Skip to main content

മുസ്‌നദു അഹ്മദ് ബിൻ ഹന്‍ബല്‍

അബൂഅബ്ദില്ല അഹ്മദുബ്‌നു മുഹമ്മദിബ്‌നി ഹന്‍ബല്‍ അശ്ശൈബാനി ഹി. 164 ല്‍ ബഗ്ദാദിലാണ് ജനിച്ചത്. വൈജ്ഞാനികവും നാഗരികവുമായ പുരോഗതി കൊണ്ട് പ്രശസ്തിയാര്‍ജിച്ച പട്ടണമായിരുന്നു ബഗ്ദാദ്. അനാഥനായി വളര്‍ന്ന അഹ്മദുബ്‌നു ഹന്‍ബല്‍ തന്റെ വിജ്ഞാന ദാഹം തീര്‍ക്കാനായി ബഗ്ദാദിലൂടെ യാത്ര തിരിച്ചു. ഹദീസ് വിജ്ഞാനീയങ്ങളോട് ചെറുപ്പത്തിലേ താല്പര്യം പ്രടിപ്പിച്ച ഇമാം ഗുരുനാഥനായി ഹുശൈം ബ്നു ബശീറില്‍വാസിഥിയെ സ്വീകരിച്ചു. യമന്‍, തിഹാമ, ഹിജാസ്, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലേക്ക്, ഇമാം ഹദീസ് വിജ്ഞാനങ്ങള്‍ തേടിയുള്ള യാത്രകള്‍ നടത്തി. ക്ഷമ, വിനയം, വിട്ടുവീഴ്ച തുടങ്ങിയ സദ്ഗുണങ്ങള്‍ ഇമാമിന്റെ വ്യക്തിത്വത്തെ വ്യതിരിക്തമാക്കി. ഇമാം അഹ്മദുബ്‌നു ഹന്‍ബലിനേക്കാള്‍ ഭക്തനും, വിരക്തിയുള്ളവനുമായ ഒരാളെ എനിക്ക് ബഗ്ദാദില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല എന്ന് ഇമാം ശാഫിഈ പറഞ്ഞിട്ടുണ്ട്. അഗാധജ്ഞാനം, അസാമാന്യ ഓര്‍മശക്തി എന്നിവകൊണ്ട് അനുഗൃഹീതനായ ഇമാം അഹ്മദ് കര്‍മശാസ്ത്രത്തില്‍ നാലിലൊരു സരണിയുടെ ഉപജ്ഞാതാവായി അറിയപ്പെടുന്നു. ഖുര്‍ആന്‍ അല്ലാഹുവിന്റെ സൃഷ്ടിയാണെന്ന് സമ്മതിക്കാത്തിന്റെ പേരില്‍ 28 മാസം ഇദ്ദേഹത്തെ ഖലീഫ മുഅ്തസിം ജയിലിലാക്കുകയുണ്ടായി.

മുസ്‌നദു അഹ്മദുബ്‌നി ഹന്‍ബല്‍ പ്രസിദ്ധമായ ഹദീസ് ഗ്രന്ഥമാണ്. ബുഖാരി- മുസ്‌ലിമില്‍ കാണപ്പെടാത്ത ധാരാളം സ്വഹീഹായ ഹദീസുകള്‍ ഉള്‍പ്പെടെ ഇരുപത്തി ആറായിരത്തിലധികം ഹദീസുകളുടെ സമാഹാരമാണ് ഈ ഗ്രന്ഥം.

റിപ്പോര്‍ട്ട് ചെയ്ത സഹാബികളുടെ നാമങ്ങളുടെ അടിസ്ഥാനത്തില്‍ ക്രമപ്പെടുത്തിയതാണ് ഈ ഗ്രന്ഥം. ഹദീസ് സാഹിത്യത്തില്‍ മികച്ച ഈ കൃതിയുടെ രചന ആരംഭിക്കുന്നത് അദ്ദേഹം ഹദീസ് പഠനമാരംഭിച്ച ഹി: 180ലാണ്. അന്ന് അഹ്മദിന് പതിനാറ് വയസ്സായിരുന്നു പ്രായം. ക്രമീകരിക്കുകയോ അധ്യായങ്ങളാക്കി തിരിക്കുകയോ അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നില്ല. പ്രത്യുത ക്രോഡീകരണം മാത്രമേ ഉദ്ദേശിച്ചിരുന്നുള്ളൂ. മരണാസന്നനായപ്പോള്‍ പുത്രന്മാരായ സ്വാലിഹ്, അബ്ദുള്ള സഹോദരപുത്രന്‍ ഹമ്പല്‍ ഇബ്‌നു ഇസ്ഹാഖ് എന്നിവരെ വിളിച്ചുചേര്‍ത്ത് അവര്‍ക്ക് മുസ്‌നദ് വായിച്ചു കൊടുക്കുകയായിരുന്നു. അതിനാല്‍തന്നെ ഇവര്‍ മൂന്നുപേര്‍ മാത്രമാണ് അഹ്മദില്‍ നിന്ന് മുസ്‌നദ് പൂര്‍ണമായി ശ്രവിച്ചത്. പിന്നീട് പുത്രന്‍ അബ്ദുല്ല, താന്‍ ശ്രവിച്ചതും ഉള്ളടക്കത്തോട് യോജിക്കുന്നതുമായ ഹദീസുകള്‍ അതില്‍ കൂട്ടിച്ചേര്‍ക്കുമായിരുന്നു.

ഗ്രന്ഥരചന ഇഷ്ടപ്പെടാത്ത പിതാവ് മുസ്‌നദ് രചിക്കാനുള്ള കാരണമന്വേഷിച്ച പുത്രന്‍ അബ്ദുല്ലയോട് അഹ്മദിന്റെ മറുപടി, തിരുചര്യയില്‍ അവലംബിക്കാവുന്ന ഈ കൃതിയെ ഒരു ഇമാം ആയാണ് താന്‍ രചിച്ചതെന്നായിരുന്നു. മാത്രമല്ല, ഇത് സൂക്ഷിച്ചുവെക്കണമെന്നും പിന്നീടത് ഇമാം ആയിത്തീരുമെന്നും പുത്രനോടദ്ദേഹം ഉപദേശിച്ചു.

മുസ്‌നദില്‍ ദുര്‍ബല ഹദീസുകളുണ്ടെന്നതാണ് പണ്ഡിതാഭിപ്രായം. ഇബ്‌നു തൈമിയ മിന്‍ഹാജുസുന്ന എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം പറയുന്നു: ''സാങ്കേതികമായി ദുര്‍ബല ഹദീസുകളുണ്ടാകാം. അഹ്മദിന്റെ നിവേദനം വഴി അതുണ്ടായിയെന്ന് പറയുന്നില്ല. ദുര്‍ബലമെന്ന് വ്യക്തമാകുന്നതെല്ലാം അബ്ദുല്ലാ ഹിബ്‌നു അഹ്മദില്‍ നിന്ന് നിവേദനം നടത്തിയ ഖത്വീഈ കൂട്ടിച്ചേര്‍ത്തതാണ്.''

Feedback