Skip to main content

ധര്‍മസമരവും കപടവിശ്വാസികളും

കഠിനമായ പരീക്ഷണങ്ങളും പ്രതിസന്ധികളും ഉണ്ടാകുമ്പോഴാണ് യഥാര്‍ഥ വിശ്വാസികളില്‍ നിന്ന് കപടരുടെ തനിനിറം വേര്‍തിരിച്ച് മനസ്സിലാക്കാന്‍ സാധിക്കുക. മദീനാ കാലപ്രബോധന ജീവിതത്തില്‍ നിരന്തരമായ പരീക്ഷണങ്ങള്‍ മുസ്‌ലിംകള്‍ നേരിട്ടിരുന്നു. എന്നാല്‍ പരീക്ഷണഘട്ടങ്ങളിലൊക്കെ മുനാഫിഖുകള്‍ സ്വീകരിച്ച നയനിലപാടുകള്‍കൊണ്ട് അവരുടെ യഥാര്‍ഥ മുഖം മറ നീക്കി വെളിവാകാന്‍ ഉപകരിച്ചിരുന്നു. 

മുഅ്മിനുകളുടെയും മുനാഫിഖുകളുടെയും യഥാര്‍ഥ നിലപാടറിയാന്‍ സഹായകമായ ഒരു സന്ദര്‍ഭമായിരുന്നു അഹ്‌സാബ് യുദ്ധം. പ്രയാസങ്ങളുടെ മേല്‍ പ്രയാസങ്ങള്‍ നിറഞ്ഞ അഹ്‌സാബ് യുദ്ധ വേളയില്‍ വിശ്വാസികള്‍ക്ക് ഈമാന്‍ വര്‍ധിക്കുകയും അല്ലാഹുവും അവന്റെ ദൂതനും വാഗ്ദാനം ചെയ്തത് സത്യമാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. അതേ സമയം മുനാഫിഖുകളെടുത്ത നിലപാടിനെപ്പറ്റി ഖുര്‍ആന്‍ പറയുന്നത് ഇപ്രകാരമാണ്.

''നമ്മോട് അല്ലഹുവും അവന്റെ ദൂതനും വാഗ്ദാനം ചെയ്തത് വഞ്ചന മാത്രമാണെന്ന് കപടവിശ്വസികളും ഹൃദയത്തില്‍ രോഗമുള്ളവരും പറയുകയും ചെയ്തിരുന്ന സന്ദര്‍ഭം. യഥ്‌രിബുകാരേ നിങ്ങള്‍ക്ക് നില്‍ക്കക്കള്ളിയില്ല. അതിനാല്‍ നിങ്ങള്‍ മടങ്ങിക്കളയൂ എന്ന് അവരില്‍ ഒരു വിഭാഗം പറയുകയും ചെയ്ത സന്ദര്‍ഭം. ഞങ്ങളുടെ വീടുകള്‍ ഭദ്രതയില്ലാത്തതാകുന്നുവെന്ന് പറഞ്ഞുകൊണ്ട് അവരില്‍ ഒരു വിഭാഗം യൂദ്ധരംഗം വിട്ടുപോകാന്‍ നബിയോട് അനുവാദം തേടുകയും ചെയ്യുന്നു. യഥാര്‍ഥത്തില്‍ അവ ഭദ്രതയില്ലാത്തതല്ല. അവര്‍ ഓടിക്കളയാന്‍ ഉദ്ദേശിക്കുന്നുവെന്ന്മാത്രം'' (33:12,13). 

അത്യുഷ്ണം പ്രയാസങ്ങള്‍ സൃഷ്ടിച്ച ഘട്ടത്തിലാണ് വിശ്വാസികള്‍ തബൂക് യുദ്ധത്തിനൊരുങ്ങിയത്. ആഹാരപാനീയങ്ങള്‍ പോലും മതിയായ അളവില്‍ ലഭിക്കാതെ കെടുതിയനുഭവിച്ച സന്ദര്‍ഭത്തില്‍ വിശ്വാസികള്‍ക്ക് കരുത്തേകിയത് ഈമാനിന്റെ ദൃഢതയാണ്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അര്‍പ്പണ മനസ്സോടെ ത്യാഗം ചെയ്യാന്‍ തയ്യാറായ അവരെ ആശങ്ക തൊട്ടുതീണ്ടിയില്ല. എന്നാല്‍ കപടവിശ്വാസികള്‍ പ്രസ്തുത യുദ്ധത്തില്‍ നിന്ന് വിശ്വാസികളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചത് തീക്ഷ്ണമായ ഉഷ്ണത്തിന്റെ കാരണം പറഞ്ഞുകൊണ്ടായിരുന്നു. അവര്‍ യുദ്ധഭൂമിയിലേക്ക് പോകാതെ മദീനയില്‍ തന്നെ ഇരുന്നു. 

പ്രസ്തുത സംഭവം വിശദീകരിച്ച് അല്ലാഹു പറയുന്നു: ''(യുദ്ധത്തിന് പോകാതെ) പിന്മാറി ഇരുന്നവര്‍ അല്ലാഹുവിന്റെ ദൂതന്റെ കല്പനക്കെതിരെയുള്ള അവരുടെ ഇരുത്തത്തില്‍ സന്തോഷം പൂണ്ടു. തങ്ങളുടെ സ്വത്തുക്കള്‍കൊണ്ടും ശരീരം കൊണ്ടും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യാന്‍ അവര്‍ ഇഷ്ടപ്പെട്ടില്ല. അവര്‍ പറഞ്ഞു. ഈ ഉഷ്ണത്തില്‍ നിങ്ങള്‍ ഇറങ്ങിപ്പുറപ്പടേണ്ട. പറയുക, നരകാഗ്നി കൂടുതല്‍ കഠിനമായ ചൂടുള്ളതാണ്. അവര്‍ കാര്യം ഗ്രഹിക്കുന്നവരായിരുന്നെങ്കില്‍! അതിനാല്‍ അവര്‍ അല്‍പം ചിരിക്കുകയും കൂടുതല്‍ കരയുകയും ചെയ്തുകൊള്ളട്ടെ. അവര്‍ ചെയ്തു വെച്ചതിന്റെ ഫലമായിട്ട് (9:81,82).

