Skip to main content

അയ്യൂബ് നബി(അ)

ഒരു ജീവച്ഛവം കണക്കെ അദ്ദേഹം കിടന്നത് നീണ്ട 18 വര്‍ഷങ്ങള്‍. ലാളിച്ചു വളര്‍ത്തിയ മക്കള്‍ ഇട്ടെറിഞ്ഞുപോയി. അയല്‍വാസികളും നാട്ടുകാരും തിരിഞ്ഞു നോക്കിയില്ല. സ്‌നേഹനിധിയായ പ്രിയതമ മാത്രം ഭര്‍തൃചാരത്ത് കൂട്ടിരുന്നു. ഒരു ഘട്ടത്തില്‍ അവളും നിരാശയായി.

കണക്കറ്റ സമ്പത്തും പരിചാരക വൃന്ദവും നഷ്ടപ്പെട്ട് ശയ്യാവലംബിയായി പരീക്ഷണത്തില്‍ കഴിയുമ്പോഴും അദ്ദേഹത്തിന്റെ ഹൃദയം നാഥനോടുള്ള നന്ദിയാല്‍ നിറഞ്ഞു. നാവിന്‍തുമ്പില്‍ പ്രാര്‍ഥനയായി അത് പുറത്തുവന്നു: ''റബ്ബേ, എന്നെയിതാ ദുരിതം ബാധിച്ചിരിക്കുന്നു. നീ കാരുണ്യവാന്‍മാരില്‍ വെച്ച് ഏറ്റവുമധികം കരുണനിറഞ്ഞവനല്ലേ''(21:83).

പരീക്ഷണഘട്ടം കഴിഞ്ഞു, പ്രാര്‍ഥനകള്‍ സഫലമായി, ദൈവ കല്പന പ്രകാരം അദ്ദേഹം നിലത്തു ചവിട്ടി. അതില്‍ നിന്ന് കുളിക്കാനും കൂടിക്കാനുമായി തണുത്ത വെള്ളം നിര്‍ഗളിച്ചു. അത് അദ്ദേഹം കുടിച്ചു, അതില്‍ കുളിക്കുകയും ചെയ്തു. രോഗം മാറി, വ്രണങ്ങള്‍ ഉണങ്ങി. സൗഖ്യം തിരിച്ചു കിട്ടി. സമ്പത്തും സമ്പാദ്യങ്ങളും വേണ്ടത്രയായി. മക്കളും ബന്ധുക്കളും മടങ്ങിവന്നു. ക്ഷമയുടെ അടയാളമായി മാറി അദ്ദേഹം:

''അദ്ദേഹത്തെ നാം ക്ഷമാശീലനായി കണ്ടു. എത്ര നല്ല അടിമ!''(38:44).

അതെ, ദൈവദൂതന്‍ അയ്യൂബ്(അ) ലോകത്തിനു മുന്നില്‍ വിസ്മയമാണെന്ന് അല്ലാഹു സാക്ഷ്യപ്പെടുത്തുന്നു.

ഇബ്‌റാഹീം നബി(അ) യുടെ സന്താനപരമ്പരയില്‍ വരുന്ന അയ്യൂബി(അ)ന്റെ പ്രബോധന ഇടമോ ജനതയോ ഏതെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടില്ല. അദ്ദേഹം റോമിലാണ് വന്നതെന്ന് ഇബ്‌നുഇസ്ഹാഖ് നിരീക്ഷിക്കുന്നുണ്ട്. ബൈബിളിലെ ഒരു ഏടായ 'ഇയ്യോബിന്റെ പുസ്തക (ബൈബിള്‍ അയ്യൂബ് നബി(അ)യെ ഇയ്യോബ് എന്നാണ് പരിചയപ്പെടുത്തുന്നത്)ത്തില്‍ അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളുണ്ട്. അതേസമയം, അയ്യൂബി(അ)നെ ബാധിച്ച രോഗം, അനന്തര സംഭവങ്ങള്‍ എന്നിവ ഖുര്‍ആന്‍ പലയിടങ്ങളിലായി പരാമര്‍ശിക്കുകയും ചെയ്യുന്നുണ്ട്'(21:83,84),(4:63), (38:41-44).

അതീവ സമ്പന്നനായിരുന്നു അയ്യൂബ്(അ). കാലികളും കൃഷിയും ആവോളമുണ്ടായിരുന്നു. മക്കളെയും ബന്ധുക്കളെയും അധികമായി നല്‍കി അല്ലാഹു അനുഗ്രഹിക്കുകയും ചെയ്തു. എന്നാല്‍ അല്ലാഹുവിന് നന്ദി കാണിച്ച് സാത്വികനായി ജീവിച്ച അയ്യൂബി(അ)നെ പരീക്ഷിക്കാനായിരുന്നു ദൈവഹിതം. കഠിനമായ രോഗമാണ് ബാധിച്ചത്. അനുഗ്രഹങ്ങളെല്ലാം ഒന്നൊന്നായി നഷ്ടപ്പെടുകയും ചെയ്തു. ഒടുവില്‍ ഭാര്യയും അദ്ദേഹവും നാടിന്റെ ഒരു മൂലയിലൊതുങ്ങി.

ദുരന്തങ്ങള്‍ വേട്ടയാടിയ കടൂത്ത ജീവിതാവസ്ഥയിലും അദ്ദേഹം ദിവ്യകാരുണ്യത്തില്‍ പ്രതീക്ഷയര്‍പ്പിച്ചു. നന്ദി നിറഞ്ഞ ഹൃദയവുമായി പ്രാര്‍ഥനയോടെ കഴിഞ്ഞുകൂടി. ഒടുവില്‍ സഹനത്തിന് അല്ലാഹു പ്രതിഫലം നല്‍കി. രോഗത്തിനു മുന്‍പുണ്ടായിരുന്നതിനെക്കാള്‍ കൂടുതല്‍ ഐശ്വര്യം തിരിച്ചുനല്‍കി നാഥന്‍.

''അയ്യൂബിന്റെ കഥ കേള്‍ക്കുക'' ഞാന്‍ ദുരിതബാധിതനായിരിക്കുന്നു. നീ ദയാലുക്കളില്‍ ദയാലുവാണല്ലോ'' എന്ന് അദ്ദേഹം നാഥനോട് പറഞ്ഞ സന്ദര്‍ഭം, അദ്ദേഹത്തിന് നാം ഉത്തരം നല്‍കി, അദ്ദേഹത്തെ ബാധിച്ച ദുരിതം നീക്കി. കുടുംബത്തെയും അതോടൊപ്പം അത്ര തന്നെയും നാം നല്‍കുകയും ചെയ്തു. നമ്മില്‍ നിന്നുള്ള കാരുണ്യവും അടിമകള്‍ക്കുള്ള ഉപദേശവുമത്രെ ഇത്''(21:83,84).

പിന്നെയും അദ്ദേഹം എഴുപതോളം വര്‍ഷം ജീവിച്ചു; ദൈവികാനുഗ്രഹങ്ങള്‍ അനുഭവിച്ചുകൊണ്ടും അവന് നന്ദിയര്‍പ്പിച്ചുകൊണ്ടും.
 

Feedback