Skip to main content

ഇസ്‌ലാമിക വിധികള്‍

ഇസ്‌ലാമില്‍ ഒരു കാര്യത്തിന്‍ വിധി പറയുമ്പോള്‍ ഹറാം, കറാഹത്ത്, സുന്നത്ത്, ഫര്‍ദ് എന്നിങ്ങനെയുള്ള വിഭജനം ഖുര്‍ആനിലും ഹദീസിലും വ്യക്തമായി പറയപ്പെട്ടതാണോ?

മറുപടി: നമസ്‌കാരം അഞ്ചു നേരം ആണെന്ന് ഖുര്‍ആനില്‍ പദങ്ങളിലൂടെ പ്രസ്താവിക്കുന്നില്ലെങ്കിലും അഞ്ചുനേരത്തെ നമസ്‌കാരം ഖുര്‍ആനില്‍ നിന്ന് തന്നെ നമുക്ക് ഗ്രഹിച്ചെടുക്കാന്‍ സാധിക്കുന്നതാണ്. ഇതുപോലെ ഈ അഞ്ചു വിധികള്‍ ക്രമത്തില്‍ പ്രസ്താവിക്കുന്നില്ലെങ്കിലും ഖുര്‍ആനിലെയും ഹദീസിലെയും നിര്‍ദേശങ്ങളെ ചുറ്റുപാടുകളും സാഹചര്യങ്ങളും നബി(സ്വ)യുടെ വാക്കുകളും പരിഗണിച്ചുകൊണ്ട് ഈ വിധികള്‍ വിഭജിക്കുവാന്‍ സാധിക്കുന്നതാണ്. പദപ്രയോഗങ്ങള്‍ കര്‍മശാസ്ത്ര പണ്ഡിതന്‍മാരുടെയും അടിസ്ഥാന ശാസ്ത്ര പണ്ഡിതന്‍മാരുടെതുമാണ്. ഹറാമിന്ന് കറാഹത്ത് എന്ന് ഖുര്‍ആനിലും ഇമാം ശാഫിഈ(റ)യുടെ പ്രയോഗത്തിലും ചിലപ്പോള്‍ ഉപയോഗിച്ചതു കാണാം. അനുഷ്ഠിച്ചാല്‍ പ്രതിഫലം ലഭിക്കുന്നതും ഉപേക്ഷിച്ചാല്‍  ശിക്ഷ ലഭിക്കാത്തതുമായ സംഗതികള്‍ക്ക് സുന്നത്ത് എന്ന പദപ്രയോഗം കര്‍മശാസ്ത്രപണ്ഡിതന്‍മാര്‍ (ഫിഖ്ഹ് പണ്ഡിതന്‍മാര്‍) ഉപയോഗിക്കുന്നതാണ്.

അടിസ്ഥാന കര്‍മശാസ്ത്രത്തില്‍ (ഉസൂലുല്‍ ഫിഖ്ഹില്‍) ഇതിന്ന് പ്രയോഗിക്കുന്നത് മന്‍ദൂബ് എന്നാണ്. സുന്നത്ത് എന്ന പദം ഇവര്‍ ഉപയോഗിക്കുക പൊതുവായ നിലക്കുള്ള നബിചര്യയ്ക്കാണ്. ഫര്‍ദ്വിനും ഹറാം ഉപേക്ഷിക്കുന്നതിനും ഇവര്‍ സുന്നത്ത് എന്നു പറയും. ഹദീസ് എന്നാണ് ഇവിടെ സുന്നത്തിന്റെ വിവക്ഷ. ഹദീസുകളിലും സുന്നത്ത് എന്ന പദം ഫര്‍ദ്വിന്ന് ഉപയോഗിച്ചതായി കാണാം. കര്‍മശാസ്ത്രപണ്ഡിതന്‍മാര്‍ മന്‍ദൂബിന്നു സുന്നത്ത് എന്ന് പ്രയോഗിച്ചതു കൊണ്ട് ജനങ്ങള്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പം ഉണ്ടാവുകയും നബിചര്യയുടെ സ്ഥാനം ഇതുകൊണ്ട് ലഘുവാക്കപ്പെടുകയും ചെയ്തിട്ടുണ്ട് എന്നു പറയാതിരിക്കാന്‍ വയ്യ. 

Feedback