ഖുസാഅ ഗോത്രമായ ബനുല്‍മുസ്ത്വലഖുമായി യുദ്ധം ചെയ്ത് വിശ്വാസികള്‍ വിജയിച്ചു നില്‍ക്കുന്ന സന്ദര്‍ഭം. അവര്‍ മുറൈസീഅ് എന്ന സ്ഥലത്താണുള്ളത്. എന്തോ കാരണത്താല്‍ മുഹാജിറുകളില്‍ നിന്നൊരാള്‍ അന്‍സ്വാറുകളില്‍ പെട്ട ഒരാളെ അടിച്ചു. അടികൊണ്ട വ്യക്തി അന്‍സ്വാരികളേ എന്നെ സഹായിച്ചാലും എന്നലറി വിളിച്ചു. അടിച്ച സഹാബിയാകട്ടെ മുഹാജിറുകളുടെ സഹായമാവശ്യപ്പെട്ടു. മുഹാജിറുകളും അന്‍സ്വാരികളും തമ്മില്‍ ഒരടിപിടിയുടെ വക്കിലെത്തി നില്‍ക്കുന്ന വേളയില്‍ നബി(സ) അക്കാര്യം അറിയുകയും അവരിലേക്ക് വീണ്ടും തിരിച്ചെത്തിയേക്കാവുന്ന ജാഹിലീ ഗോത്ര വൈരത്തെ മുളയില്‍ തന്നെ നുള്ളിക്കളയുകയും ചെയ്തു. 

എന്നാല്‍ മുനാഫിഖുകളുടെ നേതാവായ അബ്ദുല്ലാഹിബ്‌നു ഉബയ്യിബ്‌നി സുലൂല്‍ ഈ സന്ദര്‍ഭം മുതലെടുക്കാനാണ് ശ്രമിച്ചത്. മുഹാജിറുകള്‍ക്കെതിരില്‍ അന്‍സ്വാറുകളെ വംശീയത പറഞ്ഞ് വിദ്വേഷമുണ്ടാക്കാന്‍ അയാള്‍ കുതന്ത്രങ്ങള്‍ മെനഞ്ഞു. മുസ്‌ലിംകളോടുളള തന്റെ ഹൃദയത്തിലെ പക മറച്ചുവെക്കാന്‍ അയാള്‍ക്കായില്ല. അയാള്‍ പറഞ്ഞു. മദീനയിലെത്തട്ടെ, അന്തസ്സുള്ളവര്‍ നിന്ദ്യന്മാരെ പുറത്താക്കി വിടുന്നതാണ്. കപടന്മാരുടെ കാപട്യം മനസ്സിലാക്കാനായ ആ സന്ദര്‍ഭത്തെ അല്ലാഹു വ്യക്തമാക്കുന്നത് ഇപ്രകാരമാണ്. ''അവര്‍ പറയുന്നു, ഞങ്ങള്‍ മദീനയിലേക്ക് മടങ്ങിച്ചെന്നാല്‍ പ്രതാപമുള്ളവര്‍ നിന്ദ്യരായുള്ളവരെ പുറത്താക്കുക തന്നെ ചെയ്യുമെന്ന്. അല്ലാഹുവിനും അവന്റെ ദൂതനും സത്യവിശ്വാസികള്‍ക്കുമാകുന്നു പ്രതാപം. പക്ഷേ കപടവിശ്വാസികള്‍ (കാര്യം) മനസ്സിലാക്കുന്നില്ല'' (63:8).

ആ സമയത്ത് അബ്ദുല്ലാഹിബ്‌നു ഉബയ്യിന്റെ വിശ്വാസിയായ മകന്‍ ഊരിപ്പിടിച്ച വാളുമായി മദീനാ കവാടത്തില്‍ നിന്ന്‌കൊണ്ട് തന്റെ പിതാവിനെ അവിടേക്ക് പ്രവേശിക്കാന്‍ സമ്മതിക്കാതെ നിലയുറപ്പിക്കുകയുണ്ടായി. തന്റെ വാളുകൊണ്ടാവട്ടെ നിഫാഖിന്റെ നേതാവായ പിതാവിന്റെ മരണം എന്ന് തീരുമാനിക്കുകയായിരുന്നു ആ ആദര്‍ശധീരന്‍. പക്ഷേ, നബി(സ) അദ്ദേഹത്തെ സമാശ്വസിപ്പിക്കുകയും മദീനയിലേക്ക് പ്രവേശിക്കാന്‍ അബ്ദുല്ലക്ക് അനുവാദം നല്‍കുകയുമുണ്ടായി. ആ സന്ദര്‍ഭത്തില്‍ നബി(സ) അബ്ദുല്ലാഹിബ്‌നു ഉബയ്യിനോടായി ചോദിച്ചു: ''ആരാണ് നിന്ദ്യന്‍, ആരാണ് പ്രതാപമുള്ളവന്‍ എന്ന് ഇന്നത്തോടെ നിനക്ക് മനസ്സിലായില്ലേ?''.

Feedback
  • Friday May 3, 2024
  • Shawwal 24 1445