Skip to main content

വിവാഹമോചനത്തിന്റെ അനിവാര്യത

കുടുംബത്തിന്റെ നായകസ്ഥാനം പുരുഷനിലാണ്. ജീവിതത്തില്‍ പുരുഷനുള്ള ചുമതലകള്‍, ശാരീരഘടന, നൈസര്‍ഗികാവസ്ഥ, വിവാഹമൂല്യം നല്‍കല്‍, ജീവിതച്ചെലവുകള്‍ വഹിക്കാനുള്ള ബാധ്യത ഇവയെല്ലാമാണ് ഇതിന് കാരണം. അതിനാല്‍ ഭാര്യ ഭര്‍ത്താവിനെ അനുസരിച്ചും തൃപ്തിപ്പെടുത്തിയും ജീവിക്കാന്‍ ബാധ്യതപ്പെട്ടവളാണ്. എന്നിരുന്നാലും ദമ്പതിമാര്‍ക്കിടയില്‍ പിണക്കങ്ങളും അസ്വാരസ്യങ്ങളും ഉണ്ടാവുക സ്വാഭാവികമാണ്. അത് ആരുടെ ഭാഗത്തുനിന്നുണ്ടായാലും രമ്യമായി പരിഹരിക്കേണ്ട രീതിയും ഖുര്‍ആന്‍ പറഞ്ഞുതരുന്നുണ്ട്. കൂടുതല്‍ അകല്‍ച്ചയിലേക്കോ പരസ്പരം വഴക്കടിച്ച് ബന്ധം തകരുന്ന അവസ്ഥയിലേക്കോ എത്താതെ വീട്ടിനുള്ളില്‍ വെച്ചുതന്നെ അത് പരിഹരിക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങളാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയും മുഖവിലക്കെടുത്ത് പിണക്കത്തില്‍ കഴിയുന്ന ദമ്പതിമാര്‍ യോജിപ്പിലെത്താന്‍ കഴിയുന്ന സാഹചര്യം എത്രയും പെട്ടെന്ന് ഒരുക്കുകയാണ് വേണ്ടത്.

ഭര്‍ത്താവില്‍ നിന്ന് പിണക്കം അനുഭവപ്പെടുന്നുവെങ്കില്‍ ഭാര്യ എന്താണ് ചെയ്യേണ്ടതെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. 'ഒരു സ്ത്രീ തന്റെ ഭര്‍ത്താവില്‍ നിന്ന് പിണക്കമോ അവഗണനയോ ഭയപ്പെടുന്നുവെങ്കില്‍ അവര്‍ പരസ്പരം വല്ല ഒത്തുതീര്‍പ്പും ഉണ്ടാക്കുന്നതില്‍ കുറ്റമില്ല. ഒത്തുതീര്‍പ്പിലെത്തുന്നതാണ് കൂടുതല്‍ നല്ലത്. പിശുക്ക് മനസ്സുകളില്‍ നിന്ന് വിട്ടുമാറാത്തതാകുന്നു. നിങ്ങള്‍ നല്ല നിലയില്‍ വര്‍ത്തിക്കുകയും സൂക്ഷ്മത പാലിക്കുകയുമാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു (4:128).

തനിക്ക് പ്രായം കൂടിയപ്പോള്‍ പ്രവാചകന്‍ തന്നെ അവഗണിക്കുമോയെന്ന് സൗദ(റ)ക്ക് ആശങ്കയുണ്ടായി. ആ സന്ദര്‍ഭത്തില്‍ അവര്‍ ഒത്തുതീര്‍പ്പിലെത്തി. നബി(സ്വ)യോട് ഇങ്ങനെ നിര്‍ദേശിച്ചു. പ്രവാചകരേ, അങ്ങയുടെ പത്‌നിയായി കഴിഞ്ഞാല്‍ മതി എനിക്ക്, എന്റെ ദിവസം ഞാന്‍ ആഇശ(റ)ക്ക് അനുവദിച്ചിരിക്കുന്നു. ഭാര്യയുടെ ഭാഗത്തുനിന്ന് ഇങ്ങനെ ഒരു ഒത്തുതീര്‍പ്പ് നിര്‍ദേശിക്കുന്നതോടെ ഭര്‍ത്താവില്‍ നിന്ന് പിണക്കമോ അവഗണനയോ ഉണ്ടായിരുന്നെങ്കില്‍ അത് തീരുകയും ബന്ധം ശക്തിപ്പെടുകയും ചെയ്യും.

