Skip to main content

ഓറിയന്റലിസ്റ്റുകളും ഹദീസ് നിഷേധവും

ആധുനിക യൂറോപ്പിന്റെ ശാസ്ത്രനേട്ടങ്ങളുടെയും വിജ്ഞാനങ്ങളുടെയുമെല്ലാം ഉത്ഭവം സ്‌പെയിനില്‍ നിന്നായിരുന്നു. നൂറ്റാണ്ടുകളോളം അവിടെ പ്രശോഭിച്ച ഇസ്‌ലാമിക സംസ്‌കാരം അതിനെ വിജ്ഞാനത്തിന്റെ കലവറയാക്കിയിരുന്നു. അവിടെ വൈദ്യശാസ്ത്രത്തിലും ഗോളശാസ്ത്രത്തിലും ഇതര ശാസ്ത്രശാഖകളിലും ഗവേഷണം നടത്തിയ വിദ്യാര്‍ഥികളെ അറബ് ഇസ്‌ലാമിക സംസ്‌കാര ത്തിന്റെ ഔന്നത്യം ഹഠാദാകര്‍ഷിച്ചു. യൂറോപ്പിലെ ബുദ്ധിജീവികളില്‍ ഇസ്‌ലാമിനെക്കുറിച്ച് വളര്‍ ന്നുകൊണ്ടിരുന്ന മതിപ്പ് ക്രൈസ്തവ സഭകളെയും മതാധ്യക്ഷന്മാരെയും എറെ ഉത്കണ്ഠാകുലരാക്കുകയും ചെയ്തു.

ബൗദ്ധികതലത്തില്‍ ഇസ്‌ലാമിനെ നേരിടാനുള്ള സംരംഭങ്ങളുടെ ആവശ്യകത പാശ്ചാത്യര്‍ക്ക് ബോധ്യപ്പെട്ടു. അറബ് ഇസ്‌ലാമികാശയങ്ങളെ ശരിയാംവണ്ണം മനസ്സിലാക്കിയാലല്ലാതെ അതിനെ വികലമായി അവതരിപ്പിക്കാന്‍ സാധ്യമാവില്ലെന്ന് അവര്‍ കണ്ടെത്തി. അതിനാല്‍ അറബ് ഇസ്‌ലാമിക കൃതികളുടെ പഠനത്തിന് അവര്‍ താമസിയാതെ കലാലയങ്ങള്‍ സ്ഥാപിച്ചു. ഇസ്‌ലാമിനെ അക്കാഡമിക് തലത്തില്‍ പഠിച്ച ശേഷം അതിനെ വികലമായി അവതരിപ്പിക്കാനുള്ള ഈ ശ്രമമാണ് 'ഓറിയന്റലിസം' എന്ന പേരില്‍ അറിയപ്പെട്ടത്.

