Skip to main content

ഹദീസ് ക്രോഡീകരണം പ്രവാചകന്റെ കാലത്ത്

പ്രവാചക ശിഷ്യന്മാര്‍ നബി(സ്വ)യില്‍ നിന്ന് വാക്ക് ആയോ പ്രവൃത്തി ആയോ അംഗീകാരമായോ ലഭിച്ച വിവരങ്ങള്‍ എഴുതി സൂക്ഷിക്കുന്നതില്‍ തല്പരരായിരുന്നു. ഭാവിതലമുറകള്‍ക്ക് ഇത് ഉപകാരപ്പെടുന്ന രൂപത്തിലാവണമെന്ന ആഗ്രഹത്തോടെയാണ് ആലേഖനം വ്യാപകമാകാതിരുന്ന ആ കാലത്ത് പ്രവാചക ശിഷ്യന്മാര്‍ ഇതില്‍ തല്പരരായത്. അവരില്‍ ചിലര്‍ കൈവശം വെച്ചിരുന്ന ഹദീസ് സമാഹാരങ്ങളില്‍ 'സ്വഹീഫ' എന്ന പേരില്‍ അറിയപ്പെട്ടവയുമുണ്ടായിരുന്നു. പ്രവാചകന്റെ കാലത്തുതന്നെ ഹദീസുകള്‍ എഴുതിസൂക്ഷിച്ചിരുന്ന സ്വഹാബിയായിരുന്നു അബ്ദുല്ലാഹിബ്‌നു അംറിബിനി ആസ്വ്(റ). അസാമാന്യ ബുദ്ധിശാലിയും വിജ്ഞാനദാഹിയുമായിരുന്ന അദ്ദേഹം പറയുന്നു: ''മനഃപാഠമാക്കാന്‍ ഉദ്ദേശിച്ച് നബിയില്‍ നിന്ന് കേള്‍ക്കുന്നതെല്ലാം ഞാന്‍ എഴുതാറുണ്ടായിരുന്നു. ഖുറൈശികള്‍ എന്നെ അതില്‍ നിന്ന് വിലക്കി. അവര്‍ ചോദിച്ചു. നീ കേള്‍ക്കുന്നതെല്ലാം രേഖപ്പെടുത്തുകയാണോ? ദൈവദൂതന്‍ സന്തോഷത്തിലും കോപത്തിലുമെല്ലാം സംസാരിക്കുന്ന മനുഷ്യനല്ലേ? അങ്ങനെ ഞാന്‍ എഴുത്ത് നിര്‍ത്തി. ഇത് നബി(സ്വ)യോട് പറഞ്ഞപ്പോള്‍ അവിടുന്ന് വിരല്‍കൊണ്ട് തന്റെ വായിലേക്ക് ആംഗ്യം കാണിച്ച് പറഞ്ഞു. നീ എഴുതുക, എന്റെ ആത്മാവ് ആരുടെ കൈവശമാണോ അവന്‍ തന്നെ സത്യം ഇതില്‍ നിന്ന് സത്യമല്ലാതെ പുറത്തുവരില്ല'' (അബൂദാവൂദ് ദാരിമി, അഹ്മദ്).

വഹബുബ്‌നു മുഹബ്ബഹ് തന്റെ സഹോദരനില്‍ നിന്ന് ഉദ്ധരിക്കുന്നു. അബൂഹുറയ്‌റ(റ) പറയുന്നത് ഞാന്‍ കേട്ടു. സ്വഹാബികളില്‍ എന്നേക്കാള്‍ ഹദീസറിയുന്ന ആരുമില്ലായിരുന്നു; അബ്ദുല്ലാഹിബ്‌നു അംറ് ഒഴികെ. കാരണം അദ്ദേഹം എഴുതുമായിരുന്നു. ഞാന്‍ എഴുതിയിരുന്നില്ല (ബുഖാരി). അബ്ദുല്ലാഹിബ്‌നു അംറിബിനി ആസ്വ്(റ) പറയുന്നു. ''റസൂലിന്റെ അടുക്കല്‍ നിന്ന് ഞാന്‍ എഴുതിയെടുത്ത പേജുകളാണ് അസ്സ്വാദിഖ്'' (ദാരിമി).