പിണക്കം ഭാര്യയുടെ ഭാഗത്തു നിന്നുണ്ടായാല്‍ അത് പരിഹരിക്കേണ്ട രീതിയും ഖുര്‍ആന്‍ പറഞ്ഞുതരുന്നുണ്ട്. 'എന്നാല്‍ അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങള്‍ ആശങ്കിക്കുന്ന സ്ത്രീകളെ നിങ്ങള്‍ ഉപദേശിക്കുക. കിടപ്പറകളില്‍ അവരുമായി അകന്നുനില്ക്കുക. അവരെ അടിക്കുകയും ചെയ്യാം. എന്നിട്ട് അവര്‍ നിങ്ങളെ അനുസരിക്കുന്നപക്ഷം പിന്നെ നിങ്ങള്‍ അവര്‍ക്കെതിരില്‍ ഒരു മാര്‍ഗവും തേടരുത്. തീര്‍ച്ചയായും അല്ലാഹു ഉന്നതനും മഹാനുമാകുന്നു (4:34).

ഭര്‍ത്താവിനെ അനുസരിക്കാതിരിക്കുകയോ ഭര്‍തൃഗൃഹത്തിലെ മുതിര്‍ന്നവരോട് മര്യാദകേടായി പെരുമാറുകയോ മറ്റു ദുഃസ്വഭാവങ്ങള്‍ കാണിക്കുകയോ ചെയ്യുമ്പോള്‍ ഭാര്യയെ ഗുണദോഷിക്കേണ്ട ബാധ്യത ഭര്‍ത്താവിനാണ്. സദുപദേശം നല്‍കി അവളെ നന്നാക്കിയെടുക്കുകയാണ് വേണ്ടത്. ഈ മാര്‍ഗം ഫലപ്രദമാകുന്നില്ലെങ്കില്‍ കിടപ്പറയില്‍ അവളെ വിട്ടു നില്‍ക്കാവുന്നതാണ്. ഈ രണ്ടു മാര്‍ഗവും ഫലപ്രദമാകുന്നില്ലെങ്കില്‍ മുറിവേല്പിക്കാത്തവിധം മുഖത്തല്ലാത്ത സ്ഥലത്ത് അവളെ അടിക്കാവുന്നതാണ്. മുഖത്ത് അടിക്കരുത്. അത് മാന്യതയെ അവഹേളിക്കലാണ്. അഹിതകരമായ വാക്കുകള്‍ കൊണ്ട് ഭത്സിക്കുകയുമരുത്. താക്കീതിലൂടെ കാര്യം സാധിക്കുമെങ്കില്‍ ശാരീരികമായി വേദനിപ്പിക്കരുത്. അത് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തി, അകല്‍ച്ച സൃഷ്ടിക്കുകയാണ് ചെയ്യുക. ആഇശ(റ)പറയുന്നു: 'നബി(സ്വ) തന്റെ ഭാര്യയെയോ വേലക്കാരനെയോ ഒരിക്കലും അടിച്ചിട്ടില്ല. അല്ലാഹുവിന്റെ മാര്‍ഗത്തില്ലാലതെ ഒരു വിഷയത്തിലും ബലപ്രയോഗം നടത്തിയിട്ടില്ല. അല്ലാഹുവിന്റെ ആദരണീയതകളെ പിച്ചിച്ചീന്തിയാല്‍ അവനുവേണ്ടി പ്രതികാരം നിര്‍വഹിച്ചിരുന്നുവെന്നു മാത്രം (ഫത്ഹുല്‍ബാരി ഭാഗം 9, പേജ് 249).

