Skip to main content

മുവത്വ

അബൂഅബ്ദില്ല മാലികുബ്‌നു അനസുബ്‌നു മാലിക് എന്ന് പൂര്‍ണ്ണനാമമുള്ള ഇമാം മാലിക് ഹിജ്‌റ 93 ല്‍ മദീനയിലാണ് ജനിച്ചത്. കര്‍മശാസ്ത്ര വിശാരദനും ഹദീസ് പണ്ഡിതനുമായ ഇമാം മാലികിന്റെ വംശപരമ്പര ഒരു യമനി ഗോത്രത്തിലാണ് അവസാനിക്കുന്നത്. വൈജ്ഞാനിക പൈതൃകങ്ങളുടെ മഹനീയ പാരമ്പര്യമുള്ള മദീനയില്‍ ജനിച്ചു വളര്‍ന്നത് ഹദീസുകളില്‍ അഗാധ വിജ്ഞാനം നേടാന്‍ കാരണമായി. ചെറുപ്പത്തിലെ ഖുര്‍ആന്‍ ഹൃദ്യസ്തമാക്കിയ ഇമാം മാലിക് ഹദീസുകള്‍ മനഃപാഠമാക്കാന്‍ ആരംഭിക്കുകയും പണ്ഡിത സഹവാസത്തിലൂടെ അവരില്‍ നിന്ന് ഹദീസുകളുടെ റിപ്പോര്‍ട്ടുകള്‍ സ്വീകരിക്കുകയും ചെയ്തു. ഫിഖ്ഹിലും ഹദീസിലും അഗാധജ്ഞാനമുണ്ടായിരുന്ന ഇമാം മാലികിന്റെ മുവത്വ എന്ന ഗ്രന്ഥമാണ് ഇവ്വിഷയമായി രചനയിലും ക്രോഡീകരണത്തിലും ആദ്യത്തേതായി അറിയപ്പെടുന്നത്.