പ്രവാചകന്റെ ജീവിതകാലത്ത് തന്നെ ഹദീസുകള്‍ എഴുതി ക്രോഡീകരിക്കാന്‍ താല്പര്യമെടുത്ത മറ്റൊരു സ്വഹാബിയാണ് അനസ്ബനു മാലിക്(റ). പ്രവാചകന്‍ മദീനയില്‍ എത്തുമ്പോള്‍ പത്തു വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന അദ്ദേഹത്തെ മാതാവ് നബി(സ്വ)യുടെ സന്നിധിയിലേക്ക് കൂട്ടിക്കൊണ്ട് പോവുകയും തന്റെ മകന് എഴുത്തും വായനയും അറിയാമെന്ന് അഭിമാനത്തോടെ അറിയിക്കുകയും ചെയ്തു. മാതാവിന്റെ പ്രത്യേക താല്പര്യ പ്രകാരം നബി(സ്വ) അനസിനെ സേവകനാക്കി കൂടെ നിര്‍ത്തി. അനസ്(റ)ന്റെ താമസം പ്രവാചകന്‍(സ്വ)യുടെ വീട്ടിലായിരുന്നതിനാല്‍ നബി(സ്വ)യുടെ ജീവിതം വളരെ അടുത്തറിയാന്‍ അവസരം ലഭിച്ചു. അദ്ദേഹം നബി(സ്വ)യില്‍ നിന്ന് കണ്ടതും കേട്ടതും അനുഭവിച്ചതുമെല്ലാം ശ്രദ്ധാപൂര്‍വ്വം എഴുതി സൂക്ഷിച്ചു. നബി(സ്വ)യുടെ വിയോഗാനന്തരം അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് അറിയാന്‍ തന്നെ സമീപിക്കുന്നവരോട് അനസ് തന്റെ പെട്ടിയില്‍ ഭദ്രമായി സൂക്ഷിച്ച ആ ഏടുകള്‍ പുറത്തെടുത്ത് ഇപ്രകാരം പറയും. നബി(സ്വ)യുടെ ജീവിതത്തില്‍ നിന്ന് ഞാന്‍ കുറിച്ചെടുത്ത കുറിപ്പുകളാണിത്. യഥാസമയം അത് പ്രവാചകനെ വായിച്ചു കേള്‍പ്പിക്കുകയും അബദ്ധങ്ങളുണ്ടെങ്കില്‍ അത് അദ്ദേഹം തിരുത്തുകയും ചെയ്യുമായിരുന്നു. 

സ്വഹാബികളില്‍ സാക്ഷരരായവര്‍ ഹദീസുകള്‍ എഴുതി സൂക്ഷിക്കാന്‍ അനുവാദം ചോദിക്കുകയും പ്രവാചകന്‍ അനുമതി നല്‍കുകയും ചെയ്തതിന് ഒട്ടേറെ തെളിവുകളുണ്ട്. തിര്‍മിദി നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം. ''ഒരു സ്വഹാബി പ്രവാചകനോട് ഇങ്ങനെ ഉണര്‍ത്തി. അങ്ങേയറ്റം പ്രാധാന്യമുള്ളതും താല്പര്യമുള്ളതുമായ ധാരാളം കാര്യങ്ങള്‍ ദിവസവും അങ്ങ് വിവരിക്കുന്നു. പക്‌ഷേ എനിക്ക് ഓര്‍മശക്തി തീരെ കുറവായതിനാല്‍ അവ പൂര്‍ണമായും ഓര്‍ത്തുവെക്കാന്‍ കഴിയുന്നില്ല. അതിനാല്‍ ഞാനെന്ത് ചെയ്യണമെന്നാണ് താങ്കളുടെ അഭിപ്രായം? നിന്റെ വലതുകൈയിന്റെ സഹായം നേടുക. പ്രവാചകന്‍ മറുപടി പറഞ്ഞു. ഹദീസുകള്‍ എഴുതിയെടുക്കാനുള്ള അനുമതി പ്രവാചകന്‍(സ്വ) നല്‍കുകയായിരുന്നു.''

പ്രവാചകന്റെ ജീവിതകാലത്ത് ലിഖിത രൂപത്തില്‍ ക്രോഡീകരിക്കപ്പെട്ട ഹദീസുകളില്‍ ഒരു വിഭാഗം കത്തുകളും കരാറുകളും അടങ്ങുന്ന ഔദ്യോഗിക രേഖകളാണ്. അവയില്‍ നമുക്ക് ലഭ്യമായ ആദ്യരേഖ മക്കയിലെ പീഡനം അസഹ്യമായപ്പോള്‍ തന്റെ ഒരുപറ്റം അനുയായികളെ പ്രവാചകന്‍ അബ്‌സീനിയയിലേക്ക് പറഞ്ഞയച്ച സന്ദര്‍ഭത്തില്‍ നബി(സ്വ) അവിടത്തെ രാജാവ് നജാശിക്ക് കൊടുത്തയച്ച കത്താണ്. കത്തില്‍ പ്രവാചകന്‍ ഇങ്ങനെ എഴുതി. ''ഞാന്‍ എന്റെ പിതൃസഹോദരന്‍ ജഅ്ഫറിനെ താങ്കളുടെ അടുത്തേക്ക് പറഞ്ഞയക്കുകയാണ്. വേറെയും കുറച്ച് മുസ്‌ലിംകള്‍ അദ്ദേഹത്തിന്റെ കൂടെയുണ്ട്. അവര്‍ താങ്കളുടെ അടുത്തെത്തിയാല്‍ അവരെ അതിഥികളായി സ്വീകരിക്കുക.''

