Skip to main content

സില്‍സിലതുല്‍ അഹാദീസിസ്സഹീഹ

ആധുനിക ഹദീസ് പണ്ഡിതരില്‍ അഗ്രേസരനായ മുഹമ്മദ് നാസിറുദ്ദീന്‍ അല്‍ബാനിയുടെ (ദമസ്‌കസ്) പ്രസിദ്ധ രചനയാണ് സ്വിഹാഹു അല്‍ബാനീ എന്ന പേരില്‍ അിറയപ്പെടുന്ന 'സില്‍സിലതുല്‍ അഹാദീസിസ്സഹീഹ വ ശൈഉന്‍ മിന്‍ ഫിഖ്ഹിഹാ വ ഫവാഇദിഹാ'. ആധുനിക കാലഘട്ടത്തിലെ ഹദീസ് നിഷേധികളില്‍ നിന്നും, ദുര്‍ബലഹദീസുകളിലൂടെ ഇസ്‌ലാമിനെ വികൃതമാക്കുന്ന പുരോഹിതന്മാരില്‍ നിന്നും പ്രവാചക സുന്നത്തിനെ സംരക്ഷിക്കുന്നതില്‍ മഹത്തായ പങ്കുവഹിച്ചുകൊണ്ടിരിക്കുന്ന രചനയാണ് ഇതെന്നതില്‍ രണ്ടഭിപ്രായമില്ല. ഈ ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ അല്‍ബാനി തന്നെ വ്യക്തമാക്കിയതുപോലെ ഇസ്‌ലാമിന്റെ രണ്ടാം പ്രമാണമായ പ്രവാചക സുന്നത്തെന്ന നന്മയുടെ പൂന്തോട്ടത്തില്‍ കളകള്‍ തഴച്ചു വളര്‍ന്ന് പാമരന്മാരായ ജനങ്ങള്‍ക്ക് വിളകള്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയെത്തി. ശരിയായതെന്നു കരുതി ജനം ആദരിച്ചു വരുന്ന പല പ്രവാചക വചനങ്ങളും കളകളാണ് എന്ന തിരിച്ചറിവ് റസൂലിന്റെ സുന്നത്തിനെ സ്‌നേഹിക്കുന്നവര്‍ക്ക് വേദനയുണ്ടാക്കുന്ന കാഴ്ചയാണ്. ഇതാണ് 'അല്‍ അഹാദീസു ദ്ദഈഫ വല്‍മൗദൂഅ വ അസറുഹാസ്സയ്യിഉ ഫില്‍ ഉമ്മ' എന്ന പേരില്‍ അത്തമദ്ദുനുല്‍ ഇസ്‌ലാമീ എന്ന പ്രസിദ്ധീകരണത്തില്‍ ലേഖന പരമ്പര എഴുതാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഇതിന് പണ്ഡിതലോകത്തു നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. എന്നാല്‍ ഇത് ഹദീസ് സംരക്ഷണത്തിന്റെ ഒരു ഭാഗമേ ആകുന്നുള്ളൂ. തെറ്റായത് തിരിച്ചറിയുന്നത് കൊണ്ടു മാത്രം ശരി മനസ്സിലാകണമെന്നില്ല. ഇത്, രോഗം വ്യക്തമാക്കിയാല്‍ പോര, മരുന്നും നിര്‍ദേശിക്കപ്പെടേണ്ടതുണ്ടെന്ന് ചിന്തിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. അതാണ് പിന്നീട് ഏഴു വാള്യങ്ങളിലായി നാലായിരത്തിലേറെ ഹദീസുകള്‍ ഉള്‍ക്കൊള്ളുന്ന 'സില്‍സിലുതുല്‍ അഹാദീസിസ്സഹീഹ വ ശൈഉന്‍ മിന്‍ ഫിഖ്ഹിഹാ വ ഫവാഇദിഹാ' എന്ന ഹദീസ് സമാഹാരത്തിന് കാരണമായത്. 1995 ല്‍ സുഊദി അറേബ്യയിലെ മക്തബതുല്‍ മആരിഫ് ആണ് ഇത് പ്രസിദ്ധീകരിച്ചത്.

