Skip to main content

കേരളത്തിലെ അറബി പ്രസിദ്ധീകരണങ്ങള്‍ (4-6)

അറബികളും കേരളവുമായുള്ള ബന്ധത്തിന് സഹസ്രാബ്ദങ്ങളുടെ ചരിത്രമുണ്ട്. ഇസ്‌ലാമിന്‍റെ വരവോടെ അറബിഭാഷയുടെ വ്യാപനവും ഉണ്ടായി. കാരണം വിശുദ്ധ ഖുര്‍ആനും നബിചര്യയും ആരാധനകളിലെ സ്തോത്ര കീര്‍ത്തനങ്ങളും അറബി ഭാഷയിലാണ്. അതുകൊണ്ടു തന്നെ അറബിഭാഷാ പഠനത്തിന് മുസ്‌ലിംകൾ പ്രാധാന്യം കല്പിക്കുന്നു. 

നിരവധി അറബിക്കോളേജുകള്‍ കേരളത്തില്‍ സ്ഥാപിതമായി. ആയിരക്കണക്കിന് ഭാഷാ പണ്ഡിതന്‍മാര്‍ ഇവിടെയുണ്ട്. കെ ജി മുതല്‍ ഗവേഷണതലം വരെ അറബി ഭാഷ ഔപചാരികമായി പാഠ്യവിഷയമാണിന്ന്. മലയാളികള്‍ രചിച്ച നിരവധി ഗ്രന്ഥങ്ങള്‍ അറബിയിലുണ്ട്. മലയാള സാഹിത്യം അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഈജിപ്തില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന അല്‍മനാര്‍ മാസികയിലും ലഖ്നോവില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന അല്‍ ബാബുല്‍ ഇസ്‌ലാമിയയിലും മലയാളി പണ്ഡിതന്‍മാര്‍ ലേഖനങ്ങളെഴുതിയിരുന്നു. അറബിഭാഷ ഇത്ര വ്യാപകമായിട്ടും അറബിയില്‍ പ്രസിദ്ധീകരണങ്ങള്‍ വേണ്ടത്ര ഉണ്ടായില്ല എന്നതാണ് വസ്തുത.  

'അല്‍ ബുശ്റാ' മാത്രമാണ് ഈ രംഗത്ത് എടുത്തു പറയാവുന്ന ഒരു കാല്‍വെയ്പ്. കേരള നദ്‌വത്തുൽ  മുജാഹിദീന്‍ ജനറല്‍ സെക്രട്ടറിയും അരീക്കോട് സുല്ലമുസ്സലാം അറബിക് കോളേജ് പ്രിന്‍സിപ്പലുമായിരുന്ന കെ.പി മുഹമ്മദ് മൗലവിയുടെ പത്രാധിപത്യത്തില്‍ 1963 ജനുവരിയില്‍ ആദ്യത്തെ അല്‍ബുശ്റാ മാസിക പുറത്തിറങ്ങി. 

അല്‍ ബുശ്റാ
പ്രമുഖ പണ്ഡിതനും അരീക്കോട് സുല്ലമുസ്സലാം അറബിക് കോളേജ് പ്രിന്‍സിപ്പലുമായിരുന്ന കെ.പി മുഹമ്മദ് മൗലവിയുടെ പത്രാധിപത്യത്തില്‍ കേരളത്തിലെ പ്രഥമ അറബി ആനുകാലികമായ 'അല്‍ ബുശ്റാ' മാസിക പിറവി കൊണ്ടു. 1963 ജനുവരിയിലാണിത്. അന്നത്തെ രാഷ്ട്രപതി ഡോ: എസ്. രാധാകൃഷ്ണന്‍, ഉപരാഷ്ട്രപതി ഡോ: സാക്കിര്‍ ഹുസൈന്‍, കേരള ഗവര്‍ണര്‍ വി.വി ഗിരി, മന്ത്രി പി.പി ഉമ്മര്‍ കോയ, മദ്രാസിലെ ഡോ: അബ്ദുല്‍ വഹാബ് ബുഖാരി, കെ.എം മൗലവി, അബുസ്സബാഹ് മൗലവി, ഈജിപ്ത് എംബസിയിലെ സാംസ്കാരിക വിഭാഗം തലവന്‍ എന്നിവരുടെ ആശംസാ സന്ദേശങ്ങള്‍ പ്രഥമ ലക്കത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മുസ്‌ലിം വിദ്യാഭ്യാസ ഇന്‍സ്പെക്ടറും വിദ്യാഭ്യാസ വിചക്ഷണനും ആയിരുന്ന കരുവള്ളി മുഹമ്മദ് മൗലവിയാണ് അല്‍ ബുശ്റായുടെ പിറവിയുടെ പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തിത്വം. അന്നത്തെ പ്രമുഖരായ നിരവധി എഴുത്തുകാര്‍ അല്‍ ബുശ്റായുടെ താളുകള്‍ ധന്യമാക്കിയിട്ടുണ്ട്.

