Skip to main content

രോഗപ്രതിരോധ വ്യവസ്ഥ

ബാക്റ്റീരിയ, വൈറസുകള്‍, പൂപ്പല്‍ തുടങ്ങിയ രോഗാണുക്കള്‍, വിഷലിപ്തമായ വസ്തുക്കള്‍ തുടങ്ങി ആന്തരികവും ബാഹ്യവുമായ രൂപത്തില്‍ മനുഷ്യന്റെ ആരോഗ്യത്തിന് ഉപദ്രവകാരികളായ പലതും ഈ ലോകത്തുണ്ട്. ഇവയില്‍ നിന്നെല്ലാം മനുഷ്യശരീരത്തെ സംരക്ഷിക്കുവാനുതകുന്ന രൂപത്തില്‍ സ്രഷ്ടാവ് മനുഷ്യശരീരത്തില്‍ സംവിധാനിച്ച സംവിധാനമാണ് രോഗപ്രതിരോധ വ്യവസ്ഥ. വ്യവസ്ഥാപിതമായ രീതിയിലാണ് മനുഷ്യ സൃഷ്ടിപ്പെന്ന് അല്ലാഹു ഉണര്‍ത്തുന്നുണ്ട്. ''മനുഷ്യനെ നാം ഏറ്റവും നല്ല നിലയിലാണ് സൃഷ്ടിച്ചത്'' (ഖുര്‍ആന്‍ 95:4).

വായ, ത്വക്ക്, കുടല്‍, ശ്വാസനാളികള്‍ തുടങ്ങിയ എല്ലാ ശരീരഭാഗങ്ങളിലും അണുജീവികള്‍ വസിക്കുന്നുണ്ട്. ശരീരകലകളിലേയ്ക്ക് ആഴ്ന്നിറങ്ങാന്‍ അവസരമുണ്ടായാല്‍ അണുബാധയിലൂടെ കോശജ്വലനവും കലകളുടെ നാശവുമൊക്കെ ഉണ്ടാക്കാന്‍ പോന്നവയാണ് ഇവയില്‍ പലതും. എന്നാല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന രോഗപ്രതിരോധ വ്യവസ്ഥ ശരീരത്തിലുണ്ടായതിനാല്‍ ഇത്തരം ആക്രമണങ്ങളില്‍ നിന്ന് ശരീരം സ്വയം പ്രതിരോധ കവചം തീര്‍ക്കുന്നു. ഒരാള്‍ രോഗിയാവുന്നതും രോഗവിമുക്തനാവുന്നതും അയാളിലെ പ്രതിരോധ വ്യവസ്ഥയുടെ ഭദ്രതയ്ക്കനുസരിച്ചാണ്. ഈ വ്യവസ്ഥ ദുര്‍ബലമാവുമ്പോള്‍ രോഗാണുക്കള്‍ ശരീരത്തെ കീഴടക്കുന്നു. എന്നാല്‍ രോഗഹേതുക്കള്‍ക്കെതിരില്‍ ശരീരം തന്നെ ഫലപ്രദമായ നടപടി സ്വീകരിക്കുമ്പോള്‍ രോഗവിമുക്തിയുണ്ടാവുന്നു.

ഗര്‍ഭസ്ഥ ശിശു മുതല്‍ വൃദ്ധജനങ്ങള്‍ വരെയുള്ള എല്ലാവരുടെ ശരീരത്തിലും സാധാരണഗതിയില്‍ രോഗപ്രതിരോധസംവിധാനം അന്യൂനമായി പ്രവര്‍ത്തിക്കും. നവജാതശിശുവിന്റെ പൊക്കിള്‍ക്കൊടി മുറിച്ചാല്‍ സങ്കീര്‍ണതകളൊന്നും കൂടാതെ രണ്ടോ മൂന്നോ ദിവസം കൊണ്ട് മുറിവുണങ്ങുന്നത് ആ ശിശുവിന്റെ പ്രതിരോധ സംവിധാനം കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ്.
 

Feedback
  • Friday Oct 17, 2025
  • Rabia ath-Thani 24 1447