പ്രവാചകന്റെ കാലത്തുതന്നെ ലിഖിതരൂപത്തില്‍ ഉള്ള ഒരു പ്രധാന രേഖ ഹിജ്‌റ വേളയില്‍ പ്രവാചകനെ പിടികൂടി ഖുറൈശികളെ ഏല്‍പിക്കുന്നതിനായി നബിയുടെ പിറകെ കൂടിയ സുറാഖ മാപ്പപേക്ഷിച്ചപ്പോള്‍ നബി എഴുതിനല്‍കിയ അഭയപത്രമാണ്. അതിനെക്കുറിച്ച് ഇപ്രകാരം നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു.

ഹിജ്‌റ പോകുമ്പോള്‍ പ്രവാചകന്റെ അടുത്ത് പേന, മഷി, കടലാസ് തുടങ്ങിയവയുമുണ്ടായിരുന്നു. നബി(സ്വ)യുടെ കൂടെ യാത്ര ചെയ്തിരുന്ന എഴുതുവാനും വായിക്കാനും അറിയുന്ന ആമിര്‍ബ്‌നു ഫുഹൈറ എന്ന അടിമയെക്കൊണ്ടാണ് സുറാഖക്ക് നല്‍കിയ അഭയപത്രം എഴുതിച്ചത്. പില്‍കാലത്ത് ഇസ്‌ലാം സ്വീകരിക്കാനായി മദീനയിലെത്തിയ സുറാഖ തന്റെ കൈവശമുണ്ടായിരുന്ന പഴയ അഭയപത്രം കാണിച്ചുകൊടുത്തപ്പോഴാണ് നബിയുടെ അടുത്തേക്ക് പ്രവേശനം ലഭിച്ചത്. പ്രവാചകന്‍(സ്വ)യുടെ നിര്‍ദേശപ്രകാരം അലി(റ) ആയിരുന്നു ഹുദൈബിയ സന്ധി വ്യവസ്ഥകളുടെ രേഖ തയ്യാറാക്കിയത്. മക്കാവിജയാനന്തരം പല പ്രവിശ്യകളും ഇസ്‌ലാമിന് അധീനപ്പെട്ടപ്പോള്‍ നബി(സ്വ) വിവിധ ഗോത്രങ്ങളുമായി കരാറുകള്‍ ഉണ്ടാക്കുകയും അവിടെയുള്ള ഗവര്‍ണര്‍മാര്‍ക്ക് പ്രബോധനപരമായ കത്തുകള്‍ തയ്യാറാക്കിയതും ക്രോഡീകരിക്കപ്പെട്ട ലിഖിതരേഖകളില്‍ നമുക്ക് കാണാന്‍ സാധിക്കും.

ഹദീസുകള്‍ എഴുതുന്നത് വിരോധിച്ചുകൊണ്ടുള്ള ചില റിപ്പോര്‍ട്ടുകളും നബി(സ്വ)യില്‍ നിന്ന് വന്നിട്ടുണ്ട്. ഇതിനെ പണ്ഡിതന്മാര്‍ മൂന്ന് വീക്ഷണങ്ങളില്‍ വിലയിരുത്തുന്നു. 

ഒന്ന്: നിരോധനാജ്ഞ ഇസ്‌ലാമിന്റെ ആദ്യകാലത്തേതും അനുവാദം  പില്‍ക്കാലത്തേതുമാണ്. അതിനാല്‍ ആദ്യത്തെ വിലക്ക് ദുര്‍ബലപ്പെടുത്തിയാണ് എഴുതാനുള്ള രണ്ടാമത്തെ കല്പന വന്നത്. 

രണ്ട്: ഹൃദിസ്ഥമാക്കാതെ എഴുത്തിനെ മാത്രം അവലംബിക്കുന്നവരെയാണ് വിലക്കിയത്. മറിച്ചുള്ളവയ്ക്ക് അനുമതി നല്‍കുകയും ചെയ്തു. 

മൂന്ന്: ഖുര്‍ആന്‍ ഇറങ്ങുന്ന സമയത്ത് ഹദീസ് എഴുതുന്നതാണ് വിരോധിച്ചത്. ഒന്നിച്ച് കലരാതിരിക്കാന്‍ വേണ്ടി. അല്ലെങ്കില്‍ ഖുര്‍ആനിനോടൊപ്പം ഹദീസും ഒന്നില്‍ തന്നെ എഴുതുന്നതിനാണ് നിരോധം. മറിച്ചാണെങ്കില്‍ അനുവാദമുണ്ടുതാനും. 

ഹദീസ് രേഖപ്പെടുത്തുന്നതില്‍ തീര്‍ത്തും നിരോധിച്ചിട്ടുള്ള ഒരു കല്പനയില്ല എന്ന് വ്യക്തം.
 

Feedback