Skip to main content

മഹ്‌റിന്റെ വിധികള്‍

മഹ്‌റിന്റെ ഉടമസ്ഥാവകാശം സ്ത്രീക്കാണ്. ഭര്‍ത്താവിന്റെയോ രക്ഷാധികാരിയുടെയോ അനുവാദമില്ലാതെത്തന്നെ അവള്‍ക്കതു കൈകാര്യം ചെയ്യാന്‍ ഇസ്‌ലാം അനുവാദം നല്‍കുന്നുണ്ട്. സ്ത്രീ തൃപ്തിപ്പെട്ട് അത് നല്‍കിയാല്‍ ഭര്‍ത്താവടക്കം മറ്റുള്ളവര്‍ക്ക് അത് വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യാം. അല്ലാഹു പറയുന്നു: 'അതില്‍നിന്ന് സ്വമനസ്സാലെ അവര്‍ നിങ്ങള്‍ക്കു നല്കിയാല്‍ അത് നിങ്ങള്‍ക്ക് ഹൃദ്യമായും സന്തോഷത്തോടെയും തിന്നാം' (4:4).  

ഭര്‍ത്താവിന് മഹ്ര്‍ തിരിച്ചുവാങ്ങാന്‍ അനുവാദമില്ല. അല്ലാഹു പറയുന്നു: 'അവരില്‍ ഒരുവള്‍ക്ക് വമ്പിച്ച ധനം മഹ്‌റായിട്ട് കൊടുത്തിട്ടുണ്ടെന്നിരുന്നാലും അതില്‍ ഒരു വസ്തുവും നിങ്ങള്‍ മടക്കിവാങ്ങരുത്. അക്രമമായും വ്യക്തമായ കുറ്റമായും നിങ്ങള്‍ അത് വാങ്ങുന്നുവോ? എങ്ങനെ നിങ്ങള്‍ അത് വാങ്ങും? നിങ്ങളന്യോന്യം ഇഴുകിച്ചേരുകയും അവര്‍ നിങ്ങളില്‍ നിന്ന് സുദൃഢമായ ഉറപ്പ് വാങ്ങുകയും ചെയ്തിരിക്കുന്നു (4:21). ദാമ്പത്യബന്ധം മുന്നോട്ടു നീങ്ങാതെ വിവാഹമോചനം നടത്തേണ്ടി വന്നാല്‍ പോലും മഹ്ര്‍ പുരുഷന്‍ തിരിച്ചു വാങ്ങിക്കൂടാ.

മഹ്ര്‍ തിരിച്ചുവാങ്ങാന്‍ അനുമതി നല്‍കുന്ന ചില സന്ദര്‍ഭങ്ങളുണ്ട്. പുരുഷനില്‍ നിന്ന് സ്ത്രീ വിവാഹമോചനം തേടുന്ന (ഖുല്‍അ്) സന്ദര്‍ഭത്തില്‍ പുരുഷന് വേണമെങ്കില്‍ മഹ്ര്‍ തിരിച്ചുവാങ്ങാനുള്ള അനുമതി ഇസ്‌ലാം നല്‍കുന്നുണ്ട്. ''നിങ്ങള്‍ അവര്‍ക്ക് നല്‍കിയ മഹ്‌റുകളില്‍ നിന്ന് ഒരു വസ്തുവും നിങ്ങള്‍ മടക്കി വാങ്ങരുത്. അവര്‍ ഇരുവരും അല്ലാഹുവിന്റെ പരിധികള്‍ നിലനിര്‍ത്തുക സാധ്യമല്ലെന്ന് അവര്‍ രണ്ടാളും(ദമ്പതികള്‍) ഭയന്നാലല്ലാതെ. അഥവാ അവര്‍ അല്ലാഹുവിന്റെ പരിധികള്‍ നിലനിര്‍ത്തുകയില്ലെന്ന് നിങ്ങള്‍ ഭയപ്പെടുന്നപക്ഷം. അപ്പോള്‍ അവള്‍ വല്ലതും വിട്ടുകൊടുത്തു കൊണ്ട് സ്വയം മോചനം തേടുന്നുവോ അതില്‍ ഇരുവര്‍ക്കും കുറ്റമില്ല.(2:229)

ജുമൈല(റ) എന്ന മഹതി തന്റെ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം തേടിയപ്പോള്‍ ഭര്‍ത്താവ് നല്‍കിയ മഹ്ര്‍ തിരച്ചുകൊടുക്കാന്‍ നബി(സ്വ) നിര്‍ദേശിച്ചു (ബുഖാരി, മുസ്‌ലിം).

മഹ്ര്‍ നിശ്ചയിച്ച് ലൈംഗികബന്ധം ഉണ്ടാകുന്നതിന് മുമ്പ് വിവാഹമോചനം നടത്തേണ്ട സാഹചര്യം വന്നാല്‍ നിശ്ചയിച്ച മഹ്‌റിന്റെ പകുതി നല്‍കണം. അല്ലാഹു പറയുന്നു: 'അവരെ നിങ്ങള്‍ സ്പര്‍ശിക്കുന്നതിന് മുമ്പ് മോചിപ്പിക്കുന്നപക്ഷം അവര്‍ക്ക് നിങ്ങള്‍ ഒരു തുക മഹ്ര്‍ നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ നിശ്ചയിച്ചതിന്റെ പകുതി അവര്‍ക്ക് നല്കുക' (2:237).  

വിവാഹമൂല്യം എന്നത് വിവാഹം സാധുവാകുന്നതിന് നിര്‍ബന്ധമായ കാര്യമാകുന്നു. പുരുഷന്റെ ബാധ്യത എന്ന നിലയ്ക്ക് അതില്‍ നിന്ന് ഒഴിഞ്ഞുമാറാനോ, ഭാര്യയെക്കൊണ്ട് പൊരുത്തപ്പെടുവിച്ച് നല്‍കാതിരിക്കാനോ ഉള്ള ഇളവുകള്‍ ഒന്നുമില്ല. വിവാഹനിബന്ധനയായി സ്ത്രീയുടെ ഭാഗത്തുനിന്ന് പണം വാങ്ങി അതുകൊണ്ട് മഹ്ര്‍ നല്‍കുന്നതോ ഒട്ടും അഭിലഷണീയമല്ല. 

Feedback