Skip to main content

താടി വടിക്കല്‍

താടിവടിച്ചാല്‍ ഇസ്‌ലാമില്‍ നിന്ന് പുറത്തു പോകുമോ?

മറുപടി : താടിരോമത്തെക്കുറിച്ച് അറിയാവുന്ന കാര്യം മീശ നീക്കാനും താടി വെറുതെ വിടാനും നബി (സ്വ) കല്പിച്ചതായി പ്രബലമായ ഹദീസുണ്ട് എന്ന് മാത്രമാണ്. അബൂഹുറയ്‌റ(റ)യില്‍ നിന്നും ഇമാം അഹ്മദും മുസ്‌ലിമും ഉദ്ധരിച്ച ഒരു ഹദീസിലുള്ളത് നിങ്ങള്‍ മീശ മുറിച്ചു കളയുകയും താടിരോമങ്ങള്‍ നീളാന്‍ വിടുകയും മജൂസികള്‍ക്ക് വിരുദ്ധമാകുകയും ചെയ്യണമെന്ന് റസൂല്‍(സ്വ) പറഞ്ഞുവെന്നാണ്. മജൂസികളുടെ അഥവാ പാഴ്‌സികളുടെ പതിവ് താടിരോമം വെട്ടുകയായിരുന്നുവെന്ന് ഹദീസ് വ്യാഖ്യാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇബ്‌നു ഉമര്‍(റ)ല്‍ നിന്ന് ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസിലുള്ളത് 'നിങ്ങള്‍ ബഹുദൈവാരാധകരില്‍ നിന്ന് വ്യത്യസ്തമായി താടിരോമങ്ങള്‍ വളരാന്‍ വിടുകയും മീശ നീക്കുകയും ചെയ്യണം' എ
ന്ന് നബി(സ്വ) പറഞ്ഞുവെന്നതാണ്. ഇബ്‌നു ഉമര്‍(റ) ഹജ്ജോ ഉംറയോ ചെയ്യുമ്പോള്‍ താടിയില്‍ കൈ കൊണ്ട് ഒരു പിടിപിടിച്ചിട്ട് കൂടുതലുള്ളത് എടുത്തു കളയാറുണ്ടായിരുന്നു എന്നും ബുഖാരി രേഖപ്പെടുത്തിയിട്ടുണ്ട്.
താടി വടിക്കല്‍ മക്‌റൂഹ് (അനഭിലഷണീയം) ആണെന്നാണ് വിവിധ മദ്ഹബുകളിലെ പല പണ്ഡിതന്‍മാരും അഭിപ്രായപ്പെട്ടിട്ടുള്ളത്. താടിവടിക്കല്‍ ഹറാമാണെന്ന് നബി(സ്വ)യോ സ്വഹാബികളോ നാല് മദ്ഹബിന്റെ ഇമാമുകളോ വ്യക്തമാക്കിയതായി കണ്ടിട്ടില്ല. പ്രവാചകന്‍മാരെല്ലാം താടി നീട്ടിയവരായിരുന്നുവെന്ന് വ്യക്തമാക്കുന്ന പ്രബലമായ ഹദീസും കണ്ടിട്ടില്ല. അതിനാല്‍  താടിവടിച്ചാല്‍ ഇസ്‌ലാമില്‍ നിന്ന് പുറത്ത് പോകുമെന്ന് പറയാന്‍ കഴിയില്ല.

Feedback