ഹദീസും കര്‍മശാസ്ത്രവും ഒന്നിച്ച് ഉള്‍കൊള്ളുന്നതും ഇസ്‌ലാമിക സമൂഹത്തില്‍ ഏറെ പ്രചാരത്തിലുള്ളതും ആദ്യം രചിക്കപ്പെട്ടതുമായ ആധികാരിക ഗ്രന്ഥമാണ് ഇമാം മാലികിന്റെ മുവത്വ. ഇമാം മാലികിന്റെ കാലം രചനകള്‍ ആവശ്യമായ കാലമായിരുന്നു. കാരണം. ഇഛാനുസൃതം മതവിധികള്‍ പറയുകയും അവ ഹദീസെന്ന വ്യാേജന ക്രോഡീകരിക്കുകയും ചെയ്ത ആ കാലത്ത് യഥാര്‍ഥ ഹദീസുകളെയും സ്വഹാബത്തിന്റെയും താബിഉകളുടെയും വചനങ്ങളെയും സംരക്ഷിക്കേണ്ടത് ആവശ്യമായിരുന്നു. ഇമാം മാലികിന്റെ കാലത്തിന് മുമ്പു തന്നെ ഭരണാധികാരികളുടെയും പണ്ഡിതന്മാരുടെയും ഭാഗത്ത് നിന്ന് മദീനയിലെ വിജ്ഞാനം ക്രോഡീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇമാം മാലികിന്റെ കാലഘട്ടമായപ്പോള്‍ അദ്ദേഹത്തെ അതിന് വേണ്ടി അവര്‍ പ്രേരിപ്പിച്ചു. അതുകൊണ്ട് തന്നെ മദീനയിലെ ഹദീസുകളും സ്വഹാബികളുടെയും താബികളുടെയും വചനങ്ങളും സമാഹരിക്കാന്‍ അന്നത്തെ ഏറ്റവും വലിയ വിജ്ഞാന സ്രോതസ്സായ അദ്ദേഹം നിര്‍ബന്ധിതനായി. ഇമാം മാലികിനെ 'മുവത്വ' ക്രോഡീകരിക്കാന്‍ പ്രേരിപ്പിച്ചത് സുല്‍ത്താന്‍ അബൂജഅ്ഫര്‍ അല്‍മന്‍സൂര്‍ ആയിരുന്നു എന്ന് ചില പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അവര്‍ പറയുന്നു. അബൂജഅ്ഫര്‍ ഇമാം മാലികിനോട് പറഞ്ഞു: ''നിങ്ങള്‍ ഒരു ഗ്രന്ഥം രചിക്കുക. അതവലംബിക്കാന്‍ ജനങ്ങളെ ഞാന്‍ നിര്‍ബന്ധിക്കാം, നിങ്ങള്‍ ഈ വിജ്ഞാനത്തെ അവലംബിക്കാവുന്ന ഏക വിജ്ഞാനമാക്കുക''. അപ്പോള്‍ മാലിക് അദ്ദേഹത്തോട് പറഞ്ഞു: ''പ്രവാചകന്റെ സ്വഹാബികളിലൊരാള്‍ വ്യത്യസ്ത നാടുകളിലേക്ക് യാത്ര ചെയ്തു. അവരെല്ലാവരും അവരുടെ വീക്ഷണമനുസരിച്ചാണ് ഫത്വ്‌വ നല്‍കിയത്. മക്കാനിവാസികള്‍ക്ക് ഒരു വീക്ഷണമുണ്ട്. മദീന നിവാസികള്‍ക്ക് വെറൊരു വീക്ഷണമുണ്ട്. അതുപോലെ ഇറാഖിലെ ആളുകള്‍ക്ക് അവരുടേതായ വീക്ഷണമുണ്ട്''. അപ്പോള്‍ അബൂജഅ്ഫര്‍ പറഞ്ഞു: ''ഇറാഖ് നിവാസികളില്‍ നിന്ന് ഒന്നും ഞാന്‍ സ്വീകരിക്കുന്നില്ല. യഥാര്‍ഥ വിജ്ഞാനം മദീനക്കാരുടേതാണ്. അതുകൊണ്ട് ആ വിജ്ഞാനം ജനങ്ങള്‍ക്കുവേണ്ടി നിങ്ങള്‍ ശേഖരിക്കുക''. അപ്പോള്‍ മാലിക്  
പറഞ്ഞു. ''ഇറാഖുകാര്‍ നമ്മുടെ വിജ്ഞാനം കൊണ്ട് തൃപ്തിപ്പെടുകയില്ല''. ഇതു കേട്ട അബൂജഅ്ഫര്‍ പറഞ്ഞു: ''എന്നാല്‍, അവരെയെല്ലാം ഞാന്‍ വാളിന്നിരയാക്കും''(അല്‍ മദാരിക്, പേ:30).

ഹദീസ് വിജ്ഞാനങ്ങളെയെല്ലാം ഒറ്റ പ്രമാണത്തില്‍ ഏകീകരിപ്പിക്കാന്‍ വേണ്ടിയായിരുന്നു അബൂജഅ്ഫര്‍ ഇങ്ങനെയൊരു നിര്‍ദേശം മുന്നോട്ട് വെച്ചത്. അബൂജഅ്ഫറിന്റെ കാലത്ത് വൈവിധ്യമാര്‍ന്ന ചിന്താധാരകള്‍ വളര്‍ന്നുവരികയും കര്‍മശാസ്ത്ര പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായഭിന്നതകള്‍ വര്‍ദ്ധിച്ചുവരികയും ചെയ്തപ്പോള്‍ അതവസാനിപ്പിക്കാന്‍ ഹദീസുകള്‍ ക്രോഡീകരിക്കുകയും അതില്‍ നിന്ന് അഭിപ്രായങ്ങളെ ഏകോപിപ്പിക്കുകയും അത് എല്ലാം വിധികര്‍ത്താക്കള്‍ക്കും വിധി കല്‍പ്പിക്കാനുള്ള പ്രമാണമാക്കുകയും ചെയ്യുക എന്നതായിരുന്നു അതിന്റെ പിന്നിലെ മറ്റൊരു യുക്തി.

