Skip to main content

വിവാഹമോചിതയുടെ അവകാശങ്ങള്‍

ഇദ്ദയുടെ കാലാവധി കഴിഞ്ഞാല്‍ ഭര്‍ത്താവിനോ അവളുടെ രക്ഷിതാവിനോ മറ്റാര്‍ക്കെങ്കിലുമോ അവള്‍ ഉദ്ദേശിക്കുന്ന മറ്റൊരാളുമായുള്ള വിവാഹം തടയാവതല്ല. വിവാഹമോചനം നടത്തിയ ആള്‍ അവരെ മടക്കിയെടുക്കാന്‍ ഉദ്ദേശിക്കുകയും അവര്‍ പരസ്പരം തൃപ്തിപ്പെടുകയും ആഗ്രഹിക്കുകയും അവര്‍ക്കിടയില്‍ ഭിന്നിപ്പുകള്‍ പരിഹരിക്കുകയും ചെയ്താല്‍ അവളുടെ ബന്ധുക്കളും രക്ഷിതാക്കളും ആ മാര്‍ഗത്തില്‍ വിഘാതം സൃഷ്ടിക്കുന്നതും നിഷിദ്ധമാണ്. അല്ലാഹു പറയുന്നു: 'നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം നടത്തുകയും അവരുടെ അവധി എത്തുകയും ചെയ്താല്‍ മര്യാദയനുസരിച്ച് അവര്‍ ആലോചിച്ച് ഇഷ്ടപ്പെടുന്ന ഭര്‍ത്താക്കന്മാരെ വിവാഹം ചെയ്യുന്നതില്‍ വിരോധമില്ല. നിങ്ങളില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്ക് നല്‍കുന്ന ഉപദേശമാണിത്. അതാണ് നിങ്ങള്‍ക്കേറ്റവും വിശുദ്ധവും പ്രയോജനകരവുമായ മാര്‍ഗം. അല്ലാഹു അറിയുന്നവനാണ്. നിങ്ങള്‍ അറിയുന്നില്ല'' (2:231)

വിവാഹസമയത്ത് മഹ്‌റ് നിശ്ചയിക്കാതെയും സംയോഗം നടക്കുന്നതിനു മുമ്പും ആണ് വിവാഹമോചനം ചെയ്യുന്നതെങ്കില്‍ വിവാഹമോചിതയ്ക്ക് വിവാഹമൂല്യമായി ഒന്നും തന്നെ നല്‍കേണ്ടതില്ല. എന്നാല്‍ ഭര്‍ത്താവിന്റെ സാമ്പത്തിക സ്ഥിതിയനുസരിച്ച് എന്തെങ്കിലും പാരിതോഷികം നല്‍കി അവളെ തൃപ്തിപ്പെടുത്തുന്നത് നല്ലതാണ്. ''നിങ്ങള്‍ ഭാര്യമാരെ സ്പര്‍ശിക്കുകയോ വിവാഹമൂല്യം നിശ്ചയിക്കുകയോ ചെയ്യുന്നതിനു മുമ്പായി നിങ്ങള്‍ അവരുമായുള്ള ബന്ധം വേര്‍പെടുത്തിയാല്‍(മഹ്ര്‍ നല്കാത്തതിന്റെ പേരില്‍) നിങ്ങള്‍ക്ക് കുറ്റമില്ല. എന്നാല്‍ അവര്‍ക്ക് മര്യാദയനുസരിച്ച് ജീവിതവിഭവമായി(മതാഅ്) എന്തെങ്കിലും നല്‍കേണ്ടതാണ്. കഴിവുള്ളവന്‍ തന്റെ കഴിവിനനുസരിച്ചും ഞെരുക്കമുള്ളവന്‍ തന്റെ ഞെരുക്കത്തിനനുസരിച്ചും. സദ്‌വൃത്തരായ ആളുകള്‍ക്ക് ഇതൊരു ബാധ്യതയത്രെ'' (2:236)

വിവാഹമോചിതയ്ക്ക് ഇദ്ദ കഴിഞ്ഞ് തിരിച്ചുപോകുമ്പോള്‍ സാധ്യമായ സാമ്പത്തിക സഹായം ആശ്വാസ ധനമായി മുന്‍ ഭര്‍ത്താവ് അവള്‍ക്ക് നല്‍കണം. ഈ ആശ്വാസധനത്തിന് മതാഅ് എന്നാണ് ഖുര്‍ആനില്‍ പ്രയോഗിച്ചിരിക്കുന്നത്. അല്ലാഹു പറയുന്നു: 'വിവാഹമോചിതരായ സ്ത്രീകള്‍ക്ക് ന്യായപ്രകാരം എന്തെങ്കിലും ജീവിതവിഭവമായി നല്‍കേണ്ടതാണ്. ഭയഭക്തിയുള്ളവര്‍ക്ക് അതൊരു ബാധ്യതയത്രെ' (2:241).

