Skip to main content

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്‍റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. 

''തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും അല്ലാഹുവെ ധാരാളമായി ഓര്‍ത്തുകൊണ്ടിരിക്കുകയും ചെയ്യുന്നവര്‍ക്ക് '' (33:21).

മനുഷ്യരിലേക്ക്, ദൂതന്മാരെ(നബിമാരെ) അയച്ചുകൊണ്ട് അവരെ സന്മാര്‍ഗത്തിലേക്ക് നയിക്കുക എന്ന സംവിധാനത്തിന് അല്ലാഹു പരിസമാപ്തി കുറിച്ചത് മുഹമ്മദ് നബിയുടെ(സ്വ) നിയോഗ ത്തിലൂടെയാണ്. അതുകൊണ്ടുതന്നെ അന്തിമ പ്രവാചകന്‍ പരിപൂര്‍ണമായും പിന്തുടരപ്പെടേണ്ടതാണ്. ഇതിന്നാണ് ഇത്തിബാഉര്‍റസൂല്‍ എന്നുപറയുന്നത്. മുന്‍ പ്രവാചകന്മാരെല്ലാം ജനങ്ങളെ പഠിപ്പിച്ച കാര്യങ്ങളുടെ മര്‍മം ഒന്നുതന്നെയായിരുന്നു. അത് തൗഹീദാണ് അഥവാ ഏകദൈവ വിശ്വാസം. 

മുഹമ്മദ് നബിയെ പിന്‍തുടരുക എന്നുവെച്ചാല്‍ വിശ്വാസം ശരിയാക്കുക എന്നു മാത്രമല്ല ഉദ്ദേശിക്കു ന്നത്. അദ്ദേഹത്തിന്‍റെ ചര്യ പിന്തുടരുക എന്നതുകൂടിയാണ്. മുഹമ്മദ് നബിക്ക് ശേഷം ദൈവദൂതന്‍ വരില്ല എന്നതിനാല്‍ ലോകത്ത് ഉത്തമ സമൂഹത്തെ വാര്‍ത്തെടുക്കുക എന്നതുകൂടി നബിയുടെ ദൗ ത്യമായിരുന്നു. അത് പൂര്‍ണമായും നടക്കുകയും ചെയ്തു. വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം, രാഷ്ട്രാന്തരീയം എന്നിങ്ങനെ എല്ലാ തലങ്ങളിലും മനുഷ്യര്‍ക്കാവശ്യമായ മൂല്യബോധം നല്‍കിയിട്ടാണ് അന്തിമ നബിയുടെ വിയോഗമുണ്ടായത്. 

മനുഷ്യര്‍ക്ക് മുന്നില്‍ മൂല പ്രമാണമായി ദിവ്യവചനങ്ങള്‍ 'വിശുദ്ധ ഖുര്‍ആന്‍' അവതരിപ്പിച്ചു. മനുഷ്യര്‍ക്ക് പ്രായോഗിക തലത്തില്‍ പിന്‍തുടരാനായി നബിയുടെ ജീവിതം മാതൃകയായി നിശ്ചയിച്ചു. ദിവ്യ വചനങ്ങളുടെ ജീവിത പാഠമായിരുന്നു നബിചര്യ. നബിചര്യയെപ്പറ്റി പഠിക്കുമ്പോള്‍ അതിന്‍റെ വിവിധ തലങ്ങള്‍ കൃത്യമായി വ്യവഛേദിച്ചറിയേണ്ടതുണ്ട്. ആരാധനാനുഷ്ഠാനങ്ങള്‍, ഇടപാടുകള്‍, സംസ്കാരം, ഭൗതിക കാര്യങ്ങള്‍, പ്രകൃതിപരമായ കാര്യങ്ങള്‍ എന്നിങ്ങനെ വ്യത്യസ്ത ജീവിത തലങ്ങളില്‍ ഇത്തിബാഉര്‍റസൂല്‍ ഏതു രീതിയില്‍ ആയിരിക്കണമെന്ന് പരിശോധിക്കാം. 