തന്നെ സന്തോഷിപ്പിക്കുന്നതല്ലാത്ത ചില സമീപനങ്ങള്‍ ഭാര്യയില്‍ നിന്ന് ഭര്‍ത്താവിന് കാണേണ്ടിവന്നാല്‍ സ്ത്രീ എന്ന നിലയ്ക്കുള്ള അവളുടെ ദൗര്‍ബല്യം മനസ്സിലാക്കി ക്ഷമിക്കാന്‍ സാധിക്കേണ്ടതുണ്ട്. തെറ്റുകളുടെ വശത്തെക്കാളേറെ നന്മയുടെ അംശത്തെ അംഗീകരിക്കണം. ഭാര്യയെ വെറുക്കാതെ ക്ഷമയും സഹനവും അവലംബിക്കണം. അല്ലാഹു പറയുന്നു: 'ന്യായമായ നിലയില്‍ അവരോട് നിങ്ങള്‍ ഇടപെടുക. അഥവാ നിങ്ങള്‍ അവരെ വെറുക്കുന്നുവെങ്കില്‍ നിങ്ങള്‍ വെറുക്കുന്ന ഒരു കാര്യത്തില്‍ അല്ലാഹു ധാരാളം നന്മകള്‍ ഉണ്ടാക്കിവെച്ചേക്കാം' (4:19).

ഭാര്യയുടെ സ്വഭാവദൂഷ്യമോ അനുസരണക്കേടോ ഈ ക്രമത്തില്‍ പരിഹരിക്കാന്‍ ഭര്‍ത്താവ് ശ്രമിച്ചിട്ടും അത് ഫലപ്പെട്ടില്ലെങ്കില്‍ ദാമ്പത്യബന്ധത്തില്‍ ഭിന്നിപ്പ് മൂര്‍ഛിക്കുന്നു. അകല്‍ച്ചയുടെ ആഴം വര്‍ധിക്കാനുള്ള സാഹചര്യമുണ്ടാകുന്നു. അപ്പോള്‍ രണ്ടു പേരുടെയും പക്ഷത്തുനിന്ന് മധ്യസ്ഥന്മാര്‍ ഇടപെട്ട് യോജിപ്പിനായി ശ്രമിക്കണം. അല്ലാഹു പറയുന്നു: 'ഇനി അവര്‍ (ദമ്പതിമാര്‍) തമ്മില്‍ ഭിന്നിച്ചു പോകുമെന്ന് നിങ്ങള്‍ ഭയപ്പെടുന്നപക്ഷം അവന്റെ ആള്‍ക്കാരില്‍ നിന്ന് ഒരു മധ്യസ്ഥനെയും അവളുടെ ആള്‍ക്കാരില്‍ നിന്നും ഒരു മധ്യസ്ഥനെയും നിങ്ങള്‍ നിയോഗിക്കുക. ഇരുവിഭാഗവും അനുരജ്ഞനമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അല്ലാഹു അവര്‍ക്കിടയില്‍ യോജിപ്പുണ്ടാക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു (4:35).

ഈ ശ്രമങ്ങളത്രെയും പരാജയപ്പെടുകയും, ഒന്നിച്ചുള്ള ജീവിതം സാധ്യമല്ലാത്തവിധം യോജിപ്പിനുള്ള വഴികളൊക്കെ ഫലിക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് ഭര്‍ത്താവിന് ഇസ്‌ലാം അനുവദിച്ച അവസാനത്തെ അവകാശമുപയോഗിക്കല്‍ അനുവദനീയമായത്. നിര്‍ബന്ധിതാവസ്ഥയുടെ താത്പര്യങ്ങള്‍ പരിഗണിച്ച് മാന്യമായ വേര്‍പിരിയലല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നുമില്ലാതെ വരുമ്പോള്‍ ഇസ്‌ലാം ഇതിന് അനുവാദം നല്‍കിയത്. അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പറയുന്നു: നബി(സ്വ) പറഞ്ഞു. 'അല്ലാഹുവിന് ഏറ്റവും കോപകരമായ അനുവദനീയമായ കാര്യമാണ് വിവാഹമോചനം' (സുനനു അബീദാവൂദ് 2178).


 
 

Feedback