Skip to main content

സ്വഹാബികളും നബിചര്യയും

നബി(സ്വ)യുടെ അനുചരര്‍ ജീവിതത്തിലെ ഓരോ സന്ദര്‍ഭത്തിലും പ്രവാചകചര്യകള്‍ കൃത്യമായി പഠിക്കാനും പകര്‍ത്താനും തത്പരരായിരുന്നു. അറിവ് അന്വേഷിക്കാനും സമ്പാദിക്കാനുമുള്ള എല്ലാ അവസരങ്ങളും ഉപയോഗപ്പെടുത്തി. പ്രവാചകസന്നിധിയില്‍ കൂടുതല്‍ സമയം ചെലവഴിച്ച് നബി(സ്വ)യെ അനുധാവനം  ചെയ്യാന്‍ ഐഹികജീവിതത്തിലെ തിരക്കുകളൊന്നും അവര്‍ക്ക് തടസ്സമായില്ല. സ്വഹാബികളുടെ രക്തത്തിലും മജ്ജയിലും നബി(സ്വ)യോടുള്ള സ്‌നേഹാദരവുകള്‍ അലിഞ്ഞുചേര്‍ന്നിരുന്നു. 

പ്രവാചകന്‍(സ്വ)യില്‍ ഉത്തമ മാതൃക ദര്‍ശിച്ച ദൃഢവിശ്വാസികളും ത്യാഗിവര്യരുമായ സ്വഹാബികള്‍ നബിചര്യ മനസ്സിലാക്കിയതും ജീവിതത്തില്‍ പകര്‍ത്തിയതും ഏതു വിധേനായിരുന്നുവെന്ന് ലളിതമായി വിവരിക്കാം. 

ഒന്ന്: നബി(സ്വ)യുടെ വിജ്ഞാന സദസ്സുകള്‍: ജീവിതായോധനത്തിനുള്ള നെട്ടോട്ടത്തിനിടയില്‍ പ്രവാചകന്‍(സ്വ)യുടെ വിജ്ഞാനസദസ്സുകള്‍ നഷ്ടമാകാതിരിക്കാന്‍ സ്വഹാബികള്‍ ശ്രദ്ധാലുക്കളായിരുന്നു. ഉമര്‍ (റ) പറയുന്നു: ഞാനും അന്‍സ്വാരിയായ എന്റെ അയല്‍വാസിയും നബി(സ്വ)യുടെ സദസ്സില്‍ ഊഴമിട്ട് ഹാജറാവാറുണ്ടായിരുന്നു.  ഒരുദിവസം ഞാനും അതിനടുത്ത ദിവസം അദ്ദേഹവും പങ്കെടുക്കുകയും ഓരോരുത്തരും മനസ്സിലാക്കിയത് പരസ്പരം കൈമാറുകയും ചെയ്യുമായിരുന്നു (ബുഖാരി). പള്ളിയിലും ഈദ്ഗാഹിലും മറ്റും നടക്കുന്ന പൊതുവിജ്ഞാന സദസ്സുകളില്‍ പുരുഷന്മാര്‍ക്ക് പുറമെ സ്ത്രീകളും പങ്കെടുക്കാറുണ്ടായിരുന്നു. എന്നിരുന്നാലും ഇത്തരം എല്ലാ സദസ്സുകളിലും വനിതകള്‍ക്ക് പങ്കെടുക്കാന്‍ സാധ്യമാവണമെന്നില്ല. അതിനാല്‍ അവര്‍ക്ക് മാത്രം പ്രത്യേക സദസ്സുകള്‍ നടത്താന്‍ നബി(സ്വ)യോട് അവര്‍ ആവശ്യപ്പെടുക പതിവായിരുന്നു. 

ഒരിക്കല്‍ ഒരു സംഘം സ്ത്രീകള്‍ നബി(സ്വ)യുടെ സന്നിധിയില്‍ എത്തി അവര്‍ പറഞ്ഞു. അല്ലാഹുവിന്റെ ദൂതരേ, പുരുഷന്മാരുള്ള താങ്കളുടെ സദസ്സില്‍ (സംശയനിവാരണത്തിനും മറ്റും) ഞങ്ങള്‍ക്ക് സാധിക്കാറില്ല. അതിനാല്‍ താങ്കള്‍ ഞങ്ങള്‍ക്കൊരു ദിവസം നിശ്ചയിച്ചു തരിക. ഞങ്ങള്‍ വരാം. നബി(സ്വ) പറഞ്ഞു: ''നിങ്ങള്‍ ഇന്ന വ്യക്തിയുടെ ഭവനത്തില്‍ സമ്മേളിക്കുക. നിശ്ചിത ദിവസം കൃത്യസമയത്ത് എത്തി നബി(സ്വ) അവര്‍ക്ക് ഉപദേശങ്ങള്‍ നല്‍കി (ബുഖാരി-അഹ്മദ്). നബി(സ്വ) സംസാരിക്കുമ്പോള്‍ സ്വഹാബിമാര്‍ തലതാഴ്ത്തി നിശ്ശബ്ദരായി കേള്‍ക്കുമായിരുന്നു. അവരുടെ ശിരസ്സുകളില്‍ പക്ഷി ഇരിക്കുന്നപോലെ. നബി(സ്വ) സംസാരം നിര്‍ത്തിയാല്‍ മാത്രമേ അവര്‍ സംസാരിച്ചിരുന്നുള്ളൂ (തിര്‍മിദി).

