Skip to main content

മയ്യിത്ത് കുളിപ്പിക്കല്‍

ഒരു മുസ്‌ലിം മരണപ്പെട്ടാല്‍ അദ്ദേഹത്തെ കുളിപ്പിക്കല്‍ മുസ്‌ലിംകളുടെ സാമൂഹ്യബാധ്യത(ഫര്‍ദു കിഫായ)യാണ്. ഇസ്‌ലാമിന്റെ ശത്രുക്കളുടെ കൈയാല്‍ വധിക്കപ്പെട്ടവരല്ലാത്ത മുഴുവന്‍ മുസ്‌ലിംകളെയും കുളിപ്പിക്കേണ്ടതാണ്;  അവന്‍ വെള്ളത്തില്‍ മുങ്ങി മരിച്ചവനാണെങ്കിലും.

രക്തസാക്ഷിത്വം വരിച്ചവര്‍ അവര്‍ ജനാബത്തുള്ളവരായിരുന്നാലും കുളിപ്പിക്കേണ്ടതില്ല. ജനാബത്തോടു കൂടി രക്തസാക്ഷിയായ ഹന്‍ദ്വലയെ കുളിപ്പിച്ചിരുന്നില്ല (ഇബ്‌നുഹിബ്ബാന്‍, ബൈഹഖി). രക്തംപുരണ്ട വസ്ത്രത്തില്‍ തന്നെ അവരെ കഫന്‍ ചെയ്തു ഖബ്‌റടക്കേണ്ടതാണെന്ന് നബി(സ്വ) പറഞ്ഞതായി അഹ്മദ് നിവേദനം ചെയ്യുന്നു.

''അവരെ നിങ്ങള്‍ കുളിപ്പിക്കേണ്ടതില്ല. കാരണം അവരുടെ രക്തം ഖിയാമത്ത് നാളില്‍ കസ്തൂരിയുടെ സുഗ ന്ധം വമിക്കുന്നതാണ്.'' നബി(സ്വ) ഉഹ്ദ് യുദ്ധത്തിലെ രക്തസാക്ഷികളെ കുളിപ്പിച്ചില്ല. അവര്‍ക്കുവേണ്ടി നമസ്‌കരിച്ചതുമില്ല. രക്തത്തോടെ അവരെ ഖബ്‌റടക്കാന്‍ അവിടുന്ന് കല്പിക്കുകയും ചെയ്തു (അഹ്മദ്, അബൂദാവൂദ്, തിര്‍മിദി). യുദ്ധത്തിലല്ലാതെ വധിക്കപ്പെടുന്ന രക്തസാക്ഷികളെ കുളിപ്പിക്കുകയും നമസ്‌ക രിക്കുകയും വേണം. ഉമര്‍, ഉസ്മാന്‍ തുടങ്ങിയവരെ അവര്‍ രക്തസാക്ഷികളായിരുന്നിട്ടും മുസ്‌ലിംകള്‍ കുളിപ്പിക്കുകയുണ്ടായി.

കുളിപ്പിക്കേണ്ടവര്‍ ആര്?

പുരുഷനെ പുരുഷന്മാരും സ്ത്രീയെ സ്ത്രീകളുമാണ് കുളിപ്പിക്കേണ്ടത്. കുളിപ്പിക്കേണ്ടതിന്റെ രൂപം അറിയു ന്നവരും അതിന് കഴിവുള്ളവരും അടുത്ത ബന്ധുക്കളുമാണ് ഇത് നിര്‍വഹിക്കേണ്ടത്. മയ്യിത്ത് പുരുഷനാ ണെങ്കില്‍ പിതാവ്, പിതാമഹന്‍, പുത്രന്‍, പൗത്രന്‍, സഹോദരന്‍, അവരുടെ പുത്രന്മാര്‍ എന്നിവരും മയ്യിത്ത് സ്ത്രീയാണെങ്കില്‍ യഥാക്രമം പുത്രി, സഹോദരി, അവരുടെയൊക്കെ പുത്രിമാര്‍ എന്നിവരുമാണ് കുളിപ്പിക്കേണ്ടതെന്ന് പണ്ഡിതന്മാര്‍ വിശദീകരിച്ചിരിക്കുന്നു. പ്രവാചകന്‍(സ്വ) മരിച്ചപ്പോള്‍ കുളിപ്പിച്ചത് ബന്ധുക്കളായ അലിയ്യും ഫദ്വ്‌ലുമൊക്കെയായിരുന്നു.

ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് പരസ്പരം കുളിപ്പിക്കാവുന്നതാണ്. ആഇശ(റ) പറയുന്നു: ''ബഖീഇ'ല്‍ ഒരു മൃതദേഹ സംസ്‌കരണം കഴിഞ്ഞശേഷം വീട്ടിലേക്ക് തിരിച്ചെത്തിയ പ്രവാചകന്(സ്വ) അസഹ്യമായ തലവേദന അനുഭവ പ്പെട്ടു. തത്സമയം ഞാന്‍ തല വേദനിച്ചു വിഷമിക്കുകയായിരുന്നു. എന്റെ തലയും വേദനിക്കുന്നുവെന്ന് പറഞ്ഞ ശേഷം പ്രവാചകന്‍(സ്വ) വ്യക്തമാക്കി.

