Skip to main content

സുനനു ഇബ്‌നി മാജ

അബൂ അബ്ദില്ലാഹ് മുഹമ്മദുബ്‌നു യസീദ് അര്‍റബഈ അല്‍ഖസ്‌വീനി എന്നാണ് മുഴുവന്‍ പേര്. ഇബ്‌നുമാജ എന്ന നാമത്തില്‍ അറിയപ്പെട്ടു. ഹിജ്‌റ 207 ല്‍ ദൈലമിന്നടുത്ത ഖസ്‌വീന്‍ എന്ന ഗ്രാമത്തില്‍ ജനിച്ചു. ഹി. 209 ലാണ് ജനനമെന്നും അഭിപ്രായമുണ്ട്. ഖുറാസാന്‍, ഹിജാസ്, ഇറാക്, മിസ്വ്ര്‍, ശാം, ബഗ്ദാദ്, കൂഫ എന്നീ സ്ഥലങ്ങളില്‍ നിന്നെല്ലാം ഹദീസ് പഠിക്കുകയും ശേഖരിക്കുകയും ചെയ്തു. ഇമാം മാലിക്(റ)ന്റെയും ഇമാം ലൈസിന്റെയും ശിഷ്യന്മാരില്‍നിന്നും മറ്റനേകം പണ്ഡിതന്മാരില്‍ നിന്നുമാണ് ഹദീസ് പഠിച്ചത്. ഇമാം അലിയ്യ്ബ്‌നു‌ സഈദ്, ഇമാം അഹ്മദുബ്‌നു ഇബ്രാഹിം എന്നീ പണ്ഡിതന്മാര്‍ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചവരാകുന്നു.

ഇമാം ഇബ്‌നുമാജ രചിച്ച ഹദീസ് ഗ്രന്ഥത്തിന് സുനനു ഇബ്‌നിമാജ എന്നാണ് പേര്. സിഹാഹുസ്സിത്തയില്‍ ആറാമത്തെ ഗ്രന്ഥമാകുന്നു സുനനു ഇബ്‌നിമാജ. ആകെ 32 തലക്കെട്ടുകളിലായി ആയിരത്തി അഞ്ഞൂറ് അധ്യായങ്ങളില്‍ നാലായിരം ഹദീസുകളാണ് ഈ ഗ്രന്ഥത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

വിധിവിലക്കുകള്‍ പറയുന്ന സമഗ്രമായ ഗ്രന്ഥമായി ഇബ്‌നുഹജര്‍, സുനനു ഇബ്‌നിമാജയെ വിശേഷിപ്പിക്കുന്നു. കര്‍മശാസ്ത്ര ക്രമീകരണങ്ങളുടെ മേന്മ കാരണം ഇബ്‌നു കസീര്‍ പ്രയോജനപ്രദം എന്ന് അഭിപ്രായപ്പെടുന്നു. സ്വിഹാഹിലെ മറ്റ് അഞ്ച് ഗ്രന്ഥങ്ങളിലും ഇല്ലാത്ത അപൂര്‍വ ഹദീസ് ശേഖരമാണ് മുഖ്യമായും ചിലര്‍ എടുത്തുപറഞ്ഞ പ്രത്യേകത. ഇത്തരം ഹദീസുകള്‍ ദുര്‍ബലമാണെങ്കിലും പ്രസ്തുതവിഷയത്തില്‍ മറ്റു മുഹദ്ദിസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഹദീസുകളും ഇബ്‌നുമാജയില്‍ കാണാം. അതത് നാടുകളിലേക്ക് ഹദീസ് ചേര്‍ത്തുപറയുന്ന രീതിയും അദ്ദേഹത്തിനുണ്ട്.

മുന്‍കാലങ്ങളില്‍ പലരും ഇബ്‌നു മാജയെ സ്വിഹാഹുസ്സിത്തയില്‍ ചേര്‍ത്തിരുന്നില്ല. ചിലര്‍ക്ക് ദാരിമിയും വേറെ ചിലര്‍ക്ക് മുവത്ത്വ മാലികുമാണ് ആറാമത്തെ സ്വഹീഹ്. ഹാഫിള് അബ്ദുല്‍ ഫദ്ല്‍ മുഹമ്മദ് ത്വാഹിര്‍ അല്‍ മഖ്ദിസിയാണ് (മരണം. ഹിജ്‌റ 507) ഇബ്‌നുമാജയെ സ്വിഹാഹുസ്സിത്തയില്‍ ഉള്‍പ്പെടുത്തിയത്. പിന്നീടുവന്ന ഗ്രന്ഥകാരന്മാരെല്ലാം അദ്ദേഹത്തെ അനുകരിച്ചു. ഏതായാലും മറ്റു പല ഹദീസ് ഗ്രന്ഥങ്ങള്‍ക്കും അവകാശപ്പെടാനില്ലാത്തവിധം ഇബ്‌നുമാജയിലെ വിഷയങ്ങളുടെ ക്രോഡീകരണം ഉപകാരപ്രദമാണെന്ന കാര്യത്തില്‍ ഏകാഭിപ്രായമുണ്ട്. ചില ദുര്‍ബല ഹദീസുകള്‍ 'സുനനി'ല്‍ ചേര്‍ത്തില്ലായിരുന്നുവെങ്കില്‍ ഇത് അബൂദാവൂദ്, നസാഈ എന്നിവയോട് കിടപിടിക്കുമായിരുന്നു എന്നാണ് ചില നിരൂപകരുടെ വിലയിരുത്തല്‍. ഇബ്‌നുമാജക്ക് പത്തോളം ശര്‍ഹുകളും അനുബന്ധകൃതികളും ഹിജ്‌റ 8-ാം നൂറ്റാണ്ടുമുതല്‍ രചിക്കപ്പെട്ടിട്ടുണ്ട്. വ്യാഖ്യാനമെഴുതിയവരില്‍ 4 മദ്ഹബുകാരുമുണ്ട്.

Feedback