ആരാധനകളും അനുഷ്ഠാനങ്ങളും 

മതത്തിന്‍റെ അടിത്തറയാണ് വിശ്വാസം. മൗലികമായ രണ്ട് വിശ്വാസങ്ങള്‍. സ്രഷ്ടാവായ അല്ലാഹുവിലും മനുഷ്യ ജീവിതത്തിന്‍റെ ആത്യന്തിക ലക്ഷ്യമായ പരലോകത്തിലുമുള്ള വിശ്വാസ ദൃഢതയാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്. ഈ വിശ്വാസം (ഈമാന്‍) നിലനിര്‍ത്താനും പോഷിപ്പിക്കാനുമാണ് ആരാധനകളും അനുഷ്ഠാനങ്ങളും നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ അനുഷ്ഠാനങ്ങള്‍ കേവലാചാരങ്ങളല്ല. മനസ്സറിഞ്ഞ ആരാധനകളേ സ്വീകാര്യമാവുകയുള്ളൂ. ആരാധനകള്‍ക്ക് കാര്‍മികനോ ഇടനിലക്കാരനോ ഇല്ല. വ്യക്തിനിഷ്ഠമാണ് ആരാധനകള്‍. നിര്‍വ്വഹണം സാമൂഹിക പ്രതിബദ്ധതയോടെയും.

ആരാധനകളും അനുഷ്ഠാനങ്ങളും ദൈവപ്രോക്തമാണ്. പ്രവാചകാധ്യാപനമാണ്. അതില്‍ കൂട്ടലോ കുറക്കലോ ഇല്ല. അന്തിമ ദൂതന്‍ കാണിച്ചുതന്ന അതേ ക്രമത്തില്‍ ലോകം മുഴുവനും, ലോകാന്ത്യം വരെയും ഇസ്‌ലാമികാരാധനകള്‍ നിലനില്‍ക്കുന്നു. ഇസ്‌ലാമിലെ ആരാധനാ കര്‍മങ്ങള്‍ക്ക് പ്രാദേശിക ഭേദങ്ങളില്ല; കാലാനുസൃത മാറ്റങ്ങളില്ല. പുരോഹിതന്മാരോ ഉന്നതാധികാര സഭകളോ മറ്റാരെങ്കിലുമോ കര്‍മങ്ങളില്‍ മാറ്റം നിശ്ചയിക്കില്ല. 

നമസ്കാരം, സകാത്ത് നോമ്പ്, ഹജ്ജ് എന്നിവയാണല്ലോ ഇസ്‌ലാമിലെ അടിസ്ഥാന ആരാധനാ കര്‍മങ്ങള്‍. അവയിലെ ഓരോ ചെറിയ കാര്യത്തില്‍ പോലും പ്രവാചക മാതൃക അനുസരിച്ചേ പറ്റൂ. നബി(സ്വ) പറഞ്ഞു: ''ഞാന്‍ നമസ്കരിക്കുന്നത് എങ്ങനെയാണോ നിങ്ങള്‍ കണ്ടത് അപ്രകാരം നമസ്കരിക്കുക''(ബുഖാരി). ഹജ്ജ് വേളയില്‍ നബി(സ്വ) പറഞ്ഞു: ''കര്‍മങ്ങള്‍ നിങ്ങള്‍ സ്വീകരിക്കുക'' നബിയുടെ മാതൃകയില്ലാതെ നല്ലതല്ലേ, പുണ്യത്തിന് വേണ്ടിയല്ലേ എന്നു കരുതി ആര്‍ക്കും പുണ്യ കര്‍മങ്ങള്‍ നിശ്ചയിച്ചുകൂടാ. 

നബി(സ്വ) മുന്നറിയിപ്പ് നല്‍കുന്നു:
''നമ്മുടെ കല്‍പനയില്ലാത്ത കര്‍മങ്ങള്‍ ആരെങ്കിലും അനുഷ്ഠിച്ചാല്‍ അത് തള്ളപ്പെടുന്നതാണ്'' (മുസ്‌ലിം). മതകര്‍മങ്ങള്‍ പുതുതായി ഉണ്ടാക്കുന്നതും നബി പഠിപ്പിക്കാത്ത പുണ്യ കര്‍മങ്ങള്‍ നിശ്ചയിക്കുന്നതും സാങ്കേതികമായി ബിദ്അത്ത് എന്ന് അറിയപ്പെടുന്നു. മതത്തില്‍ പുതുതായുണ്ടാക്കിയതെല്ലാം ബിദ്അത്താണ്. ബിദ്അത്തുകളെല്ലാം വഴികേടാണ് എന്നാണ് നബി (സ്വ) പഠിപ്പിച്ചത്.

