Skip to main content

ലിബിയ

45

വിസ്തീര്‍ണം : 1,759,541 ച.കി.മി
ജനസംഖ്യ : 6,293,253 (2016)
അതിര്‍ത്തി : വടക്ക് മധ്യധരണ്യാഴി, കിഴക്ക് ഈജിപ്ത്, തെക്ക് ശാദ്്, നൈജര്‍, പടിഞ്ഞാറ് അല്‍ജീരിയ, തുനീഷ്യ
തലസ്ഥാനം : ട്രിപ്പോളി (ത്വറാബുലസ്)
മതം : ഇസ്‌ലാം
ഭാഷ : അറബിക്
കറന്‍സി : ലിബിയന്‍ ദിനാര്‍
വരുമാന സ്രോതസ്സ് : പെട്രോളിയം, പ്രകൃതി വാതകം
പ്രതിശീര്‍ഷ വരുമാനം : 9,792 ഡോളര്‍

ചരിത്രം:
ബര്‍ബര്‍ വിഭാഗത്തിന്റെ ആവാസ മേഖലയായ ലിബിയയിലേക്ക് ഖലീഫ ഉമറി(റ)ന്റെ കാലത്താണ് ഇസ്‌ലാം എത്തുന്നത്. പതിനഞ്ചാം നൂറ്റാണ്ടു മുതല്‍നാലു ശതകത്തോളം ഉഥ്മാനിയാ ഖിലാഫത്തിലായിരുന്നു. പിന്നീട് ഇറ്റലി അധിനിവേശം നടത്തി. ഇറ്റലിക്കെതിരെ ചെറുത്തുനിന്നത് സനൂസി പ്രസ്ഥാനമായിരുന്നു. സയ്യിദ് മുഹമ്മദ് ഇദ്‌രീസ് സനൂസിയും ശഹീദ് ഉമര്‍ മുഖ്താറുമായിരുന്നു നേതൃത്വം നല്‍കിയത്. എന്നാല്‍ ഇവരെ ഇറ്റലി ക്രൂരമായി അടിച്ചമര്‍ത്തി.

രണ്ടാം ലോകമഹായുദ്ധാനന്തരം 1951 ഡിസംബര്‍ 24ന് സ്വാതന്ത്ര്യം നേടുകയും ഇദ്‌രീസ് സനൂസി പ്രഥമ രാഷ്ട്രത്തലവനാവുകയും ചെയ്തു. എന്നാല്‍ രാജവാഴ്ച തുടര്‍ന്ന ഇദ്‌രീസിനെ പട്ടാള വിപ്ലവത്തിലൂടെ 1969 സെപ്തംബര്‍ ഒന്നിന് കേണല്‍ മുഅമ്മര്‍ ഖദ്ദാഫി മറിച്ചിട്ടു. ലിബിയയെ റിപ്പബ്ലിക്കായി പ്രഖ്യാപിച്ച് 1972 ജൂലൈയില്‍ ഖദ്ദാഫി പ്രസിഡന്റാവുകയും ചെയ്തു. 2011 വരെയും ഖദ്ദാഫി തന്നെയാണ് ലിബിയയെ നയിച്ചത്. ജീവിത വ്യവസ്ഥ ഖുര്‍ആനാക്കുകയും ലോകത്താകമാനമുള്ള മര്‍ദ്ദിത മുസ്‌ലിംകള്‍ക്ക് പിന്തുണ നല്കുകയും ചെയ്ത ഖദാഫി, ഇസ്‌റാഈലിന്റെയും അമേരിക്കയുടെയും കടുത്ത എതിരാളിയുമായിരുന്നു. ഇതിനിടെ അമേരിക്കയുടെ ഒത്താശയോടെ നടന്ന വധശ്രമത്തില്‍ നിന്ന് അദ്ദേഹം രക്ഷപ്പെട്ടു.

അറബ് വസന്തത്തെ തുടര്‍ന്ന് 2011 ഫെബ്രുവരി 17ന് സിറിയയിലും ഭരണ വിരുദ്ധ പ്രക്ഷോഭം ആരംഭിച്ചു. പശ്ചാത്യ, നാറ്റോ സൈന്യത്തിന്റെ പിന്തുണയോടെയുള്ള ശക്തമായ വിമത ആക്രമണത്തെ തുടര്‍ന്ന് അധികാരം നഷ്ടമാവുകയും 2001 ഒക്‌ടോബറില്‍ കേണല്‍ ഖദ്ദാഫി കൊല്ലപ്പെടുകയും ചെയ്തു. നാഷനല്‍ ട്രാന്‍സിഷന്‍ കൗണ്‍സില്‍ പിന്നീട് ലിബിയയുടെ ഭരണ നേതൃത്വം കൈയാളുകയും ജനഹിത പരിശോധന നടത്തുകയും ചെയ്‌തെങ്കിലും ആഭ്യന്തര സംഘര്‍ഷങ്ങള്‍ വീണ്ടും തലപൊക്കി. യു എന്നിന്റെ നേതൃത്വത്തിലുള്ള കൂടിയാലോചനകളെ തുടര്‍ന്ന് 2016 മാര്‍ച്ച് മുതല്‍ ഫായിസ് അല്‍ സിറാജിന്റെ നേതൃത്വത്തില്‍ രൂപംകൊടുത്ത ഗവണ്‍മെന്റ് ഓഫ് നാഷനല്‍ അക്കോര്‍ഡി(ജി എന്‍ എ)നാണ് ലിബിയയുടെ ഇടക്കാല ഭരണച്ചുമതല.

1961ല്‍ സഹാറ മരുഭുമി പ്രദേശത്ത് എണ്ണ ഖനനം തുടങ്ങിയതോടെ ലിബിയയുടെ വികസനം തുടങ്ങി. എണ്ണക്കമ്പനികള്‍ ദേശസാത്കരിക്കുകയും വരുമാനം വികസനത്തിന് നീക്കിവെക്കുകയുംചെയ്തു. ആഫ്രിക്കയിലെ ഏറ്റവും വലിയ പ്രതിശീര്‍ഷ വരുമാനമുള്ള രാജ്യമാണ് ലിബിയ.

ജനസംഖ്യയുടെ 97 ശതമാനവും മുസ്‌ലിംകളാണ്. 0.7 ശതമാനം ക്രൈസതവരും 0.3 ശതമാനം ബുദ്ധമതക്കാരും. മദ്യപാനവും ചൂതാട്ടവും വഞ്ചനയുമെല്ലം കര്‍ശനമായി നിരോധിച്ചു. സ്ത്രീകള്‍ക്ക് പര്‍ദ നിര്‍ബന്ധം. കുറ്റകൃത്യങ്ങള്‍ വളരെ കുറവാണ്, രാജ്യത്ത്. സകാത്ത് ശേഖരണവും വിതരണവും കാര്യക്ഷമമായിരുന്നു.

ഇസ്‌ലാമിക ചിന്തകരും പണ്ഡിതന്മാരും പുരാതന ചരിത്ര സമൃതികളുടെ ശേഷിപ്പുകളും എമ്പാടുമുണ്ട് ലിബിയയില്‍.
 

Feedback