Skip to main content

ഇസ്ഹാഖ് നബി(അ)

അപ്രതീക്ഷിതമായി കയറിവന്ന വിരുന്നുകാരെ കണ്ട് ഇബ്‌റാഹീം നബിയും ഭാര്യ സാറയും അതിശയിച്ചു. അവര്‍ പെട്ടെന്ന് ഒരു മൂരിക്കുട്ടിയെ അറുത്ത് അവര്‍ക്കായി സദ്യയൊരുക്കി. എന്നാല്‍ അതിഥികള്‍ തിന്നാന്‍ കൂട്ടാക്കിയില്ല. അത് ഇബ്‌റാഹീമില്‍ ആശങ്കയുണ്ടാക്കി. ഭയപ്പെടേണ്ട, ഞങ്ങള്‍ പ്രവാചകന്‍ ലൂത്വിന്റെ ജനതയിലേക്ക് നിയോഗിക്കപ്പെട്ട ദൈവ ദൂതന്‍മാരാണ്.

ഇറങ്ങാനൊരുങ്ങവെ, ഭാര്യ സാറയോട് അവര്‍ പറഞ്ഞു: 'നിങ്ങള്‍ക്ക് മകനായി ഇസ്ഹാഖും പൗത്രനായി യഅ്ഖൂബും വരാനിരിക്കുന്നു'. 'ഈ കിഴവിയായ എനിക്കോ? എന്റെ ഭര്‍ത്താവിനെ കണ്ടില്ലേ, പടുവൃദ്ധന്‍! 'സാറ ലജ്ജയോടെ പറഞ്ഞു', 'അതേ, ഇതൊരു അത്ഭുത വൃത്താന്തം തന്നെയാണ്' വിരുന്നുകാര്‍ ഉറപ്പിച്ചു.

അല്ലാഹുവിന്റെ മലക്കുകളായിരുന്നു അവര്‍. അവര്‍ നല്‍കിയ സന്തോഷവാര്‍ത്ത സത്യമായി പുലര്‍ന്നു. കിഴവിയായ സാറ പ്രസവിച്ചു, ഇസ്ഹാഖ്(അ)പിറന്നു.

''അവര്‍ അദ്ദേഹത്തെ സന്തോഷവാര്‍ത്ത അറിയിച്ചു, ജ്ഞാനിയായ ഒരു കുട്ടിയെക്കുറിച്ച്''(51:28).

ഇബ്‌റാഹീം നബി(അ)യുടെ ആദ്യ സന്താനമായ ഇസ്മാഈലിനെയും മാതാവ് ഹാജറിനെയും മക്കയില്‍ താമസിപ്പിച്ച ഇബ്‌റാഹീം ഇസ്ഹാഖിനെയും സാറയെയും ഫലസ്തീനിലാണ് നിര്‍ത്തിയത്.

പ്രവാചകത്വം ലഭിച്ച ഇസ്ഹാഖിന്റെ പ്രബോധന പ്രവര്‍ത്തങ്ങളെക്കുറിച്ച് ഖുര്‍ആന്‍ വിവരിക്കുന്നില്ല.
ഇസ്ഹാഖിന്റെ സന്താന പരമ്പരയില്‍ പില്ക്കാലത്ത് യഅ്ഖൂബ് ഉള്‍പ്പെടെയുള്ള പ്രവാചകന്‍മാര്‍ വന്നു. ഇസ്‌റാഈല്‍ വംശം അങ്ങനെയാണുണ്ടായത്. ജൂതമതം പിറവിയെടുക്കുന്നതും ഈ കൈവഴിയിലൂടെയാണ്.

ഇസ്ഹാഖിനെയാണ് ഇബ്‌റാഹീം ബലിയറുക്കാനൊരുങ്ങിയതെന്ന് ബൈബിളിലുണ്ട്. ഇതു പക്ഷേ, വസ്തുതാ വിരുദ്ധമാണ്. 
 

Feedback