സംസ്കാരം 

ആരാധനകളിലും അനുഷ്ഠാനങ്ങളിലും മാത്രം നബിയെ മാതൃകയാക്കുകയും ബാക്കി ജീവിതം തോന്നിയപോലെ നയിക്കുകയും ചെയ്യുന്നതല്ല ഇത്തിബാഉര്‍റസൂല്‍. ആരാധനാ കര്‍മങ്ങള്‍ അല്ലാഹുവുമായുള്ള ബന്ധമാണ്. അതോടൊപ്പം സമസൃഷ്ടികളോട് എങ്ങനെ വര്‍ത്തിക്കണമെന്നും നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. ഇതര മനുഷ്യരോടുള്ള പെരുമാറ്റം, വാക്കും നോക്കും സംസാരവുമെല്ലാം എങ്ങനെ യായിരിക്കണമെന്ന് അവിടുന്ന് വിശദീകരിച്ചിട്ടുണ്ട്.

വിശുദ്ധ ഖുര്‍ആനിലുള്ള നിയമ നിര്‍ദേശങ്ങളുടെ പ്രായോഗിക രൂപമാണ് നബി(സ്വ) പഠിപ്പിച്ചത്. നല്ല സ്വഭാവക്കാരനാണ് നല്ല മനുഷ്യനെന്നാണ് പൊതുവെ അറിയപ്പെടുന്നത്. അത് നബി(സ്വ) പഠിപ്പിച്ച തത്ത്വമാണ്. ''നിങ്ങളില്‍ ഉത്തമന്‍ ഏറ്റവും നല്ല സ്വഭാവമുള്ളവനാണ്"(ബുഖാരി). സത്സ്വഭാവത്തിന്‍റെ കാര്യത്തിലും നബി(സ്വ) ഉത്തമമാതൃക തന്നെ.  'നീ ഉന്നത സ്വഭാവത്തിന്‍റെ ഉടമയാകുന്നു' എന്ന് അല്ലാഹു നബിയെ(സ്വ) പുകഴ്ത്തിയിരിക്കുന്നു. സ്വഭാവത്തിന്‍റെയും പെരുമാറ്റത്തിന്‍റെയും രീതികള്‍ ആരാധനയെക്കാള്‍ സവിസ്തരമായിട്ടാണ് വിശുദ്ധ ഖുര്‍ആനിലുള്ളത്. നബിചര്യയിലും അങ്ങനെത്തന്നെ. അഭിവാദനപ്രത്യഭിവാദനങ്ങള്‍ മുതല്‍ സമൂഹത്തിന്‍റെ വ്യത്യസ്ത തലങ്ങളിലുള്ള മനുഷ്യരോട് എങ്ങനെയെല്ലാം പെരുമാറണമെന്ന പാഠം നബി(സ്വ) നല്‍കുന്നു.

ഇതര മതങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇസ്ലാമിന്‍റെ പ്രത്യേകത ഈ സാമൂഹിക പ്രതിബദ്ധതയാണ്. ഒരു വ്യക്തിക്ക് സ്വഭാവമോ സംസ്കാരമോ ആവശ്യമാകുന്നത് മറ്റുള്ളവരുമായി ഇടപഴകുമ്പോഴാണ്. മുഹമ്മദ് നബിയിലൂടെ ലോകത്തിന്‍റെ മാതൃകയായ സമൂഹവും വാര്‍ത്തെടുക്കപ്പെടേണ്ടതുണ്ട്. അന്തിമ പ്രവാചക നിയോഗത്തിന്‍റെ പൊരുള്‍ ഇതും കൂടിയാണെന്ന് നബി(സ്വ) വിശദീകരിക്കുന്നു.

''ഉത്തമ സ്വഭാവ പൂര്‍ത്തീകരണത്തിന് വേണ്ടി മാത്രമാണ് ഞാന്‍ നിയോഗിക്കപ്പെടുന്നത്''. ആയതിനാല്‍ ആരാധനകളിലെന്ന പോലെ സംസ്കാരത്തിലും മുഹമ്മദ് നബി(സ്വ) നമ്മുടെ ജീവിത മാതൃക(role model) ആയിരിക്കണം. അടുക്കള മുതല്‍ അന്താരാഷ്ട്രതലം വരെയുള്ള പെരുമാറ്റമര്യാദകള്‍ നബി കാണിച്ചു തന്നുവെന്നത് അലങ്കാര പ്രയോഗമല്ല. 

