Skip to main content

കപടവിശ്വാസികള്‍ ഹദീസുകളില്‍

അബ്ദുല്ലാഹിബ്‌നു അംറ്(റ) പറയുന്നു. നബി(സ) പറഞ്ഞു: ഒരാളില്‍ നാലു കാര്യങ്ങള്‍ കാണുന്നുവെങ്കില്‍ അവന്‍ തനി കപടന്‍ തന്നെ. അവയില്‍ ഏതെങ്കിലും ഒന്നു മാത്രമേ ഉള്ളുവെങ്കില്‍ അത് വര്‍ജ്ജിക്കുന്നത് വരെയും കാപട്യത്തിന്റെ അംശം അവനില്‍ ഉണ്ടെന്ന് മനസ്സിലാക്കാം. വല്ലതും വിശ്വസിച്ചേല്‍പ്പിച്ചാല്‍ ചതിക്കുക, സംസാരിച്ചാല്‍ കളവ് പറയുക, വാഗ്ദാനം ചെയ്താല്‍ ലംഘിക്കുക, തമ്മില്‍ തെറ്റിയാല്‍ തെറി പറയുക ഇവയാണ് ആ കാര്യങ്ങള്‍. (ബുഖാരി, മുസ്‌ലിം, തിര്‍മിദി, നസാഇ, അബൂദാവൂദ്, അഹ്മദ്)

കഅ്ബ്(റ) പറയുന്നു. നബി(സ) പറഞ്ഞു: വിശ്വാസിയുടെ ഉപമ കാറ്റു വരുമ്പോള്‍ ചാഞ്ഞുകൊടുക്കുകയും പിന്നീട് ചൊവ്വെ നില്‍ക്കുകയും ചെയ്യുന്ന ദുര്‍ബലമായ ധാന്യച്ചെടി പോലെയാണ്. കപടവിശ്വാസിയാകട്ടെ ദേവതാരു വൃക്ഷം പോലെയാണ്. ചായാതെ നില്‍ക്കുമെങ്കിലും അത് കടപുഴകി വീഴുന്നത് ഒറ്റയിടിക്കായിരിക്കും. (ബുഖാരി, മുസ്‌ലിം, അഹ്മദ്, ദാരിമി)

ആദര്‍ശത്തില്‍ അസ്ഥിര നിലപാട് സ്വീകരിക്കുന്ന കപടവിശ്വാസികളുടെ അവസ്ഥയെ റസൂല്‍(സ) ഇങ്ങനെ വ്യക്തമാക്കിത്തന്നു.

ഇബ്‌നു ഉമര്‍(റ) പറയുന്നു. പ്രവാചകന്‍ (സ) പറഞ്ഞു: കപടവിശ്വാസിയുടെ ഉദാഹരണം രണ്ട് മുട്ടനാടുകളില്‍ ഏതിന്റെ പിന്നാലെ പോകണമെന്ന് നിശ്ചയിക്കാന്‍ കഴിയാത്ത പെണ്ണാടിനെപ്പോലെയാകുന്നു. ഒരിക്കല്‍ ഇതിന്റെ കൂടെപ്പോകും. മറ്റൊരിക്കല്‍ അതിന്റെ കൂടെ പോകും. (മുസ്‌ലിം, നസാഈ, അഹ്മദ്, ദാരിമി). 

അബൂ ഉമാമ(റ) പറയുന്നു. നബി(സ) പറഞ്ഞു : ലജ്ജയും മിതഭാഷണവും ഈമാനിന്റെ രണ്ടു ശാഖകളാണ്. നീചവാക്കും അമിതഭാഷണവും കാപട്യത്തിന്റെ രണ്ടു ശാഖകളാണ്. (തിര്‍മിദി, അഹ്മദ്).
 

Feedback
  • Friday May 3, 2024
  • Shawwal 24 1445