രണ്ട്: നബിചര്യകള്‍ മനസ്സിലാക്കാന്‍ പ്രവാചകന്റെ സാമീപ്യവും സാന്നിധ്യവും തേടുന്നവരായിരുന്നു സ്വഹാബാക്കള്‍. നബി(സ്വ) ചെയ്യുന്ന കര്‍മങ്ങള്‍ കണ്ടുമനസ്സിലാക്കിയും സംശയങ്ങള്‍ ദുരീകരിച്ചും കാര്യങ്ങള്‍ പഠിച്ചിരുന്നു.

മൂന്ന്: നബി(സ്വ)യുടെ പ്രതികരണങ്ങള്‍: ഒരു സാഹചര്യത്തില്‍ നടക്കുന്ന ഏതെങ്കിലും സംഭവത്തോടോ പ്രവര്‍ത്തനത്തോടോ നബി(സ്വ) പ്രതികരിച്ച രീതിയില്‍നിന്ന് നബിചര്യയെ അനുചരര്‍ മനസ്സിലാക്കിയിരുന്നു. പ്രോത്സാഹിപ്പിച്ചാല്‍ അത് ഉത്തമവും നിരുത്സാഹപ്പെടുത്തിയാല്‍ അത് അനഭിലഷണീയവും വിരോധിച്ചാല്‍ അത് നിഷിദ്ധവുമാണെന്ന് മനസ്സിലാക്കുന്നു. ഒന്നും പ്രതികരിച്ചില്ലെങ്കില്‍ അംഗീകാരമുണ്ടെന്ന് മനസ്സിലാക്കാം. ഉദാഹരണമായി നബി(സ്വ) ഉടുമ്പിന്റെ മാംസം തിന്നാറുണ്ടായിരുന്നില്ല. അനുചരരര്‍ അത് തിന്നുന്നത് നബി(സ്വ) വിലക്കിയതുമില്ല. ഇത്തരം സംഭവങ്ങളും നബിചര്യയില്‍പെടുന്നു. നബി(സ്വ)  ഒരിക്കല്‍ ഒരു കച്ചവടക്കാരന്റെ അരികിലെത്തി. അദ്ദേഹത്തിന്റെ കച്ചവടത്തെക്കുറിച്ച് അന്വേഷിച്ചു. പ്രവാചകന്‍ തന്റെ കരങ്ങള്‍ ധാന്യശേഖരത്തില്‍ പ്രവേശിപ്പിച്ചു. അപ്പോള്‍ അതിന്റെ ഉള്‍ഭാഗത്ത് നനവ് അനുഭവപ്പെട്ടു. അപ്പോള്‍ നബി(സ്വ) പറഞ്ഞു. ''വഞ്ചന നടത്തുന്നവന്‍ നമ്മില്‍ പെട്ടവനല്ല'' (അഹ്മദ്). 

നാല്: സംശയനിവാരണം:  മതവിധികള്‍ അറിയാന്‍ പ്രവാചകന്‍(സ്വ)യുടെ സന്നിധിയിലേക്ക് ക്ലേശങ്ങള്‍ സഹിച്ച് യാത്ര ചെയ്യുന്നവരായിരുന്നു സ്വഹാബികള്‍. സംശയങ്ങള്‍ ചോദിക്കുകയും നബി(സ്വ) ദൂരീകരണം നടത്തുകയും ചെയ്തു. അലി(റ), മദ്‌യ് (ശൃംഗാരവേളയില്‍ സ്രവിക്കുന്ന ദ്രവം) കൂടുതലുള്ള ആളായിരുന്നു. അതിന്റെ മതവിധി റസൂലിനോട് നേരിട്ട് ചോദിക്കാന്‍ ലജ്ജിച്ച അലി(റ) മിക്ദ്വാദിനെ ചുമതലപ്പെടുത്തി. അതിന് വുളു ചെയ്താല്‍ മതി എന്ന് പ്രവാചകന്‍ വിശദീകരണവും നല്‍കി (ബുഖാരി). സ്വഹാബികളുടെ സംശയങ്ങളും ചോദ്യങ്ങളും മറ്റും പ്രവാചകചര്യ കൃത്യമായി ഉള്‍ക്കൊള്ളാനും ദീന്‍ പകര്‍ത്താനും നബി(സ്വ)യുടെ മറുപടിയിലൂടെ അവര്‍ക്ക് സാധ്യമായിരുന്നു. 

