Skip to main content

ആത്മഹത്യ ചെയ്തവര്‍ക്ക് മയ്യിത്ത് നമസ്‌ക്കരിക്കല്‍

ആത്മഹത്യ ചെയ്ത ഒരാളുടെ മയ്യിത്ത് നമസ്‌ക്കരിക്കേണ്ടതുണ്ടോ ? മയ്യിത്ത് നമസ്‌ക്കരിച്ചാല്‍ അത് തെറ്റാണോ ? മയ്യിത്ത് നമസ്‌ക്കാരം കൊണ്ടോ തസ്ബീത്തു കൊണ്ടോ ആത്മഹത്യ ചെയ്ത ആള്‍ക്ക് വല്ല ഫലവും ഉണ്ടാകുമോ ?

മറുപടി: ഈ വിഷയത്തില്‍ പൂര്‍വ്വിക പണ്ഡിതന്‍മാര്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ നമുക്ക് ആദ്യമായി പരിശോധിക്കാം.
1.    ഇമാം നവവി (റ) പറയുന്നു. ആത്മഹത്യ ചെയ്തവര്‍ക്ക് മയ്യിത്ത് നമസ്‌കരിക്കുവാന്‍ പാടില്ലായെന്നാണ് ഉമറ് ബ്‌നുല്‍ അബ്ദില്‍ അസീസും(റ) ഇമാം ഔസായിയും പറയുന്നത്. എന്നാല്‍ ഹസന്‍(റ) നഖ്ഈ(റ) ഖതാദ(റ) ഇമാം മാലിക്ക്(റ) അബൂഹനീഫ(റ) ഇമാം ശാഫിഈ(റ) മുതലായവരും ഭൂരിപക്ഷം പണ്ഡിതന്‍മാരും അഭിപ്രായപ്പെടുന്നത് നമസ്‌ക്കരിക്കാമെന്നാണ് (ശറഹുല്‍ മുസ്‌ലിം 747)
2.    ഇമാം അഹമദ്(റ) പറയുന്നു. ആത്മഹത്യ ചെയ്തവര്‍ക്ക് ഇമാം മയ്യിത്ത് നമസ്‌കരിക്കരുത്. മറ്റുള്ളവര്‍ക്ക് നമസ്‌ക്കരിക്കാം (ശറഹുസ്സുന്ന 5341) ഇമാം അഹമദ്(റ)ലെ ഈ അഭിപ്രായമാണ് ഈ വിഷയത്തില്‍ ഏറ്റവും പ്രബലമായിട്ടുള്ളത്. 

ജാബിര്‍(റ) പറയുന്നു: കത്രികകൊണ്ട് ആത്മഹത്യ ചെയ്ത ഒരു മനുഷ്യനെ നബി(സ്വ)യുടെ അടുക്കല്‍ കൊണ്ടുവന്നു. അപ്പോള്‍ നബി(സ്വ) അയാള്‍ക്ക് നമസ്‌കരിച്ചില്ല (മുസ്‌ലിം). മറ്റൊരു നിവേദനത്തില്‍ ഇപ്രകാരമാണ്. എന്നാല്‍ ഞാന്‍ അദ്ദേഹത്തിനു നമസ്‌കരിക്കുകയില്ല (അന്നസാഈ). മറ്റുള്ളവര്‍ നമസ്‌ക്കരിക്കുന്നതിനെ നബി(സ്വ) ഇവിടെ വിരോധിക്കുന്നില്ല. ആത്മഹത്യ ചെയ്തവര്‍ക്ക് ഇമാം നമസ്‌ക്കരിക്കുവാന്‍ പാടില്ല എന്ന അധ്യായത്തിലാണ് ഈ ഹദീസ് ഇമാം അബൂദാവൂദ് ഉദ്ധരിക്കുന്നത്. കടം വീട്ടുന്നതില്‍ മനഃപൂര്‍വ്വം വീഴ്ചവരുത്തുന്നവര്‍ക്ക് നബി(സ്വ) മയ്യിത്ത് നമസ്‌കരിക്കാറുണ്ടായിരുന്നില്ല. എന്നാല്‍ നിങ്ങളുടെ സ്‌നേഹിതന്ന് നിങ്ങള്‍ നമസ്‌കരിച്ചു കൊള്ളുകയെന്ന് നബി(സ്വ) പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്. പ്രസിദ്ധ പണ്ഡിതനായ ഇബ്‌നുഹസം(റ) പറയുന്നു. നിങ്ങളുടെ സുഹൃത്തിന്ന് നമസ്‌കരിക്കുക എന്ന നബി(സ്വ)യുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആത്മഹത്യ ചെയ്തവര്‍ക്ക് നമസ്‌കരിക്കേണ്ടതാണ്. നിശ്ചയം തെറ്റു ചെയ്തവരാണ് നമ്മുടെ പ്രാര്‍ഥനക്ക് ഏറ്റവും അവകാശപ്പെട്ടിട്ടുള്ളത്. (മുഹല്ല വാ.5 പേ.144). പ്രവാചകന്റെ അനുചരന്‍മാരില്‍ ഏറ്റവും പ്രസിദ്ധനായ ഇബ്‌നു മസ്ഊദ് (റ)നോട് ആത്മഹത്യ ചെയ്തവന് നമസ്‌ക്കരിക്കാമോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം മറുപടി പറഞ്ഞത് ഇപ്രകാരമാണ്. അദ്ദേഹത്തിന്ന് ബുദ്ധിയുണ്ടെങ്കില്‍ അദ്ദേഹം ആത്മഹത്യ ചെയ്യുമായിരുന്നോ ? അതിനാല്‍ നമസ്‌കരിക്കാവുന്നതാണ് (മുഹല്ല 5144). 