''എന്റെ മുമ്പ് നീ മരിക്കുന്നപക്ഷം ഞാന്‍ നിന്നെ കുളിപ്പിക്കുകയും കഫന്‍ ചെയ്യുകയും നിനക്ക് വേണ്ടി നമസ്‌കരിക്കുകയും നിന്നെ ഖബ്‌റടക്കുകയും ചെയ്താല്‍ നിനക്കൊരു ദോഷവും വരാനില്ല'' (അഹ്മദ്, ഇബ്‌നുമാജ).

ആഇശ പറയുന്നു: ''എനിക്ക് പിന്നീട് ബോധ്യമായ കാര്യം നേരത്തെ മനസ്സിലായിരുന്നുവെങ്കില്‍ നബി(സ്വ)യെ അവിടുത്തെ ഭാര്യമാര്‍ തന്നെ കുളിപ്പിക്കുമായിരുന്നു'' (അബൂദാവൂദ്, ഹാകിം).

അബൂബക്‌റി(റ)നെ കുളിപ്പിച്ചത് ഭാര്യ അസ്മയായിരുന്നു (നൈലുല്‍ ഔതാര്‍ 4:24). ഫാത്വിമയെ കുളിപ്പിച്ചത് ഭര്‍ത്താവ് അലിയ്യായിരുന്നു (അത്തല്‍ഖീസ് 5:274). പ്രമുഖ സ്വഹാബിയായ അബ്ദില്ലാഹിബ്‌നു സുബൈര്‍ മരണമടഞ്ഞപ്പോള്‍ കുളിപ്പിച്ചത് അദ്ദേഹത്തിന്റെ മാതാവും അബൂബക്ര്‍(റ)ന്റെ പുത്രിയുമായ അസ്മാ ആയിരുന്നു (ബൈഹഖി).

ചുരുക്കത്തില്‍ നബി(സ്വ) അനുവദിക്കുകയും  ഖലീഫമാരടക്കമുള്ള സ്വഹാബികള്‍ നിരാക്ഷേപം അനുഷ്ഠിക്കുകയും ചെയ്ത സുന്നത്താണിതെന്ന് തെളിവുകള്‍ വരച്ചുകാണിക്കുന്നു. അശുദ്ധിയുള്ളവര്‍ക്ക് മയ്യിത്ത് കുളിപ്പിക്കുന്നതിന് വിലക്കുകളൊന്നുമില്ല.'' ''ഋതുമതികള്‍ക്കും ജനാബത്തുകാര്‍ക്കും മയ്യിത്ത് കുളിപ്പിക്കാവു ന്നതാണ്'' (ശറഹുല്‍മുഹദ്ദബ് 5:185).

മയ്യിത്ത് കുളിപ്പിക്കുന്നവന്‍ ദൈവപ്രീതി കാംക്ഷിക്കുന്നവനും വിശ്വസ്തനുമായിരിക്കണം. മൃതദേഹത്തില്‍ മോശമായ വല്ലതും കണ്ടാല്‍ അത് പരസ്യമാക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. നബി(സ്വ) പറഞ്ഞതായി അബൂറാഫഅ് പറയുന്നു: ''അരെങ്കിലും ഒരു മയ്യിത്ത് കുളിപ്പിക്കുകയും അതിന്റെ രഹസ്യങ്ങള്‍ മറച്ചുവെക്കുകയും ചെയ്താല്‍ നാല്പത് തവണ അവന്റെ പാപം അല്ലാഹു അവന് പൊറുത്തുകൊടുക്കുന്നതാണ്'' (ഹാകിം). എന്നാല്‍ മൃതദേഹത്തില്‍ അപകടമരണത്തിന്റെ പാടുകളോ മറ്റോ ഉണ്ടെങ്കില്‍ അതു മറച്ചുവെക്കേണ്ടതില്ല. മാത്രമല്ല, ചിലപ്പോള്‍ അങ്ങനെ ചെയ്യുന്നത് അപകടം വരുത്തിയേക്കും.

മയ്യിത്തിന്റെ നന്മകള്‍ പറയുന്നത് കുറ്റകരമല്ല. നബി(സ്വ) അനുവദിച്ചതും സ്വഹാബികള്‍ ചെയ്തതുമാണത്. അലി(റ) പറയുന്നു: ''നബി(സ്വ)യെ ഞാന്‍ കുളിപ്പിച്ചു. മയ്യിത്തില്‍ കാണാവുന്ന വല്ലതുമുണ്ടോ എന്ന് ഞാന്‍ നോക്കി. ഒന്നും കണ്ടില്ല. അദ്ദേഹം ജീവിതത്തിലും മരണത്തിലും പരിശുദ്ധനായിരുന്നു'' (ഇബ്‌നുമാജ).

 

Feedback
  • Thursday May 2, 2024
  • Shawwal 23 1445