ഈ ഗ്രന്ഥം ഇസ്‌ലാമിക ലോകത്ത് ഏറെ ചര്‍ച്ചയും വിവാദവുമുണ്ടാക്കി എന്നത് അതിനുള്ള അംഗീകാരമായിരുന്നു.  തന്റെ സൂക്ഷ്മമായ പഠനവും അഗാധമായ ഹദീസീ വിജ്ഞാനവും കൈമുതലാക്കി അദ്ദേഹം നടത്തിയ ഹദീസ് സംശോധനയില്‍ ഇതുവരെ സ്വഹീഹ് എന്ന് നിരാക്ഷേപം കരുതപ്പെട്ടിരുന്ന പല ഹദീസുകളും പ്രബലങ്ങളല്ലെന്നും പ്രബലമല്ലെന്നതിനാല്‍ തള്ളപ്പെട്ട ചിലതെങ്കിലും ശരിയായിരുന്നുവെന്നും അദ്ദേഹം സമര്‍ഥിച്ചു. ഇതിന്റെ രചനയില്‍ ആദ്യകാല മുഹദ്ദിസുകളെക്കാള്‍ ചില സൗകര്യങ്ങളും അസൗകര്യങ്ങളും അദ്ദേഹത്തിനുണ്ടായി. ആദ്യകാലക്കാരായ പണ്ഡിതര്‍ റസൂലിന്റെ കാലത്തോട് അടുത്തു നില്‍ക്കുന്നു എന്നതിനാല്‍ ശരിയിലേക്കെത്താന്‍ കുറഞ്ഞ ദൂരമേ ഉള്ളൂ എന്നത് അവര്‍ക്ക് ശരിതെറ്റു വ്യവഛേദിക്കല്‍ എളുപ്പമാക്കിയിരുന്നു. അല്‍ബാനീ ഇരുപതാം നൂറ്റാണ്ടുകാരനാണ് എന്നത് പ്രയാസകരമായ അകലം തന്നെയാണ്. എന്നാല്‍ ഇതിനെ മറികടക്കാവുന്ന സൗകര്യവും അദ്ദേഹത്തിനു ലഭിച്ചു. അഥവാ, ഹദീസുകളെല്ലാം ക്രോഡീകരിക്കപ്പെടുകയും അതിന്റെ നിവേദകന്‍മാരെ കുറിച്ച് കൃത്യമായി രേഖപ്പെടുത്തപ്പെടുകയും അതെല്ലാം ഏകദേശം ഗ്രന്ഥങ്ങളായി ഒരേ കുടക്കീഴില്‍ ഒരുമിച്ചു കൂട്ടപ്പെടുകയും ചെയ്തകാലത്താണ് അദ്ദേഹം ജീവിച്ചത് എന്നതിനാല്‍ അവ സംഘടിപ്പിക്കാനും താരതമ്യംചെയ്യാനും അദ്ദേഹത്തിന് സാധിച്ചു.

ഒരു ഹദീസ് ഉദ്ധരിച്ച് അതിന്റെ നിവേദക ഗ്രന്ഥവും അധ്യായവും സൂചിപ്പിക്കുക, അതിന്റെ പ്രബലതയുടെ വിധി (സഹീഹ്, ഹസന്‍ എന്നിങ്ങനെ) പ്രസ്താവിക്കുക, മുന്‍ പണ്ഡിതന്മാര്‍ അതിനു നല്കിയ സ്വീകാര്യതാവിധി സൂചിപ്പിക്കുക, അതിലെ നിവേദകന്‍മാരെ പരിചയപ്പെടുത്തുക, ആവശ്യമുള്ളിടത്ത് ഭാഷാപരവും കര്‍മശാസ്ത്രപരവുമായ ചെറിയ ആശയ വിശദീകരണം നല്കുക എന്നിങ്ങനെയാണ് ഇതിന്റെ രചനാ രീതി. പ്രത്യേകം അധ്യായനാമങ്ങളോ നിശ്ചിത മുന്‍ഗണനാ ക്രമമോ പരിഗണിക്കാതെയാണ് ഇതില്‍ ഹദീസുകള്‍ ക്രോഡീകരിച്ചിട്ടുള്ളത്.

