Skip to main content

ഹദീസിന്റെ പ്രയോഗവത്കരണവും പ്രചാരണവും

സ്വഹാബികള്‍ നബി(സ്വ)യില്‍നിന്ന് ഹദീസുകള്‍ കേട്ടു പഠിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്നതോടൊപ്പം തന്നെ അവ സ്വന്തം ജീവിതത്തില്‍ പ്രയോഗവത്ക്കരിക്കാന്‍ പ്രത്യേകം ശ്രദ്ധപതിപ്പിക്കുകയും ചെയ്തിരുന്നു. നബി(സ്വ)യുടെ ഓരോ ചലനവും അവര്‍ സസൂക്ഷ്മം നിരീക്ഷിക്കുകയും ചെയ്തിരുന്നു. നബി(സ്വ)യുടെ പക്കല്‍ നിന്ന് കേട്ടു പഠിച്ച ഹദീസുകള്‍ ഹൃദിസ്ഥമാക്കലും അവ പരസ്പരം ഓര്‍മ പുതുക്കലും സ്വഹാബികളുടെ പതിവായിരുന്നു. സുന്നത്ത് മറന്നു പോകാതെ സൂക്ഷിക്കാന്‍ വേണ്ടിയായിരുന്നു ഇത്. അബൂഹുറയ്‌റ(റ) പറയുന്നു. ''ഞാന്‍ രാത്രിയെ മൂന്നായി വിഭജിച്ചിരിക്കുന്നു. അതില്‍ മൂന്നിലൊന്ന് നമസ്‌കരിക്കുകയും മൂന്നിലൊന്ന് ഉറങ്ങുകയും മൂന്നിലൊന്ന് റസൂലിന്റെ ഹദീസുകള്‍ അനുസ്മരിക്കുകയും ചെയ്യുമായിരുന്നു''(ദാരിമി: 1: 82).

ഇസ്‌ലാമിന്റെ സന്ദേശം മറ്റുള്ളവര്‍ക്ക് കൈമാറുന്നതിന്റെ പ്രാധാന്യവും ഒരാളെയെങ്കിലും ദീനീസന്ദേശം കേള്‍പ്പിച്ച് സന്മാര്‍ഗത്തിലേക്ക് ക്ഷണിക്കുന്നതിന്റെ വമ്പിച്ച പ്രതിഫലവും സ്വഹാബികള്‍ മനസ്സിലാക്കിയിരുന്നു. നബി(സ്വ)യില്‍നിന്ന് ലഭിച്ച വിജ്ഞാനങ്ങള്‍ മറച്ചുവെക്കുന്നതിന്റെ കുറ്റത്തെക്കുറിച്ച് അവര്‍ക്ക് ഭയമുണ്ടായിരുന്നു. ആയതിനാല്‍ പല മാര്‍ഗേന നബി(സ്വ)യുടെ അനുചരര്‍ ഹദീസുകള്‍ ഗ്രഹിക്കാനും പ്രചരിപ്പിക്കാനും തുടങ്ങി. പ്രവാചകന്‍(സ്വ)യുടെ കൂടെ കഴിച്ചുകൂട്ടാന്‍ അനുചരര്‍ക്ക് സൗകര്യപ്പെട്ടിരുന്ന സമയം തുല്യമായിരുന്നില്ല. അതിനാല്‍ ഓരോരുത്തര്‍ക്കും നബി(സ്വ)യില്‍ നിന്ന് കേള്‍ക്കാനും ഗ്രഹിക്കാനും കഴിഞ്ഞ ഹദീസുകളുടെ എണ്ണത്തില്‍ അന്തരമുണ്ടാകുക സ്വാഭാവികമാണ്.