ഇബ്‌നു അബ്ബാസ്(റ) തന്റെ ഭാര്യയ്ക്ക് പതിനായിരം ദിര്‍ഹം മതാഅ് നല്‍കുകയുണ്ടായി. വിവാഹജീവിതത്തില്‍ ഭര്‍ത്താക്കന്മാര്‍ ഭാര്യമാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കാറുണ്ട്. ഇപ്രകാരം നല്‍കിയത് വിവാഹമോചനസമയത്ത് തിരിച്ചുവാങ്ങാവുന്നതല്ല. നല്‍കിയ മഹ്‌റ് തിരിച്ചുവാങ്ങരുത്. അല്ലാഹു പറയുന്നു:

''നിങ്ങള്‍ ഒരു ഭാര്യയുടെ സ്ഥാനത്ത് മറ്റൊരു ഭാര്യയെ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നപക്ഷം അവരില്‍ ഒരുവള്‍ക്ക് നിങ്ങള്‍ ഒരു കൂമ്പാരം തന്നെ കൊടുത്തിട്ടുണ്ടെങ്കിലും അതില്‍നിന്ന് യാതൊന്നുംതന്നെ നിങ്ങള്‍ തിരിച്ചുവാങ്ങരുത്. കള്ള ആരോപണം ചുമത്തിക്കൊണ്ടും പ്രത്യക്ഷമായ അധര്‍മം ചെയ്തുകൊണ്ടും നിങ്ങളത് വാങ്ങുകയോ? നിങ്ങളന്യോന്യം കൂടിച്ചേരുകയും അവര്‍ നിങ്ങളില്‍ നിന്ന് കനത്ത ഒരു കരാര്‍ വാങ്ങുകയും ചെയ്തുകഴിഞ്ഞിരിക്കെ നിങ്ങള്‍ അതെങ്ങനെ വാങ്ങും?'' (4:20,21).

മഹ്ര്‍ നിശ്ചയിക്കുകയും ലൈംഗികബന്ധം നടക്കുന്നതിനു മുമ്പായി വിവാഹമോചനം നടക്കുകയും ചെയ്താല്‍ നിശ്ചയിക്കപ്പെട്ട മഹ്‌റിന്റെ പകുതി നല്‍കണമെന്ന് അല്ലാഹു കല്പിക്കുന്നു. ''ഇനി നിങ്ങള്‍ അവരെ സ്പര്‍ശിക്കുന്നതിനു മുമ്പുതന്നെ വിവാഹബന്ധം വേര്‍പെടുത്തുകയും അവരുടെ വിവാഹമൂല്യം നിങ്ങള്‍ നിശ്ചയിച്ചിരിക്കുകയുമാണെങ്കില്‍ നിങ്ങള്‍ നിശ്ചയിച്ചതിന്റെ പകുതി (നിങ്ങള്‍ നല്‍കേണ്ടതാണ്). അവര്‍ (ഭാര്യമാര്‍) വിട്ടുവീഴ്ച ചെയ്യുന്നുവെങ്കിലല്ലാതെ. അല്ലെങ്കില്‍ വിവാഹക്കരാര്‍ കൈവശം വെച്ചിരിക്കുന്നവര്‍ (ഭര്‍ത്താവ്) മഹ്ര്‍ പൂര്‍ണമായി നല്‍കിക്കൊണ്ട് വിട്ടുവീഴ്ച ചെയ്യുന്നുവെങ്കിലല്ലാതെ. എന്നാല്‍ നിങ്ങള്‍ (ഭര്‍ത്താക്കന്മാര്‍) വിട്ടുവീഴ്ച ചെയ്യുന്നതാണ് ധര്‍മനിഷ്ഠയ്ക്ക് കൂടുതല്‍ യോജിച്ചത്. നിങ്ങള്‍ അന്യോന്യം ഔദാര്യം കാണിക്കാന്‍ മറക്കരുത്. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നുണ്ട്'' (2:237).
 

Feedback