Skip to main content

പ്രമാണനിരാകരണം: തെറ്റായ ധാരണകള്‍

വിശുദ്ധ ഖുര്‍ആന്‍, ഹദീസ് എന്നീ ഇസ്‌ലാമിക പ്രമാണങ്ങളെ നിഷേധിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നവര്‍ക്ക് ഇസ്‌ലാമില്‍ സ്ഥാനമില്ല. വിശുദ്ധ ഖുര്‍ആന്‍ ദൈവിക വചനങ്ങളാണെന്ന യാഥാര്‍ഥ്യം നിഷേധിക്കുകയോ വിശുദ്ധ ഖുര്‍ആനിന്റെ ശാസനകള്‍ സ്വീകരിക്കേണ്ടതില്ലെന്ന് വാദിക്കുകയോ ചെയ്യുന്നത് ഖുര്‍ആന്‍ നിഷേധമാണ്. എന്നാല്‍ വിശുദ്ധ ഖുര്‍ആനിന്റെ ശാസനകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് ഗുരുതരമായ കുറ്റമാണെങ്കിലും ഖുര്‍ആന്‍ നിഷേധമാണെന്ന് പറയാവതല്ല. നിഷേധവും നിരാകരണവും ഏറെ ചര്‍ച്ചയാവുന്നത് ഹദീസിന്റെ കാര്യത്തിലാണ്.

ഹദീസ് നിഷേധത്തിലേക്ക് നീങ്ങുന്ന ചിലയാളുകള്‍ ന്യായീകരിക്കുന്ന ഒരു കാര്യമുണ്ട്. 'ഇമാം ബുഖാരി ലക്ഷത്തിലേറെ ഹദീസ് ശേഖരിച്ചെങ്കിലും അതിന്റെ ചെറിയൊരു ഭാഗമെ തന്റെ സ്വഹീഹില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ' എന്നതാണ് ആ ന്യായീകരണം. ഹദീസുകള്‍ പരിശോധനകള്‍ക്ക് വിധേയമാക്കി കുറ്റമറ്റ രീതിയില്‍ സ്ഥിരീകരിക്കപ്പെടുന്നവ മാത്രം സ്വീകരിക്കുന്ന ശ്രമകരമായ ദൗത്യം നിര്‍വഹിച്ച മുഹദ്ദിസുകള്‍, കുറെ ഹദീസുകള്‍ തള്ളിക്കളഞ്ഞതോ നിഷേധിച്ചതോ അല്ല. അതുപോലെ തന്നെ ഹദീസുകള്‍ ക്രോഡീകരിക്കപ്പെട്ട ശേഷം വന്ന തലമുറകള്‍ പ്രാമാണികമല്ലാത്ത ഹദീസുകള്‍ സ്വീകരിക്കാതിരുന്നതും ഹദീസ് നിഷേധമല്ല. മുഹദ്ദിസുകള്‍ നിശ്ചയിച്ചതും മുസ്‌ലിം ലോകം ഏകകണ്ഠമായി അംഗീകരിച്ചു പോരുന്നതുമായ നിബന്ധനകള്‍ക്കനുസരിച്ച് പ്രമാണികമല്ലെന്ന് കണ്ടാല്‍ അവ നിരാകരിക്കുന്നത് ഹദീസ് നിഷേധമല്ല; ഹദീസിനോട് നീതി പുലര്‍ത്തലാണ്. 

മഹാരഥന്‍മാരായ മുഹദ്ദിസുകളില്‍ ചിലര്‍ പ്രാമാണികമെന്ന് സ്ഥിരീകരിച്ച ഹദീസുകളെ വ്യക്തമായ നിദാന നിയമങ്ങള്‍ വിലയിരുത്തി മറ്റൊരു മുഹദ്ദിസ് അത് അസ്വീകാര്യമാണ് എന്ന് അഭിപ്രായപ്പെടുന്നത് ഹദീസ് നിഷേധമല്ല. ഇജ്തിഹാദിയായ വിഷയങ്ങളില്‍ ഭിന്നവീക്ഷണങ്ങള്‍ ഉണ്ടാവുന്നത് ഇങ്ങനെയാണ്. ഏതെങ്കിലും ഒരു മുഹദ്ദിസ് തയ്യാറാക്കിയ സമാഹാരം കുറ്റമറ്റതാണെന്ന് വിധിയെഴുതുന്നതും ശരിയല്ല. പണ്ഡിതലോകം അംഗീകരിച്ച ഒരു സത്യമുണ്ട്. വിശുദ്ധ ഖുര്‍ആനിന് ശേഷം പ്രാമാണികതയില്‍ ഏറ്റവും മികച്ചു നില്‍ക്കുന്നത് സ്വഹീഹുല്‍ ബുഖാരിയും പിന്നെ സ്വഹീഹു മുസ്‌ലിമുമാണ് എന്നതാണ് ആ സത്യം. ബുഖാരിയിലോ മുസ്‌ലിമിലോ വന്ന ഒരു ഹദീസ് ന്യായയുക്തമായ കാരണങ്ങളാല്‍ അസ്വീകാര്യമാണെന്ന് മറ്റൊരു മുഹദ്ദിസ് വിധി പറഞ്ഞാല്‍ അത് ഹദീസ് നിരാകരണമാവില്ല. കാരണം, മനുഷ്യപ്രയത്‌നങ്ങള്‍ സമ്പൂര്‍ണമായും കുറ്റമറ്റതാവില്ല. അതേസമയം സ്വഹീഹല്ലാത്ത റിപ്പോര്‍ട്ടും ഉണ്ട് എന്ന കാരണത്താല്‍ ഒരു ഹദീസ് സമാഹാരത്തെയും തള്ളാവുന്നതുമല്ല. ചുരുക്കത്തില്‍ ഹദീസ് നിരൂപണം ഹദീസ് നിഷേധമല്ല.

'നബി(സ്വ)യുടെ ചര്യ (ഹദീസ്) ഇസ്‌ലാമില്‍ പ്രമാണമല്ല, വിശുദ്ധ ഖുര്‍ആന്‍ മാത്രമേ പ്രാമാണികമായിട്ടുള്ളൂ' എന്ന് ആരെങ്കിലും വിശ്വസിച്ചാല്‍ അത് പ്രമാണ നിരാകരണമാണ്; സത്യനിഷേധമാണ്. ഒരു വിഷയത്തില്‍ സ്വഹീഹായ (പ്രാമാണികം) ഹദീസ് ഇന്നതാണ് എന്ന് വ്യക്തമായി ബോധ്യപ്പെട്ടിട്ടും അത് സ്വീകരിക്കാതെ ഏതെങ്കിലും ഇമാമിനെയോ മറ്റോ അന്ധമായി അനുകരിക്കുകയാണ് ഒരാള്‍ ചെയ്യുന്നതെങ്കില്‍ അയാള്‍ ഹദീസ് നിഷേധമാണ് കൈകൊണ്ടത് എന്നു പറയാവുന്നതാണ്. 

പ്രമാണനിഷേധത്തെ ന്യായീകരിക്കുന്നതും നിഷേധിയല്ലാത്ത ഒരാളെ നിഷേധി എന്ന് ആക്ഷേപിക്കുന്നതും ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ ഗുരുതരമായ കുറ്റമാണ്.

Feedback
  • Friday Apr 19, 2024
  • Shawwal 10 1445