Skip to main content

യഅ്ഖൂബ് നബി(അ)

ദിവസങ്ങള്‍ നീണ്ട യാത്രക്കൊടുവില്‍ ആ സംഘം ഈജിപ്തിലെത്തി. കൊട്ടാര വാതിലുകള്‍ തുറക്കപ്പെട്ടു. അതിഥികളെ ആനയിക്കാന്‍ പരിചാരകരെത്തി. അപ്പോഴെല്ലാം കാഴ്ച തിരിച്ചു കിട്ടിയ ആ കണ്ണുകള്‍ ഒരാളെ പരതുകയായിരുന്നു. പെട്ടെന്ന് ആ നയനങ്ങള്‍ തിളങ്ങി. സിംഹാസനത്തില്‍ നിന്നിറങ്ങി തന്നിലേക്ക് നടന്നടുത്ത പ്രിയ മകനെ ആലിംഗനം ചെയ്യുമ്പോള്‍ യഅ്ഖൂബി(അ)ല്‍ നിന്ന് നിലക്കാത്ത സ്തുതിവാക്യങ്ങളുയര്‍ന്നു. പിന്നെ ആദരപൂര്‍വ്വം പിതാവിനെ പിടിച്ച് സിംഹാസനത്തിലിരുത്തി. യഅ്ഖൂബ്(അ) വീണ്ടും നാഥനെ സ്തുതിച്ചു.

വര്‍ഷങ്ങള്‍ കടന്നുപോയി. മക്കളോടൊപ്പം ഈജിപ്തില്‍ കഴിഞ്ഞു കൂടിയ യഅ്ഖൂബ്(അ) രോഗശയ്യയിലായി. മരണം മുന്നില്‍ കണ്ട ആ ദൈവദൂതന്‍ തന്റെ മക്കളെ അടുത്തു വിളിച്ച് ചോദിച്ചു. ''മക്കളേ എനിക്കു ശേഷം ആരെയാണ് നിങ്ങള്‍ ആരാധിക്കുക?. താങ്കളുടെ ആരാധ്യനായ, അങ്ങയുടെ പിതാക്കളായ ഇബ്‌റാഹീമിന്റെയും ഇസ്ഹാഖിന്റെയും ഇസ്മാഈലിന്റെയും ആരാധ്യനായ ഏകദൈവത്തെ. അവന് മാത്രം കീഴ്‌പ്പെടുന്നവരായിരിക്കും ഞങ്ങള്‍'' മക്കള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു (2:133). യഅ്ഖൂബ് നബി(അ) മനസ്സമാധാനത്തോടെ കണ്ണടച്ചു.

പ്രവാചകന്‍മാരുടെ പിതാവ് (അബുല്‍ അമ്പിയാഅ്) ഇബ്‌റാഹീം നബിയുടെ മകന്‍ ഇസ്ഹാഖിന്റെ മകനായാണ് യഅ്കൂബ് ജനിക്കുന്നത്. ഫലസ്തീനിലെ കന്‍ആനിലാണ് ജനനം. ഇസ്‌റാഈല്‍ എന്ന അപരനാമത്തിലാണ് യഅ്ഖൂബ് വിശ്രുതനായത്.

ലയാ, റാഹില്‍ എന്നീ രണ്ട് ഭാര്യമാരിലും രണ്ടു അടിമസ്ത്രീകളിലുമായി പന്ത്രണ്ട് മക്കളുണ്ടായിരുന്നു. അല്ലാഹു സന്താനങ്ങള്‍ നല്‍കി അനുഗ്രഹിച്ച യഅ്ഖൂബിന്റെ പരമ്പരയെ ബനൂ ഇസ്‌റാഈല്‍ എന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിച്ചത് (ബൈബിളില്‍ ഇസ്‌റാഈല്‍ മക്കള്‍ എന്നാണ് അഭിസംബോധന). ഈ വംശത്തില്‍ നിരവധി പ്രവാചകന്‍മാര്‍ പിന്നീട് നിയോഗിക്കപ്പെട്ടു.

