ്ങിയ വ്യക്തിനിയമങ്ങള്‍, ആരാധനാ നിയമങ്ങള്‍ എന്നിവയെല്ലാം അദ്ദേഹത്തിന്റെ ശിഷ്യന്‍മാര്‍ ക്രോഡീകരിച്ച ഗ്രന്ഥങ്ങളില്‍   കാണുന്നു. സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വളരെ സൂക്ഷ്മവും വിശാലവുമായ രീതിയിലുള്ള നിയമങ്ങളാണ് ഇമാമിന്റെത്. കച്ചവടരംഗത്തെ സ്വന്തം അനുഭവങ്ങളും അതില്‍ അദ്ദേഹത്തിന് സഹായകമായിട്ടുണ്ടാവണം. ഇവയില്‍ വെളിപ്പെടുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടിന് പ്രാധാന്യമുണ്ട്.

 


 

Feedback
  • Friday May 10, 2024
  • Dhu al-Qada 2 1445