Skip to main content

സുനനു അബീദാവൂദ്

അബൂദാവൂദ് സുലൈമാനു ബ്‌നു അശ്അസിബ്‌ന് ഇസ്ഹാഖ് സജിസ്താനി എന്ന പൂര്‍ണനാമത്തില്‍ അറിയപ്പെട്ട ഇമാം അബൂദാവൂദ് ഹി. 202 ല്‍ സജസ്താന്‍ പട്ടണത്തില്‍ ജനിച്ചു. അബ്ബാസി ഭരണത്തിന്റെ സുവര്‍ണ ഘട്ടമായിരുന്നു ഇത്. ജീവിതത്തിന്റെ സിംഹഭാഗവും കഴിച്ചുകൂട്ടിയ ബഗ്ദാദില്‍ വെച്ചുതന്നെയാണ് അദ്ദേഹം സുനനിന്റെ രചന നിര്‍വ്വഹിച്ചത്. ഹിജ്‌റ 71ല്‍, വിജ്ഞാനങ്ങളുടെ കേന്ദ്രമായ ബസ്വറയിലേക്ക് താമസം മാറി. ഹി: 275 ല്‍ അവിടെ വെച്ച് മരണപ്പെട്ടു.

ഇമാം അബൂദാവൂദിന്റെ ഹദീസ് ഗ്രന്ഥത്തിന് സുനനു അബീദാവൂദ് എന്നാണ് പേര്. 35 അധ്യായങ്ങളിലായി ആവര്‍ത്തനങ്ങള്‍ ഒഴിച്ച് 5274  ഹദീസുകളാണ് ഇതിലുള്ളത്. വിവിധ പണ്ഡിതന്മാരില്‍ നിന്നായി ഇമാം 5 ലക്ഷം ഹദീസുകള്‍ മനഃപാഠമാക്കിയിരുന്നു. അവയില്‍നിന്ന് തിരഞ്ഞെടുത്ത 5274 ഹദീസുകള്‍ മാത്രമാണ് അദ്ദേഹം തന്റെ സുനനില്‍ ചേര്‍ത്തിട്ടുള്ളത്. ശുചീകരണം എന്ന അധ്യായം കൊണ്ടാണ് സുനന്‍ ആരംഭിക്കുന്നത്. അഹ്കാമുകളെ (വിധി) സംബന്ധിച്ചുള്ള മിക്ക ഹദീസുകളും അദ്ദേഹം തന്റെ ഗ്രന്ഥത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇമാം ഇബ്‌നുല്‍ അറബി പറയുന്നു: ''തന്റെ കൈവശം അല്ലാഹുവിന്റെ കലാമായ പരിശുദ്ധ ഖുര്‍ആനും പിന്നെ സുനനു അബീദാവൂദും ഉണ്ടെങ്കില്‍ ഒരാള്‍ക്ക് വിജ്ഞാനം കരസ്ഥമാക്കാന്‍ മറ്റൊന്നും തന്നെ അവന്‍ ആശ്രയിക്കേണ്ടതില്ല.''

ഹദീസ് പണ്ഡിതന്മാര്‍ ചില പ്രത്യേക രീതിയില്‍ ഹദീസുകള്‍ ക്രോഡീകരിക്കാന്‍ ശ്രമിക്കുന്നത് ചില ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ്. പലരും ഹദീസുകള്‍ അക്ഷരം പിഴക്കാതെ അതിസൂക്ഷ്മമായി ഉദ്ധരിക്കാനാണ് നിഷ്‌കര്‍ഷത പുലര്‍ത്തിയത്. കര്‍മശാസ്ത്ര പ്രശ്‌നങ്ങള്‍ അവര്‍ അത്ര ഗൗനിച്ചില്ല. ഇത് ഇമാമുമാരെക്കുറിച്ച് മോശമായ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരാനിടയാക്കി. ഇമാം അബൂഹനീഫയെക്കുറിച്ച് ഹുമൈദിയും ഇമാം ശാഫിയെക്കുറിച്ച് അഹ്മദുബ്‌നു അബ്ദില്ലാഹ് അല്‍ അജലിയും നടത്തിയ വിമര്‍ശനങ്ങള്‍ ഇതിനുദാഹരണങ്ങളാണ്. അതിനാല്‍ കര്‍മശാസ്ത്രകാരന്മാരുടെ അഭിപ്രായങ്ങള്‍ കൂടി തന്റെ സുനനില്‍ ഉള്‍പ്പെടുത്താന്‍  അബൂദാവൂദ് ശ്രദ്ധിച്ചു. ഇമാമുമാരായ മാലിക്, സൗരി, ശാഫിഈ, തുടങ്ങിയവരുടെ മദ്ഹബുകളുടെ അവലംബങ്ങള്‍ ഈ ഗ്രന്ഥത്തില്‍ ലഭ്യമാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