മാതാപിതാക്കള്‍, ഭാര്യാഭര്‍ത്താക്കള്‍, ഇളയവര്‍, മുതിര്‍ന്നവര്‍, സ്ത്രീകള്‍, വൃദ്ധര്‍, കുഞ്ഞുങ്ങള്‍ തുടങ്ങി പെരുമാറ്റം നീളുന്ന എത്രയെത്ര രംഗങ്ങള്‍! മനുഷ്യരിലുണ്ടാവേണ്ട സത്യസന്ധത, ദയ, വിനയം, സ്നേഹം, ആദരം, വാത്സല്യം, ഉണ്ടായിക്കൂടാത്ത വെറുപ്പ്, പക, വിദ്വേഷം, പരിഹാസം, അഹന്ത, അസൂയ, പരദൂഷണം, ഏഷണി, എല്ലാത്തിനും നബി(സ്വ) മാതൃകയാണ്. നബിചര്യക്ക് അനുസരിച്ച് സ്വഭാവ രൂപീകരണം നടത്തുന്നത് ഇത്തിബാഉര്‍റസൂലിന്‍റെ അവിവാജ്യ ഘടകമാണ്.

ഇടപാടുകള്‍

സാമൂഹിക ബന്ധങ്ങളുടെയും സ്വഭാവ മഹിമയുടെയും മറ്റൊരു രംഗമാണ് മനുഷ്യര്‍ പരസ്പരം നടത്തുന്ന ഇടപാടുകള്‍. മുആമലാത്ത് എന്ന് സാങ്കേതികമായി വ്യവഹരിക്കപ്പെടുന്ന ഈ രംഗത്തും പ്രവാചക മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. 

കച്ചവടം, വായ്പ വാങ്ങല്‍, കൊടുക്കല്‍ ജാമ്യം തുടങ്ങിയ സാമ്പത്തിക ഇടപാടുകള്‍ സാമൂഹിക ജീവിതത്തിന്‍റെ അനിവാര്യ ഘടകങ്ങളാണ്. ഇവയിലെ പ്രവാചകാധ്യാപനം എങ്ങനെയാണ്? നമസ്കാരം, നോമ്പ് തുടങ്ങിയ കര്‍മങ്ങളിലെ ഒരു മാറ്റത്തിനും വിധേയമല്ലാത്ത പിന്‍പറ്റല്‍ അല്ല ഇവിടെയുള്ളത്. ഇടപാടുകള്‍ നിര്‍ബന്ധമോ ഐച്ഛികമോ ആയ കര്‍മമല്ല. അനുവദനീയമാണ്. എന്നാല്‍ ഇടപാടുകളില്‍ ഏര്‍പ്പെടുന്നുവെങ്കില്‍ പ്രവാചകന്‍ പഠിപ്പിച്ച മൂല്യങ്ങള്‍ പിന്‍തുടര്‍ന്നു കൊണ്ടും നിരോധിച്ച ചൂഷണ മാര്‍ഗങ്ങള്‍ ഉപേക്ഷിച്ചു കൊണ്ടും പ്രവാചക മാതൃക നടപ്പിലാക്കേണ്ടതുണ്ട്. 

ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, സാമ്പത്തികവും അല്ലാത്തതുമായ ഇടപാടുകളിലും വിവാഹ കുടുംബ ബന്ധങ്ങളിലും പ്രവാചക മാതൃക തീരെ അവഗണിച്ച് താന്തോന്നിത്തമോ നാട്ടുനടപ്പോ ശീലമാക്കിയവര്‍ പോലും അഞ്ചുനേരം കൃത്യമായി നമസ്കരിച്ചും റമദാനില്‍ വ്രതമെടുത്തും ഒന്നിലേറെ തവണ ഉംറ ചെയ്തും സായൂജ്യമടയുന്നു. ഇത്തരം ജീവിതത്തില്‍ ഇത്തിബാഉര്‍റസൂല്‍ പൂര്‍ണമല്ല.
 
