Skip to main content

സകരിയ്യ നബി(അ)

തലമുടി ഒന്നൊഴിയാതെ നരച്ചു. അസ്ഥികള്‍ ദുര്‍ബലമായി, തൊലി ചുളിഞ്ഞു. വാര്‍ധക്യം അതിന്റെ സര്‍വ അടയാളങ്ങളും പുറത്തുകാണിച്ചിട്ടും സകരിയ്യ(അ) തന്റെ പ്രബോധനം തുടര്‍ന്നു. പക്ഷേ, നന്ദികേടിന്റെ പര്യായമായ ഇസ്‌റാഈല്‍ ജനതയുണ്ടോ അദ്ദേഹത്തെ ഗൗനിക്കുന്നു? ഗൗനിച്ചില്ലെന്നു മാത്രമല്ല, ക്രൂരമായിരുന്നു തങ്ങളുടെ ദൈവദൂതനോടുള്ള അവരുടെ പ്രതികരണം. അത് സൂചിപ്പിച്ചുകൊണ്ട് ഖുര്‍ആന്‍ പറയുന്നതിങ്ങനെ:

''അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും ദൈവദൂതന്‍മാരെയും ജനങ്ങളില്‍ നിന്ന് നീതി കല്പിക്കുന്നവരെയും അന്യായമായി കൊലപ്പെടുത്തുകയും ചെയ്യുന്നവരെ വേദനാപൂര്‍ണമായ ശിക്ഷയെക്കുറിച്ച് നീ സന്തോഷ വാര്‍ത്ത അറിയിക്കുക'' (3: 21).

സുലൈമാന്‍ നബിക്കു ശേഷം ഇസ്‌റാഈല്‍ ജനതയിലേക്കു നിയോഗിക്കപ്പെട്ട ദൂതനായിരുന്നു സകരിയ്യ(അ). ബൈത്തുല്‍ മുഖദ്ദസിന്റെ ചുമതലയുണ്ടായിരുന്ന സകരിയ്യ(അ) ആശാരി ജോലിയെടുത്തുകൊണ്ടാണ് ജീവിതമാര്‍ഗം കണ്ടെത്തിയിരുന്നത്(മുസ്‌ലിം 2379).

ഇസ്‌റാഈല്‍ ജനത തന്നെ തിരസ്‌കരിച്ചിരുന്നെങ്കിലും ക്ഷമകേട് കാണിക്കാതെ പ്രബോധനം തുടര്‍ന്നു ആ ദൈവദൂതന്‍. തനിക്കുശേഷം ഈ ബാധ്യത ഏറ്റെടുക്കാന്‍ ഒരു മകനില്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ വേവലാതി. ഭാര്യ വന്ധ്യയായിരുന്നു, അദ്ദേഹമാകട്ടെ വയോവൃദ്ധനും. ഒരു കുഞ്ഞ് പിറക്കുമെന്നുള്ള പ്രതീക്ഷപോലും സകരിയ്യ(അ) കൈവിട്ടു.

ഇതിനിടെയാണ് ഇംറാന്റെ പുത്രി മര്‍യം സകരിയ്യ(അ)യുടെ പള്ളിയിലെത്തുന്നത്. ഗര്‍ഭിണിയായിരിക്കെ, പിറക്കാനിരിക്കുന്ന കുഞ്ഞിനെ പള്ളിയിലേക്ക് നേര്‍ച്ചയാക്കിയിരുന്നു ഇംറാന്റെ ഭാര്യ. പിറന്നത് പക്ഷേ, പെണ്‍കുഞ്ഞായിരുന്നു, മര്‍യം. അങ്ങനെയാണ് അവര്‍ സകരിയ്യ(അ)യുടെ സംരക്ഷണയില്‍ പള്ളിയിലെത്തിയത്.

