Skip to main content

ഹാറൂന്‍ നബി(അ)

''നീ ഫറോവയുടെ അടുത്തേക്കു പോവുക. അവന്‍ അതിക്രമം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു''. (20:24) തന്റെ ദൂതനായി തെരഞ്ഞെടുത്തതിനു പിന്നാലെ പ്രബോധന ദൗത്യം ഏല്‍പിച്ചുകൊണ്ട് അല്ലാഹു മൂസാ(അ)യോട് പറഞ്ഞു.

മൂസാ(അ)യുടെ മനസ്സില്‍ ഒരുപിടി ആശങ്കകള്‍ നുരഞ്ഞു വന്നു. ഖിബ്ത്വിയെ കൊല്ലാനിടയായതിന്റെ പേരില്‍ നാടുവിട്ടവനാണ് താന്‍. അതിന്റെ ശിക്ഷ ഫറോവ നടപ്പാക്കിയേക്കും. ഫറോവയുടെ മന്ത്രി ഹാമാന്‍ ബുദ്ധിമാനും പ്രഗല്‍ഭനുമാണ്. അവരെ നേരിടാന്‍ താനൊറ്റയ്ക്ക്! തനിക്കാവട്ടെ വാഗ്മിത കുറവുമാണ്.

അങ്ങനെ മൂസാ(അ) റബ്ബിനു മുന്നില്‍ തന്റെ  ദൗര്‍ബല്യങ്ങള്‍ നിരത്തി. ആവശ്യങ്ങളും ബോധിപ്പിച്ചു. ഹൃദയ വിശാലതക്കും വാഗ്ചാതുരിക്കും വേണ്ടി പ്രാര്‍ഥിച്ച ശേഷം പറഞ്ഞു: ''എനിക്ക് എന്റെ കുടുംബത്തില്‍ നിന്ന് ഒരു സഹായിയെ നീ വച്ചുതരണം, എന്റെ സഹോദരന്‍ ഹാറൂനിനെ''(20: 29,30). അല്ലാഹുവിന്റെ മറുപടി: ''മൂസാ, നീ ചോദിച്ചത് നിനക്ക് നാം നല്‍കിയിരിക്കുന്നു''(20: 36).

അങ്ങനെ ഇംറാന്റെ മകന്‍ ഹാറൂന്‍ പ്രവാചകനായി, സ്വന്തം സഹോദരന്‍ മൂസായുടെ സഹായിയുമായി. ഫറോവയെ അല്ലാഹുവിലേക്ക് ക്ഷണിക്കുക എന്ന ചുമതലയാണ് പ്രധാനമായും അല്ലാഹു അവരെ ഏല്‍പിച്ചത്.

ഹാറൂന്‍ നബി(അ)യെ 20 ഇടങ്ങളില്‍ അല്ലാഹു പേരെടുത്തു പരാമര്‍ശിക്കുന്നുണ്ട്. മന്ത്രി(വസീര്‍), പ്രഭാഷകന്‍ (അഫ്‌സ്വഹ്) തുടങ്ങിയ വിശേഷണങ്ങളോടെയാണ് ഇവയില്‍ പലതും. ഇസ്‌റാഈല്‍ ജനതയിലെ ഇഷ്ടക്കാരനുമായിരുന്നു ഹാറൂന്‍(അ).

ഇസ്‌റാഈല്യരുടെ വര്‍ധന തടയാനും തന്റെ ഭരണത്തിനെതിരെ അവരില്‍ നിന്ന് ഭീഷണിയില്ലാതാക്കാനുമായി ഫറോവ കൊണ്ടുവന്നതാണ് ഇസ്‌റാഈല്യരില്‍ ജനിക്കുന്ന ആണ്‍കുട്ടികളെ കൊല്ലുകയെന്ന കിരാത നിയമം. ഇതു പക്ഷേ, ഖിബ്തികള്‍ക്കും പ്രയാസമുണ്ടാക്കി. അവര്‍ ഫറോവയോട് പരാതി പറഞ്ഞു. ഇതിനെ തുടര്‍ന്ന് നിയമത്തില്‍ ഇളവ് വരുത്തി. ഒന്നിടവിട്ട വര്‍ഷങ്ങളില്‍ ഇസ്‌റാഈല്യര്‍ക്ക് പിറക്കുന്ന ആണ്‍കുഞ്ഞുങ്ങളെ കൊല്ലുക.