ആത്മഹത്യ ഇസ്‌ലാം മഹാപാപമായി കാണുന്നു. എന്നാല്‍ ഒരു മുസ്‌ലിം ആത്മഹത്യ ചെയ്താല്‍ അവന്റെ മയ്യിത്ത് നമസ്‌കരിക്കണം. മുസ്‌ലിം ശ്മശാനത്തില്‍ തന്നെ അവനെ ഖബറടക്കം ചെയ്യണം. അവന്റെ മയ്യത്തിനെ അനുഗമിക്കുകയും മറ്റും ചെയ്യണം. എന്നാല്‍ ഈ മഹാപാപത്തിനു മനുഷ്യര്‍ക്ക് പ്രേരണയില്ലാതാക്കുവാന്‍ വേണ്ടി പള്ളിയിലെ ഇമാം നമസ്‌കരിക്കാതെ ഒഴിവാകുന്നതുകൊണ്ട് വിരോധമില്ല. ഇമാം ഉള്‍പെടെയുള്ളവര്‍ നമസ്‌കരിച്ചാല്‍ അത് തെറ്റാവുന്നില്ല. മയ്യിത്തു നമസ്‌കാരം സാമൂഹ്യ ബാധ്യതയാണ്. ആ ബാധ്യത ആത്മഹത്യ ചെയ്യുന്ന മുസ്‌ലിമിന്റെ നേരെയും നാം നിര്‍വ്വഹിക്കണം.

മരണപ്പെട്ടവര്‍ക്ക് വേണ്ടി മറ്റുള്ളവര്‍ ചെയ്യുന്ന ഏതു കര്‍മവും മരണപ്പെട്ട വ്യക്തിക്ക് ലഭിക്കുമെന്ന് നമുക്ക് ഖണ്ഡിതമായി പറയുവാന്‍ സാധ്യമല്ല. അല്ലാഹു അവന്റെ മഹത്തായ കാരുണ്യവും ഔദാര്യവും കൊണ്ട് നല്കിയാല്‍ അവന്നു ലഭിക്കുമെന്നല്ലാതെ അയാള്‍ക്ക് അത് അവകാശപ്പെടുവാനോ നമുക്ക് അത് അവന്ന് ലഭിക്കുമെന്ന് ഖണ്ഡിതമായി പറയുവാനോ സാധ്യമല്ല. മനുഷ്യന്ന് അവന്‍ പ്രവര്‍ത്തിച്ചത് മാത്രമേ ലഭിക്കുകയുള്ളൂ എന്ന ആയത്തിലെ വ്യാഖ്യാനത്തില്‍ ഇമാം ഖുര്‍തുബിയും മറ്റും ഈ യാഥാര്‍ഥ്യം വ്യക്തമാക്കുന്നുണ്ട്.

Feedback