Skip to main content

ഇദ്‌രീസ്(അ)

പ്രമുഖ ചരിത്രകാരന്‍ ഇബ്‌നു ഇസ്ഹാഖിന്റെ വീക്ഷണത്തില്‍ ലോകത്ത് ആദ്യമായി പേനകൊണ്ട് എഴുതിയത് ഇദ്‌രീസ് നബി(അ)യാണ്. തിരുനബിയുടെ വാനലോക യാത്രയില്‍ നാലാം ആകാശത്ത് ദൂതരെ സ്വീകരിച്ച് സ്വാഗതമരുളിയ ഇദരീസ്(അ), ആദം സന്തതികളില്‍ ആദമിന് ശേഷം വന്ന ആദ്യനബിയുമാണ്.

വിശുദ്ധ ഖുര്‍ആന്‍ നന്നേ ചെറിയ രണ്ട് വാക്യങ്ങള്‍ കൊണ്ട് ഇദ്‌രീസ്(അ)നെ പരിചയപ്പെടുത്തുന്നു.
 
''വേദഗ്രന്ഥത്തില്‍ ഇദ്‌രീസിനെക്കുറിച്ചുള്ള വിവരം നീ സ്മരിക്കുക. തീര്‍ച്ച, അദ്ദേഹം സത്യസന്ധനും പ്രവാചകനും തന്നെ, അദ്ദേഹത്തെ നാം ഉന്നതമായ പദവിയിലേക്ക് ഉയര്‍ത്തിയിരിക്കുന്നു'' (19:56,57).

'ഉന്നതമായ പദവിയിലേക്ക് ഉയര്‍ത്തിയിരിക്കുന്നു' എന്ന ഖുര്‍ആന്‍ പരാമര്‍ശത്തെ പണ്ഡിതന്മാര്‍ പലതരത്തില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. ഇബ്‌നു അബ്ബാസി(റ)ന്റെ വീക്ഷണത്തില്‍ ഇദ്‌രീസിനെ ആറാം ആകാശത്തേക്ക് ഉയര്‍ത്തുകയും അവിടെ വെച്ച് അദ്ദേഹം മരിക്കുകയും ചെയ്തു എന്നാണ്. മുജാഹിദ് പറയുന്നത് അദ്ദേഹം നാലാം വാനത്തിലാണുള്ളതെന്നാണ്. ഇസ്റാഅ്, മിഅ്‌റാജ് ഹദീസുകളിലും ഇതേ പരാമര്‍ശമാണുള്ളത്. ഹസന്‍ ബസ്വരിയാകട്ടെ, 'ഉന്നത പദവി' കൊണ്ടുള്ള വിവക്ഷ സ്വര്‍ഗമാണെന്ന് വ്യക്തമാക്കുന്നു.
 

Feedback