മുസ്‌ലിം പണ്ഡിതലോകത്ത് സ്വീകാര്യത നേടിയ ഗ്രന്ഥമാണിത്. ഖത്താബിയുടെ അഭിപ്രായമനുസരിച്ച്, സുനനു അബീദാവൂദ് പോലുള്ളൊരു ഗ്രന്ഥം നാളിതുവരെ രചിക്കപ്പെട്ടിട്ടില്ല. ഹദീസ് നിവേദന നിരൂപണത്തില്‍ അതിതീവ്രത പുലര്‍ത്തുന്ന ഇബ്‌നുല്‍ ജൗസി, തിര്‍മിതിയുടെ മുപ്പതും നസാഈയുടെ പത്തും അബൂദാവൂദിന്റെ ഒമ്പതും എണ്ണം ഹദീസുകള്‍ വ്യാജനിര്‍മിതമെന്ന് പറഞ്ഞിട്ടുണ്ട്. ഇതിന് പണ്ഡിതലോകം  മറുപടിയും പറഞ്ഞിട്ടുണ്ട്. സുനന്‍ അര്‍ബഅയില്‍ അബൂദാവൂദിന്റെതാണ് സ്വീകാര്യതയില്‍ മുന്നിട്ടു നില്‍ക്കുന്നത്.

ഒരേ സനദില്‍ വ്യത്യസ്ത സനദുകള്‍ വിവരിക്കുന്നതു പോലെ ഒരേ മത്‌നില്‍ പല മത്‌നുകളും ഗ്രന്ഥകാരന്‍ വിവരിക്കുന്നുണ്ട്. മാത്രമല്ല, ഓരോ ഹദീസിലെയും വ്യത്യസ്ത പദങ്ങളെ പ്രത്യേകം എടുത്തുദ്ധരിക്കും.  ഇതിലൂടെ ധാരാളം കാര്യങ്ങള്‍ക്ക് വ്യക്തത കിട്ടും. പദങ്ങളുടെ ഏറ്റക്കുറച്ചില്‍, വ്യത്യാസം, റിപ്പോര്‍ട്ടറുടെ വിശേഷണം, എന്നിവയൊക്കെ രേഖപ്പെടുത്തിയിരിക്കും. ഒറ്റതലക്കെട്ടില്‍ വിവിധ വിഷയങ്ങളുള്‍ക്കൊള്ളുന്ന രിവായത്തുകള്‍ ചിലപ്പോള്‍ കൊണ്ടുവരും. പെരുമാറ്റ മര്യാദകള്‍ (കിതാബുല്‍ ആദാബ്) ക്ക് തന്റെ സുനനില്‍ അദ്ദേഹം പ്രത്യേക സ്ഥാനം നല്‍കിയിട്ടുണ്ട്.

ഇരുപതിലേറെ വ്യാഖ്യാനങ്ങളും (ശര്‍ഹുകള്‍) വ്യാഖ്യാനക്കുറിപ്പുകളും (ഹാശിയ) അബൂദാവൂദിന്റെ ഈ ഹദീസ് സമാഹാരത്തിനുണ്ട്. അവയില്‍ ചിലത് അപൂര്‍ണമാണ്. ഖത്താബിയുടെ മആലിമുസ്സുനന്‍, സുയൂത്ത്വിയുടെ മിര്‍വാത്തുസ്സുഊദാ, ഇബ്‌നുല്‍ ഖയ്യിമിന്റെ തഹ്ദീബുസ്സുനന്‍ ഔനുല്‍ മഅ്ബുദ് എന്ന സംക്ഷിപ്ത വിവരണം എന്നിവയാണ് അറിയപ്പെടുന്ന വ്യാഖ്യാന കൃതികള്‍.
 

Feedback