തങ്ങളുടെ ലക്ഷ്യപ്രാപ്തിക്കുവേണ്ടി വിപുലമായ സംവിധാനങ്ങളാണ് ഓറിയന്റലിസ്റ്റുകള്‍ ഒരുക്കിയത്. ആദര്‍ശപരമായി ഇസ്‌ലാമിന്നു മുമ്പില്‍ പരാജയപ്പെട്ട ക്രിസ്തീയ ചര്‍ച്ചുകളും ആയുധം കൊണ്ട് തോല്പിക്കാനാവില്ലെന്ന് മനസ്സിലാക്കിയ യൂറോപ്യന്‍ ഭരണാധികാരികളും ഓറിയന്റലിസത്തിന്റെ വളര്‍ച്ചക്കുവേണ്ടി ഒത്തൊരുമിച്ചു. യൂറോപ്പില്‍ ഇസ്‌ലാം പ്രചരിക്കുന്നത് തടയിടാനും മുസ്‌ലിംകളെ തെറ്റിദ്ധാരണയില്‍ വീഴ്ത്താനും ഓറിയന്റലിസ്റ്റുകള്‍ ഒരേസമയം യത്‌നിച്ചു. പത്രമാസികകള്‍, റേഡിയോ, ടി.വി തുടങ്ങിയ മാധ്യമങ്ങള്‍ ഇതിനുപയോഗപ്പെടുത്തി. ഓക്‌സ്‌ഫോര്‍ഡ്, കേംബ്രിഡ്ജ്,എഡിന്‍ബര്‍ഗ് തുടങ്ങിയ സര്‍വകലാശാലകളില്‍ മാത്രമല്ല, അറേബ്യന്‍ സര്‍വകലാശാലകളില്‍ പോലും അധ്യാപനം നടത്തിയിരുന്നത് ഓറിയന്റലിസ്റ്റുകളായിരുന്നു. ഇസ്‌ലാമിന്റെ മൗലികപ്രമാണങ്ങളില്‍ സംശയമുണ്ടാക്കുക, ഹദീസിനെ നിരാകരിക്കുക, സ്വഹാബികള്‍ മുതലുള്ള ഹദീസ് നിവേദകരുടെ സത്യസന്ധതയില്‍  സംശയമുണ്ടാക്കുക, പ്രാമാണികരായ പണ്ഡിതരെ  അപഹസിക്കുക, ഇസ്‌ലാമിന്റെ സാംസ്‌കാരിക നാഗരിക മൂല്യങ്ങളെ അവമതിക്കുക തുടങ്ങിയ കുതന്ത്രങ്ങള്‍ ഓറിയന്റലിസ്റ്റുകളുടെ മുഖമുദ്രയാണ്.

ഈ ലക്ഷ്യസാക്ഷാത്ക്കാരത്തിനായി അവര്‍ ഒട്ടേറെ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. കെന്നത് ക്‌റാംഗിന്റെ  ദ കാള്‍ ഓഫ് മിനാററ്റ്‌സ്, എച്ച്.ആര്‍ ഹിബ്ബിന്റെ മുഹമ്മദനിസം തുടങ്ങിയവ വിഷലിപ്തമായ ഇസ്‌ലാം വിമര്‍ശന കൃതികളില്‍ ചിലതാണ്.

യൂറോപ്പിലെ ബുദ്ധി ജീവികളെയും വിദ്യാര്‍ഥികളെയും ഇസ്‌ലാമില്‍ നിന്ന് തടയുക, അറബ് നാടുകളിലെ വിജ്ഞാനാര്‍ഥികളിലും യുവാക്കളിലും ബുദ്ധിജീവികളിലും ഇസ്‌ലാമിനെക്കുറിച്ച് തെറ്റിദ്ധാരണകളും സംശയങ്ങളും ഉദ്ദീപിപ്പിക്കുക എന്നിവയാണ് ഓറിയന്റലിസ്റ്റുകളുടെ പ്രധാന ലക്ഷ്യങ്ങള്‍. ഓറിയന്റലിസ്റ്റുകള്‍ക്ക് തങ്ങളുടെ ലക്ഷ്യങ്ങളിലെല്ലാം ഒരളവുവരെ വിജയിക്കാന്‍ സാധ്യമായിട്ടുണ്ടെന്നതില്‍ സംശയമില്ല.

