Skip to main content

ഹദീസ് നബി(സ്വ)യുടെ കാലഘട്ടത്തില്‍

സന്മാര്‍ഗ പ്രാപ്തിക്കും ശരിയായ ഇസ്‌ലാമിക ജീവിതത്തിനും ഖുര്‍ആനോടൊപ്പം ഹദീസുകളും ഉള്‍ക്കൊള്ളുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യേണ്ടത് ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. ജീവിത്തിന്റെ സര്‍വ മേഖലകളിലും ആവശ്യമായ ദൈവിക മാര്‍ഗദര്‍ശനമായ വിശുദ്ധ ഖുര്‍ആനിന്റെ ആശയങ്ങളെ വിശദീകരിക്കുകയും ജനങ്ങളെ ഉദ്‌ബോധിപ്പിക്കുകയും ചെയ്യുക എന്ന ദൗത്യമാണ് നബി(സ്വ) നിര്‍വഹിച്ചത്. പരിശുദ്ധ ഖുര്‍ആന്‍ ഓതിക്കേള്‍പ്പിക്കുക മാത്രമായിരുന്നില്ല നബി(സ്വ)യുടെ ബാധ്യത. അതിന്റെ ആശയങ്ങള്‍ സ്വന്തം ജീവിതത്തിലൂടെ പ്രയോഗവല്‍കരിച്ച് മറ്റുള്ളവര്‍ക്ക് മാതൃക കാണിച്ച വിശുദ്ധ ഖുര്‍ആനിന്റെ പ്രഥമ അധ്യാപകന്‍ കൂടിയായിരുന്നു അദ്ദേഹം. വിശുദ്ധ ഖുര്‍ആന്‍ വിശദീകരിക്കുകയും അതിന്റെ ആശയങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുകയും അത് പഠിപ്പിക്കുകയും ചെയ്തുകൊണ്ട് നബി(സ്വ)തന്റെ കര്‍ത്തവ്യം നിര്‍വഹിച്ചു. നബി(സ്വ)യുടെ സദസ്സുകളില്‍ പങ്കെടുത്ത് അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ അനുചരര്‍ ശ്രദ്ധിച്ചു. തികച്ചും സൗമ്യവും ഹൃദ്യവുമായ നബി(സ്വ)യുടെ സാധാരണ ശൈലിയും സ്വഭാവ മഹിമയും സദസ്യരെ അദ്ദേഹത്തിലേക്ക് ആകര്‍ഷിച്ചു. അവരുടെ സംശയങ്ങള്‍ നബി(സ്വ)യോട് ചോദിക്കുകയും അതിനദ്ദേഹം നല്‍കുന്ന മറുപടി അവര്‍ ഉദ്ധരിക്കുകയും ചെയ്തു. തന്റെ സദസ്സില്‍ നിന്ന് കേള്‍ക്കുന്ന ഉപദേശ നിര്‍ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ നബി(സ്വ) കല്പിച്ചു. ''നമ്മില്‍നിന്ന് ഒരു ഹദീസ് കേള്‍ക്കുകയും അത് മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കത്തക്കവിധം മനഃപാഠമാക്കുകയും ചെയ്ത മനുഷ്യന്റെ ജീവിതം അല്ലാഹു പ്രശോഭിതമാക്കട്ടെ. (നേരിട്ടു) കേള്‍ക്കുന്നവനെക്കാള്‍ ഭാഗ്യം ലഭിച്ച ഉദ്‌ബോധനം എത്തിക്കപ്പെട്ടവര്‍ എത്രയോ പേരുണ്ട്'' (ഇബ്‌നു മാജ, അഹ്മദ്).