1967 ല്‍ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന്‍ (KATF) ഏറ്റെടുക്കുകയും ഒമ്പതു വര്‍ഷത്തോളം മുടങ്ങാതെ പ്രസിദ്ധീകരിക്കുകയും ചെയ്തു

അല്‍ഹാദി
ഈ രംഗത്തേക്കു കടന്നു വന്ന മറ്റൊരു സംരംഭമാണ് അല്‍ ഹാദി. കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍റെ (KAMA)  കീഴില്‍ തിരുവനന്തപുരത്തു നിന്ന് 1972 ല്‍ പ്രസിദ്ധീകരണം ആരംഭിച്ച 'അല്‍ഹാദി' മാസിക മൂന്നു ലക്കം മാത്രമേ തുടര്‍ന്നുള്ളൂ. 

മനാറുന്നഹ്ദ്വ
അറബി ഭാഷാ സംപുഷ്ടമായ കേരളത്തില്‍ അറബി അറിയാവുന്നവര്‍ക്ക് അതുപയോഗിക്കാനുള്ള പ്രേരകമായും ഭാഷാപോഷണത്തിനും ലക്ഷ്യം വെച്ചുകൊണ്ട് കോഴിക്കോട് മര്‍ക്കസുദ്ദഅവ കേന്ദ്രമായി കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിദ്ധീകരണം ആരംഭിച്ച ത്രൈമാസികയാണ് 'മനാറുന്നഹ്ദ്വ'. പക്ഷേ നാലു ലക്കങ്ങള്‍ക്കു ശേഷം പ്രസിദ്ധീകരണം നിലച്ചു. 

കേരളത്തില്‍ പൊതുവായി പ്രസിദ്ധീകരിക്കപ്പെടുന്ന അറബി ആനുകാലികങ്ങള്‍ കുറവെങ്കിലും സര്‍വകലാശാല അറബിക് ഡിപ്പാര്‍ട്ടുമെന്‍റുകളും വിവിധ അറബിക്കോളേജുകളും പ്രസിദ്ധീകരിക്കുന്ന നിലവാരമുള്ള നിരവധി അറബി പ്രസിദ്ധീകരണങ്ങള്‍ നിലവിലുണ്ട്. അവയില്‍ പ്രധാനമായവ ആരംഭിച്ച കാലക്രമത്തില്‍ താഴെ ചേര്‍ക്കുന്നു.

അസ്സഖാഫ
കാരന്തൂര്‍ (കോഴിക്കോട് ജില്ല) മര്‍ക്കസുസ്സഖാഫത്തിസ്സുന്നിയ്യയില്‍ നിന്ന് 1996 ല്‍ 'അസ്സഖാഫ' പ്രസിദ്ധീകരണം ആരംഭിച്ചു. തുടക്കത്തില്‍ കൃത്യമായി പുറത്തിറങ്ങിയെങ്കിലും പിന്നീട് എല്ലാ മാസവും പുറത്തിറക്കാനായില്ല. 