കൊല നിശ്ചയിക്കപ്പെട്ട വര്‍ഷത്തിലാണ് മൂസാ ജനിക്കുന്നതും രക്ഷപ്പെടുത്താന്‍ പെട്ടിയിലാക്കി കടലിലിടുന്നതും. എന്നാല്‍ വിട്ടുവിഴ്ച്ചയുള്ള വര്‍ഷത്തിലാണ് ഹാറൂന്റെ ജന്‍മം.

ഹാറൂന്‍ നബി(അ)യുടെ വിശദമായ ചരിത്രം ഖുര്‍ആന്‍ വിവരിച്ചിട്ടില്ല. മൂസാ നബി(അ)യുടെ ചരിത്രം പറയുന്നിടത്തുള്ള പരാമര്‍ശങ്ങള്‍ മാത്രമേയുള്ളൂ.

തൗറാത്ത് സ്വീകരിക്കാന്‍ അല്ലാഹുവിന്റെ ക്ഷണമനുസരിച്ച് മൂസാ(അ) സീനാ പര്‍വതത്തിലേക്ക് പോകവെ ഇസ്‌റാഈല്‍ ജനതയുടെ നേതൃത്വം ഹാറൂന്‍ നബി(അ)ക്കാണ് കൈമാറിയത്. 40 ദിനം കഴിഞ്ഞ് വേദവുമായി തിരിച്ചെത്തിയ മൂസാ(അ) കാണുന്നത് നെഞ്ച് പൊട്ടുന്ന കാഴ്ച്ചയാണ്. ജനതയില്‍ ഒരുവിഭാഗം സ്വര്‍ണത്തില്‍ തീര്‍ത്ത കാളക്കുട്ടിയുടെ രൂപത്തിനു മുമ്പില്‍ പൂജയര്‍പ്പിക്കുന്നു!. അവര്‍ക്കിടയിലെ സാമിരി എന്ന ശില്‍പിയാണ് വേല ഒപ്പിച്ചത്. ''മൂസാ അന്വേഷിച്ചുപോയ ദൈവം ഇതാണ്'' എന്നായിരുന്നു സാമിരിയുടെ വിശദീകരണം.

ജനതയുടെ ഈ അതിക്രമത്തെ ഹാറുന്‍(അ) തടഞ്ഞു. എന്നാല്‍ അവര്‍ പിന്തിരിഞ്ഞില്ല. മാത്രമല്ല ഹാറൂന്‍(അ)നെ അവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. സമൂഹം ഭിന്നിക്കുമോ എന്ന ഭീതി കാരണം അദ്ദേഹം മൗനം പാലിക്കുകയായിരുന്നു(20: 90.91).

കോപത്താലും വിഷമത്താലും ഹാറൂന്റെ താടിരോമത്തില്‍ പിടിച്ചുകൊണ്ട് മൂസാ(അ) പറയുന്നു: ''ഹേ, ഹാറൂന്‍, അവര്‍ പിഴച്ചത് കണ്ടിട്ടും എന്തുകൊണ്ട് നീ തടഞ്ഞില്ല? എന്റെ കല്‍പന നീ ലംഘിച്ചതാണോ? നിനക്ക് എന്നെ അനുഗമിച്ചു കൂടായിരുന്നോ?''(20: 92,93).
അത്യന്തം വേദനയോടെയായിരുന്നു ഹാറൂനി(അ)ന്റെ മറുപടി: ''എന്റെ കൂടപ്പിറപ്പേ, താങ്കള്‍ എന്റെ താടിയും തലയും പിടിക്കല്ലേ. ഇസ്‌റാഈല്‍ സന്തതികള്‍ക്കിടയില്‍ നീ ഭിന്നതയുണ്ടാക്കി, എന്റെ വാക്കിന് നീ കാത്തുനിന്നില്ല എന്നിങ്ങനെ താങ്കള്‍ പറഞ്ഞേക്കുമെന്ന് ഞാന്‍ ഭയപ്പെട്ടു (അതുകൊണ്ടായിരുന്നു)''(20: 94).

പിന്നീട് തനിക്കും ഹാറൂനും പൊറുത്തുതരാനും കാരുണ്യത്തിനുമായി മൂസാ(അ) അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നുണ്ട്(7: 151).

ഫറോവയുമായുള്ള വാഗ്വാദം ചെങ്കടല്‍ മുറിച്ചുകടക്കല്‍, ത്വുവാ താഴ്‌വരയിലെ ജീവിതം തുടങ്ങിയ ഭീഷണ വേളകളിലെല്ലാം വലം കൈയായി ഹാറൂന്‍(അ) നബി മൂസാ(അ)യോടൊപ്പമുണ്ടായിരുന്നു.
 

Feedback
  • Friday Mar 29, 2024
  • Ramadan 19 1445