Skip to main content

ഇദ്ദകാലത്തെ താമസം

വിവാഹമോചിതയായ സ്ത്രീ ഇദ്ദയുടെ കാലത്ത് വൈവാഹിക ജീവിതഘട്ടത്തില്‍ വസിച്ചിരുന്ന വീട്ടില്‍ തന്നെയാണ് താമസിക്കേണ്ടത്. അവള്‍ ആ വീട്ടില്‍ നിന്ന് പുറത്തുപോകേണ്ടതില്ല. ന്യായമായ കാരണം കൂടാതെ ഭര്‍ത്താവ് അവളെ പുറത്താക്കാനും പാടില്ല. ഇദ്ദയുടെ കാലത്ത് അവളെ മടക്കിയെടുക്കാനും വീണ്ടും ദാമ്പത്യത്തിേേലക്ക് തിരിച്ചുകൊണ്ടുവരാനും ഭര്‍ത്താവിന് അവകാശമുണ്ട്. 

ഗര്‍ഭധാരണം നടന്നിട്ടുണ്ടോ എന്ന് നിരീക്ഷിക്കാനും ഭര്‍ത്താവിന്റെ അവകാശങ്ങളും ദാമ്പത്യത്തിന്റെ ആദരണീയതയും പരിരക്ഷിക്കാനും വേണ്ടി നിശ്ചയിച്ച ഇദ്ദയുടെ മാസങ്ങള്‍ അവസാനിക്കുന്നതോടെ ഭര്‍ത്താവിന്റെയും ഭാര്യയുടെയും മനസ്സുകള്‍ മാറിത്തുടങ്ങാന്‍ സാധ്യതയുണ്ട്. പുനര്‍വിചിന്തനത്തിലൂടെ വെറുപ്പും വിദ്വേഷവും മാറി സ്‌നേഹമുണ്ടാവുകയും ബന്ധത്തിന്റെ ഊഷ്മളത വീണ്ടെടുക്കാന്‍ സാധിക്കുകയും ചെയ്‌തേക്കാം. അല്ലാഹു പറയുന്നു. 'നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനെ സൂക്ഷിക്കുക. ആ സ്ത്രീകളെ അവര്‍ താമസിച്ചുവരുന്ന വീടുകളില്‍ നിന്ന് നിങ്ങള്‍ പുറത്താക്കരുത്. അവര്‍ സ്വയം പുറത്തുപോവുകയും അരുത്. എന്നാല്‍ അവര്‍ വ്യക്തമായ ദുര്‍നടപ്പില്‍ പ്രവേശിച്ചിട്ടുണ്ടെങ്കില്‍ അതിന് വിരോധമില്ല. അല്ലാഹുവിന്റെ നിയമങ്ങളാണിവ. വല്ലവനും അല്ലാഹുവിന്റെ പരിധി ലംഘിച്ചിട്ടുണ്ടെങ്കില്‍ തന്നോട് തന്നെയാണ് അവന്‍ അക്രമം പ്രവര്‍ത്തിച്ചത്. അതിനുശേഷം വല്ല കാര്യവും അല്ലാഹു പുതുതായി ഉണ്ടാക്കുമോയെന്ന് അവന്നറിയുകയില്ലല്ലോ' (65:1).

ഭര്‍ത്താവ് ഭാര്യയെ വിവാഹമോചനം നടത്തുകയും നിശ്ചിത അവധി ഇദ്ദ കഴിയുകയും ചെയ്താല്‍ അവര്‍ക്ക് ഒന്നുകില്‍ നല്ലനിലയില്‍ അവളെ സ്വീകരിക്കുകയോ അല്ലെങ്കില്‍ മര്യാദപ്രകാരം വിട്ടയയ്ക്കുകയോ ചെയ്യാവുന്നതാണ്. വേര്‍പിരിയല്‍ പ്രയാസപ്പെടുത്തുന്ന അവസ്ഥയില്‍ ആവാതിരിക്കാന്‍ ഇദ്ദ കഴിഞ്ഞ് തിരിച്ചുപോകുമ്പോള്‍ സാധ്യമായ സാമ്പത്തിക സഹായം നല്‍കുകയും വേണമെന്ന് അല്ലാഹു കല്പിക്കുന്നുണ്ട് (2:241).

അല്ലാഹു പറയുന്നു: 'നിങ്ങള്‍ സ്ത്രീകളുമായുള്ള ബന്ധം വേര്‍പെടുത്തുകയും അവരുടെ അവധിയെത്തുകയും ചെയ്താല്‍ അവരെ നല്ല നിലയില്‍ കൂടെ താമസിപ്പിക്കുക. അതിക്രമം കാണിച്ച് ദ്രോഹിക്കാനായി മാത്രം നിങ്ങള്‍ അവരെ പിടിച്ചുവെക്കരുത്. അങ്ങനെ ആരെങ്കിലും ചെയ്താല്‍ തന്നോടുതന്നെയാണവര്‍ അക്രമം പ്രവര്‍ത്തിക്കുന്നത്. അല്ലാഹുവിന്റെ കല്പനകളെ നിങ്ങള്‍ പരിഹാസ്യമാക്കരുത്. അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ അനുഗ്രഹങ്ങള്‍ അനുസ്മരിക്കുക. നിങ്ങള്‍ക്ക് ഉപദേശം നല്കിക്കൊണ്ട് അല്ലാഹു അവതരിപ്പിച്ച ഗ്രന്ഥവും തത്ത്വങ്ങളും നിങ്ങളോര്‍ക്കുക. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. അല്ലാഹു എല്ലാം അറിയുന്നവനാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക'' (2:230).
 

Feedback