മദീന ഇസ്‌ലാമിക രാഷ്ട്രത്തിന്റെ തലസ്ഥാനവും ഇസ്‌ലാമിക പ്രബോധനത്തിന്റെ സിരാകേന്ദ്രവുമായിരുന്നു. അവിടേക്ക് അറേബ്യയുടെ നാനാ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഒഴുകിയെത്തി. അവര്‍ക്ക് നബി(സ്വ) നല്‍കുന്ന ഉപദേശ നിര്‍ദേശങ്ങള്‍ അവര്‍ തങ്ങളുടെ നാടുകളില്‍ പ്രചരിപ്പിച്ചിരുന്നു. നബി(സ്വ) മദീനയില്‍ നിന്ന് ധാരാളം പ്രബോധകരെ വിവിധ രാജ്യങ്ങളിലേക്കും ഭരണാധികാരികളുടെ അടുത്തേക്കും അയച്ചിരുന്നു. അവരെല്ലാം പ്രവാചക വചനങ്ങള്‍ തങ്ങള്‍ നിയോഗിക്കപ്പെട്ടവരിലേക്ക് എത്തിച്ചിരുന്നു. മക്കാ വിജയം, ഹജ്ജത്തുല്‍ വിദാഅ് തുടങ്ങിയവയിലൂടെ നബി(സ്വ)യുടെ കീര്‍ത്തി ലോകമെങ്ങും എത്തിച്ചേരാന്‍ കാരണമായി. നബി(സ്വ)യുടെ ഉപദേശ നിര്‍ദേശങ്ങള്‍ സര്‍വരിലേക്കും എത്തിയത് ഹദീസിന്റെ പ്രചാരണത്തിലൂടെയായിരുന്നു.

മദീനയിലെയും മറ്റും ഒട്ടേറെ വനിതകള്‍ നബിയുടെ ഭാര്യമാരെ സമീപിച്ച് മതവിധികള്‍ മനസ്സിലാക്കിയിരുന്നു. നബി(സ്വ)യില്‍ നിന്ന് തങ്ങള്‍ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്ത കാര്യങ്ങള്‍ നബി(സ്വ)യുടെ പത്‌നിമാര്‍ മുസ്‌ലിം വനിതകളെ പഠിപ്പിച്ചിരുന്നു. പ്രവാചക പത്‌നിമാരിലൂടെ മതത്തെക്കുറിച്ച് അറിഞ്ഞത് തങ്ങളുടെ ബന്ധുജനങ്ങള്‍ക്ക് കൂടി എത്തിച്ചുകൊടുക്കല്‍ ബാധ്യതയായി കരുതി, അതിന്നായി അവര്‍ ശ്രമങ്ങള്‍ നടത്തി. വനിതകളും ഹദീസ് പ്രചാരണത്തില്‍ അവരുടേതായ പങ്ക് നിര്‍വഹിച്ചു.

നബി(സ്വ)യോടുള്ള ഇഷ്ടം നെഞ്ചിലേറ്റിയ സ്വഹാബികള്‍ പ്രവാചക ജീവിതത്തിലെ അടക്കവും അനക്കവും ഉറക്കവും ഉണര്‍വ്വും ആരാധനകളും ദിനചര്യകളും പ്രവര്‍ത്തനങ്ങളും പ്രസംഗങ്ങളും സ്വഭാവവും പെരുമാറ്റവും കരാറുകളും ഇടപെടലുകളും ഇടപാടുകളുമൊക്കെ സസൂക്ഷ്മം നിരീക്ഷിക്കുന്നവരായിരുന്നു. പ്രവാചകരോടുള്ള സഹവാസത്തിന് സമയമേറെ ചെലവഴിക്കാന്‍ സദാ ബദ്ധശ്രദ്ധരുമായിരുന്നു. അക്കാരണത്താല്‍ നബി(സ്വ)യുടെ വാക്കുകളും പ്രവൃത്തികളും മൗനാനുവാദങ്ങളും കൃത്യമായി വിവിധ സന്ദര്‍ഭങ്ങളില്‍ മനസ്സിലാക്കാനും പഠിക്കാനും അവര്‍ക്ക് അവസരങ്ങളുണ്ടായി. കേട്ടറിഞ്ഞ കാര്യങ്ങള്‍ ഓര്‍മിച്ചുവെക്കാനും സാധ്യമായ വഴികളില്‍ രേഖപ്പെടുത്തി വെക്കാനും അവര്‍ ജാഗ്രത കാണിച്ചു. 

Feedback
  • Tuesday Apr 23, 2024
  • Shawwal 14 1445