അഞ്ച്: നബിയോടൊപ്പമുള്ള താമസം: ഏതാനും ദിവസങ്ങളോ കുറഞ്ഞ കാലമോ നബിയോടൊപ്പം കഴിച്ചുകൂട്ടാന്‍ സ്വഹാബികള്‍ നബി(സ്വ)യുടെ സന്നിധിയില്‍ വരികയും ആരാധന, അനുഷ്ഠാന, സ്വാഭാവ കാര്യങ്ങളിലൊക്കെ നബി(സ്വ)യില്‍ നിന്ന് ശിക്ഷണം നേടുകയും ചെയ്തിരുന്നു. മാലികുബ്‌നു ഹുവൈരിസ് തന്റെ ജനതയോടൊപ്പം വന്ന് നബി(സ്വ)യുടെ അരികില്‍ 20 ദിവസം താമസിച്ചു. മദീനാപള്ളിയില്‍ അഭയാര്‍ഥികളായി എത്തിയിരുന്നവര്‍ 'സ്വുഫ്ഫത്തുകാര്‍' എന്ന പേരിലറിയപ്പെട്ടു. ദരിദ്രരായ ഇവര്‍ മദീനപള്ളിയുടെ പിന്‍ഭാഗത്ത് താമസിച്ചിരുന്നു. നബി(സ്വ)യോടൊപ്പം ഇരിക്കുകയും കാര്യങ്ങള്‍ പഠിക്കുകയും ചെയ്ത ഇവരെ സഹായിക്കാന്‍ സമ്പന്നരായ മുഹാജിറുകളും അന്‍സാറുകളുമുണ്ടായിരുന്നു.

ആറ്: നഷ്ടപ്പെട്ട പാഠഭാഗം പഠിക്കല്‍: നബിയുടെ സദസ്സില്‍ പങ്കെടുത്ത് നേരിട്ട് പഠിക്കാന്‍ സന്ദര്‍ഭം ലഭിച്ചില്ലെങ്കില്‍ അത് തേടിപ്പിടിച്ച് സ്വന്തമാക്കുകയെന്നതായിരുന്നു സ്വഹാബികളുടെ സ്വഭാവം. ബറാഉബ്‌നു ആസിബ് പറയുന്നു: ''റസൂലിന്റെ എല്ലാ ഹദീസുകളും ഞങ്ങള്‍ കേള്‍ക്കാറില്ല. മറ്റു സ്വഹാബികള്‍ കേട്ടത് ഞങ്ങള്‍ക്ക് പറഞ്ഞുതരികയാണ് ചെയ്തിരുന്നത്. ഒട്ടകത്തെ മേച്ചു നടക്കുന്നതായിരുന്നു ഇതിന് തടസ്സമായിരുന്നത്'' (അഹ്മദ്).

ഏഴ്: സ്ത്രീ സംബന്ധിയായ വിഷയങ്ങള്‍ പോലുള്ള ചില പ്രത്യേക കാര്യങ്ങളില്‍ വരുന്ന ഹദീസുകള്‍ പഠിക്കുകയും അന്വേഷിച്ച് കണ്ടെത്തുകയും അതില്‍ താല്പര്യം കാണിക്കുകയും ചെയ്തിരുന്ന സ്വഹാബികള്‍ ഉണ്ടായിരുന്നു. സ്ത്രീസംബന്ധിയായ വിഷയത്തില്‍ ആഇശ(റ)യും ഫറാഇദ് വിഷയത്തില്‍ സൈദ്ബ്‌നു സാബിതും(റ) പ്രാവീണ്യമുള്ളവരായിരുന്നു. വിധിവിലക്കുകളില്‍  മുആദ്ബ്‌നു ജബല്‍(റ) നല്ല അറിവുള്ള സ്വഹാബിയായിരുന്നു. പൊതുവെ എല്ലാ വിഷയങ്ങളും ഒരുപോലെ പഠിക്കുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത സ്വഹാബിയാണ് അബൂഹുറയ്‌റ(റ). 5374 ഹദീസുകള്‍ അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

എട്ട്: സ്വഹാബിമാരുടെ ഗവേഷണങ്ങള്‍: നബി(സ്വ)യുടെ അസാന്നിധ്യത്തില്‍ അഭിമുഖീകരിക്കുന്ന ഏതെങ്കിലും പ്രശ്‌നങ്ങളില്‍ ഇസ്‌ലാമിന്റെ പൊതുതത്ത്വത്തോട് അനുയോജ്യമായ ഗവേഷണ തീരുമാനങ്ങളെടുക്കുകയും പിന്നീടത് തിരുമേനിയുടെ മുമ്പില്‍ സമര്‍പ്പിച്ചതിനു ശേഷം മതവിധി തേടുകയും ചെയ്തിരുന്നു സ്വഹാബികള്‍.
 

Feedback