അല്‍ റൈഹാന്‍ 
വയനാട്ടിലെ മുട്ടില്‍ WMO കോളേജിലെ അറബി വിഭാഗം 2003 ല്‍ പ്രസിദ്ധീകരണമാരംഭിച്ച അറബി ആനുകാലികമാണ് 'അല്‍ റൈഹാന്‍'. പ്രാഥമിക തലം മുതല്‍ സര്‍വ്വകലാശാല തലം വരെ അറബി ഭാഷാ പഠനം സജീവമായി നടക്കുന്ന കേരളത്തില്‍, ഇത്തരം അനുകൂല സാഹചര്യങ്ങള്‍ ഒന്നും ഇല്ലാതിരുന്നിട്ടും അരനൂറ്റാണ്ടിലധികമായി മുടങ്ങാതെ അറബി പ്രസിദ്ധീകരണങ്ങള്‍ നടത്തുന്ന ഉത്തരേന്ത്യന്‍ സ്ഥാപനങ്ങള്‍ക്കൊപ്പമെത്താനുള്ള ആലോചനയാണ് ഇതിനു മുതല്‍ക്കൂട്ടായത്. പണ്ഡിതനും അറബി ഗ്രന്ഥകാരനുമായ ഡോ: ജമാലുദ്ദീന്‍ ഫാറൂഖിയാണ് ഈ ത്രൈമാസികയുടെ മേല്‍നോട്ടം വഹിക്കുന്നത്.

അത്തദ്വാമുന്‍
ആലുവാ അസ്ഹറുല്‍ ഉലൂം ഇസ്‌ലാമിക് അക്കാദമിയില്‍ നിന്ന് പുറത്തിറങ്ങിയ അറബി മാസികയാണ് 'അത്തദ്വാമുന്‍'. പ്രശസ്ത പണ്ഡിതനും അറബി ഗ്രന്ഥകാരനുമായിരുന്ന ഡോ: മുഹ്‌യിദ്ദീൻ  ആലുവായ് ആണ് അസ്ഹറിന്‍റെ സ്ഥാപകന്‍. 2004 ലാണ് അത്തദ്വാമുന്‍ ഒരു വാര്‍ത്താ പത്രികയുടെ രൂപത്തില്‍ ആദ്യമായി പുറത്തിറങ്ങിയത്. മുഹമ്മദ് ഇഖ്ബാല്‍ നദ്‌വിയാണ് പത്രത്തിന്‍റെ അണിയറ ശില്പി. നിലവാരവും നിലപാടുകളുമുള്ള ഈ പത്രം കേരളത്തിലെ അറബി പ്രസിദ്ധീകരണ മേഖലയ്ക്ക് പുതിയ പ്രതീക്ഷകള്‍ നല്കുന്നു.

അസ്സ്വലാഹ്
കേരള നദ്‌വത്തുൽ മുജാഹിദീനിന്‍റെ കീഴിലുള്ള സ്ഥാപനമായ ജാമിഅ നദ്‌വിയ്യ (എടവണ്ണ, മലപ്പുറം ജില്ല)യില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന അറബി ത്രൈമാസികയാണ് 'അസ്സ്വലാഹ്'. 2005 ലാണ് ഇതിന്‍റെ പ്രസിദ്ധീകരണം ആരംഭിച്ചത്. മുഹമ്മദ് ഫാറൂഖിയാണ് ഇതിന്‍റെ അണിയറ ശില്പി.

അല്‍ ജാമിഅ
ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ (പട്ടിക്കാട്, മലപ്പുറം ജില്ല)യില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ത്രൈമാസികയാണ് 'അല്‍ ജാമിഅ'.  . 2006 മെയ് മാസത്തിലാണ് പ്രഥമ ലക്കം പ്രസിദ്ധീകരിച്ചത്. 140 ല്‍ പരം പുറങ്ങളുള്ള പ്രഥമ ലക്കം തന്നെയാണ് ഇതിന്‍റെ ഏറ്റവും മികച്ച ലക്കം.

അന്നഹ്ദ്വ 
മലപ്പുറം ജില്ലയിലെ പറപ്പൂര്‍ സബീലുല്‍ ഹിദായ അറബിക് കോളേജ് വിദ്യാര്‍ഥികള്‍ പുറത്തിറക്കുന്ന അറബി ദ്വൈമാസികയാണ് 'അന്നഹ്ദ്വ'.  2006 ലാണ് ഇത് പ്രസിദ്ധീകരിച്ചു തുടങ്ങിയത്. റഫീഖ് അഹ്മദ് ഹുദവി അന്നഹ്ളയിലെ സ്ഥിരം ലേഖകനാണ്. വിദ്യാര്‍ഥികളുടെ കഠിനശ്രമഫലമായി മുടങ്ങാതെ പ്രസിദ്ധീകരിച്ചു വരുന്നു.