ദൈവദൂതന്‍ എന്ന നിലക്ക് യഅ്ഖൂബ് നബി(അ) നടത്തിയ പ്രബോധന പ്രവര്‍ത്തനങ്ങളെ വിശുദ്ധ ഖുര്‍ആനോ ചരിത്ര ഗ്രന്ഥങ്ങളോ അധികം പരാമര്‍ശിക്കുന്നില്ല. എന്നാല്‍ തന്റെ സന്താനങ്ങളെ, ഏകദൈവ വിശ്വാസത്തില്‍ അടിയുറപ്പിച്ചു നിര്‍ത്താന്‍ യഅ്ഖൂബ് വസ്വിയ്യത്ത് ചെയ്യുന്നുണ്ട്.

ക്ഷമ, അല്ലാഹുവിലുള്ള പ്രതീക്ഷ, ശുഭാപ്തിവിശ്വാസം എന്നീ സദ്ഗുണങ്ങള്‍ യഅ്ഖൂബി(അ)ന്റെ ജീവിതപാഠങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.

വത്സല പുത്രനായ യൂസുഫിനെ കൗമാര ഘട്ടത്തില്‍ നഷ്ടപ്പെട്ടപ്പോഴും യൂസുഫിന്റെ സഹോദരനെ വാര്‍ധക്യത്തില്‍ കൈവിടേണ്ടി വന്നപ്പോഴും അദ്ദേഹം അനുഭവിച്ച മനസ്സംഘര്‍ഷം തീവ്രമായിരുന്നു. എന്നാല്‍ അദ്ദേഹം പരാതിയും പരിദേവനവുമായി നടന്നില്ല. നിരാശനുമായില്ല. അദ്ദേഹം പ്രകടിപ്പിച്ച ക്ഷമയുടെ സൗന്ദര്യം ഖുര്‍ആന്‍ വര്‍ണിക്കുന്നതിങ്ങനെ:

“സുന്ദരമായി ക്ഷമിക്കുക തന്നെ. നിങ്ങളെ പറയുന്ന കാര്യത്തില്‍ സഹായമര്‍ഥിക്കപ്പെടേണ്ടവന്‍ അല്ലാഹുവാണ്''(12:18). മക്കളെ നഷ്ടപ്പെട്ടതില്‍ വേദനയമര്‍ത്തി കഴിയവെ അദ്ദേഹത്തിന്റെ കണ്ണുകള്‍ വെളുത്തുപോയി. കാഴ്ച്ച മങ്ങി. ബന്ധുക്കള്‍ ആക്ഷേപിക്കാനും തുടങ്ങി. അവര്‍ക്ക് ദൈവദൂതന്‍ നല്‍കിയ മറുപടി:

''എന്റെ ദുരിതവും സങ്കടവും ഞാന്‍ നിരത്തുന്നത് അല്ലാഹുവിനു മുന്നില്‍ മാത്രമാണ്''(12: 86).

പരീക്ഷണങ്ങളുടെ നെരിപ്പോടില്‍ കാലങ്ങളോളം കഴിഞ്ഞ ജ്ഞാന വയോധികനായ അദ്ദേഹം ദിവ്യകാരുണ്യത്തില്‍ ഒരിക്കല്‍ പോലും നിരാശപ്പെട്ടില്ല അദ്ദേഹം മക്കളെ ഉപദേശിക്കുന്നത് നോക്കു.

''അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. വിശ്വാസമില്ലാത്തവര്‍ മാത്രമേ ദൈവ കാരുണ്യത്തില്‍ നിരാശരാവുകയുള്ളൂ''

ദശാബ്ദങ്ങള്‍ പിന്നിട്ടപ്പോള്‍ ഇസ്‌റാഈല്‍ ജനത പക്ഷേ, പിതാമഹന്‍ യഅ്ഖൂബിന്റെ പാഠങ്ങളും മാതൃകകളും മറന്ന് നെറികേടിന്റൈ പര്യായമായി മാറിയെന്ന് ചരിത്രം.

Feedback