ഹദീസിന്റെ നിവേദകര്‍, പണ്ഡിതന്മാര്‍ എന്നിവരെക്കുറിച്ച് വ്യാജാരോപണങ്ങള്‍ ഉന്നയിച്ച് ഹദീസിന്റെ പ്രാമാണികതയില്‍ സംശയം ജനിപ്പിക്കാന്‍ ശ്രമിച്ച ഓറിയന്റലിസ്റ്റുകളില്‍ പ്രമുഖന്‍ ജൂതനായ ഗോള്‍ഡ്‌സിഹര്‍ ആണ്. ഇസ്‌ലാമുമായി ബന്ധപ്പെട്ട വിവരസ്രോതസ്സുകളില്‍ പരന്ന ജ്ഞാനമുള്ള ഈ ഹംഗേറിയന്‍ വംശജന്റെ നിലപാടുകള്‍ അദ്ദേഹത്തിന്റെ 'ആദര്‍ശവും ശരീഅത്തും ഇസ്‌ലാമില്‍' എന്ന കൃതിയില്‍ വിശദീകരിച്ചിട്ടുണ്ട്. അഹ്മദ് അമീന്റെ ഫജ്‌റുല്‍ ഇസ്‌ലാം, ദുഹല്‍ ഇസ്‌ലാം എന്നീ കൃതികളിലും ഗോള്‍ഡ്‌സിഹറിന്റെ അഭിപ്രായങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. 'ഹദീസിന്റെ സിംഹഭാഗവും ഇസ്‌ലാമിന്റെ ആരംഭദശയില്‍ തന്നെ പ്രമാണമായി അംഗീകരിക്കപ്പെട്ടുവെന്ന് പറയുന്നത് ശരിയല്ലെന്നും സത്യത്തില്‍ അവ പിന്‍തലമുറകളുടെ ശ്രമഫലമായി സ്വരൂപിക്കപ്പെട്ട പൈതൃകം മാത്രമാണെ'ന്നും ഗോള്‍ഡ് സിഹര്‍ ആരോപിച്ചു. 'ഉമവികളും ശീഈകളും തമ്മിലുള്ള കിടമത്സരം രുക്ഷമായ ഘട്ടത്തിലാണ് ഹദീസിന്റെ ശേഖരണവും ചിട്ടപ്പെടുത്തലും നടന്നത്. അതിനാല്‍ ഇരുപക്ഷവും മത്സരിച്ച് വ്യാജഹദീസുകള്‍ നിര്‍മിച്ചു. ഉമവികള്‍ ഇമാം സുഹ്‌രിയെപ്പോലുള്ള വിഖ്യാതരായ പണ്ഡിതരെ വ്യാജഹദീസ് നിര്‍മാണത്തിനായി ഉപയോഗിച്ചു'. ഇവയൊക്കെയും ഗോള്‍ഡ് സിഹര്‍ ഉയര്‍ത്തിയ വ്യാജാരോപണങ്ങളായിരുന്നു. ഇത്തരം കാരണങ്ങള്‍ നിവര്‍ത്തി ഹദീസില്‍  ബഹുഭൂരിഭാഗവും വിശ്വാസയോഗ്യമല്ല എന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു ഗോള്‍ഡ് സിഹര്‍ ചെയ്തത്.

എന്നാല്‍ ഓറിയന്റലിസ്റ്റുകളുടെ ഈ കുതന്ത്രങ്ങള്‍ മനസ്സിലാക്കിയ ഇസ്‌ലാമിക പണ്ഡിതരും ബുദ്ധിജീവികളും സൈദ്ധാന്തികമായിത്തന്നെ അതിനെ നേരിട്ടു. സയ്യിദ് റശീദ് റിദായുടെ 'അല്‍ വഹ്‌യുല്‍ മുഹമ്മദി'തുടങ്ങിയ ഗ്രന്ഥങ്ങള്‍ ഓറിയന്റലിസ്റ്റുകളുടെ ആരോപണങ്ങളെ യുക്തി ഭദ്രമായി ഖണ്ഡിക്കുന്ന രചനകളാണ്. ഹദീസ് സ്വീകരണ തിരസ്‌കാര വിഷയത്തിലും സുന്നത്തിന്റെ പ്രാമാണികതയിലും ഗോള്‍ഡ് സിഹര്‍, അബൂറയ്യ തുടങ്ങിയവര്‍ പടച്ചുവിട്ട ആരോപണങ്ങളെ നേരിടുന്ന ഒരു ഉത്തമ കൃതിയാണ് ഈജിപ്ഷ്യന്‍ പണ്ഡിതനായ ഡോ: മുസ്തഫാ അസ്സിബാഇയുടെ 'അസ്സുന്നത്തു വമകാനതുഹാ ഫിത്തശ്‌രീഇല്‍ ഇസ്‌ലാമി'. 'സുന്നത്തും ഇസ്‌ലാമിക ശരീഅത്തില്‍ അതിന്റെ സ്ഥാനവും' എന്ന പേരില്‍ പ്രസ്തുത ഗ്രന്ഥം മൗലവി മുഹമ്മദ് അമാനി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
 

Feedback