കാലിക്കൂത്ത്
കോഴിക്കോട് സര്‍വ്വകലാശാല അറബി വിഭാഗത്തില്‍ നിന്നുള്ള സാഹിത്യപ്രധാനമായ ത്രൈമാസികയാണ് 'കാലിക്കൂത്ത്'.  2006 ലാണ് ഇത് തുടക്കം കുറിച്ചത്. സാഹിത്യത്തോടും ജീവിതത്തോടുമുള്ള വീക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ എഴുത്തുകാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അവസരമൊരുക്കുകയാണ് ഇതിന്‍റെ ലക്ഷ്യം. പഠനങ്ങള്‍, കവിതകള്‍, യുണിവേഴ്സിറ്റി അറബി വിഭാഗം നടത്തിയ സെമിനാറുകള്‍, ചര്‍ച്ചകള്‍ എന്നിവയുടെ റിപ്പോര്‍ട്ടുകള്‍, യൂണിവേഴ്സിറ്റിയില്‍ സമര്‍പ്പിക്കപ്പെട്ട ഗവേഷണ പ്രബന്ധങ്ങളുടെ അവലോകനങ്ങള്‍ തുടങ്ങിയവ ഇതിന്‍റെ ഉള്ളടക്കങ്ങളാണ്. 

അന്നൂര്‍
പട്ടിക്കാട് ജാമിഅ നൂരിയ അറബിക്കോളേജ് പൂര്‍വ വിദ്യാര്‍ഥികള്‍ പുറത്തിറക്കുന്ന ത്രൈമാസികയാണ് 'അന്നൂര്‍'.  2010 ജനുവരിയിലാണ് പ്രഥമ ലക്കം പുറത്തിറങ്ങിയത്. കേരള മുസ്‌ലിംകളുടെ ശോഭനമായ ഭൂതകാലത്തിലേക്ക് വെളിച്ചം വീശുന്ന ഈടുറ്റ ലേഖനങ്ങള്‍ കൊണ്ട് സമ്പന്നമാണ് പ്രഥമലക്കം. 

അല്‍ ആസ്വിമ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് അറബി വിഭാഗം പുറത്തിറക്കിയ അറബി ജര്‍ണലാണ് 'അല്‍ ആസ്വിമ'. വാര്‍ഷിക പ്രസിദ്ധീകരണമാണിത്. യുവ അദ്ധ്യാപകന്‍ ഡോ. ഷംനാദാണ് പത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകന്‍. മറ്റു അറബി ആനുകാലികങ്ങളില്‍ നിന്നു വ്യത്യസ്തമായി അറബി രാഷ്ട്രങ്ങളിലെയും വിശിഷ്യാ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ അറബി പണ്ഡിതരുടെ ലേഖനങ്ങളും ഭാഷാപഠനങ്ങളും ഇതില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. 
1942 ല്‍ അറബി വിഭാഗം ആരംഭിച്ച യൂണിവേഴ്സിറ്റി കോളേജില്‍ ബിരുദാനന്തര വിഭാഗവും ഗവേഷണ സൗകര്യവുമുണ്ട്.

കൈരലാ, അദ്ദീവാന്‍, അല്‍ മിദാദ്
ഒന്നോ രണ്ടോ ലക്കങ്ങള്‍ മാത്രം പുറത്തിറക്കിയ ഏതാനും അറബി പ്രസിദ്ധീകരണങ്ങളും കേരളത്തിലുണ്ട്. 2011 ല്‍ കേരള സര്‍വ്വകലാശാല അറബി വിഭാഗം പുറത്തിറക്കിയ 'കൈരലാ' എന്ന ത്രൈമാസിക, മലപ്പുറം ഗവണ്‍മെന്‍റ് കേളേജ് അറബി വിഭാഗം പുറത്തിറക്കിയ 'അദ്ദീവാന്‍' കണ്ണൂര്‍ ദാറുല്‍ ഹസനാത്ത് ഇസ്‌ലാമിക് അക്കാദമിയുടെ 'അല്‍ മിദാദ്' തുടങ്ങിയവ ഈ ഗണത്തില്‍ പെടുന്നവയാണ്. 

Feedback