വിജ്ഞാനം അന്വേഷിക്കാനും സമ്പാദിക്കാനുമുള്ള ഏറെ പ്രോത്സാഹനങ്ങള്‍ അനുചരര്‍ക്ക് വിശുദ്ധ ഖുര്‍ആനില്‍ നിന്നും പ്രവാചക വചനങ്ങളില്‍ നിന്നും ലഭിച്ചു. അല്ലാഹു ചോദിക്കുന്നു. ''അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ? ബുദ്ധിമാന്‍മാര്‍ മാത്രമേ ആലോചിച്ച് മനസ്സലാക്കുകയുള്ളൂ'' (39:9). നിങ്ങളില്‍ നിന്ന് വിശ്വസിച്ചവരെയും വിജ്ഞാനം നല്‍കപ്പെട്ടവരെയും അല്ലാഹു പല പടികള്‍ ഉയര്‍ത്തുന്നതാണ് (58:11). ''സത്യവിശ്വാസികള്‍ ആകമാനം (യുദ്ധത്തിന്) പുറപ്പെടാവതല്ല. എന്നാല്‍ അവരിലെ ഓരോ വിഭാഗത്തില്‍ നിന്നും ഓരോ സംഘം പുറപ്പെട്ടു പോയിക്കൂടേ? എങ്കില്‍ (ബാക്കിയുള്ളവര്‍ക്ക് നബിയോടൊപ്പം നിന്ന്) മതകാര്യങ്ങളില്‍ വിജ്ഞാനം നേടാനും തങ്ങളുടെ ആളുകള്‍ (യുദ്ധരംഗത്ത് നിന്ന്) അവരുടെ അടുത്തേക്ക് തിരിച്ചുവന്നാല്‍ അവര്‍ക്ക് താക്കീത് നല്‍കുവാനും കഴിയുമല്ലോ. അവര്‍ സൂക്ഷ്മത പാലിച്ചേക്കാം'' (9:122). 

നബി(സ്വ)യും ഒട്ടേറെ വചനങ്ങളില്‍ അറിവിന്റെ പ്രധാന്യം ഉണര്‍ത്തിയിട്ടുണ്ട്. 

''അല്ലാഹു നന്മ ഉദ്ദേശിക്കുന്നവന് മതത്തില്‍ ജ്ഞാനം നല്‍കുന്നതാണ്'' (ബുഖാരി-അഹ്മദ്). 

''ഒരാള്‍ മരണപ്പെട്ടാല്‍ അയാളുടെ കര്‍മങ്ങള്‍ നിലച്ചുപോയി. മൂന്നില്‍ ഒരു മാര്‍ഗത്തിലൊഴികെ. നിരന്തരമായി നില്ക്കുന്ന ദാനം. അല്ലെങ്കില്‍ അയാളുടെ മരണശേഷം (ഇതരര്‍ക്ക്) പ്രയോജനപ്പെടുന്ന ജ്ഞാനം. അല്ലെങ്കില്‍ അയാള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്ന സന്തതി''(ബുഖാരി-മുസ്‌ലിം).

''വിജ്ഞാനം തേടിക്കൊണ്ട് സഞ്ചരിക്കുന്നവന് സ്വര്‍ഗത്തിലേക്കുള്ള പാത അല്ലാഹു എളുപ്പമാക്കും'' (മുസ്‌ലിം).

നബി(സ്വ) നേതൃത്വം നല്കിയിരുന്ന വിജ്ഞാന സദസ്സുകള്‍ പ്രധാനമായും പള്ളിയിലായിരുന്നു. സ്വഹാബികള്‍ അവിടെ ഖുര്‍ആന്‍ പഠിക്കാനും അതിന്റെ വിശദീകരണങ്ങള്‍ ശ്രവിക്കാനുമായി താല്പര്യപൂര്‍വം സംബന്ധിച്ചു. വിശ്വാസ കാര്യങ്ങളും അനുഷ്ഠാന രീതികളും സ്വഭാവ ഗുണങ്ങളും സാമൂഹിക നിയമങ്ങളുമൊക്കെ നബി(സ്വ)യില്‍ നിന്ന് പഠിച്ചു. അവരുടെ സംശയങ്ങള്‍ നബി(സ്വ) ദൂരീകരിക്കുകയും ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുകയും ചെയ്തു.
 

Feedback
  • Tuesday Apr 23, 2024
  • Shawwal 14 1445