Skip to main content

ഹദീസ് നിഷേധം കേരളത്തില്‍

വിശുദ്ധ ഖുര്‍ആനില്‍ നിന്നും നബിചര്യയില്‍ നിന്നും അകന്ന് നാട്ടാചാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും പിടിയിലമര്‍ന്ന കേരളത്തിലെ മുസ്‌ലിംകള്‍ക്ക് ഖുര്‍ആനിലേക്കും ഹദീസിലേക്കും തിരിച്ചുപോകാനുള്ള അവബോധം നല്കിയത് സയ്യിദ് സനാഉല്ല മക്തി തങ്ങളും വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയും തുടങ്ങി വച്ച പരിഷ്‌കരണ പ്രവര്‍ത്തനഫലമായാണ്. കടുത്ത എതിര്‍പ്പ് യഥാസ്ഥിതികരില്‍ നിന്നും രണ്ടു പേര്‍ക്കും നേരിടേണ്ടിവന്നു. 

വിശുദ്ധ ഖുര്‍ആന്‍ പഠനത്തിന് ഹദീസ് എന്ന വിജ്ഞാന ശാഖയിലെ വിഷയങ്ങളിലുള്ള അവഗാഹം അനുപേക്ഷണീയമാണെന്ന തിരിച്ചറിവുണ്ടാക്കാന്‍ ആ മഹാന്മാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞു. അതേയവസരം ശ്രേഷ്ഠകര്‍മങ്ങളെ പ്രോത്സാഹിപ്പിക്കാനായി ഹദീസ് നിരൂപണ തത്ത്വങ്ങള്‍ക്ക് വഴങ്ങാത്തവിധം അടിസ്ഥാനരഹിതങ്ങളായ ഹദീസുകള്‍ വ്യാപകമായി ഉദ്ധരിക്കുന്ന പ്രവണത ഒരു പ്രശ്‌നമായി ഇവിടെ നിലനിന്നിരുന്നു. മറ്റൊരു ഭാഗത്ത് ഹദീസുകളുടെ പ്രാമാണികത പോലും നിരാകരിക്കുന്ന ചിന്താഗതികളും ഒറ്റപ്പെട്ട നിലയില്‍ കേരളത്തില്‍ പില്ക്കാലത്ത് അരങ്ങേറി. ഹദീസ് നിഷേധത്തിലേക്കാണ് ഈ നിലപാട് അവരെ എത്തിച്ചത്. ഈ പ്രവണതയ്ക്ക് കേരളത്തില്‍ വിത്തുപാകിയത് കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ബി. കുഞ്ഞഹമ്മദ് ഹാജിയാണ്.

തുടര്‍ന്ന് പി.കെ.എം അബുല്‍ ഹസന്‍ മൗലവി (ചേകനൂര്‍) എന്ന ഒരു പണ്ഡിതന്‍ ഓറിയന്റലിസ്റ്റുകള്‍ പടച്ചുവിട്ട ഹദീസ് നിഷേധ ആശയം പ്രചരിപ്പിക്കാന്‍ തുടങ്ങി. സാധാരണക്കാരായ ചില ആളുകളെ ആശയക്കുഴപ്പത്തിലാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. മൂന്നുനേരം നമസ്‌കരിച്ചാല്‍ മതി, സുന്നത്തുകര്‍മങ്ങള്‍ ചെയ്യേണ്ടതില്ല തുടങ്ങിയ വാദങ്ങളും അബൂഹുറയ്‌റ വ്യാജ ഹദീസ് നിര്‍മാതാവാണെന്ന വാദവുമാണ് അദ്ദേഹത്തിന്റെ പ്രചാരണങ്ങളില്‍ നിറഞ്ഞുനിന്നിരുന്നത്. 1970-കളില്‍ ചേകന്നൂര്‍ മൗലവി മോഡേണ്‍ ഏയ്ജ് സൊസൈറ്റി എന്ന ഒരു സംരഭവുമായി വീണ്ടും രംഗപ്രവേശം ചെയ്തു. 'മോഡേണ്‍' എന്ന വല ഹദീസ് നിഷേധമാണ് എന്ന് ജനം തിരിച്ചറിഞ്ഞതോടെ ആ സംരംഭം പൊളിഞ്ഞു. പിന്നീട് 'ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി' എന്ന ഒരു സംഘടന രൂപീകരിച്ച് അദ്ദേഹം ഇതേ ആശയം പ്രചരിപ്പിച്ചു. ഹദീസിന്റെ പ്രാമാണികത ചോദ്യം ചെയ്യുക എന്ന വിഷലിപ്തമായ തന്റെ ആശയം പ്രചരിപ്പിച്ചു കൊണ്ട് ഈ മൗലവി മുസ്‌ലിംകളെ വെല്ലുവിളിച്ചു. ഇസ്വ്‌ലാഹീ പ്രസ്ഥാന പ്രവര്‍ത്തകരായ പണ്ഡിതര്‍ അതിനെ നേരിട്ടു. എ.അലവി മൗലവി, കെ.സി അബൂബക്കര്‍ മൗലവി, എ.പി അബ്ദുല്‍ ഖാദര്‍ മൗലവി തുടങ്ങിയവര്‍ തുറന്ന സംവാദത്തിലൂടെയും അബ്ദുസ്സലാം സുല്ലമിയെപ്പോലുള്ളവര്‍ അദ്ദേഹത്തിന്റെ വാദങ്ങളെ ഖണ്ഡിക്കുന്ന രചനകളിലൂടെയും ഈ പ്രവണതയെ പിടിച്ചു കെട്ടി. തന്നിമിത്തം കേരളത്തിന്റെ മണ്ണില്‍ ഹദീസ് നിഷേധപ്രവണതയ്ക്ക് വേരോട്ടമുണ്ടായില്ല.

 

 

Feedback