പ്രകൃതിപരമായ കാര്യങ്ങള്‍

മനുഷ്യന്‍റെ പ്രാഥമികാവശ്യങ്ങളായ ഭക്ഷണം, പാനീയം, വസ്ത്രം, പാര്‍പ്പിടം, വാഹനം, ചികിത്സ തുടങ്ങിയ കാര്യങ്ങളില്‍ മതത്തിന്‍റെ വ്യക്തമായ ശാസനങ്ങളുണ്ട്. കല്പനകളുണ്ട്. നിരോധങ്ങളുണ്ട്. അനുവാദങ്ങളുണ്ട്. അവ പാലിക്കുന്നതാണ് ഇത്തിബാഉര്‍റസൂല്‍. എന്നാല്‍ നബി കഴിച്ച ആഹാര സാധനങ്ങള്‍ക്ക് പ്രത്യേകം പുണ്യമില്ല. നാടിനും കാലത്തിനും കാലാവസ്ഥയ്ക്കും അനുസരിച്ച് ആഹാരം മാറുന്നത് നമസ്കാരത്തിലെ ദുആകള്‍ മാറുന്നത് പോലെയല്ല. 

നബി യാത്ര ചെയ്തത് പോലെ ഒട്ടകപ്പുറത്ത് യാത്ര ചെയ്യുന്നതില്‍ പ്രത്യേക മാതൃകയില്ല. യാത്രയുടെ മര്യാദകള്‍, പ്രാര്‍ത്ഥനകളെല്ലാം നബി പഠിപ്പിച്ചതാവണം. 

നബി നടത്തിയ ചികിത്സയെന്ന കാരണത്താല്‍ കൊമ്പുവെക്കലും മറ്റും നബിചര്യയല്ല, അതിന് പ്രത്യേക പുണ്യമില്ല. ചികിത്സ നടത്തുക, പ്രാര്‍ത്ഥിക്കുക എന്നത് രോഗശമനത്തിന്‍റെ മാര്‍ഗമായി നബി(സ്വ) പഠിപ്പിച്ചു. അത്രയേ ഉള്ളൂ. ചികിത്സ കാലത്തിനൊപ്പം മാറിവരും.
 
നബി(സ്വ) ധരിച്ച പോലുള്ള വസ്ത്രം (നീളന്‍ കുപ്പായവും ശിരോ വസ്ത്രവും തന്നെ) ധരിക്കുന്നതില്‍ പുണ്യമില്ല. എന്നാല്‍, വസ്ത്രധാരണത്തിലുള്ള വിധിവിലക്കുകള്‍ പാലിക്കലാണ് ദീന്‍. വസ്ത്രം നാടിനും കാലാവസ്ഥയ്ക്കും അനുസരിച്ച് മാറിവരും. അത് നബിചര്യക്ക് വിരുദ്ധമല്ല.

ജീവിതാവശ്യത്തിന് തൊഴില്‍ ചെയ്ത് സമ്പാദിക്കാന്‍ നബി(സ്വ) കല്‍പിച്ചു. മതപരമായി നിരോധമില്ലാത്ത ഏത് തൊഴിലും ആവാം. താന്‍ ജീവിക്കുന്ന രാജ്യത്തിലെ നിയമങ്ങള്‍ പാലിച്ച് ജീവിക്കുന്നതില്‍ പോലും പ്രവാചക മാതൃകയുണ്ട്.

സത്യവിശ്വാസി ആയിത്തീരണമെങ്കില്‍ മുഹമ്മദ് നബിയെ(സ്വ) മാതൃകയാക്കി ജീവിക്കണമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അക്കാര്യം ജീവിതത്തില്‍ പകര്‍ത്തുന്നിടത്ത് വീഴ്ച വരുത്തിയവരും അതിരുകടന്നവരും സമൂഹത്തിലുണ്ട്. പേരിനു മാത്രം നബി മാതൃകയും നാട്ടുനടപ്പില്‍ ജീവിതവും ആക്കിയവരുണ്ട്. ആരാധനയില്‍ മാത്രം ഒരുങ്ങിയവരുണ്ട്. ദീനും ദുനിയാവും എങ്ങനെ വേര്‍തിരിയുന്നുവെന്ന് അറിയാതെ അതുരണ്ടും ഒന്നായി കണ്ടവരുണ്ട്. നബിയുടെ കാലത്തെ ഒട്ടകവും ആടു മേയ്ക്കലും ഇത്തിബാഉര്‍റസൂല്‍ ആയി ധരിച്ച വരുണ്ട്. ആയതിനാല്‍ വസ്തുതകള്‍ വസ്തുനിഷ്ഠമായി വ്യവച്ഛേദിച്ച് അറിയുകയെന്നത് വിശ്വാസിയുടെ കടമയാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ.

Feedback