അങ്ങനെ അബൂജഅ്ഫറിന്റെ നിര്‍ദേശപ്രകാരം അദ്ദേഹം റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിക്കാന്‍ തുടങ്ങി. ഹിജ്‌റ 159 ല്‍ അദ്ദേഹം മുവത്വ പൂര്‍ത്തീകരിച്ചു. അബൂബക്ര്‍ ബ്‌നുഹസം, ഉമറുബ്‌നു അബ്ദില്‍ അസീസിന്റെ മരണശേഷം തന്റെ സമാഹാരം പൂര്‍ത്തികരിച്ചത് പോലെ ഇമാം മാലിക് ക്രോഡീകരണത്തിലും സംശോധനയിലും ആയി നീണ്ട 11 വര്‍ഷം ചെലവഴിച്ച ശേഷമാണ് അത് ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചത് (അല്‍മദാരിക്, പേജ്:232).

ഇമാം മാലികിന് ശേഷം ക്രോഡീകരിക്കപ്പെട്ട ഹദീസ് സമാഹാരങ്ങളായ സ്വിഹാഹുസ്സിത്ത പോലെയല്ല അദ്ദേഹം മുവത്വ ക്രോഡീകരിച്ചത്.  അതില്‍ ഹദീസുകളും പ്രവാചകചര്യകളും മദീനയിലെ കര്‍മശാസ്ത്രവുമെല്ലാം ഉള്‍കൊണ്ടിട്ടുണ്ട്. തന്റെ കര്‍മശാസ്ത്ര വീക്ഷണങ്ങള്‍ പറയുന്ന സ്ഥലത്ത് അദ്ദേഹം ഹദീസുകള്‍ ഉദ്ധരിക്കുകയും അതനുസരിച്ച് മദീന നിവാസികള്‍ ഏകോപിതമായി പ്രവര്‍ത്തിച്ചു എന്നു രേഖപ്പെടുത്തുകയും ചെയ്തതായി കാണാം. പിന്നെ താബിഉകളില്‍ നിന്നും കര്‍മശാസ്ത്ര പണ്ഡിതന്മാരില്‍ നിന്നുമെന്ന പോലെ താന്‍ റിപ്പോര്‍ട്ട് സ്വീകരിച്ചവരുടെ അഭിപ്രായങ്ങളും മദീനയില്‍ പ്രസിദ്ധമായ  അഭിപ്രായങ്ങളും അദ്ദേഹം ശേഖരിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ കേവല ഹദീസ് സമാഹാരമല്ല മുവത്വ, മറിച്ച് ഹദീസും സ്വഹാബത്തിന്റെയും താബിഉകളുടെയും അഭിപ്രായങ്ങളും കര്‍മശാസ്ത്ര വിധികളും ഉള്‍ക്കൊള്ളുന്ന ഒരു ഗ്രന്ഥമാണത്.

ഹദീസുകള്‍ സംശോധന നടത്തുന്നതിലുള്ള അദ്ദേഹത്തിന്റെ രീതീശാസ്ത്രം എറെ കര്‍ക്കശമാണ്. ഒരു ഹദീസ് അദ്ദേഹം സ്വീകരിക്കുന്നത് അതിന്റെ റിപ്പോര്‍ട്ടര്‍മാരുടെ വ്യക്തിത്വവും അവസ്ഥകളും സ്പഷ്ടമായി നിരൂപണം ചെയ്തതിന് ശേഷമായിരിക്കും. ഇമാം മാലിക് റിപ്പോര്‍ട്ടര്‍മാരെ നിരൂപണം ചെയ്യുന്നതിലും അല്ലാഹുവിന്റെ ഗ്രന്ഥവുമായിട്ടും പ്രശസ്തമായ ഹദീസുകളുമായിട്ടും റിപ്പോര്‍ട്ടുകളെ തുലനം ചെയ്യുന്നതിലുമാണ് നൈപുണ്യം തെളിയിച്ചത്. അതുകൊണ്ട് തന്നെ തന്റെ മുവത്വയില്‍ സംശോധന നടത്തിയ സ്വഹീഹായ ഹദീസുകള്‍ മാത്രമെ ഉള്‍കൊള്ളിച്ചിട്ടുള്ളൂ.

Feedback