ഇവിടെ അല്‍ബാനി സ്വഹീഹായി വിധിച്ച ചില ഹദീസുകള്‍ ദുര്‍ബലങ്ങളാണെന്നും അദ്ദേഹം ദുര്‍ബലമായി മാറ്റി നിര്‍ത്തിയ ഹദീസുകളില്‍ പ്രബലമായവയുണ്ടെന്നും ചില സാഹചര്യങ്ങളില്‍ ദുര്‍ബലമായ ഹദീസുകളുടെ എണ്ണക്കൂടുതല്‍ അവയെ പ്രബലമായവയുടെ ഗണത്തിലേക്കെത്തിക്കുമെന്ന അദ്ദേഹത്തിന്റെ ഹദീസ് സ്വീകാര്യതാ മാനദണ്ഡം അബദ്ധമാണെന്നുമെല്ലാം സമകാലികരായ പണ്ഡിതന്മാര്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് അച്ചടിച്ച ഗ്രന്ഥത്തിന്റെ പുതിയ പതിപ്പിന്റെ ആമുഖത്തിലും  അല്‍ ഇസ്തിദ്‌റാകാത് എന്ന പേരില്‍ അതാതു വാള്യങ്ങളുടെ അവസാനത്തിലും ഇതില്‍ പലതിനും അദ്ദേഹം തന്റെ ഭാഗത്തു നിന്നുള്ള വിശദീകരണം നല്കിയിട്ടുണ്ട്. ഇങ്ങനെ അദ്ദേഹം തന്നെ അപൂര്‍വമായെങ്കിലും ചില ഹദീസുകള്‍ സ്വഹീഹിന്റെ ഗണത്തില്‍ നിന്ന് മാറ്റിയിട്ടുമുണ്ട്. ഇമാം ബുഖാരിയെയും മുസ്‌ലിമിനെയും പോലെ അല്‍ബാനിയും തെറ്റുപറ്റാന്‍ സാധ്യതയുള്ള ഒരു മനുഷ്യനാണ് എന്ന ധാരണയോടെ തന്നെ, അദ്ദേഹം ഈ ഗ്രന്ഥ രചനയിലൂടെ ഇസ്‌ലാമിക വിജ്ഞാനീയത്തിന്, പ്രത്യേകിച്ചും പ്രവാചകന്‍(സ്വ)യെ പൂര്‍ണമായും ശരിയായ നിലയില്‍ പിന്തുടരാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന മുസ്‌ലിം ഭക്തര്‍ക്കു വേണ്ടി എത്ര വലിയ സേവനമാണ് നിര്‍വഹിച്ചത് എന്നു വിലയിരുത്താന്‍ കഴിയും.

ഗ്രന്ഥത്തിന്റെ അവസാനത്തില്‍ വിവിധ രൂപങ്ങളിലുള്ള വിഷയ വിവരപ്പട്ടിക നല്കിയത് വായനക്കാരന് ഹദീസുകളും റിപ്പോര്‍ട്ടര്‍മാരും വിഷയങ്ങളും അടിസ്ഥാനമാക്കി തെരച്ചില്‍ നടത്താന്‍ എളുപ്പമാകും. അക്ഷരങ്ങളും കര്‍മശാസ്ത്ര അധ്യായങ്ങളും അടിസ്ഥാനമാക്കിയ സ്വഹീഹായ ഹദീസുകളുടെ പട്ടിക, ദുര്‍ബല ഹദീസുകള്‍, അസറുകള്‍(സ്വഹാബികളുടെ വചനങ്ങളും സംഭവങ്ങളും), ഗരീബുകള്‍(നിവേദകന്‍ ഒറ്റപ്പെട്ട ഹദീസുകള്‍), ജീവിതകുറിപ്പു നല്കപ്പെട്ട നിവേദകന്‍മാരുടെ അക്ഷരമാലാ ക്രമത്തിലുള്ള നാമങ്ങള്‍ എന്നിവയെല്ലാം വിശദമായ വിഷയവിവരപ്പട്ടികയില്‍  ഉള്‍കൊള്ളിച്ചിട്ടുണ്ട്.


 

Feedback