ഇടക്ക് മര്‍യമിന്റെ മുറിയിലെത്തുന്ന സകരിയ്യ(അ) അവിടെ ഭക്ഷണവും അത്യപൂര്‍വ പഴവര്‍ഗങ്ങളും കാണും. അദ്ഭുതത്തോടെ അദ്ദേഹം ചോദിക്കും; ''മര്‍യം, ഇതെല്ലാം എവിടെ നിന്നു കിട്ടി?''. അവര്‍ പറയും:''ഇത് അല്ലാഹുവില്‍ നിന്നുള്ളതാണ്. അല്ലാഹു അവനുദ്ദേശിക്കുന്നവര്‍ക്ക് കണക്കില്ലാതെ നല്‍കും'' (3: 37).

ഇത് സകരിയ്യ(അ)യില്‍ പ്രതീക്ഷ മുളപ്പിച്ചു. മര്‍യമിന് കണക്കില്ലാതെ നല്‍കുന്ന നാഥന്‍ തനിക്കും ചോദിക്കുന്നത് തരാതിരിക്കില്ല. അദ്ദേഹം നാഥനു മുന്നില്‍ ഹൃദയം തുറന്നു:''നാഥാ, എനിക്ക് നീ ഉത്തമ സന്താനത്തെ പ്രദാനം ചെയ്യേണമേ. നിശ്ചയം നീ പ്രാര്‍ഥന കേള്‍ക്കുന്നവനല്ലേ''(3: 38). തന്റെ പ്രയാസങ്ങളും അദ്ദേഹം നാഥനു മുന്നില്‍ നിരത്തി:

''എന്റെ നാഥാ, എന്റെ എല്ലുകള്‍ തളര്‍ന്നു, തലയില്‍ നരജ്വലിച്ചു. നിന്നോട് പ്രാര്‍ഥിച്ച് എനിക്ക്  നിരാശനാകേണ്ടി വന്നില്ല, നാഥാ, എനിക്ക് പിറകെ വരാനുള്ള ബന്ധുക്കളെക്കുറിച്ച് എനിക്ക് ഭയം തോന്നുന്നു. എന്റെ ഭാര്യയാകട്ടെ വന്ധ്യയുമാണ്. അതിനാല്‍ എനിക്ക് ഒരു അവകാശിയെ നീ നല്‍കണേ''(19: 4,5).

തന്റെ അടിമയെ അല്ലാഹു സന്തോഷവാര്‍ത്ത അറിയിച്ചു. മലക്കുകള്‍ വന്ന് വിവരം പറയുമ്പോള്‍ വിസ്മയത്തോടെ അദ്ദേഹം ചോദിച്ചു:''പ്രസവിക്കാത്ത ഭാര്യ, വാര്‍ധക്യം ബാധിച്ച ഞാന്‍. പിന്നെങ്ങനെ ഞങ്ങള്‍ക്ക് മകനുണ്ടാവും?''. അല്ലാഹുവിന്റെ മറുപടി ഇങ്ങനെയായിരുന്നു:

''അത് എനിക്ക് പ്രയാസമുള്ള കാര്യമേയല്ല. ഒന്നുമില്ലാത്തതില്‍ നിന്ന് താങ്കളെ നാം സൃഷ്ടിച്ചില്ലേ?''(19: 9). പ്രാര്‍ഥന സഫലമായി അവര്‍ക്ക് അനന്തരാവകാശി പിറന്നു. പേരും അല്ലാഹു തന്നെ നല്‍കി. അതിനു മുമ്പ് ആരും വിളിച്ചിട്ടില്ലാത്ത പേര് – യഹ്‌യാ.

ഈ സംഭവങ്ങള്‍, സൂറ. മര്‍യം (1-15), ആലു ഇംറാന്‍(38-41), അമ്പിയാഅ്(89-90)എന്നിവിടങ്ങളില്‍ ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്.

ഇസ്‌റാഈല്യരില്‍ ചിലര്‍ തങ്ങളുടെ പ്രവാചകനായ സകരിയ്യ(അ)യെ വധിക്കുകയായിരുന്നുവെന്ന് ചരിത്രരേഖകളില്‍ കാണുന്നു. ഹെബ്രോണില്‍ ജനിക്കുകയും ജറൂസലമില്‍ വെച്ച് മരിക്കുകയും ചെയ്തതായി ക്രൈസ്തവ ഗ്രന്ഥങ്ങളിലുണ്ട്.
 

Feedback